Tuesday
11 Dec 2018

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ക്യാമറവനിതകള്‍

By: Web Desk | Thursday 21 December 2017 9:37 PM IST

   ലക്ഷ്മി ബാല

സിനിമ ചിത്രീകരിച്ചത് പ്രിയ സേത്ത് എന്ന സ്ത്രീയാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. തികച്ചും ദുര്‍ഘടവും, വീര്യമുള്ളതും അതിനെല്ലാം ഉപരി തീര്‍ത്തും പുരുഷന്മാരെ കൊണ്ട് മാത്രം സാധിക്കുന്നതുമായ സീനുകളാണ് അവരുടെ ക്യാമറ ഒപ്പിയെടുത്തത് ‘
2016 ഇല്‍ പുറത്തിറങ്ങിയ എയര്‍ലിഫ്റ്റ് എന്ന മെഗാഹിറ്റ് ചിത്രത്തെ കുറിച്ച് ഫസ്റ്റ് പോസ്റ്റില്‍ അവലോകനം എഴുതിയ പ്രശസ്ത സിനിമാ നിരൂപകന്‍ സുഭാഷ് കെ ഝാ കുറിച്ച വാക്കുകളാണിവ. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഒരു പുരുഷനായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവുകയുമില്ല. ഒരു പുരോഗമന ചിന്താഗതിക്കാരന്‍ ആയിരുന്നിട്ടു പോലും അദ്ദേഹത്തിന്റെ ബോധമണ്ഡലത്തില്‍; ഒരു സ്ത്രീ ദുര്‍ഘടമായ കാര്യങ്ങള്‍ വിജയകരമായി ചെയ്യുന്നതില്‍ അത്ഭുതം തോന്നുകയും, ഇതെല്ലാം പുരുഷന്മാര്‍ക്ക് യോജിച്ച ചെയ്തികളാണ് എന്ന തോന്നലുണ്ടാവുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.
ക്യാമറകള്‍ക്ക് പുറകില്‍ കഥപറയുന്നത് സ്ത്രീകളാണെങ്കില്‍ നമ്മുടെ സ്ഥായിയായ പ്രതികരണം അത്ഭുതമായിരിക്കും. സ്ത്രീകള്‍ ഇതെല്ലാം ചെയ്യുന്നത് കണ്ടു അത്ഭുതം കൊള്ളുന്ന മനോഭാവത്തിന് നമ്മുടെ നാട്ടില്‍ മാത്രമല്ല വൈദേശികരുടെ ഇടയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ആരംഭിച്ച് എണ്‍പതിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒരു വനിതാ ഛായാഗ്രാഹകയുടെ പേര് പോലും ഓസ്‌കറിനു വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. സിനിമയില്‍ എന്നും ആണ്‍ മേല്‍ക്കോയ്മ നിലനില്‍ക്കുന്നു എന്നുള്ളതിന് തെളിവാണിത്.
ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മുതിര്‍ന്ന വനിതാ ഛായാഗ്രാഹക ഫൗസിയ ഫാത്തിമ ഇന്ത്യന്‍ വനിതാ ഛായാഗ്രാഹകരുടെ സംഘടനയായ കണഇഇ (ഇന്ത്യന്‍ വിമണ്‍ സിനിമാറ്റോഗ്രാഫേഴ്‌സ് കളക്ടീവ്) ആരംഭിക്കുകയുണ്ടായി. പുതിയതായി കരിയര്‍ ആരംഭിക്കുന്നവരും, മേഖലയില്‍ പരിചയം കുറഞ്ഞവരുമായ വനിതാ ഛായാഗ്രാഹകര്‍ക്ക് പ്രചോദനം നല്‍കുക എന്ന ചിന്തയാണ് ഇത്തരമൊരു സംഘടനാ രൂപീകരണത്തിന് വഴിയൊരുക്കിയതും. മറ്റൊരര്‍ത്ഥത്തില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്ന മേഖലയിലെ പെണ്‍ പ്രാതിനിധ്യം ശക്തിപ്പെടുത്തുക.
ഇപ്പോള്‍ എഴുപത്തിമൂന്നു അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്. അവരില്‍ തന്നെ പ്രശസ്തരായ ചില ഛായാഗ്രാഹകരുടെ വിശേഷങ്ങള്‍ ശ്രദ്ധിക്കാം.

ബി ആര്‍ വിജയലക്ഷ്മി


തമിഴ്‌നാട് സ്വദേശിനിയായ വിജയലക്ഷ്മി ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ വനിതാ ഛായാഗ്രാഹകയും, ഏറ്റവും മുതിര്‍ന്ന ഛായാഗ്രാഹകയും കൂടിയാണ്. പ്രശസ്ത സംവിധായകനും, നിര്‍മ്മാതാവും ആയിരുന്ന ബി ആര്‍ പന്തലുവിന്റെ മകളായി ജനിച്ചത് കൊണ്ട് തന്നെ സിനിമാ മേഖലയിലേയ്ക്കുള്ള അവരുടെ ചുവടുവെയ്പ് അനായാസകരമായിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ ശിക്ഷണവും, മാര്‍ഗദര്‍ശനവും അവര്‍ക്ക് കൂടുതല്‍ മികവേകുകയും ചെയ്തു. 1980-90 കാലഘട്ടങ്ങളിലായി ചിന്ന വീട്, പട്ടു പാവാട തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ അടക്കം 22 സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കാന്‍ വിജയലക്ഷ്മിക്ക് സാധിച്ചു. ഇപ്പോള്‍ ടെലിവിഷന്‍ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന വിജയലക്ഷ്മി എഴുത്തുകാരി, സംവിധായക, ഫോട്ടോഗ്രാഫര്‍, സീരിയല്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങുകയാണ്.

സവിത സിങ്


2007ല്‍ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ഛായാഗ്രഹണ ബിരുദം നേടിയ സവിത ഹിന്ദി ഫാന്റസി സിനിമ ആയ ഹവായിസാദ മുതല്‍, മറാത്തി കോമഡി ഡ്രാമ വെന്റിലേറ്റര്‍ വരെയുള്ള ഒട്ടനവധി സിനിമകളുടെയും, ടെലിവിഷന്‍ പരിപാടികളുടെയും ചിത്രീകരണ സംവിധായിക ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫീച്ചര്‍ ഫിലിംസ്, പരസ്യങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവയിലടക്കം സവിത തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

 

ഫൗസിയ ഫാത്തിമ

2002 ലെ ദേശീയപുരസ്‌കാരം ലഭിച്ച മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഫൗസിയ സ്വന്തം കരിയര്‍ ആരംഭിച്ചത്. മലയാളികള്‍ക്ക് സുപരിചിതയായ നടി രേവതിയായിരുന്നു ചിത്രത്തിന്റെ സംവിധായിക. ചിത്രത്തിന്റെ സാങ്കേതികവിദഗ്ദരായി സ്ത്രീകളെ തന്നെ കൊണ്ടുവരാന്‍ രേവതി നടത്തിയ ശ്രമമാണ് ഫൗസിയയ്ക്കുള്ള അവസരമൊരുക്കിയതും.
കല്‍ക്കത്തയിലെ സത്യജിത്ത്‌റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ഫൗസിയ ഫാത്തിമ, ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ ഫോട്ടോഗ്രഫി താരം കൂടിയാണ്. ഫെഡറല്‍ ബാങ്ക്, സണ്‍ഫീസ്റ്റ്, തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളുടെ സംവിധായിക കൂടിയായ ഫൗസിയ ഒട്ടേറെ തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രരചനയിലൂടെ കലാരംഗത്ത് കടന്നുവന്ന ഫൗസിയയുടെ ഫോട്ടോഗ്രാഫി ജീവിതം സാമ്പത്തിക നേട്ടത്തെക്കാളേറെ സന്ദേശങ്ങളുടെതായി മാറുകയാണ്.
സ്വന്തം കരിയറില്‍ മുന്നേറുന്നതിനോടൊപ്പം തന്നെ ഫൗസിയ കണഇഇ എന്ന സംഘടനയുടെ പ്രധാന അണിയറ ശില്പിയായി മാറി. സ്വന്തം വനിതാ സഹപ്രവര്‍ത്തകരെ അംഗങ്ങളാക്കി ഫൗസിയ ആരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പാണ് പിന്നീട് കളക്ടീവ് എന്ന സംഘടനയുടെ രൂപീകരണത്തില്‍ എത്തിയത്. ബ്രിട്ടനിലെ വനിതാ ഛായാഗ്രാഹകരുടെ സംഘടനയായ കഹഹൗാശിമേൃശഃ ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കണഇഇ രൂപീകരിക്കപ്പെട്ടത്.
ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ മലയാളി പ്രദീപ്‌ചെറിയാനാണ് ഫൗസിയയുടെ ഭര്‍ത്താവ്. രണ്ട് മക്കള്‍ അന്ന മറിയം, അസ്സന്‍.

അഞ്ജലി ശുക്ല


2010 ഇല്‍ ഇറങ്ങിയ കുട്ടിസ്രാങ്ക് എന്ന മലയാളചിത്രത്തിനു ഛായാഗ്രഹണം ചെയ്തുകൊണ്ട് കരിയര്‍ ആരംഭിച്ച അഞ്ജലി ശുക്ല അതെ ചിത്രം വഴി ഇന്ത്യയിലെ ആദ്യത്തെ (ഇതുവരെയുള്ള ഒരേയൊരു) വനിതാ ദേശീയ അവാര്‍ഡ് ജേതാവെന്ന ഖ്യാതിയും സ്വന്തമാക്കി. മുന്‍കാലങ്ങളില്‍ സ്വന്തം വര്‍ക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അഞ്ജലി പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ കീഴില്‍ പിന്നീട് നിരവധി പ്രോജക്ടുകള്‍ ചെയ്യുകയുണ്ടായി. മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് യൂണിറ്റ് ക്യാമറാവുമണ്‍ ആയിരുന്നു. ലഖ്‌നൗവില്‍ ജനിച്ച അഞ്ജലി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെയില്‍ നിന്നുമാണ് ബിരുദം നേടിയത്.

പ്രിയ സേത്


നിരവധി പരസ്യചിത്രങ്ങള്‍ക്കായി ഫോട്ടോഗ്രാഫിയുടെ മികവ് തെളിയിച്ച് സംവിധായകയായി തിളങ്ങുകയാണ് പ്രിയ സേത്. ഒപ്പം ഹിന്ദി ചിത്രങ്ങളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
ഏറ്റവും അവസമാനമായി ഷെഫ്, ബാറാഹ് അന മൊണ്‍ടാജ് എന്നീ സിനിമയില്‍ ആണ് പ്രിയ തന്റെ കഴിവ് തെളിയിച്ചത്. 2016ല്‍ പുറത്തിറങ്ങിയ എയര്‍ലിഫ്റ്റ് പ്രിയയുടെ കരിയറിയില്‍ എക്കാലത്തെയും മെഗാഹിറ്റായ ചിത്രങ്ങളില്‍ ഒന്നാണ്.

 

അര്‍ച്ചന ബോര്‍ഹഡെ

2016 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമ ഫ്യൂണ്ടറോയുടെ ഛായാഗ്രാഹികയാണ് അര്‍ച്ചന ബോര്‍ഹഡെ. മുംബൈ, ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രിയ ഛായാഗ്രാഹണം നിര്‍വ്വഹിച്ച സിനിമകളും തിരഞ്ഞെടുത്തിട്ടുണ്ട്. നിരവധി മുഖ്യധാരാ ഹിന്ദി ചലച്ചിത്രങ്ങളുടെ ക്യാമറ മികവിലും പ്രിയയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അതില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചതില്‍ മുന്‍പന്തിയില്‍ നിന്നത് മൈ നെയിം ഈസ് ഖാനും ഗുലാബ് ഗാങ്ങും ആയിരുന്നു.

ദീപ്തി ഗുപ്ത

ഹിന്ദി ഫീച്ചര്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകയായ ദീപ്തി ഗുപ്തയുടെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളാണ് ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡും ഫാഖിര്‍ ഓഫ് വെനീസും. ഫീച്ചര്‍ ചിത്രങ്ങളെ കൂടാതെ മികച്ച ഡോക്യുമെന്ററി ചിത്രങ്ങളും ദീപ്തി ഷൂട്ട് ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനം നിഷ്ത ജെയിന്‍സ് സിറ്റി ഓഫ് ഫോട്ടോസും, ലക്ഷ്മി ആന്‍ഡ് മീ യുമായിരുന്നു.
സാമൂഹ്യ സാംസ്‌കാരിക ഇടത്തില്‍ തുല്യമായ അവസരങ്ങളാണ് സ്ത്രീകള്‍ക്ക് ഒരുക്കേണ്ടത് . ആഗോളതലത്തിലും ഈ ചിന്തകള്‍ വളരെയേറെ മുന്‍പോട്ട് പോകേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണിവിടെ.