Friday
19 Oct 2018

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രമെന്ന അവകാശവാദം പൊളിയുന്നു

By: Web Desk | Saturday 13 January 2018 10:02 PM IST

ആധാറിന്റെ പൂച്ച് പുറത്ത്

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ എന്ന ആശയത്തിന്റെ പൊള്ളത്തരം ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്താന്‍ ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് വേണ്ടി വന്നത് കേവലം പത്ത് മിനിറ്റും അഞ്ഞൂറ് രൂപയും. ആധാര്‍ എന്ന സംവിധാനത്തിനായി ഈ ആധുനിക സാങ്കേതിക വിദ്യയുടെ കാലത്തും ഉപയോഗിച്ചിരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ സങ്കേതങ്ങള്‍. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചുരുക്കെഴുത്ത് പോലെ (യുഐഡിഐഎ) അവര്‍ ചെയ്യാന്‍ ഉദ്ദേശിച്ചതും ചെയ്തതും തമ്മില്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉടായിപ്പ്.
അതോറിറ്റിയുടെ വികൃതമായ മുഖമാണ് ദ ട്രൈബ്യൂണിനും അവരുടെ മാധ്യമപ്രവര്‍ത്തക രചന ഖൈരയ്ക്കുമെതിരെ കേസെടുത്തതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആധാര്‍ സംവിധാനത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവന്നതിനാണ് കേസ്. പേടിഎം വഴി നല്‍കിയ അഞ്ഞൂറ് രൂപ കൊണ്ട് പത്ത് മിനിറ്റ് കൊണ്ട് ഒരു വ്യക്തിയുടെ പൂര്‍ണവിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയെടുത്തു എന്നതാണ് കുറ്റം.
അധികൃതരുടെ ഈ നടപടിയ്‌ക്കെതിരെ ആഗോളതലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ മാധ്യമസംഘടനകള്‍ ഇതിനെ അപലപിച്ചു. സാങ്കേതികതയുടെ ആഗോളതലസ്ഥാനമെന്ന ഇന്ത്യയുടെ ഖ്യാതി ലോകത്തിന്റെ മുന്നില്‍ പൊളിഞ്ഞു വീണു. ഇന്ത്യന്‍ പ്രസ് ക്ലബ്ബ്, എഡിറ്റേഴ്‌സ് ഗില്‍ഡ്, ഇന്ത്യന്‍ വനിത പ്രസ് കോര്‍പ്‌സ്, പ്രസ് അസോസിയേഷന്‍, മുംബൈ പ്രസ് ക്ലബ്ബ്, തുടങ്ങിയവര്‍ അധികൃതര്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ചിരിക്കുകയാണ്. നടപടി പത്രസ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റമാണെന്നും കേസ് ഉടന്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
സംവിധാനത്തിന്റെ പാളിച്ച പുറത്ത് കൊണ്ടുവരാന്‍ ഇവര്‍ നടത്തിയ ഈ ഉദ്യമത്തെ പുരസ്‌കാരം നല്‍കി ആദരിക്കണമെന്നാണ് അമേരിക്ക ചാരസംഘടനയായ സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥനും വിക്കീലീക്‌സ് സ്ഥാപകനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചത്. അവരുടെ പേരില്‍ കേസെടുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറയുന്നു.നിരവധി രാജ്യങ്ങളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ലോകശ്രദ്ധ നേടുകയും അമേരിക്കയുടെ കണ്ണിലെ കരടാകുകയും ചെയ്ത ആള്‍ കൂടിയാണ് സ്‌നോഡന്‍. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനായി കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം ഒട്ടകപ്പക്ഷിയുടെ നയം സ്വീകരിച്ചിരിക്കുന്ന ആധാര്‍ അധികൃതര്‍ പുതിയൊരു സുരക്ഷാ സംവിധാനം ആവിഷ്‌ക്കരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 119 കോടിയോളം വരുന്ന രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനായി മാര്‍ച്ച് അവസാനത്തോടെ പതിനാറക്ക താത്ക്കാലിക ഡിജിറ്റല്‍ നമ്പര്‍ നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്. ആധാര്‍ നമ്പര്‍ ചോര്‍ത്തി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതും എത്രമാത്രം ഫലപ്രദമാകുമെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ടര്‍ നടത്തിയത് ധാര്‍മികമായ ഹാക്കിങാണ്. സംവിധാനത്തിലെ പാളിച്ചകള്‍ മനസിലാക്കാന്‍ നടത്തുന്ന ഇത്തരം ഹാക്കിങിനായി ചില കമ്പനികള്‍ ചെലവിടുന്നത് കോടിക്കണക്കിന് രൂപയാണ്. ഇതിനായി സംവിധാനത്തിനുള്ളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറാറുണ്ട്. എങ്കില്‍ മാത്രമേ പിഴവുകള്‍ മനസിലാക്കാനാകൂ. ഇത്തരക്കാരുടെ ജോലി ഇപ്പോള്‍ ഏറെ ആകര്‍ഷകമായിട്ടുണ്ട്. 2017ലെ ഏറ്റവും ഉയര്‍ന്ന തൊഴിലായാണ് ഇതിനെ വിലയിരുത്തുന്നത്.
അതേസമയം ഇന്ത്യയില്‍ പണ്ടേ പ്രശ്‌ന പരിഹാരങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. 80കളില്‍ ഒരു പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അതിര്‍ത്തിയിലെ ധോല്‍പൂരിലുളള ഒരു വേശ്യാലയത്തിലെ ഒരു യുവ ലൈംഗികത്തൊഴിലാളിയായ കമലയെ ഡല്‍ഹിയിലെത്തിച്ച് ലൈംഗികത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പിറ്റേദിവസം അറസ്റ്റിലായതും നമ്മുടെ രാജ്യത്താണ്. 2013ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടുമ്പോള്‍ എംപിമാരെ കൈക്കൂലി നല്‍കി വോട്ട് വാങ്ങിയ കാര്യം പുറത്ത് അറിയിച്ചതിന്റെ പേരില്‍ എംപിമാരെ ജയിലിലാക്കിയതും നമ്മുടെ നാട്ടിലാണ്. പാര്‍ലമെന്റിനെ കളങ്കപ്പെടുത്തിയെന്നായിരുന്നു ഇവരുടെ പേരിലുളള ആരോപണം.
അധികൃതര്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യം ട്രിബ്യൂണ്‍ മാധ്യമപ്രവര്‍ത്തകയെയും മാനേജ്‌മെന്റിനെയും അത് വഴി മാധ്യമസമൂഹത്തെ മുഴുവനും ആദരിക്കുകയാണ്. ഇത് തികച്ചും സ്വാഗതാര്‍ഹമായിരിക്കും. എന്നാല്‍ അധികൃതര്‍ ഇതിന് മുതിരില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യ പ്രസ് ഏജന്‍സി

Related News