Monday
22 Oct 2018

ആശുപത്രി മാലിന്യ സംസ്‌കരണം ബദല്‍ ആരായണം

By: Web Desk | Thursday 4 January 2018 10:23 PM IST

അമൂല്യമായ ഒരു ചെറു ഭൂപ്രദേശത്തിന്റെ നാശത്തിന് ആ പ്രകൃതിസമ്പത്തിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന ജൈവവൈവിധ്യവും ജനജീവിതവും വന്‍വില നല്‍കേണ്ടിവരും. അതിന്റെ നാശം മനുഷ്യന് ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തത്ര ഭീമമാണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമപഞ്ചായത്തില്‍ പാലോടിന് സമീപം എലവുപാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആശുപത്രിമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ കടുത്ത എതിര്‍പ്പാണ് വളര്‍ന്നുവന്നിരിക്കുന്നത്. നിര്‍ദിഷ്ട പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പഠിക്കുന്നതിനും പൊതുജനാഭിപ്രായം ആരായുന്നതിനും സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ക്ക് ആ എതിര്‍പ്പിന്റെ ആഴം കഴിഞ്ഞ ദിവസം ബോധ്യപ്പെട്ടിട്ടുണ്ടാവണം. പ്ലാന്റ് തികച്ചും സുരക്ഷിതവും പരിസ്ഥിതിക്ക് യാതൊരു ദോഷവും ചെയ്യാത്തവിധം ആസൂത്രണം ചെയ്തിട്ടുള്ളതുമാണെന്ന് അതിന്റെ പ്രായോജകരായ ‘ഇമേജ്’ പറയുന്നു. പദ്ധതിയോടുള്ള എതിര്‍പ്പും വിവാദങ്ങളും അനാവശ്യമാണെന്ന അഭിപ്രായം ഭരണതലത്തില്‍ പലര്‍ക്കുമുണ്ട്.പദ്ധതിയുടെ ഗുണദോഷ വശങ്ങളിലേയ്ക്ക് കടക്കുംമുമ്പ് അതിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും സംഭവിച്ച പാളിച്ചകള്‍ അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധരാവണം. കേരളം പോലെ ഉയര്‍ന്ന ജനസാന്ദ്രതയും പരിസ്ഥിതിലോലവുമായ ഒരു ഭൂപ്രദേശത്ത് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോള്‍ നടത്തേണ്ട പരിസ്ഥിതി, സാമൂഹ്യ പ്രത്യാഘാതപഠനങ്ങള്‍ മറ്റ് പല പദ്ധതികളിലുമെന്ന പോലെ ഇവിടെയും അവഗണിക്കപ്പെട്ടു. വികസനത്തിന്റെ പേരില്‍, അധികാരത്തിന്റെ പിന്‍ബലത്തോടെ, ഏത് പദ്ധതിയും യഥേഷ്ടം നടപ്പാക്കാവുന്ന അന്തരീക്ഷമല്ല കേരളത്തില്‍ നിലനില്‍ക്കുന്നത്. ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധം, പാരിസ്ഥിതിക അവബോധം, സംഘടനാശേഷി എന്നിവ അവഗണിച്ചുകൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. അത് തിരിച്ചറിഞ്ഞ് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടേ എന്ത് വികസന പദ്ധതിയും നടപ്പാക്കാനാവൂ. ആ യാഥാര്‍ഥ്യം അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നത് സാമൂഹ്യവും രാഷ്ട്രീയവുമായ ഗുരുതര പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.
എലവുപാലത്ത് ആശുപത്രിമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ പുറപ്പെടുന്നവര്‍ നിലവിലുള്ള പാലക്കാട് പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ഭൂപ്രദേശത്തെയും നിര്‍ദിഷ്ട പ്ലാന്റിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രദേശത്തെയും താരതമ്യ പഠനത്തിന് വിധേയമാക്കാന്‍ സന്നദ്ധമാവണം. പാലക്കാട് പ്ലാന്റിനായി തെരഞ്ഞെടുത്ത സ്ഥലം താരതമേ്യന ഊഷരഭൂമിയാണെങ്കില്‍ എലവുപാലം ജൈവവൈവിധ്യ സമ്പന്നമായ പരിസ്ഥിതിലോല മേഖലയാണ്. വൃക്ഷലതാദികളും ചതുപ്പുപ്രദേശങ്ങളും നീരൊഴുക്കുകളും വന്യജീവസാന്നിധ്യവും ഉള്‍പ്പെട്ട ആ പ്രദേശം ദ്രുതഗതിയില്‍ പാരിസ്ഥിതിക നാശത്തിനും അതിന്റെ വ്യാപനത്തിനും ആക്കം കൂട്ടുമെന്ന ആശങ്ക അസ്ഥാനത്തല്ല. ആഗോള ജൈവസംരക്ഷിത ശൃംഖലയുടെ ഭാഗമായി യുനസ്‌കോ പ്രഖ്യാപിച്ചിട്ടുള്ള അഗസ്ത്യമല ജൈവസംരക്ഷണ മേഖലയിലാണ് ഈ പ്രദേശം നിലകൊള്ളുന്നത്. പശ്ചിമഘട്ടനിരകളില്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ ശുദ്ധജലചതുപ്പുകളുടെ അവശേഷിക്കുന്ന സങ്കേതം കൂടിയാണ് ഈ പ്രദേശം. കടുത്ത വേനലില്‍ പോലും ജലസമൃദ്ധമായ ഈ ചതുപ്പുകള്‍ വാമനപുരം നദിയുടെ നിലനില്‍പില്‍ നിര്‍ണായക പങ്കാണ് നിര്‍വഹിക്കുന്നത്.
ഇമേജിന്റെ പാലക്കാട്ടെ മാലിന്യസംസ്‌കരണ പ്ലാന്റ് കേരളത്തിന്റെ ആവശ്യത്തിന് തീര്‍ത്തും അപര്യാപ്തമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടി ആശുപത്രിമാലിന്യങ്ങള്‍ സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്ത് എത്തിച്ച് സംസ്‌കരിക്കുക എന്നതും എക്കാലത്തും തുടരാവുന്ന പ്രായോഗിക നടപടിയല്ല. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകള്‍ക്കടക്കം ആശുപത്രി മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങള്‍ ഉയര്‍ന്നുവരണം. എന്നാല്‍ ആവശ്യമായ പാരിസ്ഥിതിക, സാമൂഹ്യ ആഘാതപഠനങ്ങള്‍ കൂടാതെ ജനങ്ങളുടെമേല്‍ അത്തരം പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനാവില്ല. നിര്‍ദിഷ്ട പ്ലാന്റിന്റെ പ്രയോജനം ലഭിക്കേണ്ട മൂന്നു ജില്ലകളില്‍ത്തന്നെ അത്തരം പദ്ധതികള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയുമെന്ന് വേണം കരുതാന്‍. പെരിങ്ങമല പഞ്ചായത്തില്‍ എതിര്‍പ്പ് ഉയര്‍ന്നുവന്നു എന്ന കാരണത്താല്‍ അവിടത്തെ ജനങ്ങളെ വികസന വിരോധികളായി മുദ്രകുത്തേണ്ടതുമില്ല. ജനങ്ങളുടെയും പ്രകൃതിയുടേയും പേരിലുള്ള ഉല്‍ക്കണ്ഠകളാണ് അവര്‍ കേരള സമൂഹവുമായി പങ്കുവയ്ക്കാന്‍ മുതിര്‍ന്നത്. ജനങ്ങളുടെ യഥാര്‍ഥ ആശങ്കകള്‍ പരിഗണിച്ച് ഭരണയന്ത്രത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്തി നടത്തുന്ന അനേ്വഷണങ്ങള്‍ പ്രായോഗിക പ്രശ്‌നപരിഹാരത്തിന് വഴിതുറക്കും. അത് തുടര്‍ന്നുള്ള സമാനപദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് വഴികാട്ടിയുമാകും. ഇക്കാര്യത്തില്‍ ഏറെ കരുതലോടെയും വിവേകപൂര്‍ണവുമായ സമീപനത്തിന് ബന്ധപ്പെട്ടവര്‍ തയാറാകണം.