Monday
25 Jun 2018

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരായ പൊലീസ് ക്രൂരത

By: Web Desk | Thursday 4 January 2018 10:31 PM IST

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തല്ലിച്ചതച്ചതായി വാര്‍ത്ത. അവരുടെ ശരീരത്തിലേറ്റ ക്രൂരമായ മര്‍ദ്ദനത്തിന്റെ മുറിപ്പാടുകള്‍ സഹതാപര്‍ഹമായി തോന്നി. ഇത്രയും മാരകമായി പീഡിപ്പിക്കാന്‍ ട്രാന്‍ജെന്‍ഡേഴ്‌സിന്റെ ഭാഗത്തിനിന്നുണ്ടായ പ്രകോപനം എന്തെന്ന് വാര്‍ത്ത വ്യക്തമാക്കുന്നില്ല.
അടുത്തകാലം വരെ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന പേരില്‍ ഒരുവിഭാഗം വിരളമായിരുന്നു. ലിംഗപരിവര്‍ത്തനം സംഭവിച്ച മനുഷ്യരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വിശേഷണത്താല്‍ അറിയപ്പെടുന്നത്. ഇവര്‍ക്ക് ലിംഗസമത്വം സര്‍ക്കാരിന്റെ നയമാണ്. ഇക്കൂട്ടരില്‍ 50 ശതമാനം സ്ത്രീ പുരുഷനായി പരിണമിച്ചവരും 50 ശതമാനം മറിച്ചും സംഭവിച്ചവരായിരിക്കണം. ആശ്ചര്യമെന്നുപറയട്ടെ കേരളത്തില്‍ അറിയപ്പെടുന്നവരും കാഴ്ചയില്‍പ്പെടുന്നവരുമായ എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സ്‌ത്രൈണഭാവവും സ്‌ത്രൈണവേഷവും ധരിക്കുന്നവരായാണ് കാണപ്പെടുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സംഘടനകളുമായി ബന്ധപ്പെട്ട ചില കൂടിക്കാഴ്ചകളിലും മറ്റും പരാമര്‍ശിക്കപ്പെടുന്നവരെല്ലാം സ്ത്രീനാമ, വേഷധാരികള്‍ മാത്രമാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ പുരുഷനാമ, വേഷധാരികള്‍ എന്തുകൊണ്ടാണ് അപ്രത്യക്ഷരായിരിക്കുന്നത്.
പണ്ട് ഉത്തരേന്ത്യന്‍ യാത്ര നടത്തിയിരുന്ന കേരളീയര്‍ ‘ഹിജഡകള്‍’ എന്ന ഒരു കൂട്ടരെപ്പറ്റി ജാഗുപ്‌സാവഹമായ പല കഥകളും പറഞ്ഞുകേട്ടിരുന്നു. ട്രെയിനിലെ സഹയാത്രികരെ ഭീഷണിപ്പെടുത്തിയും നാണംകെടുത്തിയും പണം പിടുങ്ങുന്ന ഇക്കൂട്ടരെ അറപ്പോടും വെറുപ്പോടും ഭീതിയോടുമാണ് യാത്രക്കാര്‍ പ്രത്യേകിച്ചു കേരളീയര്‍ വീക്ഷിച്ചിരുന്നത്. എന്തായാലും കേരളത്തില്‍ അത്തരമൊരു ദുരവസ്ഥ അന്നുമില്ല, ഇന്നുമില്ല. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സായി അറിയപ്പെടുന്നവര്‍ ഏറെയും സെലിബ്രറ്റികളും അഭ്യസ്തവിദ്യരും ആണെന്നകാര്യം ശ്രദ്ധേയമാണ്. ഹിജഡകളില്‍ പണ്ട് ആരോപിക്കപ്പെട്ടിരുന്ന ദുര്‍വൃത്തികള്‍ തുടരുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി നിലയ്ക്കുനിര്‍ത്തേണ്ടത് ആവശ്യംതന്നെയാണ്. ആ കര്‍ത്തവ്യം വിവേചനബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ട ചുമതലയും പൊലീസിനുതന്നെയാണ്. ഏതു സാഹചര്യത്തിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എന്നല്ല ഒരു ജെന്‍ഡറിനെയും അടിച്ചുപുറംപൊളിക്കുന്നത് പൊലീസിന്റെ യശസിനു കളങ്കം ചാര്‍ത്തുകയേയുള്ളു.

എ കെ ശിവരാജന്‍
കേശവഭവന്‍, കിളികൊല്ലൂര്‍ പി ഒ