Thursday
18 Oct 2018

ഹൗഡിനിക്ക് കഴിയാത്തത് നരേന്ദ്രമോഡിക്കെങ്ങനെ കഴിയും?

By: Web Desk | Sunday 29 October 2017 11:22 PM IST

പ്രഫ. കെ അരവിന്ദാക്ഷന്‍

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 20ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേതായൊരു പ്രസ്താവന വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തുള്ള പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥില്‍ അദ്ദേഹം പങ്കെടുത്ത ഒരു പൊതുയോഗത്തിലായിരുന്നു സ്വപ്‌ന സമാനമായ ഈ പ്രഖ്യാപനം. 2022 വരുന്നതോടെ ഇന്ത്യ ഒരു വികസിതരാജ്യമായി രൂപാന്തരപ്പെടും എന്നായിരുന്നു അത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അന്തര്‍ലീനമായ ഈ ശുഭാപ്തിവിശ്വാസം യാഥാര്‍ത്ഥ്യമായിഭവിക്കുമെങ്കില്‍, ഇതെഴുതുന്ന വ്യക്തിയടക്കമുള്ളവര്‍ രക്ഷപ്പെടുകതന്നെ ചെയ്യും. സംശയമില്ല. എന്നാല്‍ ഒരു സംശയം, ഞാന്‍ ഒരു ധനശാസ്ത്രവിദ്യാര്‍ഥിയാണ് ഇപ്പോളും. ഒരു അധ്യാപകനെന്ന നിലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ ധനശാസ്ത്രമാണ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുവന്നിരുന്നത്. അന്നൊക്കെ വികസനത്തെപ്പറ്റിയും വികസനമില്ലായ്മയെപ്പറ്റിയും നിരവധി ക്ലാസുകളെടുക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ പഠനവും നടത്തിയിട്ടുണ്ട്. അന്നൊന്നും ‘വികസിതം’ എന്ന വാക്കിന്റെ നിര്‍വചനം എന്തെന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സംശയത്തിനതീതമായി ബോധ്യപ്പെടുത്തുന്നതിന് എനിക്കായിട്ടില്ല. ശ്രമിക്കാത്തതുകൊണ്ടല്ല, ശ്രമങ്ങള്‍ വിജയിക്കാതിരുന്നതിനാലാണ്. എന്നാല്‍ ഒരുകാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യ ഇന്നും ഒരു വികസിത സമ്പദ്‌വ്യവസ്ഥ എന്ന പദവിയിലെത്തിയിട്ടില്ല. നിരവധി സാമ്പത്തിക പരാധീനകള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് ഇതിനുള്ള കാരണം. വരുന്ന അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ ഇവയ്‌ക്കെല്ലാം പരിഹാരം കാണുക എളുപ്പവുമല്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചതുപോലെ 2022 ആകുമ്പോഴേയ്ക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഒരു വികസിത സമ്പദ്‌വ്യവസ്ഥയാകുമെന്ന് ചിന്തിക്കുന്നതുപോലും യാഥാര്‍ത്ഥ്യബോധത്തോടെയുള്ളൊരു വിലയിരുത്തലാവുകയുമില്ല.
ഏതെങ്കിലുമൊരു സമ്പദ്‌വ്യവസ്ഥ വികസിതമായി എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടത് ആവശ്യമാണ്. ഒന്ന്, സമ്പദ്‌വ്യവസ്ഥയുടെ ഘടന; രണ്ട്, അതിന്റെ ധനകാര്യവികസനത്തിന്റെ തോത്; മൂന്ന് ഉല്‍പ്പാദനമേഖലയുടെ യഥാര്‍ത്ഥത്തിലുള്ള ശക്തിസ്രോതസുകള്‍. ഇത്തരം ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു പരിശോധനയും വിലയിരുത്തലും നടത്തുമ്പോള്‍ നമുക്കാദ്യമായി മൊത്തം ദേശീയോല്‍പ്പന്ന (ജിഡിപി)ത്തിന്റെ വലുപ്പം തന്നെ പരിശോധിക്കേണ്ടിവരും. ജിഡിപിയില്‍ വ്യവസായ – സേവനമേഖലകളുടെ ഉല്‍പ്പന്നങ്ങളാണ് ഉള്‍പ്പെടുന്നത്. വികസിതരാജ്യങ്ങളില്‍ ജിഡിപി വളര്‍ച്ചാനിരക്ക് വളരെ ഉയര്‍ന്നതോതിലായിരിക്കും ഉണ്ടാവുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജിഡിപിയുടെ സിംഹഭാഗവും സേവനമേഖലകളുടെ വക സംഭാവനയാണ്. ഇതിലേറെയും ആധുനിക സേവനമേഖലകളുടേതാണെന്ന് അവകാശപ്പെടാനുമാവില്ല. ഉല്‍പ്പാദനമേഖലയാണെങ്കില്‍ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ചെറിയൊരുഭാഗം മാത്രമേ വരുന്നുള്ളു എന്നതും ഒരു വസ്തുതയാണ്. മൊത്തം കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി ഇക്കാര്യത്തില്‍ ഒട്ടുംതന്നെ ആശാവഹമാണെന്ന് പറയാനാവില്ല. വികസിത സമ്പദ്‌വ്യവസ്ഥകളുടെ ഏഴയലത്തുപോലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ എത്തിയിട്ടില്ല. വരുന്ന അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഈ സമിതിയില്‍ വിപ്ലവകരമായ മാറ്റം പ്രതീക്ഷിക്കുന്നതും അസ്ഥാനത്തായിരിക്കും.
മറ്റൊന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഘടനാസംബന്ധമായ പരിമിതിയാണ്. കാര്‍ഷിക – ഗ്രാമീണ മേഖലയ്ക്കാണ് ഇന്നും സമ്പദ്യവ്സ്ഥയില്‍ നിര്‍ണായകമായ ആധിപത്യം പുലര്‍ത്താന്‍ കഴിയുന്നത്. ജനസംഖ്യയുടെ പകുതിയോളം ഇന്നും കൃഷിയെയാണ് ജീവിതാവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. കര്‍ഷകസമൂഹമാണെങ്കില്‍ മൊത്തത്തില്‍ അസംതൃപ്തിയിലാണ്. ഈ സാമ്പത്തികഘടനയില്‍ മാറ്റം വളരെ സാവധാനത്തില്‍ മാത്രമേ നടക്കുകയുള്ളു. കാര്‍ഷികമേഖലയേയും കര്‍ഷക ലക്ഷങ്ങളേയും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയിലേയ്ക്കും ഉയര്‍ന്ന ജീവിതനിലവാരത്തിലേയ്ക്കും എത്തിക്കാന്‍ ലക്ഷ്യമിടുന്നതൊക്കെ കൊള്ളാം. എന്നാല്‍ അതിന്റെ പ്രായോഗികതയാണ് അനിശ്ചിതത്വത്തിലുള്ളത്. അതുപോലെതന്നെ ആധുനിക നിലവാരം പുലര്‍ത്തുന്നൊരു ധനകാര്യവ്യവസ്ഥ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതും അഭികാമ്യം തന്നെ. പക്ഷേ, അത് എന്ന് അനുഭവവേദ്യമാകുമെന്നതിലാണ് സംശയം. വരുന്ന അഞ്ച് വര്‍ഷത്തിനകം ഏതായാലും അത് നടക്കുമെന്ന് കരുതാനാവില്ല. എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്ര ഭരണത്തിലെത്തിയ നാള്‍ മുതല്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചുവരുന്നൊരു ലക്ഷ്യമാണ് ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നത്. 2022 ആകുമ്പോഴേയ്ക്ക് മൊത്തം ഇന്ത്യന്‍ ആഭ്യന്തര ജിഡിപിയുടെ 25 ശതമാനം ഉല്‍പ്പാദനമെങ്കിലും മേക്ക് ഇന്‍ ഇന്ത്യയിലൂടെ നേടാമെന്ന് അവകാശപ്പെടുന്നത് അതിരുകടന്നൊരു മോഹമായി മാത്രമേ കാണാന്‍ കഴിയൂ. ഒരു സാധാരണ ഇന്ത്യക്കാരന്റെ നിത്യജീവിതത്തില്‍ ആധുനിക സാങ്കേതിക പ്രയോഗം പരിമിതമായ നിലയില്‍ മാത്രമാണ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മൊബൈല്‍/സ്മാര്‍ട്ട് ഫോണുകളുടെ വ്യാപകമായ വിനിയോഗവും മാഴ്‌സില്‍ എത്താന്‍ ഇന്ത്യന്‍ വാനശാസ്ത്രം വിജയിച്ചുവെന്നതും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ തന്നെയാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ, ഡിമോണിറ്റൈസേഷനിലൂടെ ലക്ഷ്യമിട്ട ഡിജിറ്റൈസേഷന്‍ തിരിച്ചടി നേരിട്ടുവരുന്ന അനുഭവമാണ് നമുക്കുള്ളതെന്നും ഓര്‍ക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായതോടെ എടിഎം കൗണ്ടറുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം യഥേഷ്ടം മോഷ്ടിക്കപ്പെടുന്നൊരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സമീപകാലത്ത് രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നുതന്നെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട് സാധാരണക്കാര്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരിക്കുന്നത് ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്കുള്ള മാറ്റത്തില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു എന്നാണ്.
സാഹചര്യങ്ങള്‍ ഈ സ്ഥിതിയിലാണെന്നിരിക്കെ, ‘ഡിജിറ്റല്‍ ഇന്ത്യ’യും ‘മേക്ക് ഇന്‍ ഇന്ത്യ’പോലെ നനഞ്ഞ പടക്കമായി രൂപാന്തരപ്പെടുമെന്നുതന്നെ വേണം കണക്കാക്കാന്‍. എന്നിരുന്നാല്‍തന്നെ ഇന്ത്യയുടെ ഉല്‍പ്പാദന – സേവനമേഖലകളില്‍ സാമാന്യം നല്ല നിലവാരം പുലര്‍ത്തുന്ന ആധുനിക സാങ്കേതിക – മനേജ്‌മെന്റ് സങ്കേതങ്ങള്‍ വിനിയോഗിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ നിലവിലുണ്ട്. ഒരു വികസ്വര രാജ്യമായി തുടരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരുവിധം ഇണങ്ങുന്ന ഒരു ധനകാര്യവ്യവസ്ഥയുമുണ്ട്. ജിഡിപിയുടെ വലുപ്പവുമായി പൊരുത്തപ്പെട്ടുപോകുന്ന ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് വ്യവസ്ഥയുണ്ട്. എന്നാല്‍ സമ്പാദ്യത്തോത് വേണ്ടത്ര മെച്ചപ്പെട്ടിട്ടുണ്ടെന്ന് തീര്‍ത്തുപറയാനാവില്ല. ആഭ്യന്തരഘടനാ വികസന മേഖലയില്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സ്റ്റേറ്റാഭിമുഖ്യത്തില്‍ നടന്ന വികസനത്തിലൂടെ ഒരുവിധം ശക്തമായൊരു അടിത്തറ സൃഷ്ടിക്കാനും സാധ്യമായിട്ടുണ്ട്. എന്നാല്‍, പ്രതീക്ഷിച്ചതോതിലുള്ള മുന്നേറ്റം തുടര്‍ന്നുള്ള കാലത്തും ഉണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടാനാവില്ല. ഇതിനുള്ള മുഖ്യ കാരണം പൊതു-സ്വകാര്യ നിക്ഷേപത്തിലനുഭവപ്പെട്ട മെല്ലെപ്പോക്കുതന്നെയാണ്. ഒരര്‍ഥത്തില്‍ പരിശോധിച്ചാല്‍, ആഭ്യന്തരഘടന, സാര്‍വദേശീയ ഷിപ്പ്‌മെന്റുകള്‍, കസ്റ്റംസ് സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന തന്ത്രപ്രധാനമായ മേഖല മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ ഇതുവരെ നേടിയ നേട്ടങ്ങള്‍ മോശമാണെന്ന് കരുതാവുന്നതല്ല. സാമ്പത്തികാസൂത്രണ കാലത്ത് തന്ത്രപ്രധാനമായ വികസനമേഖലകള്‍ക്കുള്ള മുന്‍ഗണന അത്രയേറെ ഉണ്ടായിരുന്നു എന്നതിന്റെ വൈകിവന്ന പ്രതിഫലനങ്ങളാണിതെന്ന് കരുതേണ്ടിവരും. മറിച്ചുള്ള മോഡിയുടെ അവകാശവാദം ചരിത്രവസ്തുതകളുടെ വളച്ചൊടിക്കല്‍ മാത്രമായിരിക്കും. ഇന്നത്തെ ഇന്ത്യയുടെ ലോളിസ്റ്റിക്‌സ് മേഖലയിലെ റാങ്കിങ് 160 രാജ്യങ്ങളുടെ കൂട്ടത്തില്‍ 25-ാമനാണ്. ലോക ബാങ്കിന്റെ ഈ റാങ്കിങിന് ഇന്ത്യയെ പ്രാപ്തമാക്കിയത് 2014-നുശേഷം മോഡി ഭരണത്തിലേറിയതിന്റെ നേട്ടമായി അവകാശപ്പെടുന്നത് വസ്തുതവിരുദ്ധമായിരിക്കും. ഇന്ത്യ ഇക്കാര്യത്തില്‍ തുര്‍ക്കിയോടും പോര്‍ച്ചുഗലിനോടും ഒപ്പമാണെങ്കില്‍, തായ്‌ലന്റ്, ബ്രസീല്‍ എന്നീ രാജ്യങ്ങളേക്കാള്‍ മുന്നിലുമാണ്.
അവസാനിക്കുന്നില്ല.

Related News