Wednesday
24 Oct 2018

ജെറുസലേം: യുഎസ് വീറ്റോ ആഗോള സമൂഹത്തിന് ഭീഷണി

By: Web Desk | Tuesday 19 December 2017 10:08 PM IST

ജെറുസലേം വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ സമ്പൂര്‍ണമായി ഒറ്റപ്പെട്ടു. ജെറുസലേം സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം പിന്‍വലിക്കണമെന്ന പ്രമേയം യുഎസ് ഒഴികെ സുരക്ഷാകൗണ്‍സിലിലെ മറ്റെല്ലാ അംഗങ്ങളും അംഗീകരിച്ചു. കൗണ്‍സിലില്‍ പൂര്‍ണമായി ഒറ്റപ്പെട്ട യു എസ് വീറ്റോ അധികാരം ഉപയോഗിച്ചാണ് ലോക രാഷ്ട്രങ്ങളുടെ പൊതുഅഭിപ്രായത്തോട് പ്രതികരിച്ചത്. യുഎസിനേയോ ട്രംപിനേയോ പേരെടുത്ത് പരാമര്‍ശിക്കാത്ത ഈജിപ്റ്റ് തയാറാക്കിയ പ്രമേയം ‘ജെറുസലേമിന്റെ തല്‍സ്ഥിതി സംബന്ധിച്ച സമീപകാല തീരുമാനത്തില്‍ അഗാധമായ ഖേദം രേഖപ്പെടുത്തുക’യായിരുന്നു. യുഎസിന്റെ വീറ്റോപ്രയോഗം ഐക്യരാഷ്ട്രസഭയുടെയും രാഷ്ട്രാന്തര സമൂഹത്തിന്റെയും ഐക്യത്തിനും നിലനില്‍പിനും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. യുഎസ് നിലപാടുകളെ പൊതുവില്‍, നിരന്തരം, പിന്തുണച്ചു പോരുന്ന യു കെയും ഫ്രാന്‍സും പ്രമേയത്തെ പൂര്‍ണമായി അനുകൂലിച്ചു. ജെറുസലേം സംബന്ധിച്ച 1967 ലെ യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ എല്ലാരാജ്യങ്ങളും ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഈജിപ്റ്റിന്റെ പ്രമേയം വ്യക്തമാക്കുന്നത്. അതനുസരിച്ച് ജെറുസലേമിന്റെ നിലസംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിച്ചേരേണ്ടത് ഇസ്രയേലും പലസ്തീനും തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ്. തങ്ങള്‍ ഒഴികെ സുരക്ഷാ കൗണ്‍സിലിലെ മറ്റെല്ലാ രാജ്യങ്ങളും അംഗീകരിച്ച പ്രമേയം യുഎസിനെ കണക്കറ്റ് വിറളിപിടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഎന്നിലെ അവരുടെ അംബാസിഡര്‍ നിക്കി ഹാലെ ആ നിലപാട് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിലയിരുത്തി. തങ്ങള്‍ എവിടെ എംബസി സ്ഥാപിക്കണമെന്ന് മറ്റൊരു രാജ്യത്തിനും പറയാന്‍ അവകാശമില്ലെന്നും അത് സമാധാന പ്രക്രിയയ്ക്ക് വിഘാതമാണെന്ന് പറയുന്നത് അപകീര്‍ത്തികരമാണെന്നും അവര്‍ പറഞ്ഞു. വീറ്റോപ്രയോഗം തങ്ങളുടെ രാഷ്ട്രപരമാധികാരം സംരക്ഷിക്കാനാണെന്നും പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍ യുഎസിന്റെ പങ്കിനെ പ്രതിരോധിക്കാനാണ് അതെന്നും അവര്‍ വാദിച്ചു.
സമാധാനം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ സാര്‍വലൗകിക മാനവിക മൂല്യങ്ങള്‍ക്ക് യുഎസിന് തങ്ങളുടേതായ നിര്‍വചനങ്ങളും മാനദണ്ഡങ്ങളും ഉണ്ടെന്നാണ് അവര്‍ എക്കാലത്തും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുപോരുന്നത്. ഇസ്രയേല്‍ മധ്യപൂര്‍വേഷ്യയില്‍ നടത്തുന്നത് അക്രമവും ജനാധിപത്യനിഷേധവും മനുഷ്യാവകാശങ്ങളുടെ അതീവ നിന്ദ്യമായ ലംഘനവുമാണെന്ന് ലോകം മുഴുവന്‍ കരുതുന്നു. യുഎസിലെയും ഇസ്രയേലിലേയും ഗണ്യമായ ഒരു വിഭാഗം പൗരജനങ്ങള്‍പോലും ആ യാഥാര്‍ഥ്യം അംഗീകരിക്കുന്നു. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളും അവയെ നിലനിര്‍ത്തുന്ന ന്യൂനപക്ഷ നിക്ഷിപ്ത താല്‍പര്യങ്ങളും മാത്രമാണ് മറിച്ച് ചിന്തിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആഭ്യന്തര രംഗത്ത് കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പിന്തുണയോടെ ട്രംപും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മാനേജര്‍മാരും നടത്തിയ ഗൂഢാലോചനകള്‍ ആ ഭരണകൂടത്തിന്റെ നിലനില്‍പിന് തന്നെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതിസമ്പന്ന കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടപ്പാക്കുന്ന നികുതി പരിഷ്‌കാരവും മറ്റ് ജനവിരുദ്ധ നയങ്ങളും യുഎസില്‍ കനത്ത ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. നെതന്യാഹു പൊതുഖജനാവിന്റെ ചെലവില്‍ തുടര്‍ന്നുവരുന്ന ധൂര്‍ത്തും അഴിമതിയും അനധികൃത സ്വത്തുസമ്പാദനവും ഇസ്രയേലില്‍ വന്‍ ജനകീയ പ്രതിഷേധങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ജെറുസലേമിന്റെ പേരില്‍ ഇപ്പോള്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന വിവാദവും അത് അന്താരാഷ്ട്ര രംഗത്തുണ്ടാക്കിയിരിക്കുന്ന കടുത്ത അസ്വസ്ഥതകളും മുതലെടുത്ത് അധികാരം നിലനിര്‍ത്തുകയെന്ന കുത്സിത ലക്ഷ്യമാണ് ഇരുവര്‍ക്കുമുള്ളത്. അതിനുവേണ്ടി ലോകത്തെ അശാന്തിയിലേക്കും യുദ്ധത്തിലേക്കും നയിക്കാന്‍ ഈ ഏകാധിപതികള്‍ മടിക്കില്ലെന്നാണ് അവര്‍ തെളിയിക്കുന്നത്.
ട്രംപിന്റെ ജെറുസലേം സംബന്ധിച്ച പ്രഖ്യാപനം ലോകത്തെ രണ്ട് ചേരികളിലേക്ക് തള്ളിനീക്കുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി ട്രംപിന്റെ പ്രഖ്യാപനം ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കത്തില്‍ ഇടനിലക്കാരന്റെ പങ്കില്‍നിന്നുള്ള യുഎസിന്റെ പിന്‍തിരിയലാണെന്ന് വിലയിരുത്തിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത അമ്പതില്‍പരം രാഷ്ട്രങ്ങളില്‍ പലതും പ്രഖ്യാപിത യു എസ് അനുകൂല രാഷ്ട്രങ്ങളാണെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ പ്രഖ്യാപനം പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ മാത്രമെ സഹായിക്കൂവെന്ന് കഴിഞ്ഞ കുറച്ചുദിവസത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. യുഎസ് വീറ്റോയെ തുടര്‍ന്ന് പ്രശ്‌നം ഐക്യരാഷ്ട്ര പൊതുസഭയില്‍ എത്തിക്കാനുള്ള ശ്രമം പലസ്തീന്‍ ആരംഭിച്ചുകഴിഞ്ഞു. പൊതുസഭയുടെ പരിഗണനക്ക് വിഷയം വരുന്നത് തടയാനും യുഎസിന് വീറ്റോ പ്രയോഗിക്കേണ്ടിവരും. അത് സ്വതേ ദുര്‍ബലമായ ഐക്യരാഷ്ട്രസഭയുടെ നിലനില്‍പ്പുതന്നെ അര്‍ഥശൂന്യമാക്കും. അത് ഫലത്തില്‍ ആഗോളീകരണം എന്ന രാഷ്ട്രമീമാംസ സങ്കല്‍പത്തെ അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ അസംബന്ധമാക്കി മാറ്റുന്നതിന് തുല്യമായിരിക്കും.