Thursday
24 May 2018

ദേശീയ ദുരന്തം നേരിടാന്‍ കേന്ദ്രപിന്തുണ അനിവാര്യം

By: Web Desk | Wednesday 6 December 2017 10:05 PM IST

ഇപ്പോഴത്തെ ദുരന്തത്തെ നേരിടാനും മുറിച്ചുകടക്കാനും കേരളത്തിന് കേന്ദ്രത്തിന്റെ ഉദാരമായ സഹായവും പിന്തുണയും കൂടിയെ തീരു. ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ക്ക് സന്നദ്ധമാവണം.

ഖി ചുഴലി കൊടുങ്കാറ്റിന്റെ കനത്ത ദുരന്തം പേറുന്ന കേരളത്തിന്, പ്രത്യേകിച്ചും തീരദേശത്തിന് ഏറെ ആശ്വാസം പകരുന്ന ദുരിതാശ്വാസ നടപടികളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ഇരുപതുലക്ഷം രൂപ ആശ്വാസധനമുള്‍പ്പെടെ പ്രഖ്യാപിച്ച എല്ലാ ദുരിതാശ്വാസ നടപടികളും ഗവണ്‍മെന്റിന് ദുരിതബാധിതരോടുള്ള തികഞ്ഞ പ്രതിബദ്ധതയും സഹാനുഭൂതിയുമാണ് പ്രതിഫലിപ്പിക്കുന്നത്. ദുരന്തബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ച് നല്‍കേണ്ടതിന്റെ നിരവധി മടങ്ങ് ഉയര്‍ന്ന ആശ്വാസധനവും പുനരധിവാസ പാക്കേജുകളുമാണ് സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുള്ളത്. അതൊന്നും നഷ്ടപ്പെട്ട ജീവനുകള്‍ക്കും ജനജീവിതത്തിനേല്‍പ്പിച്ച ആഘാതത്തിനും പകരമാവില്ലെങ്കിലും ദുരന്തബാധിത ജനവിഭാഗത്തെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അത് സഹായകമാവും. പ്രകൃതിദുരന്തത്തിന് ഇരകളായ തീരദേശവാസികളുടെ ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇനിയും ഏറെ ഭരണ നടപടികള്‍ കരുതലോടെ ചെയ്തുതീര്‍ക്കേണ്ടതുണ്ട്. പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവന്ന ഭവനങ്ങള്‍, സ്‌കൂളുകളടക്കം പൊതുസ്ഥാപനങ്ങള്‍ എന്നിവ പുനര്‍വാസ യോഗ്യമാക്കി മാറ്റാന്‍ ഏറെ അധ്വാനവും വിഭവശേഷിയും കൂടിയെ തീരു. ജീവനോപാധികള്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ കഴിയണം. പ്രകൃതിദുരന്തത്തിന്റെ ആഘാതവും അത് സൃഷ്ടിച്ച സമ്മര്‍ദ്ദംനിറഞ്ഞ അന്തരീക്ഷവും ഒട്ടേറെ പേരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവര്‍ക്ക് അത് വീണ്ടെടുക്കാന്‍ ആവശ്യമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കണം. സംസ്ഥാന ഭരണകൂടം ഏറ്റവും കരുതലോടെയും കാരുണ്യത്തോടെയും അത്തരം ഭാരിച്ച ഉത്തരവാദിത്വം എറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ തയാറാവണം. ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം അനഭവിക്കേണ്ടിവന്ന പ്രകൃതിദുരന്തത്തില്‍ കാണാതായ അവസാനത്തെ ജീവനുവേണ്ടിയുള്ള തിരച്ചില്‍ ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതുമുണ്ട്.
അഭൂതപൂര്‍വമായ ഒരു പ്രകൃതി ദുരന്തം പലവിധ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. വഴി തെറ്റി കാടുകയറുന്ന ചര്‍ച്ചകള്‍ക്കു പകരം ക്രിയാത്മകമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി ജീവിതത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരലാണ് വിവേകത്തിന്റെ മാര്‍ഗം. ദുരിതങ്ങളുടെയും ദുരന്തത്തിന്റെയും മൂര്‍ധന്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കോസ്റ്റ്ഗാര്‍ഡ്, നാവിക-വ്യോമസേന, സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ സംവിധാനങ്ങള്‍, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെയെല്ലാം പ്രവര്‍ത്തനം തികച്ചും ആത്മാര്‍ഥവും സാഹസികവും ശ്ലാഘനീയവുമായിരുന്നുവെന്ന് പറയാതെ വയ്യ. ആ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയുമാണ്. അപൂര്‍വമായ ഒരു സാഹചര്യത്തെയാണ് നാം ഇപ്പോള്‍ നേരിടേണ്ടിവന്നത്. അത്തരം സാഹചര്യങ്ങളെ നേരിടുന്നതില്‍ നമുക്കുളള തയാറെടുപ്പിന്റെ അഭാവവും പരിമിതികളുമെല്ലാം ഈ പ്രകൃതിദുരന്തം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നാം ജീവിക്കുന്ന പ്രപഞ്ചമാകെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാണ്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ പസഫിക്കിലോ അറ്റ്‌ലാന്റിക്കിലോ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലോ മാത്രം സംഭവിക്കുന്ന പ്രതിഭാസമല്ലെന്ന് ഓഖി നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യനിയന്ത്രണങ്ങള്‍ക്ക് അതീതമായ പ്രകൃതിപ്രതിഭാസങ്ങളെ അഭിമുഖീകരിക്കാന്‍ നിതാന്ത ജാഗ്രതയും സമഗ്ര തയാറെടുപ്പും കൂടിയേ തീരുവെന്നാണ് ഓഖി നല്‍കുന്ന ഗുണപാഠം. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വേണ്ടി സംസ്ഥാന മന്ത്രിസഭ വിഭാവനം ചെയ്തിരിക്കുന്ന കരുതല്‍ നടപടികളില്‍ ആ യാഥാര്‍ഥ്യബോധം വ്യക്തമാണ്. അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിന് യാതൊരു വീഴ്ചയും ഉണ്ടാവില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തണം.
മനുഷ്യദുരന്തത്തിന്റെ വേദനാപൂര്‍ണമായ ഈ നിമിഷങ്ങള്‍ പരസ്പരം കുറ്റപ്പെടുത്താനും ചെളിവാരിയെറിയാനുമുള്ളതല്ല. ഇപ്പോള്‍ നാം നേരിടേണ്ടിവന്ന ദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഭവശേഷിയും അധികാരാവകാശങ്ങളും കൂടിയെ തീരു. കേരളം ദുരന്തദിനങ്ങളില്‍ കൂടി കടന്നുപോകുമ്പോള്‍ അതേപ്പറ്റി ആരായാനോ സഹായ വാഗ്ദാനം നല്‍കാനോ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്നദ്ധമായില്ലെന്നത് യാദൃച്ഛികമായി കരുതാന്‍ കഴിയില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയെ ബന്ധപ്പെടാനും ഗുജറാത്ത് തീരത്തണയുന്ന ഓഖിയെപ്പറ്റി മുന്നറിയിപ്പു നല്‍കാനും അദ്ദേഹം മറന്നില്ലെന്നതും അവഗണിക്കാനാവില്ല. ഔപചാരികതയ്ക്കപ്പുറം കേരളം നേരിടുന്ന ഈ ദുരന്താഘാതത്തിന്റെ നിമിഷത്തില്‍ വിഭാഗീയ പരിഗണനകള്‍ക്കുപരിയായി ചിന്തിക്കാന്‍ കേന്ദ്ര ഭരണത്തിന് കഴിയണം. കേരളം ആവശ്യപ്പെടുന്ന ദേശീയ ദുരന്ത പാക്കേജില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ അടിയന്തരമായി വേണ്ടത്.