Friday
14 Dec 2018

ഉന്നതവിദ്യാഭ്യാസ സര്‍വീസ് (ഐഇഎസ്) പ്രസക്തിയും പ്രായോഗികതയും

By: Web Desk | Thursday 21 December 2017 10:34 PM IST

പ്രൊഫ. മോഹന്‍ദാസ്

വിവരസാങ്കേതികവിദ്യ സ്‌ഫോടനാത്മകമായ വിധത്തില്‍ വികസനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍, ഉന്നതവിദ്യാഭ്യാസം ആര്‍ജിച്ചവരുടെ ആവശ്യങ്ങള്‍ക്കൊത്ത് ഉയരുവാന്‍ ഇന്ത്യ ഇന്ന് കഷ്ടപ്പെടുകയാണ്. ആവശ്യത്തിന് പഠനവും പരിശീലനവും നൈപുണ്യവും നേടിയ ഉന്നതവിദ്യാഭ്യാസ ജാതരെ സൃഷ്ടിക്കുന്നതില്‍ നാം ഇന്നും വേണ്ടത്ര വിജയിച്ചതായി കാണുന്നില്ല. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഈ അവസ്ഥാന്തരത്തിന് ചെറിയ തോതിലുള്ള മാറ്റമുണ്ടെന്നത് വിസ്മരിച്ചുകൊണ്ടല്ല ഇത് പ്രതിപാദിക്കുന്നത്. എന്നാല്‍ മൊത്തത്തില്‍ സമര്‍ഥരായ ഉന്നതവിദ്യാഭ്യാസ ജാതര്‍ തുലോം പരിമിതമാണ്. 18-നും 25-നും ഇടയില്‍ പ്രായമുള്ള, ഏതാണ്ട് 20 കോടിയോളം യുവാക്കളുള്ള ഇന്ത്യയില്‍ വെറും ഒന്നരകോടി യുവാക്കള്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടുന്നവരായുള്ളത് എന്നുള്ള ദേശീയ നോളഡ്ജ് കമ്മീഷന്റെ റിപ്പോര്‍ട്ട് ഉല്‍ക്കണ്ഠാകുലമാണ്. 2020 ആകുമ്പോഴേക്കും ഏകദേശം ആയിരത്തിഅഞ്ഞൂറോളം സര്‍വകലാശാലകള്‍ ആവശ്യമുള്ളിടത്ത്, ഏകദേശം 700-നും 800-നും ഇടയ്ക്ക് സര്‍വകലാശാലകളാണ് നമുക്കുള്ളത്. ഇവയില്‍ത്തന്നെ തത്വാധിഷ്ഠിതമായ രീതിയില്‍, ഗുണനിലവാരം പുലര്‍ത്തുന്നവയാണെങ്കില്‍ 200-ല്‍ താഴെ മാത്രവും. ഇവിടെ നാം മനസിലാക്കേണ്ടതായ കാര്യം വരും കാല വികസനലോകത്ത് ഇതര രാജ്യങ്ങളുമായി മത്സരിച്ച് മുന്നേറണമെങ്കില്‍, നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം ഒരു ശക്തമായ മാറ്റത്തിന് വിധേയമാകേണ്ടിയിരിക്കുന്നു.
അറിവധിഷ്ഠിത സാമ്പത്തികമേഖലയുടെ പ്രാപ്തന്‍ എന്നതുതന്നെ, ആഴത്തിലുള്ള ഗുണമേന്മാ വിദ്യാഭ്യാസ ആര്‍ജിതന്‍ എന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു ഇക്കോണമി ആവശ്യപ്പെടുന്നതുതന്നെ നവീനങ്ങളായ മത്സരസഹായക ഘടകങ്ങളായ ഹാര്‍ഡ് ഡിസ്‌കില്‍, സോഫ്റ്റ്‌സ്‌കില്‍ എന്നിവയുടെ പരിപോഷണമാണ്. ഇതില്‍ പ്രശ്‌നപരിഹാര നൈപുണ്യം, വിശകലന വൈദഗ്ധ്യം, ഗ്രൂപ്പ് ലേണിങ്, ടീ അധിഷ്ടിത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള ചാതുര്യം എല്ലാത്തിലും ഉപരിയായി ശരിയായ രീതിയിലുള്ള ആശയവിനിമയ സാമര്‍ഥ്യം എന്നിവയൊക്കെത്തന്നെയാണ്.
ഇന്ത്യയുടെ ഉല്‍പാദനക്ഷമതയും, സാമ്പത്തിക വിചഷണതയും വര്‍ധിപ്പിക്കുന്നതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത് ഒരു ശക്തമായ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണെന്നതില്‍ യാതൊരു സംശയവും ഇല്ല. അതുകൊണ്ടുതന്നെ ഉല്‍പാദനക്ഷമതയുള്ള ഒരു സാമ്പത്തിക സമ്പ്രദായത്തിന്റെ സംഘാടനത്തില്‍ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന്റെ പ്രസക്തി അസാധാരണ പ്രാധാന്യമുള്ളതായി മാറുമ്പോള്‍ പ്രസ്തുത മേഖലയിലുള്ള മൂലധനനിക്ഷേപം ശാസ്ത്രീയമായ രീതിയില്‍ നടത്തേണ്ടതും അനിവാര്യമായ ഒരു ഘടകമായിത്തീരുന്നുണ്ട്. ഓരോ രാജ്യത്തിന്റേയും പുരോഗതിയുടെ അവിഭാജ്യഘടകമായി ഉന്നത വിദ്യാഭ്യാസം നിലനില്‍ക്കുന്ന അവസരത്തില്‍ത്തന്നെ, രാജ്യപുരോഗതിയുടെ നട്ടെല്ലായി പരിലസിക്കേണ്ടതും ഉന്നതവിദ്യാഭ്യാസമായിരിക്കണം എന്ന സാമാന്യതത്വം വിസ്മരിക്കാവതല്ല. ഇത്തരം ഒരു സാഹചര്യത്തില്‍ പോലും നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന യുവാക്കളുടെ എണ്ണം രണ്ടായിരാം ആണ്ടില്‍ 55,25,770 ആയിരുന്നു എങ്കില്‍ 2016ല്‍ അത് 1,22,85,842 ആയി വര്‍ധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം ഇന്നും അതല സ്പര്‍ശിയായ ഗര്‍ത്തത്തിനകത്തുനിന്നും ഉയര്‍ന്നുവരാത്തതിന് വ്യത്യസ്തങ്ങളായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. പഠന, പഠിപ്പിക്കല്‍ മേഖലയിലും മെത്തഡോളജിയിലും തീരെ താഴ്ന്ന നിലവാരമാണ് മിക്ക സംസ്ഥാനങ്ങളിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. ഈ നിലവാരത്തകര്‍ച്ച കൂടാതെ, വിതരണ-ചോദനവിടവ്, അസ്വാഭാവികവളര്‍ച്ച, അവസരങ്ങളിലേക്കുള്ള തടസങ്ങള്‍, ഗവേഷണരംഗത്തെ ബാലാരിഷ്ടിത, ഫണ്ടുകളുടെ അഭാവം എന്നിവയൊക്കെ നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ വളര്‍ച്ചയുടെ പാന്ഥാവിലേയ്ക്ക് കടത്തിവിടുന്നതില്‍ അനുഭവപ്പെടുന്ന തടസങ്ങളാണ്. ഫണ്ടിന്റെ അപര്യാപ്തത, മനസുവച്ചാല്‍ ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെങ്കിലും. ഉന്നതശീര്‍ഷരായ ഫാക്കല്‍ട്ടികളുടെ അഭാവം അത്ര പെട്ടെന്ന് പരിഹരിക്കപ്പെടാവുന്ന ഒന്നായി കാണുവാന്‍ കഴിയുകയില്ല.
ഗഹനമായ ചിന്തയും ചര്‍ച്ചയും ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണവും തദനുസൃതമായ പ്രായോഗികതയും ഒന്നുകൊണ്ടുമാത്രമേ ഫാക്കല്‍ട്ടിക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. ഇവിടെയാണ് ദേശീയ വിദ്യാഭ്യാസ സര്‍വീസിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റ ഫാക്കല്‍ട്ടി സൃഷ്ടിക്കപ്പെടണമെങ്കില്‍, കൃത്യമായും നിഷ്ടയോടെയും പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ സര്‍വീസ് അനിവാര്യമാണ്. സിവില്‍ സര്‍വീസിനേക്കാളും പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഒന്നാണ് ദേശീയ വിദ്യാഭ്യാസ സര്‍വീസ് എന്ന വസ്തുത നിലനില്‍ക്കേ, നാം ഈ ആശയത്തിന് വേണ്ടത്ര പ്രാധാന്യം ഇന്നും നല്‍കിയിട്ടില്ല. സ്വാതന്ത്ര്യാനന്തര ഭാരതം, വിദ്യാഭ്യാസപദ്ധതികളെ സമൂല പരിവര്‍ത്തനത്തിന് വിധേയമാക്കുന്നതിനായി രൂപീകരിച്ച എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും ഒരേ സ്വരത്തില്‍ ഉയര്‍ത്തിയ പ്രധാന പ്രശ്‌നമായിരുന്നു. കഴിവുറ്റ, പ്രതിജ്ഞാബദ്ധമായ ഫാക്കല്‍ട്ടിയുടെ ദാരിദ്ര്യം. യശ്പാല്‍ കമ്മിറ്റിയും, ദേശീയ നോളഡ്ജ് കമ്മീഷനും ഈ പ്രശ്‌നം അതീവ ഗുരുതരമെന്ന് അഭിപ്രായപ്പെടുകയുമുണ്ടായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു നാഷണല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് (ഐഇഎസ്) എന്ന ആശയം പുതുമയുള്ളതാണ് എന്ന് പറയുക വയ്യ. വിവിധതരത്തിലുള്ള പരിശീലന സംരംഭങ്ങളും പരിപാടികളും കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്കായി ഒരുക്കുന്നുണ്ട് എങ്കിലും, അവയൊന്നും തന്നെ ഉദ്ദേശിച്ച ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.
ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് പോലെയോ, ഇന്ത്യന്‍ റയില്‍വേ സര്‍വീസ് പോലെയോ ഉള്ള ഒരു അഖിലേന്ത്യ വിദ്യാഭ്യാസ സര്‍വീസ് രൂപീകരിക്കുന്നത്, മുന്‍പറഞ്ഞ കുറവുകളെ മാറ്റിയെടുക്കുന്നതിന് കഴിയുമെന്ന് പലരും ചിന്തിക്കുന്നു. 1886 മുതല്‍ 1924 വരെ ഇന്ത്യയില്‍ നിലനിന്നിരുന്ന, എഡ്യൂക്കേഷന്‍ കമ്മീഷനെക്കുറിച്ച്, ഒട്ടനവധി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും, ഇന്ത്യന്‍ സിവില്‍ സര്‍വീസുമായി തുലനം ചെയ്യുമ്പോള്‍ സ്റ്റാറ്റസ് വളരെ കുറവായ ഒന്നായിട്ടാണ് മനസിലാക്കിയിരുന്നത്. മറ്റ് ദേശീയ സര്‍വീസുകളെ അപേക്ഷിച്ച്, സ്റ്റാറ്റസിലെ അസന്തുലനാവസ്ഥയും, ആനുകൂല്യങ്ങളിലെ കുറവും മൂലം പ്രസ്തുത കമ്മീഷന്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുകയാണുണ്ടായത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ കാരണങ്ങളാല്‍ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ കാലഹരണപ്പെടുകയും വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ഉന്നത ഉദ്യോഗസ്ഥരുടെ ഹസ്തങ്ങളില്‍ തളയ്ക്കപ്പെടുകയും ചെയ്തു. ആയിരത്തി അഞ്ഞൂറോളം സര്‍വകലാശാലകളും അറുപതിനായിരത്തോളം വിദ്യാര്‍ഥികളുമാണ് സമീപഭാവിയില്‍ നമ്മുടെ രാജ്യത്ത്, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഐഇഎസ് രൂപീകരിച്ചാല്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ വലുതായിരിക്കും എന്നതില്‍ സംശയത്തിന് അവകാശമില്ല.
ഭ്രൂണാവസ്ഥയിലിരിക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ സര്‍വീസ് ഇത്തരത്തിലുള്ള മറ്റ് അഖിലേന്ത്യാ സര്‍വീസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. കാരണം മറ്റ് സര്‍വീസുകള്‍ കാലാകാലങ്ങളില്‍ ഗുണമേന്മാ പരീക്ഷകളോ, കഴിവുകളെ പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങളിലോ, ഏര്‍പ്പെടുന്നില്ല എങ്കില്‍ വിദ്യാഭ്യാസ സര്‍വീസ് കാലാനുസൃത പരീക്ഷണഘട്ടങ്ങളെ തരണം ചെയ്യേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ലക്ചര്‍മാരേയും പ്രൊഫസര്‍മാരേയും തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, പിന്നീട് 45 വയസിനും 55 വയസിനും ഇടയില്‍ സേവന കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും വീണ്ടും ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായിത്തീരും. ഇത് വി സി, രജിസ്ട്രാര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവരുടെ ഊഴം എത്തുമ്പോഴാണ്. മറ്റ് സര്‍വീസുകളില്‍ സര്‍വീസ് ദൈര്‍ഘ്യം കണക്കാക്കി സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ വിദ്യാഭ്യാസ സര്‍വീസില്‍ അതിനുള്ള സൗകര്യം ലഭിക്കുന്നില്ല എന്നതുതന്നെ ഒരു പ്രത്യേകതയാണ്. സമൂഹത്തിന്റെ ചാലകശക്തികള്‍ യുവാക്കളായ വിദ്യാര്‍ഥികളാണെന്നും പ്രസ്തുത ശക്തിയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ആണ് സമൂഹത്തിന്റെ രൂപാന്തരത്തിന് സഹായിക്കുന്നത് എന്നും ചിന്തിക്കുമ്പോള്‍, ഐഎഎസ് പോലുള്ള സര്‍വീസുകളിലൂടെ തന്നെ വേണം യുവാക്കളെ വിദ്യാഭ്യാസവിതരണ മേഖലയിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍. ഉയര്‍ന്ന മൂല്യബോധവും നൈപുണിയും മത്സര മനോഭാവവും വ്യക്തികള്‍ക്ക് പ്രദാനം ചെയ്യുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് നിസ്തുലമായിരിക്കെ, കാലാകാലങ്ങളില്‍ ഇക്കൂട്ടരെ തേച്ചുമിനുക്കി എടുക്കേണ്ടത് അത്യാവശ്യമാണ്.
മുന്‍പറഞ്ഞ തലത്തിലേക്ക് യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രക്രിയയില്‍ അധ്യാപകരുടെ പങ്ക് എത്ര വലുതാണെന്ന് വ്യക്തമാക്കുന്ന നിര്‍ദേശവും ശുപാര്‍ശയുമാണ് ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ അന്തസത്ത ഉള്‍ക്കോള്ളുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ സര്‍വീസ് അനിവാര്യമായിത്തീരുന്നത്. വരുംകാല സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്ക് എത്രത്തോളം നിര്‍ണായകമാണോ, അതിലും ഉപരിയായുള്ള പങ്കും അതനുസരിച്ചുള്ള കഴിവും അധ്യാപക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണെന്ന സത്യത്തിനുനേരെ കണ്ണടയ്ക്കാനാവില്ല. ചരിത്രവിജ്ഞാനത്തെ സംഘവല്‍ക്കരിച്ചതുകൊണ്ടോ, സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിച്ചു കാവി പുതപ്പിച്ചതുകൊണ്ടോ സ്വന്തമാക്കാവുന്ന ഒന്നല്ല വിദ്യാഭ്യാസ മേഖലയിലെ പരിവര്‍ത്തനപ്രക്രിയ. വര്‍ഗീയ ഫാസിസ്റ്റ് ചിന്തകളുടെ തമസ്‌കരണവും ചരിത്രത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കലും അതിലൂടെ യഥാര്‍ഥ വിദ്യാഭ്യാസം സമൂഹത്തിന്റെ അവകാശമായി മാറുമ്പോഴുമാണ് ഒരു രാജ്യത്ത് ‘വിദ്യാഭ്യാസവിപ്ലവം സംജാതമാകുന്നത്. വിദ്യാഭ്യാസ നവീകരണത്തില്‍ ദേശീയ വിദ്യാഭ്യാസ സര്‍വീസിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് 1980-ല്‍ മാനവവികസനവകുപ്പ് സെക്രട്ടറിയായിരുന്ന അനില്‍ ബോര്‍ഡിയ രേഖപ്പെടുത്തിയിരുന്നു. അര്‍പ്പണ മനോഭാവവും കഴിവുറ്റ ഫാക്കല്‍ട്ടിയും സൃഷ്ടിക്കപ്പെടുന്നതിന് ഐഇഎസ് അത്യാവശ്യമായി അദ്ദേഹം കരുതിയിരുന്നു. അന്നത്തെ മാനവവിഭവവികസന മന്ത്രി കപില്‍സിബല്‍ ഈ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചെങ്കിലും ഭരണപരവും സാങ്കേതികവുമായ ചില തടങ്ങള്‍ മൂലം ഈ നിര്‍ദേശം പ്രവര്‍ത്തിപഥത്തില്‍ എത്തിച്ചേര്‍ന്നില്ല.
വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ക്രമാതീതമായ വര്‍ധന, ക്വാളിറ്റിയുള്ള വിദ്യാഭ്യാസം എന്ന വിദ്യാര്‍ഥികളുടെ അവകാശത്തെ ഹനിക്കുവാന്‍ പാടില്ല. ഇത്തരുണത്തില്‍ ദേശീയ വിദ്യാഭ്യാസ സര്‍വീസ് എന്ന ആശയം പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. കഴിവും അറിവും പ്രാഗല്‍ഭ്യവുമുള്ള അധ്യാപകരും ഭരണതലത്തില്‍ സാമര്‍ഥ്യമുള്ള വിഭാഗങ്ങളെ പോലെതന്നെ അത്യാവശ്യമാണ്. വിവിധതലങ്ങളില്‍ കഴിവുകള്‍ തെളിയിച്ചും പുതിയ കഴിവുകളും അറിവുകളും വികസിപ്പിച്ചും വിവിധ തലങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചും മുന്നേറുന്ന ഒരു ഫാക്കല്‍ട്ടിയാണ് ഇന്ന് നമുക്കാവശ്യമായിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ കാര്യക്ഷമമായി നടന്നുകയറുന്നവരെയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ സര്‍വീസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടത്. അതിനുവേണ്ടി ഇത്രയുംപെട്ടെന്ന് ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ സര്‍വീസ് രൂപീകരിക്കുക തന്നെ വേണം.