Tuesday
11 Dec 2018

വില്‍പ്പനയുടെ വെറിക്കൂത്ത്

By: Web Desk | Saturday 13 January 2018 9:52 PM IST

ബാങ്കിങ് മേഖലയെ പൂര്‍ണമായും തകര്‍ക്കുകയും പൊതുമേഖലാ ബാങ്കുകളെ കടക്കെണിയിലാക്കുകയും ചെയ്ത മോഡി സര്‍ക്കാര്‍ ദേശീയ ആസ്തികള്‍ വിറ്റഴിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍. കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുള്ള തീരുമാനങ്ങളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ വിറ്റഴിക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എയര്‍ ഇന്ത്യയുടെ 49 ശതമാനം ഉടമസ്ഥാവകാശം വിദേശകമ്പനിക്ക് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. അതോടൊപ്പം എയര്‍ ഇന്ത്യയുടെ ആസ്തികളും ഈ വിദേശകമ്പനികള്‍ക്ക് കൈമാറും. തുടര്‍ച്ചയായി നഷ്ടത്തിലേയ്ക്ക് പോകുന്നതാണ് എയര്‍ഇന്ത്യയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള കാരണമായി മോഡി സര്‍ക്കാര്‍ പറയുന്നത്. നഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ മാധ്യമങ്ങളില്‍ വരുമ്പോഴും സ്വകാര്യവല്‍ക്കരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ ആരും പറയുന്നില്ല. എയര്‍ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ പറയുമ്പോള്‍ ഇതുസംബന്ധിച്ച് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ വിശ്വാസത്തിലെടുക്കാനും തയാറാകുന്നില്ല. അതിനുപകരം എയര്‍ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ച് വിദേശകമ്പനികള്‍ക്ക് തീറെഴുതുന്നു. എങ്ങനെയാണ് ഈ വിദേശകമ്പനികള്‍ സര്‍ക്കാരിന്റെ ഗുഡ്ബുക്കില്‍ എത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിയാണ് ഇതിന്റെയൊക്കെ അടിസ്ഥാനം.
എയര്‍ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ കോര്‍പ്പറേറ്റുകളുമായി മോഡി സര്‍ക്കാര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് അദാനിമാരും അംബാനിമാരും ആണ്. രാജ്യത്ത് തുറമുഖങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അദാനിമാര്‍ക്ക് നല്‍കി ലാഭം കൊയ്യുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ കുത്തകാവകാശം അംബാനിമാര്‍ക്ക് നല്‍കി. എണ്ണയുടെ വിതരണം സംബന്ധിച്ച കുത്തകാവകാശം അംബാനിമാര്‍ക്ക് നല്‍കിയതിലൂടെ റയില്‍വേ പോലും ഇന്ധനത്തിനായി ഇവരെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി. ഒഎന്‍ജിസിയുടെ മേല്‍ കുത്തകാവകാശം ഉറപ്പിക്കുന്നതിലൂടെ അംബാനിമാര്‍ക്ക് ഇന്ധന കമ്പോളത്തിന്റെ പൂര്‍ണമായ മേല്‍ക്കോയ്മ ലഭിക്കും. അവര്‍ക്കിഷ്ടമുള്ള വില നിശ്ചയിക്കാനും കഴിയും. ഭരണവര്‍ഗത്തിന് ഒരു വിഹിതം കൊടുക്കണമെന്ന ബാധ്യത മാത്രമേ ഇവര്‍ക്കുണ്ടാകൂ.
കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ മാത്രം മോഡി സര്‍ക്കാരിന്റെ മഹാമനസ്‌കത ഒതുങ്ങുന്നില്ല. രാജ്യത്തെ ദശലക്ഷക്കണക്കിനുപേരുടെ ജീവനോപാധി മുട്ടിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എയര്‍ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം എടുത്ത ദിവസം തന്നെ ചില്ലറ വ്യാപാര മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള അനുമതിയും നല്‍കി. രണ്ടാം യുപിഎ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടിരുന്നു. യുപിഎ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്ന ഉപാധികള്‍ ഒഴിവാക്കിയാണ് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം മോഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രാദേശിക കമ്പോളത്തില്‍ നിന്ന് 30 ശതമാനം സാധനങ്ങളെങ്കിലും വാങ്ങണമെന്ന നിബന്ധനയായിരുന്നു വിദേശ ചില്ലറ വ്യാപാര കമ്പനികള്‍ക്ക് നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ വ്യവസ്ഥ എടുത്തുമാറ്റി. എന്തു സാധനം വില്‍ക്കണമെന്ന കാര്യവും അത് എവിടെ നിന്ന് സംഭരിക്കണമെന്ന കാര്യവും കമ്പനികള്‍ക്ക് തീരുമാനിക്കാനാവും. ഇപ്പോള്‍ ഏക ബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയ്ക്കാണ് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുള്ളത്. സമീപഭാവിയില്‍ ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയിലും വിദേശനിക്ഷേപം അനുവദിക്കും.
ചെറുകിട കച്ചവടക്കാരുള്‍പ്പെടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയാണ് ചില്ലറ വ്യാപാര മേഖല. ഈ ഒരൊറ്റ തീരുമാനത്തിലൂടെ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവനോപാധിയാണ് മോഡി ഇല്ലാതാക്കുന്നത്. വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ടപ്പോള്‍ ബിജെപി അതിനെതിരെ ശക്തമായി രംഗത്തുവന്നു. ഇപ്പോഴധികാരത്തിലെത്തിയപ്പോള്‍ ആ ക്രൂരമായ നടപടി കൈക്കൊള്ളുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ദാവോസിലെ സമ്മേളനത്തില്‍ നേട്ടങ്ങളായി വിളമ്പുകയെന്നതാണ് മോഡിയുടെ ലക്ഷ്യം. മോഡി ദാവോസിലേയ്ക്ക് പോവുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. മോഡി സര്‍ക്കാര്‍ കൈക്കൊണ്ട ഭൂരിഭാഗം സാമ്പത്തിക തീരുമാനങ്ങളും നേരത്തെയുണ്ടായിരുന്ന സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നും ആഗോള സാമ്പത്തിക കുത്തകകളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണെന്നും വ്യക്തമാകുന്നു. ലോക വ്യാപാര സംഘടന നിര്‍ദേശിച്ച തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഭാഗമായാണ് വേറെ പോംവഴിയില്ലാതെ രാജ്യത്തെ കര്‍ഷകര്‍ കഷ്ടപ്പെടുന്നതും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഭൂരിഭാഗം കാര്‍ഷികവിളകള്‍ക്കും നല്ല വിളവ് ലഭിച്ചിരുന്നു. ഈ അവസ്ഥയില്‍ ഈ സാധനങ്ങളുടെ കയറ്റുമതി നിരോധിച്ചു. നല്ല വിളവ് മുന്നില്‍ക്കണ്ട് ഇതേ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുവാനുള്ള സഹായവും സര്‍ക്കാര്‍ ചെയ്തു. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ന്യായവില ലഭിച്ചില്ല. ഉള്ളിക്കയറ്റുമതി ഈ വര്‍ഷമാദ്യം നിരോധിച്ചു. ഇതിനെത്തുടര്‍ന്ന് ഉള്ളിക്കര്‍ഷകര്‍ക്ക് ന്യായ വില ലഭിച്ചില്ല. ഈ ഉപജാപങ്ങള്‍ക്ക് പിന്നിലെല്ലാം പ്രവര്‍ത്തിച്ചത് റിലയന്‍സാണ്. വേറെ പോംവഴിയില്ലാതെ ഉല്‍പാദനച്ചെലവ് പോലും ലഭിക്കാത്ത നിസാരവിലയ്ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് വില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ഇതേ അവസ്ഥയാണ് നേരിടുന്നത്. റോഡുകളില്‍ ഉരുളക്കിഴങ്ങ് വലിച്ചെറിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ഈ തീരുമാനങ്ങളെല്ലാം തന്നെ ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ലോകവ്യാപാര സംഘടന തുടങ്ങിയ ആഗോള സാമ്പത്തിക കുത്തകകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് ഈ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് അനിവാര്യമാണ്.