Monday
10 Dec 2018

സൈന്യത്തെ അപമാനിക്കുന്ന ആര്‍എസ്എസ് നടപടി അക്ഷന്തവ്യം

By: Web Desk | Monday 12 February 2018 10:55 PM IST

രാജ്യത്തിന്റെ അതിര്‍ത്തികാത്ത് രാഷ്ട്രത്തിന് വിലപ്പെട്ട എല്ലാറ്റിനെയും ഇക്കാലമത്രയും സംരക്ഷിക്കാന്‍ ത്യാഗോജ്ജ്വലവും ദേശാഭിമാനപ്രേരിതവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് ലോകത്തിന്റെയാകെ പ്രശംസപിടിച്ചുപറ്റിയ സൈന്യത്തെ അപമാനിക്കാനും അതിന്റെ മേല്‍ കുതിരകയറാനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിന് അവര്‍ മാപ്പര്‍ഹിക്കുന്നില്ല

രാഷ്ട്രീയ സ്വയംസേവാ സംഘിന് ഇന്ത്യന്‍ സൈന്യത്തേക്കാള്‍ വേഗത്തില്‍ അതിന്റെ സ്വയംസേവകരെ യുദ്ധസജ്ജരാക്കാന്‍ കഴിയുമെന്ന സര്‍സംഘ്ചാലക് മോഹന്‍ഭാഗവതിന്റെ അവകാശവാദം അത്യന്തം ആപത്കരവും ഇന്ത്യന്‍ സൈന്യത്തോടുള്ള അങ്ങേയറ്റത്തെ അനാദരവുമാണ്. ബിഹാറിലെ മുസഫര്‍പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുടെ ധീരസേനാവിഭാഗങ്ങളെ ഒന്നടങ്കം അപമാനിക്കുന്ന പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയത്. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന വിധത്തില്‍ ആര്‍എസ്എസ് വൃത്തങ്ങളും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവടക്കം ബിജെപി നേതൃത്വവും രംഗത്തുവന്നെങ്കിലും ഇന്ത്യന്‍ സേനയ്ക്കുമേല്‍ അത് കനത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജമ്മുവിലെ സുഞ്ചുവാനില്‍ ഇന്ത്യന്‍ സേനാതാവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെയും ധീരരക്തസാക്ഷിത്വത്തിന്റെയും പശ്ചാത്തലത്തില്‍ വേണം ആര്‍എസ്എസ് സര്‍സംഘ്ചാലകിന്റെ ജല്‍പനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ ഇന്ത്യന്‍ സുരക്ഷാസേനയ്ക്കുനേരെ കടന്നാക്രമണത്തിന്റെ ഭീഷണി നിലനില്‍ക്കെയാണ് സൈന്യത്തിന്റെ പ്രതിരോധ-പ്രത്യാക്രമണ സജ്ജതയില്‍ സംശയം ഉന്നയിക്കുന്ന പരാമര്‍ശം ഉയര്‍ന്നിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സേനയായി കരുതപ്പെടുന്ന ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് പകരംവെയ്ക്കാന്‍ പോന്നതാണ് ആര്‍എസ്എസ് എന്ന അവകാശവാദമാണ് മോഹന്‍ഭാഗവത് ഉന്നയിച്ചിരിക്കുന്നത്. ഇത് രാജ്യത്തോടും അതിന്റെ സൈന്യത്തോടുമുള്ള അനാദരവും അവഹേളനവുമാണ്. അത് പിന്‍വലിച്ച് രാജ്യത്തോട് പരസ്യമായി മാപ്പുപറയാന്‍ മോഹന്‍ ഭാഗവതും ആര്‍എസ്എസും തയാറാകുന്നില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് സര്‍സംഘ് ചാലകിന്റെ പേരില്‍ കേസെടുത്ത് വിചാരണ ചെയ്യേണ്ടതാണ്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് പാലക്കാട് സ്‌കൂള്‍ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി തങ്ങളാണ് രാഷ്ട്രമെന്ന് പ്രഖ്യാപിച്ച ധിക്കാരത്തിന്റെ പിന്തുടര്‍ച്ചയായി മാത്രമെ മോഹന്‍ ഭാഗവതിന്റെ മുസഫര്‍പൂര്‍ പ്രസംഗത്തെ നോക്കിക്കാണാനാവു.

ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും കുടുംബ സംഘടനയാണെന്നും മറ്റുമുള്ള അവരുടെ അവകാശവാദത്തിന്റെ നിഷേധം കൂടിയാണ് മുസഫര്‍പൂര്‍ പ്രസംഗം. ഒളിഞ്ഞും തെളിഞ്ഞും ദൈനംദിന സായുധപരിശീലനം നടത്തുന്ന അര്‍ധസൈനിക ഫാസിസ്റ്റ് സംഘടനയാണ് ആര്‍എസ്എസ് എന്നതിന്റെ പരോക്ഷ സ്ഥിരീകരണമാണ് അതിന്റെ മേധാവി നടത്തിയിരിക്കുന്നത്. അവര്‍ രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് സൈനിക മാന്യതയുടെ പരിവേഷം പകര്‍ന്നു നല്‍കാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ വീമ്പിളക്കല്‍. അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിലും സാധാരണക്കാര്‍ക്ക് അപ്രാപ്യവും ദുര്‍ഘടവുമായ ഭൂപ്രദേശങ്ങളിലുമാണ് ഇന്ത്യന്‍സേന രാജ്യത്തിന്റെ അതിര്‍ത്തിയും അതിന്റെ രാഷ്ട്രീയ പരമാധികാരവും ഉയര്‍ത്തിപ്പിടിച്ച് നൂറ്റിയിരുപത്തിയഞ്ച് കോടിയില്‍പരം വരുന്ന ഇന്ത്യന്‍ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആ ത്യാഗനിര്‍ഭരവും ധീരോദാത്തവുമായ ദൗത്യത്തെയാണ് മോഹന്‍ ഭാഗവത് തന്റെ ഉത്തരവാദിത്വരഹിതമായ ജല്‍പനങ്ങളിലൂടെ നിസാരവല്‍ക്കരിച്ചിരിക്കുന്നത്. തങ്ങളും തങ്ങളുടെ അബദ്ധജടിലമായ പ്രത്യയശാസ്ത്രവുമൊഴികെ മറ്റെല്ലാം രാഷ്ട്രവിരുദ്ധവും ദേശദ്രോഹപരവുമാണെന്ന സങ്കുചിത കാഴ്ചപ്പാടില്‍ നിന്നാണ് അത്തരം ചിന്തകളും ജല്‍പനങ്ങളും ഉടലെടുക്കുന്നത്. നിരായുധരും നിരപരാധികളുമായ സാധാരണക്കാരെയും മതന്യൂനപക്ഷങ്ങളെയും വര്‍ഗീയ വിദ്വേഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വേട്ടയാടുന്നതും കൊന്നൊടുക്കുന്നതും പോലെ രാജ്യാതിര്‍ത്തി സംരക്ഷിക്കാനാവുമെന്ന മിഥ്യാധാരണയാണ് ആര്‍എസ്എസ് രാജ്യത്തിന്റെ പ്രതിരോധകാര്യത്തില്‍ വച്ചുപുലര്‍ത്തുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകള്‍ പിന്നിടുന്ന ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും എല്ലാ മൂല്യങ്ങളെയും പ്രതീകങ്ങളെയും തകര്‍ത്ത് തല്‍സ്ഥാനത്ത് സംഘ്പരിവാറിന്റെ ഹിന്ദുത്വ ദേശീയതയെ പ്രതിഷ്ഠിക്കാനുളള യത്‌നത്തിലാണ് ആര്‍എസ്എസ്. രാഷ്ട്രപിതാവിന്റെ ഘാതകന് ക്ഷേത്രം പണിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നു. രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യ മതേതര പാരമ്പര്യത്തിനും അടിത്തറ പാകിയ നേതാക്കള്‍ ശത്രുക്കളായിരുന്നുവെന്ന് അവര്‍ പരസ്പരം തകര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്നവരാണെന്നും വരുത്തിതീര്‍ക്കുന്ന പ്രചാരവേലകള്‍ക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുന്നു. രാഷ്ട്രത്തിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ മുഴുവന്‍ നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ നാലുവര്‍ഷക്കാലത്തെ സംഭാവനകള്‍ മാത്രമാണെന്ന് വരുത്തിതീര്‍ക്കാന്‍ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ നടക്കുന്നു.