Thursday
24 Jan 2019

കാര്യവട്ടത്തെ ‘മാന്‍ ഓഫ് ദി മാച്ച്’ പ്രകൃതിക്ക് ദഹിക്കില്ല

By: Web Desk | Friday 9 November 2018 6:11 PM IST

തിരുവനന്തപുരം: മലയാളികളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആ മത്സരം. വെസ്റ്റ് ഇന്‍ഡീസിനെ മൂക്ക് കുത്തിച്ച  ജഡേജയുടെ പ്രകടനവും ആരും മറക്കാനിടയില്ല. എന്നാല്‍ താരം ബാക്കി വെച്ചിട്ട് പോയത് പ്രകൃതിക്ക് ദഹിക്കാത്ത ‘മാന്‍ ഓഫ് ദി മാച്ച്’ പുരസ്കാരമായി ലഭിച്ച കാര്‍ഡാണ്.

കളത്തിലെ താരമായതിന് ലഭിച്ച ഒരു ലക്ഷം രൂപ ജഡേജ ഏറ്റു വാങ്ങി. എന്നാല്‍ പുരസ്കാര വേദിയില്‍ നിന്ന് ലഭിച്ച സമ്മാന തുക രേഖപ്പെടുത്തിയ കാര്‍ഡ് കിട്ടിയതാകട്ടെ തിരുവനന്തപുരത്തെ കുപ്പത്തൊട്ടിയില്‍ നിന്നും. താരം എറ്റുവാങ്ങിയ കാർഡുമായി തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ ജയൻ നിൽക്കുന്ന ചിത്രമാണ്  സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രകൃതി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ 9.5 ഓവറിൽ  34 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ജഡേജയ്ക്ക്  ‘മാന്‍ ഓഫ് ദി മാച്ച്’ പുരസ്കാരം സമ്മാനിച്ചത്.