Monday
22 Oct 2018

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക

By: Web Desk | Saturday 30 December 2017 10:21 PM IST

ബിജെപിയും സംഘപരിവാറും വളരെ ആസൂത്രിതമായി രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. കേവലം അര്‍ഥശൂന്യമായ വാക്കുകളായി അവയെ കാണാന്‍ കഴിയില്ല. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങള്‍ കൊണ്ട് രാജ്യം നേടിയെടുത്ത എല്ലാ വികസനങ്ങളെയും നന്മകളേയും ഇല്ലാതാക്കുന്ന നിലപാടുകളാണ് ബിജെപിയും സംഘപരിവാറും സ്വീകരിക്കുന്നത്. ഭരണഘടനയ്‌ക്കെതിരെ തന്റെ മന്ത്രിസഭയിലെ ഒരംഗം നടത്തിയ പരാമര്‍ശത്തില്‍ നിന്നും ഒളിച്ചോടുന്ന നിലപാടാണ് നരേന്ദ്രമോഡി സ്വീകരിക്കുന്നത്. എന്നാല്‍ മറ്റുള്ള മന്ത്രിമാരും വളരെ പ്രകോപനപരവും ഭരണഘടനാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ബിജെപി അധികാരത്തില്‍ എത്തിയത് ഭരണഘടനയില്‍ ഭേദഗതി വരുത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേ പറഞ്ഞു. കൂടാതെ മതേതരത്വത്തേയും മതേതരവാദികളെയും സഹനത്തോടെ കാണാന്‍ കഴിയില്ലെന്നവിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും ഹെഗ്‌ഡേയുടെ ഭാഗത്തുനിന്നും ഉണ്ടായി. പിന്നീട് അദ്ദേഹം ക്ഷമ പറഞ്ഞുവെങ്കിലും ഗൗരവത്തോടെ കാണേണ്ടതാണ് ഹെഗ്‌ഡേയുടെ പരാമര്‍ശങ്ങള്‍.
ഭരണഘടനാഭേദഗതി വരുത്തുന്നതിനെയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയും എതിര്‍ക്കില്ലെന്ന് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിയായ ഗിരിരാജസിങും ഇതിനകം പ്രഖ്യാപിച്ചു. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കിടെ നൂറിലധികം ഭേദഗതികളാണ് ഭരണഘടനയില്‍ വരുത്തിയത്. ഭേദഗതിയിലൂടെയാണ് മതേതരത്വം എന്ന വാക്കുപോലും ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. മതേതരത്വം എന്ന വാക്കിനെ ഒഴിവാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഹെഗ്‌ഡേയുടെ പരാമര്‍ശങ്ങള്‍. ഇന്ത്യയെ ഒരു മതേതര ജനാധിപത്യ സംവിധാനമായി നിലനിര്‍ത്തുന്ന എല്ലാറ്റിനേയും ഒഴിവാക്കണമെന്ന നിലപാടാണ് ഹെഗ്‌ഡേ സ്വീകരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ ഒഴിവാക്കരുതെന്ന സുപ്രിംകോടതി വിധിയെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. ഭരണഘടനയെ വെല്ലുവിളിക്കുന്നതും ചട്ടങ്ങള്‍ ലംഘിച്ചുള്ള പ്രസ്താവനകള്‍ നടത്തി രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള നിരവധി പ്രസ്താവനകളാണ് ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരത്തില്‍ ചട്ടലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ്.
നിലവിലുള്ള സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നത് വിഫലമായ കാര്യമാണ്. രാജ്യത്തിന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്നവിധത്തിലുള്ള പ്രസ്താവന നടത്തിയ ദിവസം തന്നെ ഒരു ചടങ്ങില്‍ പങ്കെടുക്കാത്ത ഡോക്ടര്‍മാരെ വെടിവച്ചുകൊല്ലുമെന്ന് മറ്റൊരു മന്ത്രി പ്രഖ്യാപിച്ചു. പശുവിനെ കശാപ്പ് ചെയ്യുന്നവരെയും പശുവിനെ മോഷ്ടിക്കുന്നവരെയും വെടിവച്ചുകൊല്ലുമെന്ന് ഒരു ബിജെപി എംഎല്‍എ പ്രഖ്യാപിച്ചു. ഇതെല്ലാം നിയമം കയ്യിലെടുക്കുന്ന നടപടികളാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ ആരും തയ്യാറാകുന്നില്ല.
ആള്‍ക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നു. ഇതിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസും ഭരണാധികാരികളും പറയുന്നു. എന്നാല്‍ വസ്തുനിഷ്ഠമായ ഒരു നടപടികളും ഉണ്ടാകുന്നില്ല. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലാണ് ഇത് കൂടുതലും സംഭവിക്കുന്നത്. മറിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു. ഗുണ്ടകളെയും കുറ്റവാളികളെയും പൊലീസുകാര്‍ ആദരിക്കുന്നു. ഇത്തരത്തില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് ഇപ്പോഴത്തെ സംഭവങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. പലപല ന്യായങ്ങള്‍ നിരത്തി നേരത്തേയുണ്ടായിരുന്ന കുറ്റവാളികളെപ്പോലും ഒഴിവാക്കുന്നു. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചവരെ ഒഴിവാക്കുന്നു. യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കുറ്റങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നു. മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളായ സാധ്വി പ്രഗ്യ, ലെഫ്റ്റനന്റ് കേണല്‍ പുരോഹിത് എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്ന മെക്കോക പിന്‍വലിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട സൊഹ്‌റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി. തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാന്‍ നിയമനടപടികള്‍ പോലും വളച്ചൊടിക്കുന്ന സമീപനവും നിലപാടുകളുമാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും അതേ പാര്‍ട്ടിതന്നെ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങളെപ്പോലും ഇവര്‍ ഇല്ലാതാക്കുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവരുന്നില്ലെന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഇവര്‍ ഒരു കാരണത്താല്‍ അല്ലെങ്കില്‍ മറ്റൊരു കാരണത്തില്‍ ഭരണകക്ഷിക്ക് മുന്നില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നു. മുന്‍ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, കരസേനാമേധാവി എന്നിവര്‍ക്കെതിരെ മോഡി നടത്തിയ പരാമര്‍ശങ്ങള്‍തന്നെ ഏറ്റവും നല്ല ഉദാഹരണം. പാകിസ്ഥാനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോഡി ഇവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇത് പച്ചക്കള്ളമാണ്. തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ബിജെപി വിശദീകരിച്ചു. ഇതിനെ കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറായി. മുന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദേശസ്‌നേഹത്തില്‍ പ്രധാനമന്ത്രിക്ക് സംശയമില്ലെന്ന പ്രസ്താവനയാണ് ബിജെപി നടത്തിയത്. നിരുപാധികം കോണ്‍ഗ്രസ് ഇക്കാര്യം അംഗീകരിച്ചത് ഒരു കീഴടങ്ങലാണ്. മോഡി പച്ചക്കള്ളമാണ് പറഞ്ഞത്. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങളോട് മാപ്പുപറയണം. എന്നാല്‍ ഇത് ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം പ്രതിപക്ഷം കാണിക്കുമോ? ഈ സമയത്താണ് ജനങ്ങള്‍ ഉണരേണ്ടത്. ഭരണഘടനയേയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും കാത്തുസൂക്ഷിക്കണമെന്ന് താല്‍പ്പര്യപ്പെടുന്ന ജനങ്ങളുടെ ഒരു വിശാലമായ വേദി ഉണ്ടാകണം. വിഷം ചീറ്റുന്ന അഥവാ പൂര്‍ണമായി വിനാശകരമായ സംഘപരിവാറിന്റെയും ബിജെപിയുടെയും ഈ നിലപാടുകള്‍ എതിര്‍ക്കപ്പെടണം.