Friday
14 Dec 2018

പാളിച്ചകളുടെ പടുകുഴി അഥവാ റയില്‍വേ

By: Web Desk | Friday 24 November 2017 10:29 PM IST

രാജ്യത്തെ റയില്‍വേ സംവിധാനം പാളിച്ചകളുടെ പടുകുഴിയില്‍ പെടുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റയില്‍വേ അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. സാധാരണക്കാരന്റെ യാത്രാ വാഹനത്തെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന നീക്കങ്ങളാണ് രാജ്യം നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളി. ഇതിന്റെ ഭാഗമായി 30,000 കിലോമീറ്റര്‍ പാത സ്വകാര്യ കമ്പനികള്‍ക്ക് കച്ചവടം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതൊന്നും പോരാഞ്ഞ് ട്രെയിനുകളിലെ ഹൈബ്രിഡ് കക്കൂസുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അതിനേക്കാളൊക്കെ ഭീതിജനകമാണ്. വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതരത്തിലുള്ള വാക്വംടോയ്‌ലറ്റ് സംവിധാനം റയില്‍വേയുടെ ബോഗികളില്‍ നടപ്പിലാക്കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. ഇപ്പോഴാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ടിലെ വെൡപ്പെടുത്തലുകള്‍ യാത്രക്കാരുടെ ആരോഗ്യം എങ്ങനെയാണ് ഇല്ലാതാക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഹൈബ്രീഡ് ടോയ്‌ലറ്റുകള്‍ ജലത്തിന്റെ ആവശ്യം കുറയ്ക്കുമെന്നും ഇത് കൂടുതല്‍ ശുചിത്വമുണ്ടാക്കുമെന്നുമുള്ള അവകാശവാദങ്ങളോടെയാണ് പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. കോച്ചിന്റെ അടിവശത്ത് ഘടിപ്പിക്കുന്ന ബയോ ഡൈജസ്റ്ററുകളുടെ സഹായത്തോടെയാണ് മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ സംസ്‌കരിക്കപ്പെടുന്നത്. ഈ ഡൈജസ്റ്റര്‍ ടാങ്കിലെ ബാക്ടീരിയകള്‍ വിസര്‍ജ്ജ്യത്തെ വെള്ളവും വാതകങ്ങളുമാക്കി മാറ്റിക്കൊണ്ടാണ് സംസ്‌കരണം നടത്തുന്നത്. ഏറെ തണുത്ത അന്തരീക്ഷത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ഇത്തരം ബാക്ടീരിയകളെ അന്റാര്‍ട്ടിക്കയില്‍ നിന്നും കൊണ്ടുവന്നാണ് ബയോ ടോയ്‌ലറ്റുകളില്‍ പരീക്ഷിച്ചതെന്നാണ് റയില്‍വേ അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവര്‍ അവകാശപ്പെടുന്നതരത്തിലുള്ള സംസ്‌കരണം നടന്നില്ലെന്ന് മാത്രമല്ല, ബാക്ടീരിയകള്‍ തിരിച്ച് മനുഷ്യശരീരത്തിലേയ്ക്ക് പ്രവേശിക്കുകകൂടിയാണുണ്ടായിട്ടുള്ളതെന്ന അതീവ ഗൗരവകരമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മദ്രാസ് ഐഐടിയുടെ ഈ പഠന റിപ്പോര്‍ട്ട് അവര്‍ കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സമര്‍പ്പിച്ചുകഴിഞ്ഞു. 1305കോടി രൂപ ചെലവിട്ട് റയില്‍വേ നടത്തിയ കക്കൂസ് പരിഷ്‌കരണം പാളിപ്പോയി എന്ന് മാത്രമല്ല അവ യാത്രക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകകൂടിയാണുണ്ടായിരിക്കുന്നത്. ഇത്തരത്തിലൊരു പഠനം നടന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ചോദിക്കുമ്പോള്‍തന്നെ പഠനറിപ്പോര്‍ട്ടിന്റെ വെൡച്ചത്തില്‍ കേന്ദ്ര റയില്‍ മന്ത്രാലയം ത്വരിതനടപടി സ്വീകരിക്കുമോ എന്നുകൂടി അറിയേണ്ടതുണ്ട്. ദീര്‍ഘദൂര ട്രെയിനുകളില്‍ 1,20,000 കോച്ചുകളില്‍ക്കൂടി ബയോടോയ്‌ലറ്റ് ഘടിപ്പിക്കാന്‍ 1200 കോടി രൂപ നീക്കിവച്ചുകഴിഞ്ഞിട്ടുണ്ട്. ബയോടോയ്‌ലറ്റ് നിര്‍മിക്കാനുള്ള രണ്ട് കൂറ്റന്‍ ഫാക്ടറികള്‍ നിര്‍മിക്കാന്‍ റയില്‍വേ ഒരുങ്ങുകയുമാണ്. ഇപ്പോള്‍ നിര്‍മിച്ചുകഴിഞ്ഞ ടോയ്‌ലറ്റുകള്‍ക്ക് പേറ്റന്‍സിയോ, യൂറോപ്യന്‍ യൂണിയന്‍ റയില്‍വേ സര്‍ട്ടിഫിക്കറ്റോ ഇതുവരെ ലഭിച്ചിട്ടുമില്ല.
സാധാരണക്കാരന്റെ ജനകീയ സഞ്ചാരമാര്‍ഗം മാത്രമല്ല രാജ്യത്തെ ജനങ്ങള്‍ക്കാവശ്യമുള്ള ചരക്കുകളുടെ കുറഞ്ഞ ചെലവിലുള്ള ഗതാഗതമാര്‍ഗം കുടിയാണ് റയില്‍വേ. പെട്രോള്‍, ഡീസല്‍ വില നിര്‍ണയാവകാശം കുത്തക എണ്ണക്കമ്പനികളെ ഏല്‍പ്പിച്ച കേന്ദ്രത്തിന്റെ ജനവിരുദ്ധ നയം സൃഷ്ടിക്കുന്ന വിലക്കയറ്റമടക്കമുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് അല്‍പമെങ്കിലും ജനങ്ങളെ രക്ഷിക്കുന്ന റയില്‍ ഗതാഗതത്തെക്കൂടി കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പണയംവയ്ക്കുകയാണ്. റയില്‍പാതയോടൊപ്പം മോഡി സര്‍ക്കാര്‍ റയില്‍വേ സ്റ്റേഷനും ഇടനാഴികളും വരെ സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നു. ട്രാക്കുകളുടെയും റയില്‍വേ ഗേയ്റ്റുകളുടേയും അറ്റകുറ്റപ്പണി യഥാവില്‍ നടത്താതെ, ബോഗികളുടെ പുതുക്കിപ്പണിയല്‍ നടത്താതെ, യാത്രക്കാരെ വലയ്ക്കുന്ന റയില്‍വേ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളെല്ലാം തന്നെ ജനങ്ങള്‍ക്കുമേല്‍ അധികഭാരം വരുത്താനുദ്ദേശിച്ചുള്ളതാണ്. ചരക്കുകൂലി, പ്‌ളാറ്റ്‌ഫോം ടിക്കറ്റ് യാത്രാ ടിക്കറ്റ് നിരക്കുകള്‍, യൂസര്‍ ഫീ എന്നിവ യാതൊരു തത്വദീക്ഷയുമില്ലാതെ ഉയര്‍ത്തി ജനങ്ങളെ നട്ടം തിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബയോടോയ്‌ലറ്റ് എന്ന പരീക്ഷണ ടോയ്‌ലറ്റും ലക്ഷ്യമിടുന്നതും ഇതുതന്നെ. റയില്‍വേ അടിസ്ഥാന സൗകര്യവികസനം പൊതുമേഖല ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്നതിന് പകരം അവയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിന്റെ പുറകില്‍ വന്‍ അഴിമതിയും കോര്‍പ്പറേറ്റ് പ്രീണനവും ലക്ഷ്യമിട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ റയില്‍വേ നേരിടുന്ന ഏറ്റവും വലിയ നയപ്രതിസന്ധിയിലാണ് മോഡി സര്‍ക്കാര്‍ രാജ്യത്തെ എത്തിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി രാജ്യത്തുണ്ടായ റയില്‍ അപകടങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. അപകടകാരണങ്ങളില്‍ ഒന്നുപോലും പരിഗണിക്കാതെ തികഞ്ഞ നിരുത്തരവാദ സമീപനം പുലര്‍ത്തുന്ന കേന്ദ്രറയില്‍വേ മന്ത്രാലയം ബയോടോയ്‌ലറ്റുകള്‍ വഴി രോഗാണുക്കള്‍ കൂടി യാത്രക്കാരുടെ ശരീരത്തിലേയ്ക്ക് കടത്തിവിട്ടിരിക്കുന്നു.
എല്ലാ റിപ്പോര്‍ട്ടുകളും അവഗണിക്കാന്‍ മാത്രം ഭൂരിപക്ഷം ഭരണകൂടത്തിനുണ്ടെന്നതുകൊണ്ട് എന്തുമാകാമെന്ന ധാര്‍ഷ്ട്യം ഭൂഷണമല്ലെന്ന് മോഡി സര്‍ക്കാര്‍ താമസിയാതെ അറിയും.

Related News