Friday
14 Dec 2018

നേരത്തെ മരിക്കുന്നവരുടെ രാജ്യമായി ഇന്ത്യ മാറിയതെങ്ങനെ?

By: Web Desk | Saturday 24 February 2018 10:11 PM IST

സി ആര്‍ ജോസ്പ്രകാശ്

100 വര്‍ഷങ്ങള്‍ക്കുമുന്‍പ് ലോകജനതയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 32 വയസായിരുന്നു. അന്ന് 25 വയസു കഴിഞ്ഞവരെ വൃദ്ധസമൂഹമായിട്ടാണ് കണക്കാക്കിയിരുന്നത്. 1950 ന് ശേഷമാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. 1950 മുതല്‍ 2000 വരെയുള്ള 50 വര്‍ഷ കാലയളവിനുള്ളില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ 22 വര്‍ഷത്തെ വര്‍ധനവ് രേഖപ്പെടുത്തി. ആയൂര്‍ദൈര്‍ഘ്യത്തെ സംബന്ധിച്ച്, ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ഈ കാലയളവിലാണ്. ഈ 50 വര്‍ഷത്തെ ചരിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ കാലഘട്ടവും ഇതാണ്. എഡി ഒന്നാം നൂറ്റാണ്ടില്‍ ലോക ജനസംഖ്യ 20 കോടി മാത്രമായിരുന്നു എന്നാണ് ഏകദേശമായി കണക്കാക്കപ്പെട്ടിട്ടുള്ളത്. അടുത്ത 1000 വര്‍ഷം കൊണ്ട് ഈ ജനസംഖ്യയില്‍ ഇരട്ടിവര്‍ധനവ് മാത്രമാണ് ഉണ്ടായത്. 1800-ല്‍ ജനസംഖ്യ 100 കോടിയായും 1900-ല്‍ ഇത് 165 കോടിയായും ഉയര്‍ന്നു. എന്നാല്‍ 1950-ല്‍ 252 കോടിയായിരുന്ന ജനസംഖ്യ 2000 ആയപ്പോള്‍ 612 കോടിയായി ഉയര്‍ന്നു. ജനസംഖ്യയും ആയുര്‍ദൈര്‍ഘ്യവും സമാന്തരമായി വളരുകയായിരുന്നു എന്നത് ചരിത്രത്തിലെ കൗതുകമാണ്.

ഒരു സമൂഹത്തിന്റെ സമഗ്രമായ വികാസം വിലയിരുത്തുന്നതിലെ ഒന്നാമത്തെ ഘടകം ആ സമൂഹത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യമാണ്. ഓരോ രാജ്യത്തും നിലവിലുള്ള സാമൂഹിക വ്യവസ്ഥയെക്കുറിച്ച് ധാരാളം ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടാനാകുമെങ്കിലും ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും കുറച്ചൊക്കെ വികസനത്തിന്റെ വഴിയെ തന്നെയായിരുന്നു യാത്ര എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ബയോടെക്‌നോളജിയുടെയും വളര്‍ച്ച സൃഷ്ടിച്ച സമ്മര്‍ദം അവികസിത രാജ്യങ്ങളെയും ഒരു പരിധിവരെ സ്വാധീനിച്ചു എന്നു വ്യക്തം.

കഴിഞ്ഞനൂറ്റാണ്ടില്‍ ലോകത്ത് എല്ലാരാജ്യങ്ങളിലും ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം മനുഷ്യസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ്. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 29 രാജ്യങ്ങളിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വയസ്സില്‍ കൂടുതലാണ്. ജപ്പാന്‍ (83.7), സ്വിറ്റ്‌സര്‍ലന്റ് (83.6), സിംഗപ്പൂര്‍ (83.1), ആസ്‌ട്രേലിയ (82.8), ഇറ്റലി (82.6), ഇസ്രായേല്‍ (82.5), ഫ്രാന്‍സ് (82.4), കാനഡ (82.2), യു.കെ (81.2), ജര്‍മ്മനി (81.1) ഈ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്ക (79.3) ക്യൂബ (79.3), ചൈന (76.8), വിയറ്റ്‌നാം (76.2) എന്നീ രാജ്യങ്ങളും തൊട്ടടുത്തുണ്ട്. എന്നാല്‍ നൈജീരിയ (54.5) ആഗോള (52.45) എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ വളരെ നേരത്തെ മരിക്കുന്നു. ലോകജനതയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 71.1 ആണ്. 1900-ല്‍ ഇന്ത്യയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 23 ആയിരുന്നു. 1950-ല്‍ ഇത് 37 ആയും 70-ല്‍ 54 ആയും 2000-ല്‍ 61 ആയും ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍, ഏറ്റവും കൂടുതല്‍ മനുഷ്യര്‍ നേരത്തെ മരിക്കുന്ന രാജ്യം ഇപ്പോള്‍ ഇന്ത്യയാണ്. ഇന്ത്യയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.3 ആണ്. ഇത് ലോക ശരാശരിക്കും താഴെയാണ്.

ഇന്ത്യയുടെ ജനസംഖ്യ ഇപ്പോള്‍ 137 കോടിയാണെങ്കിലും (17.78%) പത്ത് കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള 13 രാജ്യങ്ങളെ ലോകത്തുള്ളു. ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ 142 കോടിയും (18.55 %) മൂന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 32.7 കോടിയും (4.28%) ആണ് ജനസംഖ്യ. ഈ പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍ ഇവയാണ്. ഇന്‍ഡോനേഷ്യ(27.7 കോടി), ബ്രസീല്‍(21), പാകിസ്ഥാന്‍(20), നൈജീരിയ(19.5), ബംഗ്ലാദേശ്(16.7), റഷ്യ(14.3), മെക്‌സികോ(13), ജപ്പാന്‍(12.7), എത്യോപ്യ(10.7), ഫിലിപ്പൈന്‍സ്(10.6). ഈരാജ്യങ്ങളില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 75-ല്‍ കൂടുതല്‍ ഉള്ളത് ജപ്പാന്‍, അമേരിക്ക, ചൈന, മെക്‌സികോ എന്നീ നാലു രാജ്യങ്ങളില്‍ മാത്രമാണ്. ലോകത്ത് ആകെയുള്ള 754 കോടി മനുഷ്യരില്‍ 468 കോടിയും ജീവിക്കുന്നത് ഈ പതിമൂന്നു രാജ്യങ്ങളിലായിട്ടാണ് എന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കണക്കാണ്.
ഒരു സമൂഹം മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരത്തെ മരിക്കുന്നവരായി മാറാന്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ ദാരിദ്ര്യം തന്നെയാണ് ഒന്നാമത്തെ കാരണം. നവജാതശിശുക്കളുടെ മരണം മറ്റൊരു പ്രധാന കാരണമാണ്. 1000 നവജാത ശിശുക്കളില്‍ 26 നവജാതശിശുക്കള്‍ ഇന്ത്യയില്‍ മരണമടയുന്നു. ലോകത്തെ വികസിത രാജ്യങ്ങളിലെല്ലാം ഇത് അഞ്ചില്‍ താഴെയാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം 2.56 കോടി കുട്ടികള്‍ ജനിക്കുന്നു. അതില്‍ പ്രസവിച്ച് ഒരു മാസത്തിനുള്ളില്‍ 6.49 ലക്ഷം കുട്ടികളാണ് മരണമടയുന്നത്. ഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന പോഷകാഹാര കുറവ്, ചികിത്സ കിട്ടാത്ത അവസ്ഥ, സ്ഥിരമായ തൊഴിലും വരുമാനവും ഇല്ലായ്മ, സുരക്ഷിതമായ വീട്, കക്കൂസ് ഇവ ഇല്ലാത്ത സ്ഥിതി, രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ജീവിത സാഹചര്യം, നിരക്ഷരത മൂലം ശാസ്ത്രീയമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ വരുന്നത്, ചികിത്സ തേടുന്നതില്‍ പോലും തടസ്സം സൃഷ്ടിക്കുന്ന മതപരമായ വിലക്കുകളും അന്ധവിശ്വാസങ്ങളും, സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ലഭ്യമാകാത്ത സ്ഥിതി വിശേഷം, സമൂഹത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാകാത്തത്, പ്രകൃതി ദുരന്തങ്ങള്‍, മോശം കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ക്രമസമാധാന തകര്‍ച്ച, ചില സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അലസമനോഭാവം, ലഹരിപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗം, ആവശ്യത്തിന് ശുദ്ധജലം കിട്ടാതെ വരുന്നത്, ജനസേവനം ഉറപ്പുവരുത്തുന്നതിന് കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ് ഇല്ലാതെ വരുന്നത്, ആഗോളതാപനിലയില്‍ വരുന്ന മാറ്റങ്ങള്‍, വളരെ വേഗത്തില്‍ ഉയരുന്ന ജനസാന്ദ്രത, ഇന്ത്യയെപോലെയുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയമായ വിവേചനവും പിന്നോക്കാവസ്ഥയും, സവര്‍ണ്ണമേധാവിത്വവും കോര്‍പ്പറേറ്റ് ശക്തികളും നടത്തുന്ന ചൂഷണം ഇങ്ങനെ ധാരാളം കാര്യങ്ങള്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടാനാകും. സാമ്പത്തികമായി മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ മനുഷ്യര്‍ മറ്റു രാജ്യങ്ങളിലെ മനുഷ്യരെക്കാള്‍ ശരാശരി 19 വര്‍ഷം കൂടുതല്‍ ജീവിക്കുന്നുണ്ട്. ശരാശരി ഇന്ത്യാക്കാര്‍ ജീവിക്കുന്നതിനെക്കാള്‍ 16 വര്‍ഷവും 4 മാസവും ജപ്പാന്‍കാര്‍ കൂടുതല്‍ ജീവിക്കുന്നു എന്നതാണ് കണക്ക്. ഇന്ത്യയും ചൈനയും തമ്മില്‍ ആയുര്‍ദൈഘ്യത്തില്‍ വരുന്ന വ്യത്യാസം കൂടി പരിശോധിക്കാം. 1940-50 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും ശരാശരി ആയുര്‍ദൈര്‍ഘ്യം ഏകദേശം തുല്യമായിരുന്നു. എന്നാല്‍ 1960 കള്‍ക്കുശേഷം ചൈനാക്കാര്‍ കൂടുതല്‍ കാലം ജീവിക്കുന്നവരായി മാറി. ഇന്നിപ്പോള്‍ ചൈനയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 76.8 ആയിരിക്കുമ്പോള്‍ ഇന്ത്യയുടേത് 67.3 ആണ്. ഇതിനര്‍ത്ഥം ശരാശരി ഇന്ത്യാക്കാര്‍ ജീവിക്കുന്നതിനെക്കാള്‍ 9 വര്‍ഷവും 5 മാസവും ചൈനക്കാര്‍ കൂടുതല്‍ ജീവിക്കുന്നു എന്നാണ്. ഇത് സ്വാഭാവികമായോ ചരിത്രപരമായോ സംഭവിക്കുന്ന വ്യത്യാസമല്ല. ഇന്ത്യാക്കാരുടെ ശരാശരി പ്രതിശീര്‍ഷ വരുമാനം 1709 ആയിരിക്കുമ്പോള്‍ ചൈനാക്കാരുടേത് 8123 രൂപയാണ്. ഇന്ത്യാക്കാരെക്കാള്‍ 79 ശതമാനം കൂടുതലാണ് അവരുടെ വരുമാനം. 1960 കളില്‍ ഈ വ്യത്യാസം വെറും 9 ശതമാനം ആയിരുന്നു എന്നതുകൂടി ഓര്‍ക്കണം. ഇന്ത്യാക്കാരേക്കാള്‍ ഇരട്ടി ഭക്ഷണം ചൈനാക്കാര്‍ കഴിക്കുന്നു എന്നതും പ്രധാനമാണ്.

ഇന്ത്യയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.3 ആയിരിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിവിധ സമൂഹങ്ങളിലും നിലവിലുള്ള ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ അന്തരമുണ്ട് എന്നതും കാണണം. കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 76.9 ആയിരിക്കുമ്പോള്‍ ഗുജറാത്തിലേത് 69.7 ഉം ബീഹാറിലേത് 69.1 ഉം മധ്യപ്രദേശിലേത് 65.2 ഉം യുപിയിലേത് 65.1 ഉം ആണ്. ഇതിനര്‍ത്ഥം ശരാശരി യുപിയിലെ മനുഷ്യര്‍ ജീവിക്കുന്നതിനെക്കാള്‍ 11 വര്‍ഷവും 8 മാസവും മലയാളികള്‍ കൂടുതല്‍ ജീവിക്കുന്നു എന്നാണ്. 2018 ജനുവരി മാസത്തില്‍ പുറത്തുവന്ന ഒരു കണക്കുകൂടി പരിശോധിക്കാം. ഇന്ത്യയിലെ സവര്‍ണ്ണകുടുംബങ്ങളിലും കോര്‍പ്പറേറ്റു കുടുംബങ്ങളിലുമുള്ള വനിതകള്‍ ശരാശരി 83 വയസ്സുവരെ ജീവിക്കുമ്പോള്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വനിതകള്‍ 62 വയസുവരെയേ ജീവിക്കുന്നുള്ളു. ഇന്ത്യയിലെ ദളിത് വനിതകള്‍ 21 വര്‍ഷം മുമ്പേ മരിക്കുന്നു എന്നര്‍ത്ഥം.
വ്യാവസായികമായും മറ്റു വിധത്തിലും ഒരു രാജ്യം കൈവരിക്കുന്ന സമ്പന്നത, എണ്ണ, കല്‍ക്കരി, ഇരുമ്പ് മുതലായവയുടെ നിക്ഷേപങ്ങള്‍, ജനങ്ങളുടെ സ്ഥിരോത്സാഹം, ഉയര്‍ന്നസാക്ഷരതയും ബുദ്ധിവൈഭവവും, അനുകൂലമായ കാലാവസ്ഥ, ശുദ്ധജലലഭ്യത ഇവയൊക്കെയും ആയുര്‍ദൈര്‍ഘ്യം ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങളാണ്. അതോടൊപ്പം ഓരോ രാജ്യത്തും നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയും ഭരണതലത്തിലുള്ള നടപടികളും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയോ അത് താഴേക്ക് കൊണ്ടുപോകുകയോ ചെയ്യും എന്നതും വസ്തുതയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഇക്കാര്യത്തിലെ താരതമ്യം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് ക്യൂബയെന്ന കൊച്ചു രാജ്യത്തെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം അമേരിക്കയ്ക്ക് തുല്യമായി ഉയര്‍ന്നത്. (79.3 വീതം) കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനമാണ് ഈ നേട്ടത്തിന് വഴിവെച്ചത്. വിയറ്റ്‌നാമിന്റെ സ്ഥിതിയും ഇത്തരത്തിലുള്ളതാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ സോവിയറ്റ് ജനതയുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അതില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇപ്പോള്‍ റഷ്യയുടെ ആയുര്‍ദൈര്‍ഘ്യം 70.5 മാത്രമാണ്. ഇന്ത്യയില്‍ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം 76.9 വയസ്സായി ഉയര്‍ന്നു നില്‍ക്കുന്നതിലും ഈ കമ്മ്യൂണിസ്റ്റ് സ്വാധീനവും അതിന്റെ ഭരണ നടപടികളും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.
ലോകത്തെ ഭൂരിപക്ഷം ജനങ്ങളും അവര്‍ക്ക് അര്‍ഹതപ്പെട്ട മനുഷ്യാവകാശങ്ങള്‍ ലഭിക്കാതെ നേരത്തെ മരിക്കുന്ന അവസ്ഥ ഇന്നും നിലനില്‍ക്കുന്നു. ലോകത്തെ പൊതുവായുള്ള സ്ഥിതിയെക്കാള്‍ മോശമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി. ഇത് മാറ്റിയെടുക്കുക എന്നത് എല്ലാ മനുഷ്യസ്‌നേഹികളുടെയും മനുഷ്യസ്‌നേഹമുള്ള പ്രസ്ഥാനങ്ങളുടെയും ഒന്നാമത്തെ ലക്ഷ്യമാകണം. ചരിത്രം ഇത് നമ്മോട് ആവശ്യപ്പെടുന്നു.