Wednesday
24 Oct 2018

ആരോഗ്യ ജാഗ്രതയ്ക്കായി കൈകോര്‍ക്കുക

By: Web Desk | Monday 1 January 2018 10:59 PM IST

എല്ലാ കാരണങ്ങളെയും പൂര്‍ണമായും ഇല്ലാതാക്കുക പ്രയാസകരമായിരിക്കുമെങ്കിലും വലിയ കരുതലെടുത്താല്‍ ചില കാരണങ്ങളെ ഇല്ലാതാക്കാനും രോഗവ്യാപനം തടയുന്നതിനും സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലോകത്തിനാകെ മാതൃകയായ ആരോഗ്യരംഗവും പരിപാലനരീതിയും സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 1980 കള്‍ വരെ സംസ്ഥാനത്തിന്റെ ആരോഗ്യ സൂചികകള്‍ ലോകത്തെ വികസിതരാജ്യങ്ങളോട് സമാനമായി നില്‍ക്കുന്നതായിരുന്നു. മറ്റു പല മേഖലകളിലുമെന്നപോലെ ആരോഗ്യരംഗത്തും കേരള മാതൃക എന്നത് പ്രകീര്‍ത്തിക്കപ്പെട്ട പേരായിരുന്നു. നിരന്തരമായ ഭരണ ഇടപെടലിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഫലമായാണ് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കേരളത്തിന് ആര്‍ജിക്കാനായത്. വിദ്യാഭ്യാസവും സാക്ഷരതയും ഭൂപരിഷ്‌കരണവും പോലെ അടിസ്ഥാന ജനവിഭാഗങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളുടെ ഭാഗമായി ആരോഗ്യരംഗത്തും വികേന്ദ്രീകൃതമായൊരു സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കപ്പെട്ടു. ഏറ്റവും മുകളില്‍ മെഡിക്കല്‍ കോളജുകളും അവയ്ക്കുകീഴെ ജില്ലാശുപത്രികള്‍, താലൂക്കാശുപത്രികള്‍, കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിങ്ങനെ വികേന്ദ്രീകൃത ചികിത്സാ സംവിധാനങ്ങളിലൂടെയാണ് ഈയൊരു നേട്ടം കൈവരിക്കാനായത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിങ്ങനെ എല്ലാ ചികിത്സാശാഖകളെയും ഇതിനായി ഉപയോഗിച്ചു.
ഇതോടൊപ്പം തന്നെ മാരകമായ രോഗങ്ങളെ തുടച്ചുനീക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കി. അതിന് ജനകീയമായ ക്യാമ്പെയിനുകള്‍ സംഘടിപ്പിച്ചു. അന്ധവിശ്വാസാധിഷ്ഠിതമായിരുന്ന സമൂഹത്തെ പുരോഗമന ചിന്തയിലൂന്നിയ ചികിത്സാരീതികളിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ പൊതുരാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും കൈകോര്‍ക്കുന്ന സ്ഥിതിയുണ്ടായി. മരണത്തില്‍ മാത്രം അവസാനിക്കുമെന്ന് കരുതപ്പെട്ടിരുന്ന വസൂരി പോലുള്ള രോഗങ്ങളെ ഉന്മൂലനം ചെയ്തത് ആ ഒരു സംരംഭത്തിലൂടെയായിരുന്നു. ഇപ്പോഴും ആരോഗ്യരംഗത്തെ ആ കീര്‍ത്തിക്ക് വലിയ പോറലൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും കാരണം പുതിയ രോഗങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. പല പകര്‍ച്ചവ്യാധികളും ഇന്ന് നമ്മെ ഭയപ്പെടുത്തുന്ന സ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുന്നു. മുന്‍കരുതലുകളിലൂടെയും നിതാന്ത ജാഗ്രതയിലൂടേയും പ്രതിരോധിക്കാന്‍ സാധിക്കുന്നതാണെങ്കിലും പല പേരുകളിലുള്ള പനികള്‍ പുതിയതായി സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന സ്ഥിതിയുണ്ട്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കി, എലിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങള്‍ പിടികൂടിയാല്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യവുമുണ്ട്.
നമ്മുടെ ആരോഗ്യപരിപാലന രംഗത്തിന് വലിയ കുറവോ ച്യുതിയോ സംഭവിച്ചിട്ടില്ലെങ്കിലും ഇത്തരം രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം വല്ലാതെ ഭയപ്പെടുന്ന സ്ഥിതിയാണുള്ളത്. അതിന് പ്രധാന കാരണം രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുന്നുവെന്നതാണ്. ഇതിന് പുറമേ ജീവിതശൈലീ രോഗങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. ഇപ്പോള്‍ വ്യാപകമായിരിക്കുന്ന പകര്‍ച്ചവ്യാധികളില്‍ പലതും പകരുന്നതിന് കാരണമാകുന്നത് കൊതുകുകളുടെ വംശവര്‍ധനയാണ്. ഇതിനിടയാക്കുന്നതാകട്ടെ മലിനീകരണവും. കൊതുകുകളുടെ മാത്രമല്ല രോഗവാഹകരായ എലികളും ഈച്ചകളും പെറ്റുപെരുകുന്നതിനും മലിനീകരണം വഴിവയ്ക്കുന്നു.
ഈയൊരു ലക്ഷ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ആരോഗ്യ ജാഗ്രത എന്ന ക്യാമ്പെയിന് പുതിയ വര്‍ഷം ആദ്യദിനത്തില്‍ തുടക്കമായിരിക്കുകയാണ്.
ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ഡിസംബര്‍ വരെ ഒരു വര്‍ഷക്കാലം നടത്തുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇടപെടലിലൂടെ പരിസരശുചിത്വം സ്വന്തം ഉത്തരവാദിത്വമാക്കുന്നതിനായി എല്ലാ കുടുംബങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ബോധവത്ക്കരണത്തിലൂടെ ജനങ്ങളെ ജാഗരൂകരാക്കി, പെരുമാറ്റത്തില്‍ ആരോഗ്യകരമായ മാറ്റം വരുത്തി, പരിസരശുചീകരണം ശീലമാക്കാന്‍ സമൂഹത്തെ സജ്ജരാക്കുക എന്ന വലിയ ദൗത്യമാണ് ആരോഗ്യ ജാഗ്രതയ്ക്കുള്ളത്.
സംസ്ഥാന, ജില്ല, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഘട്ടംഘട്ടമായാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന എല്ലാ പകര്‍ച്ചവ്യാധികള്‍ക്കുമെതിരായ ജാഗ്രതാ യജ്ഞം നടത്തുന്നത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളാണ് ക്യാമ്പെയിനിലുള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട മേല്‍നോട്ട സംവിധാനത്തിനും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്യാമ്പെയിന്‍ വിജയിക്കുന്നതിന്റെ അടിസ്ഥാനശില ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം തന്നെയാണ്. പതിവ് രീതിയിലുള്ള സര്‍ക്കാര്‍ പരിപാടിയെന്നതിനപ്പുറം നമ്മുടെ തലമുറകളെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള മനുഷ്‌സ്‌നേഹത്തിലധിഷ്ഠിതമായ പദ്ധതിയായി കണ്ട് മുഴുവന്‍ ജനങ്ങളും കൈമെയ് മറന്ന് സഹകരിക്കേണ്ട പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ആരോഗ്യ ജാഗ്രത ക്യാമ്പെയിന്‍.