Friday
19 Jan 2018

ക്രിസ്തുസഭകളുടെ സമ്പത്തും അവയുടെ ജനാധിപത്യ കൈകാര്യകര്‍ത്തൃത്വവും

By: Web Desk | Friday 29 December 2017 10:51 PM IST

കത്തോലിക്കാ സഭയിലെ പൗരോഹിത്യ അധികാരാവകാശങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പൂറത്തുവന്ന ദിവസം തന്നെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. ഇത് തികച്ചും യാദൃച്ഛികമായിരിക്കാം. എന്നാല്‍ രണ്ടുവാര്‍ത്തകളും ജോസഫ് പുലിക്കുന്നേല്‍ നിരന്തരം ഉന്നയിച്ചുപോന്നിരുന്ന സഭയുടെ സമ്പത്തും അതിന്റെ കൈകാര്യകര്‍ത്തൃത്വത്തിനുള്ള പുരോഹിതന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര സ്ഥാനത്തുള്ള ഭൂമിയിടപാട് വിവാദമാണ് ഇപ്പോള്‍ സഭയെ പിടിച്ചുലയ്ക്കുന്നത്. അതാവട്ടെ സഭയുടെ ശത്രുക്കളോ മാധ്യമങ്ങളോ ഉയര്‍ത്തിക്കൊണ്ടുവന്ന ഒന്നല്ല. സഭയ്ക്കുള്ളില്‍ തന്നെയാണ് അതിന്റെ പ്രഭവകേന്ദ്രം. സീറോ മലബാര്‍ സഭയെ സംബന്ധിച്ചും ഇതര കത്തോലിക്കാ സഭാവിഭാഗങ്ങളെ സംബന്ധിച്ചും ഇത് ഒറ്റപ്പെട്ട ഒന്നല്ല. കേരളത്തിലെ കത്തോലിക്കാ മഹാപുരോഹിതന്മാരും ഇതര ക്രിസ്തുസഭാ നേതാക്കളും ഉള്‍പ്പെട്ട സ്വത്തുസംബന്ധമായ പല വിവാദങ്ങളും സമൂഹത്തില്‍ സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്. അവയൊന്നും, ഒരുപക്ഷേ, ഇപ്പോഴത്തെ വിവാദത്തെപ്പോലെ വ്യാപകമായ ജനശ്രദ്ധയും മാധ്യമ ചര്‍ച്ചയ്ക്കും കാരണമായിട്ടില്ലെന്നു മാത്രം. അവയെല്ലാം തന്നെ വിരല്‍ചൂണ്ടുന്നത് സഭകളുടെ അളവറ്റ സമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയുടെയും ജനാധിപത്യത്തിന്റെയും അഭാവത്തിലേക്കാണ്. അവ ക്രിസ്തുസഭകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചര്‍ച്ചകളുമല്ല. ഇതര മതങ്ങളുടെ സ്വത്തുവകകള്‍ സംബന്ധിച്ചും അവയുടെ സുതാര്യവും നിയമാനുസൃതവുമായ കൈകാര്യ കര്‍ത്തൃത്വം സംബന്ധിച്ചും നിയമങ്ങള്‍ നിലവിലുണ്ട്. അവ നിയന്ത്രിക്കുന്നതിന് നിയമാനുസൃത ഭരണസംവിധാനങ്ങളും നിലനില്‍ക്കുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തിന്റെ മാത്രം സമ്പത്തിന്റെ കൈകാര്യ കര്‍ത്തൃത്വം തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് നിര്‍വഹിക്കപ്പെടുന്നതെന്നത് വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.
മേല്‍പറഞ്ഞ പശ്ചാത്തലമാണ് അന്തരിച്ച ജോസഫ് പുലിക്കുന്നേലിന്റെ സഭാധികാര വിമര്‍ശനത്തിന് കരുത്ത് പകരുന്നത്. കേരളത്തില്‍ തന്നെ ക്രിസ്തുമതത്തിലെ പല അവാന്തര വിഭാഗങ്ങള്‍ക്കും സഭാസമ്പത്തിന്റെമേല്‍ സഭാംഗങ്ങള്‍ക്കും അവര്‍ തെരഞ്ഞെടുത്തു നിയോഗിക്കുന്ന ഭരണസമിതികള്‍ക്കും ഗണ്യമായ അധികാരാവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നുണ്ട്. പുരോഹിതന്മാരുടെ അധികാരാവകാശങ്ങള്‍ അത്തരം സഭകളില്‍ ആധ്യാത്മിക കാര്യങ്ങളിലും ആചാര്യമര്യാദകളുടെ പാലനത്തിലും ഒതുങ്ങുന്നു. കത്തോലിക്കാ സഭാ വിഭാഗങ്ങളടക്കം മറ്റു പല സഭാവിഭാഗങ്ങളിലും സഭാസമ്പത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം പുരോഹിത വര്‍ഗത്തിന്റെ കൈപ്പിടികളില്‍ ഒതുങ്ങുന്നു. അതിന്റെ സുതാര്യമല്ലാത്ത പ്രയോഗമാണ് പല വിവാദങ്ങള്‍ക്കും തിരികൊളുത്താന്‍ കാരണമാകുന്നത്. ക്രൈസ്തവര്‍ക്കുവേണ്ടി ഗവണ്‍മെന്റ് ഒരു ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് തന്റെ അന്ത്യദിനങ്ങളില്‍ പോലും ജോസഫ് പുലിക്കുന്നേല്‍ ശക്തിയുക്തം വാദിച്ചുപോന്നിരുന്നു. രാഷ്ട്രീയ പരിഗണനകള്‍ ഉള്‍പ്പെടെ പലകാരണങ്ങളാലും സംഘടിത മതമായ ക്രിസ്തുമതത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും വിമുഖമായിരുന്നു. വിശ്വാസികള്‍ വിയര്‍പ്പൊഴുക്കി നേടുന്ന അവരുടെ അധ്വാനത്തിന്റെ വിലയാണ് സഭാസമ്പത്തിന്റെ മുഖ്യ ഉറവിടം. വിശ്വാസത്തിന്റെ പേരിലും അതിന്റെ മറവിലും ഒഴുകിയെത്തുന്ന പണവും സമ്പത്തും ഉണ്ട്. അതെല്ലാം തന്നെ സഭയുടെ പൊതുസമ്പത്താണെന്നിരിക്കെ അത് ജനാധിപത്യപരമായും സുതാര്യമായും സഭാലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുമാണ് ചെലവഴിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള മുറവിളികള്‍ കരുത്താര്‍ജിക്കുകയാണ്. ഒരു മതനിരപേക്ഷ സമൂഹത്തെ നയിക്കുന്ന ഭരണകൂടത്തിന് അത്തരം മുറവിളികള്‍ അവഗണിക്കാനാവില്ല.
ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ലിവര്‍പൂളിലെ മുതിര്‍ന്ന ബിഷപ് പോള്‍ ബേയ്‌സും നല്‍കിയ ഇക്കൊല്ലത്തെ ക്രിസ്തുമസ് സന്ദേശം ഇത്തരുണത്തില്‍ ഏറെ പ്രസക്തങ്ങളാണ്. നാം ജീവിക്കുന്ന ലോകത്തില്‍ ക്രിസ്തുവിന്റെ ജീവിതസന്ദേശം എത്രത്തോളം പ്രസക്തമാണെന്നതിലേക്കാണ് ഭരണാധികാരികളടക്കം ക്രിസ്ത്യാനികളുടെ ശ്രദ്ധക്ഷണിക്കാന്‍ അവര്‍ ശ്രമിച്ചത്. എന്നാല്‍ നാം നമ്മുടെ ചുറ്റുപാടുകളിലും കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന വാര്‍ത്തകളും മറിച്ചൊരു സന്ദേശമാണ് നമുക്ക് നല്‍കുന്നത്. കേരളത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളുടെ സമ്പദ് കേന്ദ്രീകരണവും അവയുടെ വിനിയോഗവും സംബന്ധിച്ച് സഭകളേയും പൊതുസമൂഹത്തെയും ഭരണകൂടത്തെയും ഇരുത്തിചിന്തിപ്പിക്കാന്‍ ഈ ക്രിസ്തുമസ്-നവവത്സരവേള നമ്മെ പ്രാപ്തരാക്കണം.

Related News