Monday
15 Oct 2018

ഗോരക്ഷാ ഗുണ്ടായിസത്തിന്റെ മറ്റൊരു രക്തസാക്ഷി കൂടി

By: Web Desk | Monday 13 November 2017 1:00 AM IST

അന്യമതവിരോധം, ബ്രാഹ്മണ്യവല്‍ക്കരണം, ദളിത്‌വിരോധം എന്നിവ പരിപോഷിപ്പിക്കുന്ന മനുവാദികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാതെ പശുക്കളുടെയും തോലിന്റെയും ബീഫിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും പേരിലുളള കൊലപാതകങ്ങള്‍ ഇവിടെ അവസാനിക്കില്ല.

ഹരിയാനയിലെ മേവാറില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്ന ഉമ്മര്‍ മുഹമ്മദിനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ഹരിയാന അതിര്‍ത്തിയില്‍ വെടിവച്ചുകൊന്നശേഷം ആത്മഹത്യ എന്ന് വരുത്തിതീര്‍ക്കാന്‍ ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിയുകണ്ടായി. രാജ്യത്ത് ബിജെപി ഭരണമേറ്റെടുത്തശേഷം നടക്കുന്ന സ്ഥിരം സംഭവങ്ങളില്‍ ഒന്നായി ഇത് മാറിയിരിക്കുന്നു. ദാദ്രിയിലും അല്‍വാറിലുമായി നടന്ന സമാനമായ കൊലപാതകങ്ങളില്‍ ഒരു നടപടിയും ഭരണകൂടം കൈക്കൊണ്ടിട്ടില്ല. മുന്‍പ് അല്‍വാറില്‍ തന്നെ നടന്ന ക്ഷീരകര്‍ഷകനായിരുന്ന പെഹ്‌ലുഖാന്റെ കൊലപാതകത്തിനുത്തരവാദിയായവരെ പൊലീസ് രക്ഷിച്ചുകൊണ്ടുപോവുകയാണുണ്ടായത്. പെഹ്‌ലുഖാന്റെ മരണമൊഴിയില്‍ രേഖപ്പെടുത്തിയ ആറുപേരെ ജനരോഷത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തെങ്കിലും അവരെ താമസിയാതെ വിട്ടയച്ചു. അതിനെതിരെ സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നിലനില്‍ക്കുന്നുമുണ്ട്. പെഹ്‌ലുഖാന്റെ കൊലപാതകത്തെ തുടര്‍ന്ന് അനാഥമാക്കപ്പെട്ട കുടുംബം നീതിതേടിയലയുകയാണ്. ഗോരക്ഷാ പ്രവര്‍ത്തകരെ ബിജെപി സര്‍ക്കാര്‍ രക്ഷപ്പെടുത്തുമെന്നുറപ്പുള്ളതുകൊണ്ടാണ് അവര്‍ അതേ അല്‍വാറില്‍ വീണ്ടും ക്ഷീരകര്‍ഷകരെ കൊലചെയ്യാന്‍ ധൈര്യം കാട്ടിയത്.
ക്ഷീരകര്‍ഷകര്‍, ചത്ത പശുവിന്റെ തോലുരിച്ച് ഉപജീവനം കഴിക്കുന്നവര്‍ തുടങ്ങി രാജ്യത്തെ വിവിധ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ജനവിഭാഗങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണിന്ന്. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ ഒരുവശത്ത് ഭരണകൂട മെഷിനറികളേയും മറുവശത്ത് ആര്‍എസ്എസ് അടക്കമുളള സംഘപരിവാര്‍ സംഘങ്ങളേയും ഉപകരണമാക്കുകയാണവര്‍. ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഗുണ്ടകള്‍ നടത്തുന്ന അഴിഞ്ഞാട്ടം അതിന്റെ സര്‍വസീമകളും ലംഘിക്കുകയാണ്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വര്‍ഗീയ ഫാസിസ്റ്റ് അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന വ്യാജ ആരോപണമുന്നയിച്ച് മുഹമ്മദ് അഖ്‌ലക്കിനെ ഒരുകൂട്ടം ഹിന്ദു വര്‍ഗീയവാദികള്‍ അടിച്ചുകൊല്ലുകയുണ്ടായി. അവിടെ അതിന് നേതൃത്വം നല്‍കിയത് ബിജെപി നോയിഡ എംപി ആദിത്യനാഥാണ്. ഝാര്‍ഖണ്ഡിലെ ഹസിയബാഗ് ജില്ലയില്‍പ്പെട്ട മനുവഗ്രാമത്തില്‍ മാംസവില്‍പ്പനക്കാരനെ പ്രദേശിക ബിജെപി നേതാവിന്റെ നേതൃത്വത്തിലുളള വര്‍ഗീയ ഗുണ്ടകളാണ് അടിച്ചുകൊന്നത്. ഈദ് ദിനത്തിനായുള്ള സാധനങ്ങളുമായി ഡല്‍ഹിയില്‍ നിന്നും ഹരിയാനയിലെ ഗ്രാമത്തിലേക്ക് യാത്ര തിരിച്ച നാലുപേരെ ട്രെയിനില്‍വച്ച് സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിക്കുകയും 16 വയസുള്ള ജൂനൈദ് എന്ന ആണ്‍കുട്ടിയെ ട്രെയിനില്‍ നിന് പുറത്തേക്കെറിഞ്ഞ് കൊല്ലുകയും ചെയ്തു. 2017 ല്‍ മാത്രം രാജ്യത്തുണ്ടായ ഇത്തരം കൊലപാതകങ്ങള്‍ ഇരുപതോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എല്ലാ സംഭവങ്ങളിലും സംഘപരിവാറിന്റ നേതൃത്വത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ അടിച്ചും വെടിവച്ചും കൊല്ലുകയാണുണ്ടാകുന്നത്. ഇവയില്‍ ഭൂരിഭാഗവും പശുവിന്റെ പേരിലാണ് നടക്കുന്നത്.
രാജ്യത്ത് ഗോസംരക്ഷകരുടെ പേരില്‍ നടക്കുന്ന ഈ അഴിഞ്ഞാട്ടത്തിലും കൊലപാതകത്തിലും ബിജെപിയുടേയും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടേയും നിരുത്തരവാദപരമായ സമീപനം കൂടുതല്‍ അക്രമങ്ങളും കൊലകളും നടത്താന്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്ക് ധൈര്യം നല്‍കുന്നുണ്ട്. വിദേശരാജ്യങ്ങളിലുണ്ടാകുന്ന അക്രമങ്ങളില്‍ കൊല ചെയ്യപ്പെടുന്നവര്‍ക്കുവേണ്ടി അനുശോചന സന്ദേശങ്ങള്‍ അയയ്ക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ ഈ അരുംകൊലകളെപ്പറ്റി തുടക്കം മുതല്‍ മൗനമവലംബിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തും പുറത്തും മോഡി ഈ വിഷയത്തില്‍ നേരിട്ട വിമര്‍ശനങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണിലാണ് ആദ്യമായി മൗനം വെടിഞ്ഞ് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞത്. പ്രധാനമന്ത്രി അത് പറയുമ്പോഴും ഇവിടെ അതുവരെ നടന്ന കൊലപാതകങ്ങളിലുള്ള കേസുകള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അനുയായി ഭരണകൂടങ്ങള്‍. ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ കൊന്നുതള്ളിയാലും ആരും ചോദിക്കില്ലെന്ന ബിജെപി ധാര്‍ഷ്ട്യത്തിന് പ്രധാനമന്ത്രിയുടെ മൗനാനുവാദമുണ്ടെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കാരണം ഈ കൊലപാതകങ്ങളൊന്നും തന്നെ വെറും ക്രിമിനല്‍ കുറ്റം മാത്രമല്ല. ബിജെപി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജന്‍ഡകളുടെ പരിണിതഫലം കൂടിയാണിത്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തോടെ അധികാരത്തിലെത്തിയ ബിജെപി ഭംഗിയായി അവരുടെ ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പിലാക്കുന്നുവെന്ന് മാത്രം.
രാജ്യത്തെ മതേതരജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയേയും അവര്‍ തള്ളിപ്പറയുന്നതും തകര്‍ക്കുന്നതും അതിനുവേണ്ടിയാണ്. നാനാജാതിമതസ്ഥരും, വിശ്വാസികളും, അവിശ്വാസികളും ഒരുപോലെ ജീവിക്കുന്ന ശാന്തിമന്ത്രത്തിനും സഹിഷ്ണുതയ്ക്കും വേരോട്ടമുള്ള ഭാരതീയദര്‍ശനത്തിന്റെ വൈവിധ്യതയുടെ ആണിക്കല്ലാണ് ബിജെപി ഇളക്കുന്നത്. ആ തിരിച്ചറിവ് രാജ്യത്തിനും ജനങ്ങള്‍ക്കും വന്നുതുടങ്ങിയിട്ടുണ്ട്.
ആ അര്‍ത്ഥത്തില്‍ ഉമ്മര്‍ മുഹമ്മദിന്റെ കൊലപാതകം സംഘപരിവാറിന്റെ ശവക്കല്ലറയിലെ ആണിയാണ്. അവസാനത്തേതാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.