Friday
14 Dec 2018

ആക്രമണോത്സുക വംശീയതയുടെ മലയാളിമുദ്രകള്‍

By: Web Desk | Friday 23 February 2018 10:24 PM IST

 ടി കെ പ്രഭാകരന്‍

ട്ടപ്പാടിയില്‍ മോഷണക്കുറ്റം ചുമത്തി മാനസികാസ്വാസ്ഥ്യമുള്ള ആദിവാസിയുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അതിക്രൂരമായ സംഭവത്തിന്‍റെ നടുക്കത്തിലാണ് കേരളം. കാട്ടിലെ കരിങ്കല്‍ഗുഹയില്‍ താമസിക്കുന്ന മധു എന്ന ആദിവാസിയുവാവ് നാട്ടില്‍ നിന്നും ഭക്ഷണത്തിനുള്ള സാധനങ്ങളുമായി തിരിച്ചുപോകുമ്പോഴാണ് ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി ഈ കൊടുംപാതകം ചെയ്തത്. കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചുകടത്തിയെന്നാരോപിച്ചാണ് ആ പാവം യുവാവിനെ മനുഷ്യത്വം മരവിച്ച സദാചാര ഗുണ്ടകളായ നരാധമ സംഘം തല്ലിച്ചതച്ചത്. കൂടാതെ ഇതിന്‍റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു. കേരളീയസമൂഹത്തിന് ഒന്നടങ്കം അപമാനം വരുത്തിവെച്ച ഈ സംഭവത്തില്‍ നാടൊട്ടുക്കും വേദനയും രോഷവും അലയടിക്കുകയാണ്. യാചകരെയും മുഷിഞ്ഞവേഷം ധരിച്ച മാനസികരോഗികളെയും അന്യസംസ്ഥാനക്കാരെയും കാണുമ്പോള്‍ വളഞ്ഞിട്ടാക്രമിക്കുന്ന പ്രവണത അടുത്ത കാലത്താണ് മലയാളികളില്‍ പ്രകടമായി തുടങ്ങിയത്.
മോഷ്ടാക്കളെന്നും ഭിക്ഷാടനമാഫിയകളെന്നും മുദ്രകുത്തിയുള്ള അക്രമങ്ങള്‍ വ്യാപകമാവുകയാണ്. കേരളത്തിലെല്ലാ ഭാഗങ്ങളിലും ഭിക്ഷാടനമാഫിയകള്‍ താവളമുറപ്പിച്ചിട്ടുണ്ടെന്നും അവര്‍ വ്യാപകമായി കുട്ടികളെ തട്ടിക്കൊണ്ടുപോവുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവമാകുമ്പോള്‍ മാഫിയാസംഘങ്ങളില്‍ പെട്ടവരെന്ന് ആരോപിച്ച് അന്യസംസ്ഥാനക്കാരായ സ്ത്രീകളും പുരുഷന്‍മാരും വയോജനങ്ങളും അടക്കമുള്ളവരെ കേരളത്തിന്റെ പല ഭാഗങ്ങളിലും മലയാളികള്‍ തടഞ്ഞുവെക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവായി മാറിയിരിക്കുന്നു. ഇങ്ങനെ മലയാളി ആള്‍ക്കൂട്ടങ്ങളുടെ സദാചാരഗുണ്ടായിസത്തിന് ഇരകളാകുന്നവരില്‍ ഭൂരിഭാഗവും ഭിക്ഷാടനമാഫിയകളുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളാണ്. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ച് ആര്‍ക്കും യാതൊരു തരത്തിലുള്ള ഉപദ്രവവുമില്ലാതെ വളരെ മാന്യമായി തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്ന നാടോടികുടുംബങ്ങള്‍ പോലും ഭിക്ഷാടനമാഫിയകളാണെന്ന് മുദ്രകുത്തപ്പെട്ട് പലവിധത്തിലുള്ള അതിക്രമങ്ങള്‍ക്കും വിധേയമാകുകയാണ്. പഴയ സാധനങ്ങള്‍ പെറുക്കിയെടുത്ത് ആക്രിക്കടകളില്‍ വില്‍പ്പന നടത്തി അതില്‍ നിന്നും കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് മാത്രം ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കണ്ണൂര്‍ ജില്ലയിലെ പാട്യത്തെ തമിഴ്കുടുംബങ്ങളെ ഒരു സംഘം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം പത്രദൃശ്യമാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. ഈ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്നാരോപിച്ച് ആള്‍ക്കൂട്ടം ഉപദ്രവിക്കുന്നു. തൊഴിലെടുക്കാന്‍ അനുവദിക്കാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തമിഴ്കുടുംബങ്ങള്‍ പട്ടിണിയിലാണ്.

നാല്‍പ്പത് വര്‍ഷത്തിലേറെയായി ഭിക്ഷയൊന്നും യാചിക്കാന്‍ പോകാതെ പണിയെടുത്ത് ജീവിക്കുന്ന സാധുക്കളെയാണ് ചില മുന്‍വിധികളോടെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. കേരളത്തിലെ തെരുവുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും അലഞ്ഞുതിരിയുന്ന മനോവൈകല്യമുള്ളവരെ പോലും യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് മലയാളികള്‍ തല്ലിച്ചതക്കുന്നത്. പൊന്നാനിയില്‍ മനോരോഗിയായ ഒരു വൃദ്ധനെ ഒരു സംഘം നഗ്‌നനാക്കിയ ശേഷമാണ് പൊതിരെ തല്ലിയത്. ചുറ്റുപാടുകളെക്കുറിച്ച് യാതൊരു തിരിച്ചറിവുമില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനും അന്തിയുറക്കത്തിനും മാത്രം റെയില്‍വെ സ്‌റ്റേഷനില്‍ അലയുന്ന ഒരു പാവം മനുഷ്യനെ ഭേദ്യം ചെയ്യാനും മര്‍ദിക്കാനും തുണിയുരിയാനും മലയാളികള്‍ മത്സരിക്കുകായിരുന്നു. തെരുവിന്റെ സന്തതികള്‍ക്ക് ഒരു നേരത്തെ ആഹാരമോ വസ്ത്രമോ നല്‍കാന്‍ തയ്യാറല്ലാത്തവരാണ് ഏതോ കുപ്രചരണങ്ങളില്‍ വിശ്വസിച്ച് ഇത്രയും നികൃഷ്ടമായ രീതിയില്‍ സഹജീവികളോട് പെരുമാറുന്നത്. ഇവിടെ യഥാര്‍ഥത്തില്‍ തുണിയുരിഞ്ഞ് നഗ്‌നമാക്കപ്പെട്ടിരിക്കുന്നത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കിടയില്‍ മലയാളികളെ വേറിട്ടുനിര്‍ത്തിയ അഭിമാനവും ആഭിജാത്യവുമാണ്. ഇതിനിടയിലാണ് കണ്ണൂരിലെ കൂത്തുപറമ്പില്‍ കുട്ടിക്കടത്ത് സംഘത്തില്‍ പെട്ട ആളാണെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവമറിഞ്ഞെത്തിയ പോലീസ് മര്‍ദനത്തിനിരയായ ബിഹാര്‍ സ്വദേശി ചോട്ടുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടിക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഇങ്ങനെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അന്യസംസ്ഥാനക്കാരെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും വെറും സംശയത്തിന്റെ പേരില്‍ മാത്രം ശാരീരികമായി ഉപദ്രവിക്കുകയും പൊലീസിലേല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇങ്ങനെ പോലീസ് പിടിയിലാകുന്നവര്‍ കുറ്റവാളികളാണെന്ന് ഉറപ്പിക്കാനുളള തെളിവുകള്‍ പൊലീസിന് ലഭിക്കാത്തതിനാല്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്നു.

പൊതുസ്ഥലങ്ങളിലും വീട്ടുപറമ്പുകളിലും തകരപ്പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗശൂന്യമായ മറ്റ് വസ്തുക്കളുമൊക്കെ ശേഖരിക്കാന്‍ വരുന്നവരെയെല്ലാം ഭിക്ഷാടനമാഫിയകളെന്ന് സംശയിക്കുന്ന മലയാളികള്‍ പ്രത്യേകതരം മനോവൈകൃതങ്ങളുടെ അടിമകളായി മാറുകയാണ്.ഇപ്പോള്‍ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഭിക്ഷാടനത്തിനെതിരെ ബാനറുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശം യാചകനിരോധനമേഖലയാണെന്നും ഭിക്ഷാടകരെ കണ്ടാല്‍ തല്ലിയോടിക്കണമെന്നുമാണ് അതിലെ വാചകങ്ങള്‍. അതുകൊണ്ടുതന്നെ കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ വേഷത്തോടെ ആരെയെങ്കിലും കണ്ടാല്‍ അവരെ ചവിട്ടിക്കൂട്ടാന്‍ ആളുകള്‍ മത്സരിക്കുകയും ചെയ്യുന്നു.ഒരുനേരത്തെ വിശപ്പടക്കാന്‍ ഏറെ നാളായി ഭിക്ഷാടനം നടത്തുന്നവര്‍ക്കും മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പുറമെ കേരളത്തിലെ നിര്‍മാണമേഖലകളിലും ഹോട്ടലുകളിലും മറ്റും കഠിനാധ്വാനം ചെയ്ത് പണിയെടുക്കുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് നേരെ പോലും യാതൊരു കാരണവുമില്ലാതെ ആള്‍ക്കൂട്ടങ്ങള്‍ മര്‍ദനമുറകള്‍ അഴിച്ചുവിടുകയാണ്.
തിരുവനന്തപുരത്തും കൊച്ചിയിലും ഭിന്നലിംഗക്കാരെ പോലും കുട്ടികളെ റാഞ്ചുന്നവരെന്ന് ആക്രോശിച്ചുകൊണ്ട് അടിച്ചവശരാക്കുകയുണ്ടായി. അതേ സമയം ഫെയ്‌സ്ബുക്കിലെയും വാട്‌സ് ആപിലെയും കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. സമീപകാലത്തൊന്നും ഭിക്ഷാടനമാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോയതായുള്ള സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ നടന്ന ഇത്തരം കേസുകളിലെല്ലാം പ്രതികള്‍ മലയാളികള്‍ തന്നെയാണെന്ന്. നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ കാര്യം ഓര്‍ക്കുക. മലയാളികുടുംബങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കയ്യും കണക്കുമില്ല. അവിഹിതബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സ്വന്തം കുഞ്ഞിനെ വകവരുത്താന്‍ പോലും മടികാണിക്കാത്ത അമ്മമാരുടെ നാടാണ് കേരളം. സ്വന്തം രക്തത്തില്‍ പിറന്ന പെണ്‍കുഞ്ഞിനെ ഭോഗിക്കുന്ന എത്രയോ പിതാക്കന്‍മാര്‍ ഇവിടെയുണ്ട്. മദ്യത്തിനുംമയക്കുമരുന്നിനും അടിമകളായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്നവര്‍ വാഴുന്ന നാടുകൂടിയാണ് നമ്മുടെ കൊച്ചുകേരളം.സ്വത്തിനും പണത്തിനും വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരില്‍ മലയാളികള്‍ക്കുള്ള പെരുമ അനിഷേധ്യമാണ്.പെണ്‍വാണിഭത്തിനും മറ്റുമായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളില്‍ പ്രതികള്‍ ഭൂരിഭാഗവും മലയാളികളാണ്. കുട്ടികള്‍ക്ക് ഒരുവിധത്തിലുള്ള സാമൂഹിക സുരക്ഷിതത്വവും നല്‍കാന്‍ സമയവും താത്പര്യവുമില്ലാത്തവരാണ് ഭിക്ഷാടനമാഫിയകളില്‍ നിന്നും കുരുന്നുകളെ രക്ഷിക്കുന്ന കാവല്‍ഭടന്‍മാരായി സ്വയം അവതരിക്കുന്നതെന്നതും പരിഹാസ്യമാണ്. അയല്‍പക്കത്തെ കുടുംബത്തില്‍ ഒരു കുട്ടിയെ കൊല്ലാക്കൊല ചെയ്താല്‍ പോലും തിരിഞ്ഞുനോക്കാത്ത സ്വാര്‍ത്ഥസമൂഹം പൊതു ഇടങ്ങളില്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തിഭാവങ്ങളായി നടിക്കുന്നത് അരോചകമായ അനുഭവം തന്നെയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും കുട്ടികളോട് കാണിക്കുന്ന ക്രൂരതകളുമായി ബന്ധപ്പെട്ടും അവിടങ്ങളിലെ കുട്ടികളുടെ തിരോധാനങ്ങള്‍ സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ കേരളവുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റര്‍ പ്രചാരണങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവമാണ്. ഇതെല്ലാം കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങളാണെന്ന്‌തെറ്റിദ്ധരിച്ച്മലയാളികള്‍ തെരുവിന്റെ മക്കളെയും അന്യസംസ്ഥാനക്കാരെയും വളഞ്ഞിട്ട് മര്‍ദിക്കുകയാണ് ചെയ്യുന്നത്. യാചകവേഷത്തിലെത്തി കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങള്‍ കേരളത്തിലുണ്ടാകാം.യാചകരായി അഭിനയിച്ച് കോടികള്‍ സമ്പാദിക്കുന്ന തട്ടിപ്പുകാരുമുണ്ട്. അതിന്റെ പേരില്‍ നിരപരാധികളോട് കാണിക്കുന്ന ക്രൂരതകള്‍ മലയാളികളെ ആക്രമണോത്സുക വംശീയതയുടെ വക്താക്കളാക്കി മാറ്റുകയാണ് ചെയ്യുന്നത്. മണ്ണിന്റെ മക്കള്‍വാദം ഉയര്‍ത്തി മുംബൈയില്‍ ശിവസേനക്കാര്‍ മലയാളികള്‍ അടക്കം മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കുകയും തല്ലിയോടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവമുണ്ടഇതിനെതിരെ മുംബൈയില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ച അവിടത്തെ മലയാളിസംഘടനകള്‍ ശിവസേനയെ അടിയറവ് പറയിപ്പിക്കുക തന്നെചെയ്തു. കേരളത്തില്‍ നിന്നും മുംബൈയിലെ മലയാളിപ്രക്ഷോഭത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ മുംബൈയില്‍ ശിവസേനക്കാര്‍ നടത്തിയ അക്രമങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തികളാണ് മലയാളികളിലെ വിവേകശൂന്യര്‍ കേരളത്തില്‍ മറുനാട്ടുകാരോട് കാണിക്കുന്നത്.

യാചകര്‍ക്കെതിരായ പോസ്റ്റുകള്‍ ഫെയ്‌സുബുക്കിലും വാട്‌സ് ആപിലും വ്യാപകമായി ഷെയര്‍ ചെയ്യുന്നവരിലേറെയും ആര്‍ക്കും ഒരു രൂപയുടെ സഹായം പോലും ചെയ്യാത്ത കുബേരകുടുംബങ്ങളില്‍ പെട്ടവരാണ്. നല്ല സാമ്പത്തികശേഷിയുണ്ടെങ്കില്‍ പോലും അറ്റകൈക്ക് ഉപ്പ് തേക്കാത്ത പിശുക്കരും സ്വാര്‍ത്ഥന്‍മാരുമായ അവലക്ഷണജന്‍മങ്ങള്‍ ആവേശത്തോടെയാണ് ഭിക്ഷാടനത്തിനെതിരായ സന്ദേശങ്ങളുടെ പ്രചാരകരാകുന്നത്. താനും തന്റെ കുടുംബവും മാത്രം നന്നായാല്‍ മതിയെന്ന സങ്കുചിതചിന്തയുമായി ജീവിക്കുന്ന ഇക്കൂട്ടര്‍ ഭിക്ഷ യാചിക്കുന്നവര്‍ക്ക് പോലും ചില്ലറ നാണയം നല്‍കാന്‍ സന്‍മനസില്ലാത്തവരാണ്. യാചനയല്ല നിരോധിക്കേണ്ടത്. യാചനക്കിടയാക്കുന്ന സാഹചര്യമാണ് ഇല്ലാതാക്കേണ്ടത്. നമ്മുടെ നാട്ടില്‍ എത്രയോ സമ്പന്നരുണ്ട്. റെയില്‍വെ സ്‌റ്റേഷനുകള്‍ അടക്കമുള്ള ഭാഗങ്ങളില്‍ അന്തിയുറങ്ങുന്ന പട്ടിണിപ്പാവങ്ങളുടെ വിശപ്പ് മാറ്റാന്‍ ഇവരുടെയൊക്കെ സമ്പത്തിന്റെ ചെറിയൊരു ശതമാനം മാത്രം വിനിയോഗിച്ചാല്‍ മതിയാകും. സമൂഹത്തിന്റെ കൂട്ടായ പരിശ്രമമുണ്ടായാല്‍ പട്ടിണിയില്ലാത്തവരുടെ നാട് എന്ന മഹത്തായ ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയും. അതിന് സാധിക്കാത്തിടത്തോളം കാലം ഭിക്ഷാടനം നിരോധിക്കാന്‍ ധാര്‍മികമായി ആര്‍ക്കും അധികാരമില്ല.