Monday
22 Oct 2018

രാഷ്ട്രീയ വിദ്യാഭ്യാസം ഒരു സാമൂഹിക ധര്‍മ്മം

By: Web Desk | Tuesday 21 November 2017 10:46 PM IST

എന്‍ എം സരോജന്‍

ഞങ്ങള്‍ അമ്പലക്കാര്‍ പള്ളിക്കാര്‍ എന്ന വേര്‍തിരിവ് വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ മതമേലാളന്മാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമ്പോള്‍ അത് ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന് വരാനിരിക്കുന്ന വലിയ വിപത്തിന്റെ വഴിമരുന്നാണെന്ന് കണ്ടറിയുകയാണ് യഥാര്‍ത്ഥ രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത്. മതവും സോഷ്യലിസ്റ്റ് സദാചാരങ്ങളും ഊടും പാവും പോലെ ഇഴചേര്‍ന്നതാണെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ന്നാം ക്ലാസിലെ കുട്ടിയല്ല ഏഴാം ക്ലാസിലെ വിദ്യാര്‍ഥി, ഏഴാം ക്ലാസിലെ വിദ്യാര്‍ഥിയല്ല ക്യാമ്പസിലെ പഠനാര്‍ഥി. എഴുത്തും വായനയും പഠിക്കാന്‍ വേണ്ടി മാത്രമായിരുന്നു വിദ്യാഭ്യാസമെങ്കില്‍ അത് ആദ്യത്തെ ആറേഴ് ക്ലാസുവരെ മാത്രം മതിയായിരുന്നു. മറിച്ച് വിദ്യാര്‍ഥി ഒരു വ്യക്തിയായിത്തീര്‍ന്ന് അവന്റെ കഴിവുകള്‍ സമൂഹത്തിന് ഉപകരിക്കേണ്ടതാണെന്ന് മനസിലാക്കി അവനില്‍ ജനാധിപത്യപരവും മാനുഷികവും ശാസ്ത്രീയവുമായ വീക്ഷണം കൂടി വളര്‍ത്താന്‍ പോന്ന വിദ്യാഭ്യാസം നല്‍കുമ്പോള്‍ അവിടെ രാഷ്ട്രീയമായ കാഴ്ചപ്പാടും ആ കാഴ്ചപ്പാടിന് പിന്‍ബലം നല്‍കിയ രാഷ്ട്രീയാചാര്യന്മാരുടെ ചെയ്തികളും പ്രേരണകളും പഠിക്കുന്നതിലും എന്താണ് തെറ്റ്. വിദ്യാഭ്യാസത്തിന്റെ പ്രധാനഘടകങ്ങളായ വിദ്യാര്‍ഥി, അധ്യാപകന്‍, പാഠ്യപദ്ധതി ഇവയില്‍ കാലത്തിന്റെ ചരിത്രം പാടില്ലെന്ന് ആര് പറഞ്ഞാലും അതിലല്‍പ്പം ശരികേടുണ്ട്.
ഇന്നത്തെ നമ്മുടെ നേതാക്കളില്‍ ഭൂരിപക്ഷവും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് കലാലയങ്ങളില്‍ നിന്നും നേടിയ അറിവും പരിചയവും ഒന്നുകൊണ്ടുമാത്രമാണ്. അവര്‍ രാഷ്ട്രമീമാംസയും ചരിത്രവും പഠിച്ചുപോന്ന കലാലയങ്ങളില്‍ ആ പവിത്രത നിലനില്‍ക്കുന്നില്ലെങ്കില്‍ അതിന് ഇന്നത്തെ വിദ്യാര്‍ഥികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിലെ അഴുക്കുചാലുകളില്‍ നിന്നും സാഹചര്യംകൊണ്ട് രാഷ്ട്രീയക്കാരനായി മാറി സമൂഹത്തിലേയ്ക്ക് ചേക്കേറുന്നവരുടെ വികലമായ കാഴ്ചപ്പാടുകള്‍ മാതൃകയാക്കി കലാലയരാഷ്ട്രീയത്തിന് അരങ്ങേറ്റം കുറിക്കുന്ന വിദ്യാര്‍ഥികളുടെ നിലവാരത്തകര്‍ച്ചയും അക്രമവാസനകളും കാണുമ്പോള്‍ കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ആരും പറഞ്ഞുപോകും.
വാസ്തവത്തില്‍ കലാലയങ്ങളിലെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം രാഷ്ട്രീയം മാത്രമാണോ? ലഹരിമരുന്നു മാഫിയയെ നിയന്ത്രിക്കാന്‍ ആ മതില്‍ക്കെട്ടിനകത്ത് എന്തു സംവിധാനമാണുള്ളത്. ഈയിടെ പത്രത്തില്‍ വന്ന ക്യാമ്പസ് വര്‍ത്തമാനം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊച്ചി നഗരത്തില്‍ നിന്നും ഷാഡോ പൊലീസ് മാത്രം പിടികൂടിയത് 22 കിലോഗ്രാം കഞ്ചാവാണ്. മറ്റ് ഏജന്‍സികള്‍ പിടികൂടിയ കഞ്ചാവും ലഹരിമരുന്നുകളും വേറെ. ഇത്രയധികം കഞ്ചാവ് നഗരത്തില്‍ ഇറക്കിയതിന്റെ പിന്നില്‍ വന്‍ മാഫിയയാണെന്ന് കരുതിയെങ്കില്‍ തെറ്റി. പതിനഞ്ചിനും ഇരുപതിനുമിടയില്‍ പ്രായമുള്ള ക്യാമ്പസ് വിദ്യാര്‍ഥികളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. തീര്‍ന്നില്ല, വനിതാ ഹോസ്റ്റലുകളിലെ പെണ്‍കുട്ടികളില്‍ 13 ശതമാനവും ഈ കുട്ടിമാഫിയകളുടെ ഇരകളാണത്രെ. ലഹരിവില്‍പ്പനയ്ക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാഡോ പൊലീസ് പിടികൂടിയ 146 പേരില്‍ 2 പേര്‍ ഒഴികെ എല്ലാവരും 20ന് താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ്. അതില്‍ത്തന്നെ 33 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. വിദ്യാര്‍ഥികളുടെ അപകടകരമായ പ്രവണതയിലേയ്ക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. ഉപയോഗം മാത്രമല്ല, വില്‍പനയും നടക്കുന്നത് സ്‌കൂളുകളും ക്യാമ്പസുകളും കേന്ദ്രീകരിച്ചാണ്. ഇതൊക്കെ ‘അരുത്’ എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. ചുണ്ടില്‍ ‘ബീഡി’യിരിക്കെ നീ പുകവലിക്കരുത് എന്ന് പറയുന്ന പിതാവിന്റെ വാക്കുകളില്‍ ഒരാജ്ഞാശക്തിയുമില്ല. പിന്നെ?
ക്യാമ്പസുകളിലെ രാഷ്ട്രീയവിരോധത്തിന് കാരണമായി പറയുന്നത് വിദ്യാര്‍ഥികള്‍ ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്നു, അത് അക്രമത്തില്‍ കലാശിക്കുന്നു എന്നൊക്കെയാണ്. ശരിയായിരിക്കാം. അതുകൊണ്ട് സമരമേ പാടില്ല എന്നുണ്ടോ, സമരത്തിന് കാരണമാകുന്ന ഒത്തിരി കാര്യങ്ങള്‍ മാനേജ്‌മെന്റ് ഭാഗത്തുനിന്നും ഗവണ്‍മെന്റ് ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അതിനെ പ്രതിരോധിക്കാന്‍ സമാധാനപരമായ സമരം തെറ്റാകുന്നതെങ്ങനെ? കക്ഷി രാഷ്ട്രീയക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം പാടില്ലെന്നു പറയുകയാണെങ്കില്‍ പിന്നെ എപ്പോഴാണ് അവര്‍ രാഷ്ട്രീയം പഠിക്കേണ്ടത്, രാഷ്ട്രീയക്കാരാകേണ്ടത്. അതിന് വ്യക്തമായ നിയമങ്ങളോ ചട്ടങ്ങളോ ഭരണഘടനയില്‍ പറയുന്നുണ്ടോ?
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഈറ്റില്ലമാണ് ഭാരതം. ആ പാവനമായ ഭാരതഭൂമിയുടെ അഖണ്ഡതയെ പരിരക്ഷിക്കാന്‍ നാളേയ്ക്ക് ഒരുങ്ങേണ്ടുന്നവര്‍ അതിനുള്ള തയ്യാറെടുപ്പ് നടത്തുന്ന ഇടമാണ് വിദ്യാലയങ്ങള്‍. അവിടെ നിന്നും ഉയരുന്ന സ്വരം ഈ നാടിന്റെ ഉയര്‍ച്ചയുടേയും വളര്‍ച്ചയുടേതുമാണ്. ജനാധിപത്യബോധവും ദേശാഭിമാനവും പരസ്പര ചിന്തയ്ക്ക് വിധേയമാക്കി നെല്ലും പതിരും വേര്‍തിരിച്ചറിയുന്ന പ്രക്രിയയാണ് കലാലയ രാഷ്ട്രീയംകൊണ്ട് അര്‍ഥമാക്കുന്നതെങ്കില്‍ അത് വേണ്ടെന്നു പറഞ്ഞാല്‍ വിദ്യാര്‍ഥിയുടെ തീക്ഷ്ണമായ ചിന്താഗതിക്കുള്ളില്‍ അത് എത്രമാത്രം ഫലപ്രദമാകും. പ്രത്യേകിച്ച് സാക്ഷരതയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമത്തേതായ ഈ കൊച്ചു കേരളത്തിലെ പ്രബുദ്ധരായ കുട്ടികള്‍ക്ക് രാഷ്ട്രീയം വേണ്ടെന്നുവയ്ക്കാന്‍ കഴിയുമോ. കലാലയങ്ങളില്‍ രാഷ്ട്രീയത്തിന് വിത്ത് ഇടേണ്ട എന്നാണ് പരമമായ ഉദ്ദേശ്യമെങ്കില്‍ പാരമ്പര്യരാഷ്ട്രീയം സ്വീകരിക്കേണ്ടിവരും. അത് നമ്മുടെ കുട്ടികളെ പിന്നോട്ട് ഓടിക്കലാകും ഫലം. എന്തെന്നാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രസംഗങ്ങള്‍ കേട്ടതുകൊണ്ടു മാത്രം നന്മതിന്മകള്‍ തിരിച്ചറിയണമെന്നില്ല.
അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കാനുള്ള വിദ്യാര്‍ഥിയുടെ സ്വതന്ത്രമായ ഇച്ഛാശക്തിക്ക് കൂച്ചുവിലങ്ങിടുന്നത് യാഥാസ്ഥിതികത്വം കൊണ്ടാണ്. അവന്റെ മനസില്‍ ശരിയും തെറ്റും വിവേചനം ചെയ്യാതെ കിടപ്പുണ്ട്. അതൊക്കെ പരസ്പര ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. വിപ്ലവത്തിന്റെ കൊടുങ്കാറ്റും സമാധാനത്തിന്റെ സാമഗാനവും അഹിംസയുടെ മന്ദഹാസവും കാരുണ്യത്തിന്റെ തേനരുവിയും അറിവിന്റെ അപാരതയും അവന്റെ മനസില്‍ പുതഞ്ഞുകിടപ്പുണ്ട്. അതൊക്കെ പൊടിതട്ടിയെടുത്ത് കൊത്തിമിനുക്കി മനോഹരമാക്കാന്‍ കഴിയണമെങ്കില്‍ ഈ മണ്ണിന്റെ ചരിത്രവും വ്യാകരണവുമൊക്കെ പഠിപ്പിച്ചും പറഞ്ഞുകൊടുത്തും അവന് പിന്‍ബലമേകുകയല്ലേ വേണ്ടത്. മറിച്ചായാല്‍ രാജ്യത്തോട് പ്രതിബദ്ധതയില്ലാത്ത ഒരു തലമുറ വളര്‍ന്നുവരില്ലേ. പോരാത്തതിന് പണ്ടത്തേതിനെ അപേക്ഷിച്ച് ഇന്ന് കുട്ടികളുടെ താല്‍പ്പര്യങ്ങള്‍, കഴിവുകള്‍, വാസനകള്‍ എന്നിവയ്‌ക്കൊത്തവണ്ണം പാഠങ്ങളും പ്രവര്‍ത്തനങ്ങളും ക്രമീകരിച്ച് ജനാധിപത്യവല്‍ക്കരണവും സോഷ്യലിസ്റ്റ് സദാചാരങ്ങളും വിദ്യാര്‍ഥികളെ പ്രബുദ്ധരാക്കുന്നുമുണ്ട്. എന്നിട്ടും അവനോട് വായടയ്ക്കാന്‍ പറഞ്ഞാല്‍ അത് എത്രമാത്രം ഫലപ്രദമാകും. അതിലുപരി സാമൂഹ്യപാഠപുസ്തകം ക്രമീകരിക്കുമ്പോള്‍ അല്‍പ്പസ്വല്‍പം രാഷ്ട്രീയം ഉദാഹരിക്കേണ്ടത് സ്വാഭാവികമായും അനിവാര്യമല്ലേ. സാമ്പത്തികമോ സാമൂഹികമോ ആയ മെച്ചത്തിനുവേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന ഇന്നത്തെ രീതിയെ പരോക്ഷമായിപ്പോലും പരാമര്‍ശമില്ലാത്ത കരിക്കുലം ഉള്ളപ്പോള്‍ എന്തിനാണ് ഈ പ്രഖ്യാപനമെന്ന് മനസിലാകുന്നില്ല. വാസ്തവത്തില്‍ എന്താണ് രാഷ്ട്രീയത്തിന്റെ നിര്‍വചനം. എവിടെ നിന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ ഉത്ഭവം. നമ്മളൊക്കെ ഭാരതീയര്‍ ആകുമ്പോള്‍ ആദ്യം വേദത്തില്‍തന്നെ പരതിനോക്കാം. ഏതായാലും ‘ഋഗ്വേദ’ കവികള്‍ക്ക് രാഷ്ട്രീയമോ മതമോ ഉണ്ടായിരുന്നില്ല എന്നാണ് കേട്ടുകേള്‍വി.

”തത് സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോ യോ നഃ പ്രചോദയാത്”

ഇതിനര്‍ഥം നമ്മുടെ ബുദ്ധികളെ ആര് പ്രചോദിപ്പിക്കുന്നുവോ ആ സവിതാവായ ദേവന്റെ വരേണ്യമായ തേജസിനെ നാം ധ്യാനിക്കുക. ഈ സൂര്യഗായത്രി മന്ത്രമായിരുന്നു അവരുടെ പരമമായ രാഷ്ട്രീയം. ഹിന്ദുവിനേയും പാഴ്‌സിയേയും ക്രിസ്ത്യാനിയേയും മുസ്‌ലിമിനേയും അവര്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് കാലത്തിന്റെ യഥേഷ്ട സഞ്ചാരത്തിനൊടുവില്‍ കൃഷ്ണനും ക്രിസ്തുവും നബിയും വന്നു. സത്യത്തില്‍ ഇവര്‍ക്ക് കുലമേയുണ്ടായിരുന്നുള്ളു. പിന്നീട് അവരിലൂടെ മതവും രാഷ്ട്രീയവും ഉണ്ടായി. ഇന്നത്തെ സോഷ്യലിസത്തിന് അന്നവര്‍ പറഞ്ഞിരുന്ന പേരാണ് ‘ധര്‍മ്മസംസ്ഥാപനം’ സ്വന്തം അമ്മാവന്റെ ഭീകരവാഴ്ചയ്‌ക്കെതിരായിരുന്നു കൃഷ്ണന്റെ ആദ്യ പോരാട്ടം. ഹെരോദേസിന്റെ ഭരണാസക്തിക്കും സുഖാസക്തിക്കും എതിരായിരുന്നു സ്‌നാപക യോഹന്നാന്റെ വിഖ്യാതമായ ധര്‍മ്മയുദ്ധം. അധാര്‍മികമായ ഭരണനീതിയെ ചെറുത്തുതോല്‍പ്പിച്ചുകൊണ്ട് ‘ഇസ്‌ലാം’ എന്ന സാമൂഹ്യ – ആത്മീയ സന്ദേശം ലോകത്തിന് നല്‍കിയ മൂത്തുമുഹമ്മദ് മുസ്തഫ തിരുമേനിയായിരുന്നു അന്ത്യപ്രവാചകന്‍. ഇവര്‍ക്കെല്ലാം ഒരേ മതമായിരുന്നു – ഒരേ രാഷ്ട്രീയമായിരുന്നു. നീതിയുക്തവും സമാധാനപരവുമായ ഒരു ജനജീവിതം. വിദ്യാര്‍ഥിയെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിനും പാഠപുസ്തകങ്ങള്‍ക്കും ഉള്ള കഴിവിനൊപ്പം പ്രധാനപ്പെട്ടതാണ് രാഷ്ട്രീയമായ കാഴ്ചപ്പാടും. ഇന്ന് ഒരു രാഷ്ട്രീയക്കാരന്‍ തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുമ്പോള്‍ പാരമ്പര്യമോ നൈസര്‍ഗിക വാസനകളോ ശരീരഘടനാപരമായ യോഗ്യതയോ മാനദണ്ഡമായി സ്വീകരിക്കുന്നതിനെക്കാള്‍ അവരില്‍ അല്‍പ്പം രാഷ്ട്രീയബോധം ഉണ്ടാകട്ടേയെന്ന് കരുതിയെങ്കില്‍ അതിലൊരു തെറ്റുമില്ല. എന്തെന്നാല്‍ രാഷ്ട്രീയ വിദ്യാഭ്യാസം ഒരു സാമൂഹികധര്‍മ്മം എന്നതിലുപരി വിദ്യാര്‍ഥിയുടെ അവകാശം കൂടിയാണ്.

Related News