Monday
22 Oct 2018

ശാസ്ത്രീയ അമൂര്‍ത്തഭാവങ്ങളുടെ ഉത്ഭവം

By: Web Desk | Tuesday 21 November 2017 10:42 PM IST

ഘനപദാര്‍ത്ഥങ്ങളുടെ വിവിക്തമായ ഘടന കാരണം നൂറുശതമാനവും തുല്യമായിട്ടുള്ള വ്യാസാര്‍ധങ്ങളോടുകൂടിയ ഒരു തളിക നിര്‍മിക്കാന്‍ പൊതുവില്‍ സാധ്യമല്ലതന്നെ. അതിനാല്‍, വളരെ കൃത്യമായി പറഞ്ഞാല്‍, മരമോ കല്ലോ ലോഹമോ കൊണ്ടുള്ള ഒരു തളികയ്ക്കും ജ്യാമിതീയ വിവരണ പ്രകാരമുള്ള ഒരു വൃത്തമാകാന്‍ സാധിക്കില്ല. അപ്പോള്‍ പ്രിസിഷന്‍ സ്റ്റാന്റേര്‍ഡുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ് പ്രയോഗത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന സംഗതി. എന്നാല്‍, പ്രകൃതിസൃഷ്ടമായ തടസത്തെ ചാടിക്കടക്കാന്‍ പറ്റില്ലെങ്കിലും ദേഹലി എന്ന് പറയുന്നതിനപ്പുറത്ത് പ്രയോഗത്തിലാരംഭിച്ചിട്ടുള്ളതും അമൂര്‍ത്തഭാവങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ചിടത്തോളം മൗലികമായിട്ടുള്ളതുമായ ആ പ്രക്രിയയെ പൊക്കിപ്പിടിച്ചുകൊണ്ട് ഭാവനയില്‍ നമുക്കതിനെ തരണം ചെയ്യാന്‍ കഴിയുമല്ലോ. നിത്യജീവിതത്തില്‍ നാം ഇതേപ്പറ്റി ബോധവാന്മാരല്ലെന്നുമാത്രം.

സംവേദനത്തില്‍ നിന്ന് നാം വാക് ചിന്തയിലേയ്ക്ക് കടക്കുന്ന പ്രക്രിയയ്ക്കാണ് അമൂര്‍ത്തകാരണം എന്ന് പറയുന്നത്. അതിന്റെ ഫലങ്ങള്‍ അമൂര്‍ത്തഭാവങ്ങള്‍ അഥവാ ധാരണകള്‍ എന്നും പറയപ്പെടുന്നു. സാധാരണ ജീവിതത്തില്‍ അവ്യക്തവും അസ്പഷ്ടവും പരസ്പര ബന്ധമില്ലാത്തതും ജീവിതവുമായി ബന്ധമില്ലാത്തതുമായ എന്തിനേയെങ്കിലും സൂചിപ്പിക്കാനാണ് ‘അമൂര്‍ത്തം’ എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഇതിന് ന്യായമുണ്ട്. പ്രായോഗിക ജീവിതവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ചില അമൂര്‍ത്തധാരണകള്‍ ദുര്‍ജ്ഞേയം നിത്യജീവിതത്തില്‍ യാതൊരു ഉപയോഗവുമില്ലാത്തതും തന്നെയാണ്. എന്നാല്‍, മറ്റെല്ലാറ്റിലുമുപരിയായി, ദൂരവ്യാപകമായ ശാസ്ത്രീയ അമൂര്‍ത്തഭാവങ്ങളിലാണ് വിജ്ഞാന സിദ്ധാന്തത്തിന് താല്‍പ്പര്യം. ഇത് കൂടാതെ പ്രകൃതി രഹസ്യങ്ങള്‍ മനസിലാക്കാനോ സാമൂഹ്യ പുരോഗതിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്താനോ ശാസ്ത്രനിയമങ്ങള്‍ ആവിഷ്‌കരിക്കാനോ നമുക്ക് സാധ്യമാവില്ലല്ലോ.
അപ്പോള്‍ ശാസ്ത്രീയ അമൂര്‍ത്തഭാവങ്ങള്‍ എന്നാല്‍ എന്താണ്? എവിടെ നിന്നാണ് അവയുടെ ഉത്ഭവം? അഗാധവും സത്യസന്ധവുമായ അമൂര്‍ത്തഭാവങ്ങളെ ആഴമില്ലാത്തതും കപടവുമായവയില്‍ നിന്ന് തിരിച്ചറിയുന്നതെങ്ങനെയാണ്? സംവേദനങ്ങളില്‍ പ്രതിഫലിക്കുന്ന വസ്തുക്കളുടേയും സംഭവങ്ങളുടേയും സാമാന്യ സ്വഭാവ വിശേഷങ്ങള്‍ വെറുതേ മാറ്റിവച്ചാലുണ്ടാകുന്നതാണ് അമൂര്‍ത്ത ഭാവങ്ങളെന്നു കരുതുന്ന ധാരാളം പേരുണ്ട്. ഈ നിലപാടില്‍ നിന്ന് നോക്കിയാല്‍ സദൃശങ്ങളല്ലാത്ത നിസാര സവിശേഷതകള്‍ വെറുതേയങ്ങ് തള്ളിക്കളഞ്ഞിട്ട്, സാകല്യത്തിനാകെക്കൂടി സാമാന്യമായിട്ടുള്ള സവിവേഷതകള്‍ തിരഞ്ഞെടുത്തു സ്ഥായീകരിക്കുന്നതാണ് അമൂര്‍ത്ത കാരണം. സദൃശമല്ലാത്തതിനെ തള്ളിക്കളഞ്ഞ് സാമാന്യമായതിനെ വേര്‍പെടുത്തുകയെന്നത് അമൂര്‍ത്ത കാരണപ്രക്രിയയുടെ ഭാഗമാണെന്നതില്‍ സംശയമില്ല. പക്ഷേ, അതുകൊണ്ട് സംഗതി മുഴുവനുമാകുന്നില്ല.
ഉദാഹരണത്തിന് ആധുനിക ഊര്‍ജ്ജതന്ത്രത്തില്‍ അതിപ്രധാനമായൊരു പങ്കുവഹിക്കുന്ന അപേക്ഷികതയുടെ വിശേഷാല്‍ സിദ്ധാന്തത്തിന് മൗലികമായിട്ടുള്ള ‘ചതുര്‍മാനസ്‌പേസ്’ എന്ന ശാസ്ത്രീയ അമൂര്‍ത്തതയുടെ കാര്യംതന്നെ നോക്കാം.
യഥാര്‍ത്ഥത്തിലുള്ള ഭൗതികമായ സ്‌പേസ് ത്രിമാനയുക്തമാണെന്ന് നാം ഇതിനകം മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ചതുര്‍മാനസ്‌പേസിലുണ്ടായേക്കാവുന്ന പ്രതിഭാസങ്ങള്‍ കാണാന്‍ നമ്മുടെ ബോധേന്ദ്രിയങ്ങള്‍ ഒരു കാരണവശാലും നമ്മെ സമ്മതിക്കുകയുമില്ല. എന്നാല്‍ ഏകമാനവും ദ്വിമാനവും ത്രിമാനവുമായിട്ടുള്ള സ്‌പേസിനെ സംബന്ധിച്ച ധാരണകള്‍ നാം പലപ്പോഴും എടുത്ത് പ്രയോഗിക്കാറുമുണ്ട്.
അപ്പോള്‍ ഈ ധാരണകള്‍ യഥാര്‍ത്ഥ വസ്തുക്കളുടെ ചില സ്വഭാവവിശേഷങ്ങളും ഗുണങ്ങളും വേര്‍പെടുത്തിനിര്‍ത്തുന്നതില്‍ നിന്നുണ്ടാകുന്ന അമൂര്‍ത്തഭാവങ്ങളാണെന്ന് കാണാന്‍ പ്രയാസമില്ല. ഉദാഹരണത്തിന് ഒരു ഗോളത്തിന്റെ (അത് ത്രിമാനയുക്തമാണല്ലോ) ധാരണ ഉണ്ടാകുന്നത് വിവിധ ഗോളങ്ങളെ അവഗണിച്ചുകൊണ്ട് അവയുടെ ജ്യാമീതിയ ആകൃതിമാത്രം അവയുടെ സാമാന്യസ്വഭാവവിശേഷമായി എടുക്കുമ്പോഴാണല്ലോ. രേഖീയമായ, അഥവാ ഏകമാനമായ ധാരണയും ഒരു അമൂര്‍ത്തഭാവമാണ്. ഇവിടേയും വസ്തുക്കളുടെ വലിപ്പവും ജ്യാമിതീയ ആകൃതിയും അവഗണിച്ചുകൊണ്ട് അവ തമ്മിലുള്ള ദൂരം മാത്രം അവയുടെ സാമാന്യസ്വഭാവവിശേഷമായി എടുക്കുകയാണല്ലോ ചെയ്യുന്നത്. ‘ദ്വിമാനസ്‌പേസ്’ എന്ന ധാരണയും ഒരു അമൂര്‍ത്തഭാവം തന്നെയാണ് ദ്വിമാനങ്ങള്‍ മാത്രമുള്ളവയാണ് സമതല ജ്യാമിതീയ ചിത്രങ്ങള്‍. ഉദാഹരണം: വൃത്തങ്ങള്‍, ദീര്‍ഘവൃത്തങ്ങള്‍, ട്രപ്പീസിയങ്ങള്‍, ത്രികോണങ്ങള്‍.
ഈ അമൂര്‍ത്ത ഭാവങ്ങള്‍ സംവേദനങ്ങളുമായി – വസ്തുനിഷ്ഠ സാധനങ്ങളുടേയും സംഭവങ്ങളുടേയും – സംവേദക പ്രതിച്ഛായകളുമായി ഒട്ടേറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഗോളവും ഒരു ചതുപ്പ്‌കോണ കെട്ടിടനിര്‍മ്മാണസ്ഥലവും ‘അ’യ്ക്കും ‘ഇ’യ്ക്കും ഇടയ്ക്കുള്ള രേഖയും മറ്റും നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. പക്ഷേ, ഒരു ചതുര്‍മാനയുക്തമായ ക്യൂബോ ഗോളമോ കാണുകയോ തൊടുകയോ ചെയ്യുന്നതും ചതുര്‍മാനയുക്തമായ സ്‌പേസില്‍ നടന്നേക്കാവുന്ന ഒരു സംഭവം സങ്കല്‍പ്പിക്കുന്നതും നമ്മെക്കൊണ്ടാവാത്ത സംഗതിയാണ്.
എന്നിരിക്കിലും ബഹു-മാന ജ്യാമിതിയും ഭൗതികസംഭവങ്ങളെ ‘ചതുര്‍മാനസ്‌പേസ്’ എന്ന അമൂര്‍ത്തഭാവത്തിന്റെ സഹായത്തോടെ വിവരിക്കുന്ന ഊര്‍ജ്ജതന്ത്ര സിദ്ധാന്തവും മറ്റും നിലവിലുണ്ട്. സംവേദനങ്ങളില്‍ തല്‍ക്ഷണം കാണാത്തതും സംവേദനത്തില്‍ സ്വാശീകരിക്കപ്പെട്ടിട്ടുള്ള വസ്തുനിഷ്ഠലോ കത്തിന്റെ ചില സ്വഭാവവിശേഷങ്ങള്‍ കൊള്ളുകയോ തള്ളുകയോ ചെയ്യുന്നതിലൂടെ സംസിദ്ധമാകാത്തതുമായ എന്തോ ഒന്ന് നമ്മുടെ ധാരണകളില്‍, അമൂര്‍ത്തഭാവങ്ങളില്‍ ഉണ്ടെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു. അപ്പോള്‍ ശരിയായ അമൂര്‍ത്തകരണം നടക്കുന്നതെങ്ങനെയാണ്?
സംജ്ഞാനം എന്നത് കണ്ണാടിയില്‍ കാണുന്നതുപോലുള്ള ഒരു യാഥാര്‍ത്ഥ്യ പ്രതിഫലനമല്ല. ബോധം, ചിന്ത, ഒരിക്കല്‍ ആവിര്‍ഭവിച്ചു കഴിഞ്ഞാല്‍ പിന്നെ, അത് ചില നിശ്ചിത സവിശേഷതകളോടുകൂടി അതിന്റേതായ നിയമങ്ങളാണ് പിന്തുടരുന്നതെന്ന് ബോധത്തെ ദ്വിതീയമായി കാണുന്ന വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം അനുശാസിക്കുന്നുണ്ട്. പ്രത്യക്ഷമായ ഐന്ദ്രിക, സംവേദക, പ്രതിച്ഛായകളിലേതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ഇന്ദ്രിയാനുഭൂതികളുടെ വിവിധ അംശങ്ങളെ അന്വയിക്കാനും ചിട്ടപ്പെടുത്താനും ഏകീകരിക്കാനും മനസിനു കഴിയുമെന്നതാണ് ഇതിലൊരു നിയമം.
എന്നുമാത്രവുമല്ല, അന്വയങ്ങളും ബന്ധങ്ങളും വേര്‍പ്പെടുത്താന്‍ പഠിക്കുന്നതിനിടയില്‍ മനുഷ്യന്റെ ഈ കഴിവ് വര്‍ധിക്കുകയും ചെയ്തു. അവന്‍ പുതിയ അന്വയങ്ങളും ബന്ധങ്ങളും കണ്ടുപിടിക്കുകയും സൃഷ്ടിക്കുകയും പലപ്പോഴും അവയെ ഏകവും ഭാവനാപൂര്‍ണവുമായ രീതിയില്‍ ഒന്നിപ്പിക്കുകയും ചെയ്തു. ഈ വിധത്തിലാണ് പുരാണങ്ങളിലേയും നാടോടിക്കഥകളിലേയും മറ്റും നരസിംഹ രൂപങ്ങളും രാക്ഷസന്മാരും മറ്റും ജന്മം കൊണ്ടത്. ചതുര്‍മാനസ്‌പേസ് എന്നത് ശാസ്ത്ര സങ്കല്‍പത്തിന്റെ സന്തതിയാണ്. യാഥാര്‍ത്ഥ്യത്തിന്റെ സ്വഭാവവിശേഷങ്ങള്‍ വിട്ടുകളഞ്ഞിട്ടല്ല, പ്രത്യുത രണ്ടും മൂന്നും മാനങ്ങളോടുകൂടിയ സ്‌പേസിനെപ്പറ്റിയുള്ള പഴയ അമൂര്‍ത്തഭാവങ്ങള്‍ പര്‍വ്വതീകരിക്കുകയും പൊക്കിപ്പിടിക്കുകയും ചെയ്തുകൊണ്ടാണ് ഈ അമൂര്‍ത്തഭാവത്തിലെത്തിയിട്ടുള്ളത്.
അമൂര്‍ത്തകരണപ്രക്രിയ സങ്കീര്‍ണവും വൈരുദ്ധ്യാത്മകവും പരസ്പരവിരുദ്ധവുമാണെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നുണ്ടല്ലോ. താരതമ്യത്തോടൊപ്പം സാമാന്യമായതിനെ വേര്‍തിരിച്ചെടുത്ത് നിഷ്‌കൃഷ്ടമായതിനെ തള്ളിക്കളയുന്നതിനോടൊപ്പം യഥാര്‍ത്ഥ അന്വയങ്ങളുടേയും ഘടകങ്ങളുടേയും പുനര്‍സജ്ജീകരണവും ഭാവനയും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ‘അനന്തം’ ‘ചതുര്‍മാനസ്‌പേസ്’ തുടങ്ങിയ സങ്കീര്‍ണങ്ങളായ അമൂര്‍ത്ത് ഭാവങ്ങളില്‍ മാത്രമല്ല, പിന്നെയോ ‘വൃത്തം’ ‘ചുവപ്പ്’ തുടങ്ങിയ താരതമ്യേന ലളിതമായിട്ടുള്ള ധാരണകളിലും ഇത് സംഭവിക്കുന്നുണ്ടെന്ന കാര്യം ഇവിടെ സ്മരിക്കേണ്ടതുണ്ട്.
ഒരു വൃത്തം എന്നത് ഒരു സമതലബന്ധവക്രമാണെന്ന്, കേന്ദ്രബിന്ദു എന്ന് പറയുന്ന ആ വക്രത്തിലെ ഒരു നിഷ്‌കൃഷ്ടബിന്ദുവില്‍ നിന്ന് വൃത്തത്തിന്റെ ഏത് ഭാഗത്തേയ്ക്കും സമദൂരമായിരിക്കുമെന്ന് നമ്മളെല്ലാം സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. വൃത്തത്തിന്റെ ചുറ്റുമുള്ളവരയെ ചുറ്റളവ് എന്നുപറയുന്നു. ഒരു വണ്ടിച്ചക്രം, വൃത്താകൃതിയിലുള്ള ബട്ടണ്‍, തങ്കത്തളികപോലെ തോന്നിക്കുന്ന പൂര്‍ണചന്ദ്രന്‍ തുടങ്ങിയ നമുക്ക് പരിചിതമായ സാധനങ്ങളുടെ ജ്യാമിതീയ ഗുണങ്ങളുടെ സാമാന്യവല്‍ക്കരണത്തിന്റെ ഫലമായുള്ളതാണ് ‘വൃത്തം’ ‘ചുറ്റളവ്’ തുടങ്ങിയ അമൂര്‍ത്തഭാവങ്ങള്‍. ആധുനിക ഗ്രൈന്റിങ് യന്ത്രങ്ങളുടെ സഹായത്തോടെ ഏതാണ്ട് ശരിക്കും വൃത്താകൃതിയിലുള്ള തളികകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നുണ്ട്. അവയുടെ വ്യാസാര്‍ദ്ധങ്ങള്‍ക്ക് ഒരു മില്ലീമീറ്ററിന്റെ ആയിരത്തിലൊരംശം പോലും വ്യത്യാസം കാണില്ല.
കശകശച്ചെടിയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു പോപ്പിപ്പൂവും ഒരു പഴുത്ത തക്കാളിയും രക്തവും താരതമ്യപ്പെടുത്തിക്കൊണ്ട് ചുവപ്പിനെക്കുറിച്ച് നമുക്കൊരു ധാരണയുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, നൂറുശതമാനം ചുവപ്പ് എന്ന് പറയാവുന്ന യഥാര്‍ത്ഥ വസ്തുക്കളൊന്നും തന്നെയില്ലെന്നതാണ് വാസ്തവം. ചുവപ്പിന്റെ ഏതെങ്കിലും വകഭേദത്തില്‍ പെട്ടതായിരിക്കും ഈ സാധനങ്ങളെല്ലാം. ‘ചുവപ്പ്’ എന്ന ധാരണ പൊതുവായ ഒരു സംഗതിയെ വേര്‍തിരിച്ചുനിര്‍ത്തുകയും തന്മൂലം ഏതാണ്ടൊരേനിറമുള്ള ദശലക്ഷം വസ്തുക്കള്‍ക്ക് അത്രയും വേറെവേറെ പേരുകള്‍ പറയുന്നതിനുപകരം ഒരൊറ്റവാക്കുകൊണ്ട് അവയുടെയെല്ലാം നിറം വ്യക്തമാക്കുവാന്‍ നമുക്ക് സാധിക്കുകയും ചെയ്യുന്നു.

Related News