Friday
14 Dec 2018

മനസിന് മഹാരോഗം ബാധിക്കുമ്പോള്‍

By: Web Desk | Monday 26 February 2018 10:15 PM IST

കുഷ്ഠരോഗത്തിന്‍റെ ലക്ഷണമായി ഭിഷഗ്വരന്മാര്‍ പറയുന്നത് ശരീരത്തിലുണ്ടാവുന്ന സംവേദനക്ഷമമല്ലാത്ത പാടുകളാണ്. അവിടെ സ്പര്‍ശിച്ചാല്‍ അറിയില്ല, വേദനയില്ല, തണുപ്പില്ല, ചൂടില്ല, മറ്റൊരു വികാരവുമില്ല. ഈ ഘട്ടവും കഴിഞ്ഞാണ് വിരലുകളും മറ്റും ദ്രവിച്ചുപോയി അവിടവിടെ വ്രണങ്ങളും മറ്റും രൂപംകൊണ്ട് ശരീരം വികൃതമാകുന്നത്. നമ്മുടെ പൊതുസമൂഹത്തിന്‍റെ മനസ് ഇന്ന് കുഷ്ഠരോഗ ബാധയുടെ ആദ്യഘട്ടത്തിലാണെന്ന് പറഞ്ഞാല്‍ അതില്‍ ഒരു അതിശയോക്തിയുമില്ല. സാക്ഷരതകൊണ്ടുമാത്രം വിദ്യാഭ്യാസം പൂര്‍ത്തിയാവുന്നില്ല. അക്കാദമിക് വിദ്യാഭ്യാസം കൊണ്ടുമാത്രം സംസ്‌കാര സമ്പന്നനുമാവില്ല. വര്‍ഷങ്ങളായി എന്നുതന്നെ പറയാം സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ കാട്ടുനീതി കേരളത്തിലെ തെരുവുകളിലും ഗ്രാമങ്ങളിലുമൊക്കെ അരങ്ങേറാന്‍ തുടങ്ങിയിട്ട്. തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക് സിഗ്നലില്‍ നിന്നുപോയ പഴയ അംബാസിഡര്‍ കാര്‍ സ്റ്റാര്‍ട്ടാവാത്തതിന് ആ വാഹനമോടിച്ചിരുന്ന കൃഷ്ണന്‍കുട്ടി എന്ന വൃദ്ധനെ ബൈക്കില്‍ എത്തിയ സാമൂഹ്യവിരുദ്ധര്‍ മാര്‍ദ്ദിക്കുന്നത് ചാനല്‍ വാര്‍ത്തകളിലൂടെ നാം കണ്ടത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മലയോര പ്രദേശത്തുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് പോകും വഴി ഒരു മാധ്യമപ്രവര്‍ത്തകയേയും കുടുംബത്തേയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. മറ്റനേകം സദാചാര പൊലീസ് ചമഞ്ഞുള്ള അക്രമങ്ങള്‍, മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവമടക്കം ഇങ്ങനെയുള്ള അക്രമികള്‍ നിയമവാഴ്ച കൈയിലെടുത്ത സംഭവങ്ങളില്‍ ഒന്നില്‍പോലും പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പൊലീസ് തയ്യാറായിട്ടില്ല. മാധ്യമപ്രവര്‍ത്തകയേയും കുടുംബത്തേയും തടഞ്ഞുവച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ട് തദ്ദേശവാസികള്‍ തന്നെയായ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. കൊച്ചി മറൈന്‍ ഡ്രൈവില്‍ തെരുവുഗുണ്ടകള്‍ കണ്ടവരെയെല്ലാം അടിച്ചോടിച്ചപ്പോള്‍ പൊലീസുകാര്‍ ആ സാമൂഹ്യവിരുദ്ധര്‍ക്ക് അകമ്പടി സേവിച്ചത് നമ്മളെല്ലാം ചാനലുകളിലൂടെ കണ്ടതാണ്. അതേസമയം തന്നെ സാമൂഹ്യതിന്മകള്‍ക്കെതിരെ ഒരു തെരുവുനാടകം നടത്തിനോക്കൂ. ദളിതരുടെയോ ആദിവാസികളുടെയോ നീറുന്ന പ്രശ്‌നങ്ങളിലിടപെട്ട് ഒരു സമരം നടത്തിനോക്കൂ. സകല സന്നാഹങ്ങളുമായി പൊലീസുകാര്‍ എത്തും, അറസ്റ്റ് ചെയ്യും, ലോക്കപ്പിലടയ്ക്കും, ജാമ്യം കിട്ടാത്ത എല്ലാ വകുപ്പുകളും ചേര്‍ത്ത് കേസെടുക്കും. അത്രയൊന്നും വേണ്ട, ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ എറിഞ്ഞുവീഴ്ത്തും, വഴിയരികില്‍ നിന്ന് ബീഡി വലിച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാവും, സീറ്റ് ബെല്‍ട്ടിടാതെ വാഹനമോടിക്കുന്നവര്‍ സൈക്കിളില്‍ ഡബിളെടുക്കുന്നവര്‍ തുടങ്ങിയ ”കൊടും കുറ്റവാളികളെ” ഒളിച്ചുനിന്നും ക്യാമറ വച്ചും ഉടന്‍ പിടികൂടാന്‍ ഇവിടെ നീതിനിര്‍വഹണ സംവിധാനങ്ങള്‍ രാവും പകലും ഉണര്‍ന്നിരിക്കുന്നു. അതേസമയം തന്നെ വാഹനാപടകത്തില്‍ ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നവനെ അടുത്ത ആശുപത്രിയിലെത്തിക്കാന്‍ ഇവരാരും തയ്യാറാവുകയുമില്ല.

ഇനി നമുക്ക് കേരളത്തിലെവിടെയും ഗ്രാമത്തിലും പട്ടണത്തിലും രാത്രിയും പകലും സദാചാര ഗുണ്ടായിസം നടപ്പിലാക്കാന്‍ സ്വാതന്ത്ര്യമുള്ളവര്‍ ആരാണെന്ന് പരിശോധിക്കാം. ഇത്തരം സംഭവങ്ങളിലെല്ലാംതന്നെ പ്രദേശവാസികളും, അത്യാവശ്യം ഗുണ്ടായിസവും മണല്‍കടത്ത്, അനധികൃത മദ്യവ്യാപാരം, നിലം നികത്ത്, പണം പലിശയ്ക്ക് കൊടുപ്പ് തുടങ്ങിയ പൊതുപ്രവര്‍ത്തനങ്ങളും ജാതി, സമുദായ, മതസംഘടനകളുമായി നല്ല ബന്ധവുമൊക്കെയുള്ള നാട്ടിലെ പ്രമാണിമാരുടെയും നേതാക്കന്മാരുടേയുമൊക്കെ ഉറ്റ സഹായികളും കൂടിയായ ചെറുപ്പക്കാരാണ് പ്രതികള്‍. അവര്‍ക്ക് ഒന്നുകില്‍ പൊലീസുമായി ഇത്തരം വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട് നല്ല ബന്ധമുണ്ടായിരിക്കും. അല്ലെങ്കില്‍ ഇവരുടെ തലതൊട്ടപ്പന്മാര്‍ സംരക്ഷിക്കാനുണ്ടാവും. തെരുവുനായ്കള്‍ മൈല്‍ കുറ്റിയില്‍ മൂത്രമൊഴിച്ച് സ്വന്തം അധികാരപരിധി നിശ്ചയിക്കുന്നതുപോലെ ഇവരുടെയും അധികാരപരിധി അവര്‍ സ്വയം നിശ്ചയിച്ചിട്ടുണ്ട്. ഈ അധികാര പരിധിക്കകത്തേയ്ക്കാണ് ഒന്നുമറിയാത്ത ഒരു പാവം, വീട്ടിലേയ്ക്കുള്ള അവസാനത്തെ ബസ് കിട്ടാതെ വന്നതുകൊണ്ടോ, ഏതെങ്കിലും പരിചയക്കാരനെ അന്വേഷിച്ചുവന്ന് വഴിതെറ്റിയോ, വാഹനം കേടുവന്നോ മറ്റോ എത്തിച്ചേരുന്നത്. ഉടനെ ചോദ്യം ചെയ്യലായി, മര്‍ദ്ദനമായി. പരാതിയുമായി ചെന്നാല്‍ സ്വാഭാവികമായും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായതായി കണ്ടിട്ടുമില്ല. മാറിവരുന്ന സര്‍ക്കാരുകളുടെ നിറമോ, കൊടിയോ ഒന്നുംതന്നെ സര്‍ക്കാരുദ്യോഗസ്ഥരുടെ ചെയ്തികളില്‍ ഒരു മാറ്റവും വരുത്തുന്നതുമില്ല. ഈ അക്രമങ്ങള്‍ക്ക് പിറകില്‍ ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് വ്യക്തമായ ഒരുദ്ദേശമുണ്ട്. ഈ അക്രമങ്ങള്‍ പ്രദേശവാസികള്‍ക്കുള്ള വ്യക്തമായ താക്കീതുകൂടിയാണ്. ഞങ്ങളുടെ ദൈനംദിന വ്യാപാരങ്ങളില്‍ ഇടപെട്ടാല്‍ ഇതുതന്നെയായിരിക്കും നിന്റെയൊക്കെ ഗതി. ആരും സഹായിക്കാനുണ്ടാവില്ല. ഒരു പൊലീസും വരില്ല. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഇത്തരം സംവേദന ക്ഷമതയില്ലാത്ത പാടുകള്‍ രൂപം കൊണ്ടിരിക്കുന്നു. അവ സാമൂഹ്യശരീരത്തെ ബാധിച്ചിരിക്കുന്ന മഹാരോഗത്തിന്റെ പ്രകടമായ ലക്ഷണമാണ്.
2018 ജനുവരി 31ന് ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ ചിത്രകാരനും ചിത്രകലാധ്യാപകനുമായിരുന്ന അശാന്തന്‍ എന്ന പേരുസ്വീകരിച്ച വി കെ മഹേശിന്റെ മൃതദേഹം എറണാകുളത്തുള്ള ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവരുന്നു. സമീപത്തുള്ള ക്ഷേത്രഭാരവാഹികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹാളില്‍ മൃതദേഹം, അന്ത്യോപചാരങ്ങള്‍ക്കായി കിടത്തുവാന്‍ അനുവദിക്കുന്നില്ല. അല്‍പനേരത്തിനുള്ളില്‍ ഹാളിനു പുറത്തുവച്ച ബാനറും മറ്റും നശിപ്പിക്കപ്പെടുന്നു. പ്രതിഷ്ഠയുടെ ദൃഷ്ടിപഥത്തിലെങ്ങും മൃതദേഹം കണ്ടുകൂടാ എന്ന ക്ഷേത്രഭാരവാഹികളുടെ ആജ്ഞയോടെ മൃതദേഹം അവിടെ നിന്നും മാറ്റുന്നു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ വിവാദമായപ്പോള്‍ ക്ഷേത്രഭാരവാഹികളെ അറസ്റ്റ് ചെയ്യുന്നു, സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിക്കുന്നവനോട് കാണിക്കുന്ന വീരശൂര പരാക്രമങ്ങളുടെ ആയിരത്തിലൊരംശം നമ്മുടെ പൊലീസെജമാനന്മാര്‍ ഒരു കലാകാരന്റെ മൃതദേഹത്തെ അപമാനിച്ചവര്‍ക്കുനേരെ പുറത്തെടുത്തില്ല. സ്വയം അശാന്തനെന്നു വിളിച്ച ഒരു ദളിതന്റെ കാര്യത്തില്‍ ഇത്രയൊക്കെ മതിയല്ലോ. ജാതി മതിലിനെതിരെ പ്രതിഷേധിക്കാന്‍ കുറെ ദളിതരും അവരെപ്പോലെയുള്ളവരും ഒത്തുചേരുന്നു. ജാതി മേലാളന്മാര്‍ അധിക്ഷേപവുമായി മറുവശത്തും. പൊലീസേമാന്മാര്‍ എല്ലാ ദളിതരെയും അറസ്റ്റ് ചെയ്ത് നീക്കുന്നു. ജാതിപറഞ്ഞാക്ഷേപിച്ചുകൊണ്ട് മറുവശത്തുനിന്ന ഒരു മേലാളനേയും അറസ്റ്റ് ചെയ്തുകണ്ടില്ല. കേരളം, ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ക്കും മാറുമറയ്ക്കല്‍ സമരങ്ങള്‍ക്കും മുമ്പുള്ള കാലഘട്ടത്തിലേയ്ക്ക് ഇത്രയും വേഗം കൂപ്പുകുത്തിയോ?

കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിയെ ബാധിച്ച കുഷ്ഠരോഗം ചികിത്സ ലഭിക്കാതെ ഇപ്പോള്‍ അവയവങ്ങള്‍ ഒന്നൊന്നായി ദ്രവിച്ചുപോവുന്ന അവസ്ഥയിലെത്തിയെന്ന് തെളിയിച്ചുകൊണ്ടാണ് നിസ്വനും നിരാലംബനുമായ ഒരു ആദിവാസി യുവാവിനെ, പരിഷ്‌കൃതരെന്ന് വിളിക്കുന്ന ആദിവാസികളുടെ മണ്ണും മാനവും കവര്‍ന്നെടുത്ത ഒരുകൂട്ടം നരാധമന്മാര്‍ ഒരുപിടി അരി കവര്‍ന്നു എന്ന കുറ്റമാരോപിച്ച് പൈശാചികമായി കൊല്ലുന്നത്. ആ പാവത്തിന്റെ ദൈന്യതയുടെ പര്യായമായ മുഖം മനഃസാക്ഷിയുടെ ഒരംശമെങ്കിലും ശേഷിച്ചിട്ടുള്ള ആര്‍ക്കും എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ഇവിടെയും സംഭവിച്ചത് സാമൂഹ്യവിരുദ്ധരുടെ സംഘടിത അക്രമങ്ങളില്‍ സംഭവിച്ചതുതന്നെ. സംരക്ഷിത വനമേഖലയിലേയ്ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോയവരെ കൈയോടെ പിടികൂടുന്ന വനപാലകരും ഒരു സംഘം നരാധമന്മാരും കാട്ടിനുള്ളിലെ ഏതോ ഗുഹയില്‍ അന്തിയുറങ്ങുന്ന ഈ പാവത്തെ പിടിച്ചുകൊണ്ടുപോവുന്നത് കണ്ടില്ലത്രേ. കാല്‍വരിയിലേയ്ക്കുള്ള അവന്റെ യാത്രയില്‍ ചാട്ടവാറടി തടയുവാന്‍ ഒരു കൈപോലും ഉയര്‍ന്നില്ല. അവസാനം അവനെ കൈമാറിക്കിട്ടിയ പിലാത്തോസിന്റെ നീതിപാലകരാകട്ടെ ഈ അക്രമികളില്‍ ഒരാളെപ്പോലും ഈ മര്‍ദ്ദനത്തിന്റെ പേരില്‍ അപ്പോള്‍ കസ്റ്റഡിയിലെടുത്തുമില്ല. ഒരു ജീവിതം മുഴുവന്‍ ദാരിദ്ര്യവും വിശപ്പും മാത്രമറിഞ്ഞ ആ കാടിന്റെ മകന്‍ ഒരുപിടി അന്നമോ ഒരുതുള്ളി വെള്ളമോ ലഭിക്കാതെ തലയോട്ടിയും വാരിയെല്ലുകളും തകര്‍ന്ന് മരിച്ചു. കാടിന്റെ മക്കള്‍ക്ക് നാടിന്റെ കാട്ടുനീതി അറിയില്ലല്ലൊ. നാട്ടില്‍ വിഹരിക്കുന്ന കാട്ടുമൃഗങ്ങളുടെ ക്രൗര്യവും. ഇനി നമ്മള്‍ കുറച്ചുദിവസത്തേയ്ക്ക് അവനെ കുറിച്ച് കവിതയെഴുതും, നാടകം രചിക്കും, പാട്ടുപാടും പിന്നെ ജാമ്യം കിട്ടി പ്രതികള്‍ പുറത്തിറങ്ങും, കേസ് തീരും. അടുത്ത ഇരയുടെ ജീവന്‍ പൊലിയുമ്പോള്‍ വീണ്ടും ഈ നാടകങ്ങള്‍ ആവര്‍ത്തിക്കും. മഹാരോഗത്തിന്റെ വ്രണങ്ങളില്‍ ലേപനം തളിച്ചിട്ട് ഒരു കാര്യവുമില്ല. ചികിത്സ ആവശ്യമുള്ളത് സമൂഹമനഃസാക്ഷിയെ ബാധിച്ചിരിക്കുന്ന മഹാരോഗത്തിനാണ്. കഠിനമായ പഥവും കയ്പുള്ള കഷായങ്ങളും കൊണ്ടുള്ള ശരിയായ ചികിത്സ. മനസില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള വംശീയവെറിയുടെ, സാംസ്‌കാരിക ശൂന്യതയുടെ, കാപട്യത്തിന്റെ, നാട്യങ്ങളുടെ വിഷം മുഴുവന്‍ പുറത്തുപോവുന്നതുവരെയുള്ള ചികിത്സ. ഇതിന് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്റെ മനസിന് രോഗം ബാധിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ്. ചികിത്സ നേടണം എന്ന ദൃഢനിശ്ചയവും.