Saturday
16 Dec 2017

ആരോഗ്യമേഖലയോടുള്ള കേന്ദ്ര സമീപനം

By: Web Desk | Monday 4 December 2017 10:18 PM IST

സ്വകാര്യമേഖലയുടെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാകാത്ത സാഹചര്യത്തില്‍ ആശ്വാസമാകേണ്ടത് നമ്മുടെ പൊതുജനാരോഗ്യരംഗമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സംഭാവന തുലോം പരിമിതമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കുന്നില്ലെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.

ന്ത്യയിലെ ആരോഗ്യമേഖലയുടെ കണക്കെടുപ്പില്‍ ഇപ്പോഴും ആശാവഹമായ കാര്യങ്ങളല്ല വ്യക്തമാകാറുള്ളത്. ആരോഗ്യപരിപാലനത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ അതാത് സംസ്ഥാനങ്ങളുടെ കരുതലും ക്ഷേമ പദ്ധതികളും കാരണം മെച്ചപ്പെട്ട സ്ഥിതിയിലാണെങ്കിലും ദേശീയ ശരാശരിയില്‍ നാം എല്ലാ രംഗത്തും വളരെ പിന്നാക്കമാണ്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കനുസരിച്ച് ആഗോള ആരോഗ്യ സൂചികയില്‍ 154 -ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 194 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഈ സ്ഥാനമുള്ളത്. ആരോഗ്യപരിരക്ഷയും ഗുണനിലവാരവും സംബന്ധിച്ച സൂചികയില്‍ നേരിയ മാറ്റം (30.7 ല്‍ നിന്ന് 44.8 ആയി ഉയര്‍ന്നു) ഉണ്ടായെങ്കിലും നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക (72.8), ബംഗ്ലാദേശ് (51.7), ഭൂട്ടാന്‍ (52.7), നേപ്പാള്‍ (50.8) എന്നിവയ്ക്കു പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. 32 രോഗാവസ്ഥയും അതേതുടര്‍ന്നുള്ള മരണ നിരക്കും പരിഗണിച്ചാണ് ആരോഗ്യപരിരക്ഷയും ഗുണനിലവാരവും സംബന്ധിച്ച സൂചിക തയ്യാറാക്കുന്നത്. ഇതു പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ആരോഗ്യപരിപാലന രംഗം വളരെ ശോചനീയമാണെന്ന് ബോധ്യമാകുന്നതാണ്.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ആരോഗ്യ ചെലവുകള്‍ സംബന്ധിച്ച രേഖകളുടെ പ്രാധാന്യം വര്‍ധിക്കുന്നത്.

രാജ്യത്തെ സാധാരണക്കാര്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് കേവലം 1,100 രൂപയാമെന്നാണ് പ്രസ്തുത രേഖകളിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി ചികിത്സാ ചെലവിനത്തില്‍ 6,300 രൂപ കേന്ദ്രം നീക്കിവയ്ക്കുമ്പോള്‍ സാധാരണക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ളതാണ് ഈ തുക. ആരോഗ്യപരിപാലനത്തിനായി ആളോഹരി ചെലവ് 3826 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 13,108 രൂപയാണ് സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത്. ബാക്കി തുക അതായത് 2,394 രൂപ (മൊത്തം ചെലവിന്റെ 63 ശതമാനം) ഓരോ വ്യക്തിയും ചെലവഴിക്കേണ്ടിവരുന്നുവെന്നും രേഖയിലുണ്ട്. ആരോഗ്യ ചെലവുകള്‍ വര്‍ധിച്ച സാഹചര്യമാണ് പിന്നീടുള്ള സാമ്പത്തികവര്‍ഷമെങ്കിലും സര്‍ക്കാര്‍ ചെലവില്‍ വലിയ വര്‍ധനയൊന്നും വന്നിട്ടില്ല.
ദേശീയ ആരോഗ്യ മിഷനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 20,199 കോടി രൂപയാണ്. 125 കോടി ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ആളോഹരിയില്‍ 162 രൂപ മാത്രമേ വരുന്നുള്ളൂ. ഇന്ത്യയിലെ സാധാരണക്കാരുടെ ആരോഗ്യപരിരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനമെന്തെന്നതിന്റെ ഉദാഹരണമാണ് ഈ കണക്ക്.
ലോകത്തില്‍ എല്ലാ രംഗത്തും ഇന്ത്യ കുതിക്കുകയാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് ചികിത്സാമേഖലയില്‍ ചെലവഴിക്കുന്ന തുകയെക്കുറിച്ചുള്ള ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും താഴെത്തട്ടില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും അതിന് മുകളില്‍ കമ്യൂണിറ്റി, താലൂക്ക്, ജില്ലാ ആരോഗ്യകേന്ദ്രങ്ങളും അതിന് മുകളില്‍ മെഡിക്കല്‍ കോളജുകളുമുള്‍പ്പെടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിച്ചാണ് കേരളം ആരോഗ്യരംഗത്ത് ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നത്. അതിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതോ ലഭിക്കുന്നതോ ആയ സഹായം എത്ര പരിമിതമാണെന്ന യാഥാര്‍ഥ്യം കൂടി ഈ കണക്കുകള്‍ നല്‍കുന്നുണ്ട്.
കേരളത്തിന്റെ പ്രത്യേകമായ രാഷ്ട്രീയ സാമൂഹ്യ പരിതസ്ഥിതിയാണ് ആരോഗ്യരംഗത്ത് ഈ നേട്ടമുണ്ടാക്കാന്‍ പര്യാപ്തമായത്. പ്രത്യേകിച്ച് ശക്തമായ ഇടതുസാന്നിധ്യവും ഭരണവും. എന്നാല്‍ ഈ സാഹചര്യം നിലവിലില്ലാത്തവയാണ് രാജ്യത്തെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും. അതുകൊണ്ട്തന്നെ ആരോഗ്യപരിപാലനം ആ സംസ്ഥാനങ്ങളുടെ മുഖ്യ അജന്‍ഡയാകുന്നുമില്ല. അതുകൊണ്ടാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുമ്പോഴും ദേശീയ ശരാശരിയില്‍ ഇന്ത്യ പിറകില്‍ നില്‍ക്കുന്ന സാഹചര്യമുണ്ടാക്കുന്നത്.
ഇതിനെ മറികടക്കണമെങ്കില്‍ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ പരിപാലനം കേന്ദ്ര ഭരണാധികാരികളുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. അങ്ങിനെ വന്നാല്‍ രാജ്യത്തെ പൊതുജനാരോഗ്യം മെച്ചപ്പെട്ടതാക്കുന്നതിന് സാധ്യമാകുന്നതാണ്. അതിനുവേണ്ടത് ആരോഗ്യപരിപാലനവും ബോധവല്‍ക്കരണവും പോലുള്ള മേഖലകളിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അതുണ്ടാകുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ദേശീയ ആരോഗ്യ ചെലവുകള്‍ സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. സാധാരണക്കാര്‍ സ്വകാര്യ ആരോഗ്യമേഖലയുടെ ചൂഷണത്തിനിരയാകുന്നുവെന്നതാണ് ഇതുകൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി.