Monday
17 Dec 2018

വിദേശ നിക്ഷേപനയം സമ്പദ്ഘടനയ്ക്ക് വിനാശകരം

By: Web Desk | Thursday 11 January 2018 10:38 PM IST

രാജ്യത്തിന്റെ വ്യോമയാന കമ്പനി എയര്‍ ഇന്ത്യ, ഏക ബ്രാന്‍ഡ് ചില്ലറ വ്യാപാരം, നിര്‍മാണ മേഖല, ഊര്‍ജ്ജ വിനിമയം, ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ നിയന്ത്രണങ്ങളില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രസമ്പദ്ഘടനയിലും തൊഴില്‍വിപണിയിലും വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന നയവ്യതിയാനമാണ് പ്രഖ്യാപനം പ്രതിനിധാനം ചെയ്യുന്നത്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ബിജെപിയും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയും നിശിതമായി എതിര്‍ത്തുപോന്നിരുന്ന പരിഷ്‌കാര നടപടികള്‍ക്കാണ് ഇപ്പോള്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. സാമ്പത്തിക പരിഷ്‌കാര നടപടികളുടെ പിതൃത്വം അവകാശപ്പെടുന്ന കോണ്‍ഗ്രസ് രാഷ്ട്രതാല്‍പര്യ സംരക്ഷണാര്‍ഥം തങ്ങള്‍ നിഷ്‌കര്‍ഷിച്ചിരുന്ന നിയന്ത്രണങ്ങളും കരുതല്‍ വ്യവസ്ഥകളും ബിജെപി ഭരണകൂടം കാറ്റില്‍പറത്തിയതായി ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്. സ്വദേശി ജാഗരണ്‍ മഞ്ച് അടക്കം സംഘ്പരിവാര്‍ സംഘടനകള്‍ പരിഷ്‌കാര നടപടികളില്‍ അതൃപ്തരും അസ്വസ്ഥരുമാണ്. പരമ്പരാഗതമായി ബിജെപിയെയും സംഘ്പരിവാറിനെയും പിന്തുണച്ചുപോന്നവരും അവരുടെ വടക്കേഇന്ത്യന്‍ നഗരമേഖലകളിലെ ശക്തികേന്ദ്രങ്ങളുമായ ചില്ലറ വ്യാപാരമേഖല പുത്തന്‍ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികളും ട്രേഡ്‌യൂണിയന്‍ സംഘടനകളും ബഹുരാഷ്ട്ര കുത്തക പ്രീണനനയങ്ങളോടുള്ള കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ട് അസാധൂകരണം, ചരക്ക് സേവനനികുതി, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം തുടങ്ങി കൈവച്ച സാമ്പത്തിക പരിഷ്‌കാര നടപടികളിലെല്ലാം കനത്ത തിരിച്ചടിയേറ്റ മോഡി സര്‍ക്കാര്‍ മറ്റൊരു വന്‍ സാമ്പത്തിക ദുരന്തത്തിലേയ്ക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന ആശങ്ക രാഷ്ട്രീയ, സാമ്പത്തിക, തൊഴില്‍ മേഖലകളിലെല്ലാം വ്യാപകമാണ്.
ഈ മാസം നടക്കുന്ന ഡാവോസ് സാമ്പത്തിക ഉച്ചകോടിക്ക് മുന്നോടിയായാണ് മോഡി സര്‍ക്കാര്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം ഇത് നാലാം തവണയാണ് എഫ്ഡിഐ നയത്തില്‍ ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് അനുകൂല വ്യതിയാനം വരുത്തുന്നത്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക വഴി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും ഗുരുതരമായ വളര്‍ച്ചാ മുരടിപ്പിനെയും വര്‍ധിച്ചുവരുന്ന തൊഴില്‍രാഹിത്യത്തേയും മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് നരേന്ദ്രമോഡിയും സംഘവും. നാളിതുവരെ നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാര നടപടികളെന്ന പോലെ കൊടിയ ദുരന്തത്തിലേക്കായിരിക്കും ഇവയും രാജ്യത്തെ നയിക്കുക എന്നുതന്നെ വിലയിരുത്താനാണ് അനുഭവപാഠങ്ങള്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നത്. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാന്‍ നാളിതുവരെ നടത്തിയ ശ്രമങ്ങളുടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് 49 ശതമാനം എഫ്ഡിഐ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശ നിക്ഷേപത്തിലൂടെ കടുത്ത പ്രതിസന്ധിയിലായ എയര്‍ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി വില്‍പന സുഗമമാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. അതാവട്ടെ ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ എയര്‍ ഇന്ത്യാ സ്വകാര്യവല്‍ക്കരണത്തിനെതിരായ നിലപാടിനെ അപ്പാടെ അവഗണിച്ചുകൊണ്ടാണ്.
കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ അനൗപചാരിക തൊഴില്‍മേഖലയാണ് ചില്ലറ വ്യാപാരരംഗം. അത് സ്വകാര്യവല്‍ക്കരിക്കാന്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ എല്ലാ നീക്കങ്ങളേയും ബിജെപിയും സംഘപരിവാറും ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ചില്ലറ വില്‍പന മേഖലയിലെ സംഘടനകള്‍ക്കൊപ്പം ചെറുത്തുപോന്നിരുന്നു. ആ നിലപാടുകളില്‍ നിന്നുള്ള മലക്കംമറിച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. ചില്ലറ വ്യാപാരമേഖലയുടെ നിലനില്‍പിനായി വാഗ്ദാനങ്ങള്‍ക്കപ്പുറം യാതൊരു ക്രിയത്മക നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് മേഖലയെ തകര്‍ക്കുന്ന നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തീര്‍ത്തും വഷളായ ഇന്ത്യന്‍ തൊഴില്‍ വിപണിയെ കൂടുതല്‍ തകര്‍ച്ചയിലേക്കും തൊഴില്‍രാഹിത്യത്തിലേക്കുമായിരിക്കും അത് നയിക്കുക. അതിനുപുറമേ എഫ്ഡിഐ സംബന്ധിച്ച് ആഭ്യന്തര ഉല്‍പന്നങ്ങള്‍ 30 ശതമാനമെങ്കിലും പ്രയോജനപ്പെടുത്തണമെന്ന നിബന്ധനയ്ക്ക് കൂടി ഇളവുകള്‍ നല്‍കുന്നു. അത് ആഭ്യന്തര ഉല്‍പാദന മേഖലയ്ക്ക് കനത്ത തിരിച്ചടിയാവും. മോഡി സര്‍ക്കാരിന്റെ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ നയത്തെപോലും ഈ നടപടി അപഹാസ്യമാക്കി മാറ്റിയിരിക്കുന്നു. നിര്‍മാണരംഗത്ത് എഫ്ഡിഐ അനുവദിക്കുക വഴി ആ രംഗം ഊഹക്കച്ചവടത്തിന്റെ കൂത്തരങ്ങായി മാറും. വൈദ്യുതി വിനിമയരംഗത്തും ചികിത്സാരംഗത്തും സമാനമായ ഗുരുതര പ്രത്യാഘാതങ്ങള്‍ക്കായിരിക്കും പുതിയ പ്രത്യക്ഷ വിദേശ നിക്ഷേപനയം വഴിതുറക്കുക.