Monday
17 Dec 2018

ഭാഗവത്, ഉമാഭാരതി, ഒവൈസി വിവിധ ഭാഷകളില്‍ ഒരേ ആശയങ്ങള്‍

By: Web Desk | Thursday 1 March 2018 8:39 PM IST

 അബ്ദുള്‍ ഗഫൂര്‍ 

രാജ്യത്തിന്റെ പോക്ക് എത്രത്തോളം അപകടകരമായ വഴികളിലൂടെയാണ് എന്ന ആശങ്ക ഒന്നുകൂടി വര്‍ധിപ്പിക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായി. അവയുടെയെല്ലാം അപകടം അത് രാജ്യത്തിന്റെ ചരിത്രവും വിശ്വാസവും സൈന്യവും സുരക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളത് കൂടിയാണ്. ഒന്ന്, ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണെന്നും ഇവിടെയുള്ള മുസ്‌ലിങ്ങളും ഹിന്ദുക്കളായിരുവെന്നും മറ്റൊന്ന്, സൈന്യത്തെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തിയും മോഹന്‍ ഭാഗവത് നടത്തിയതാണ്. രണ്ടാമത്, അസദുദീന്‍ ഒവൈസി സൈനിക രക്തസാക്ഷിത്വങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ചുകൊണ്ട് നടത്തിയ വിവാദപ്രസ്താവനയാണ്. മറ്റൊന്ന് കേന്ദ്ര മന്ത്രിയും വര്‍ഗീയ വിഷം ചീറ്റിയുള്ള പ്രസംഗങ്ങളില്‍ അഗ്രഗണ്യയുമായ ഉമാഭാരതിയുടേതാണ്.
ബഹുസാംസ്‌കാരികത നിറഞ്ഞതും ബഹുജാതീയവും മതേതരവുമായതുമായ സൈന്യത്തിന് പകരം ആര്‍എസ്എസിനെ അനുവദിച്ചാല്‍ മൂന്ന് ദിവസം കൊണ്ട് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു ആര്‍എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ വിഷംചീറ്റുന്ന ഒരു പ്രസ്താവന. ഇതിന് പകരമെന്നോണം കരുതാവുന്ന പ്രസ്താവന ലോക്‌സഭാംഗം അസാദുദീന്‍ ഒവൈസിയുടെ ഭാഗത്തുനിന്നുണ്ടായി. സുഞ്ച്‌വാനില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് പേരില്‍ അഞ്ചും മുസ്‌ലിങ്ങളായിരുന്നുവെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.
മുസ്‌ലിമിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് സുഞ്ച്‌വാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മുസ്‌ലിം സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ നിശബ്ദരായിരിക്കുന്നത് എന്ന ഒവൈസിയുടെ ചോദ്യം യഥാര്‍ഥത്തില്‍ മുസ്‌ലിം മതവിശ്വാസികളെ ആവേശഭരിതരാക്കുകയല്ല അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്. മറിച്ച് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആര്‍എസ്എസുകാരെ അമ്പരപ്പിക്കില്ലെങ്കിലും ഇന്ത്യയിലെ ഹിന്ദുക്കളെ അമ്പരപ്പിക്കുന്നതു തന്നെയാണ്.
ഈ മൂന്നു നേതാക്കളുടേതും അപകടകരമായ ഒരു പ്രസ്താവന എന്നതിനപ്പുറം മാനങ്ങളുള്ളതാണ്. കാരണം നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി ഇപ്പോള്‍ കാക്കുന്നത് മതത്തിന്റെയോ ജാതിയുടേയോ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരല്ല എന്നുള്ളതുതന്നെ. മതതീവ്രവാദത്തിന്റെ ശബ്ദത്തിലാണ് മൂവരും സംസാരിച്ചിരിക്കുന്നത്.
രാമജന്മഭൂമിയില്‍ തന്നെ ബാബറി മസ്ജിദ് പണിതത് ഹിന്ദുക്കളെ നിന്ദിക്കുന്നതിന് വേണ്ടിയാണെന്നാണ് ഉമാഭാരതി നടത്തിയ പ്രസ്താവന. ചരിത്രത്തിന്റെയോ പുരാണത്തിന്റെയോ ഒരു പിന്‍ബലവുമില്ലാതെയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നൊരാള്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. അത് പക്ഷേ രാജ്യത്തെ ഹിന്ദുഭ്രാന്തിനെ ഉത്തേജിപ്പിക്കാനുള്ളതാണെന്ന് വ്യക്തമാണ്. ചരിത്രത്തെയും പുരാണങ്ങളെയും വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തുമാണ് മതതീവ്രവാദികള്‍ അവരുടെ അണികളെ ഉത്തേജിപ്പിക്കാറുള്ളത്. അതിനാലാണ് ദുര്‍ഗയെ കുറിച്ചും പത്മാവതിയെ കുറിച്ചുമുള്ള സിനിമകളും എത്രയോ ദശകങ്ങളായി പാടിപ്പതിഞ്ഞ ‘മാണിക്യ മലരായ പൂവി…’ എന്ന ഗാനവും അവയുടെ ശരിയായ തലത്തിലുള്ള ആസ്വാദനത്തിനപ്പുറം വിവാദങ്ങളാകുന്നത്. അതില്‍ വര്‍ഗീയതയുടെയും മതവിദ്വേഷത്തിന്റെയും വിത്തുകള്‍ മാത്രം തേടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ആര്‍എസ്എസ് എന്നത് ഒരിക്കലും രാജ്യത്തെ പൊതുസൈനിക സംഘടനയായിരുന്നില്ല. അത് സാംസ്‌കാരിക സംഘടനയാണെന്നാണ് സ്വയം അവകാശപ്പെടുന്നതെങ്കിലും അവ തീവ്ര ഹിന്ദുത്വവുമായി ബന്ധപ്പെട്ട വിഷം ചീറ്റുന്ന പ്രവര്‍ത്തനങ്ങളല്ലാതെ രാജ്യത്തെ പൊതുസമൂഹത്തെ ആകെ ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും വിധത്തിലുള്ള എന്തെങ്കിലും ക്യാമ്പെയിനുകള്‍ നടത്തിയതായും അറിവില്ല. വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും പ്രചരണങ്ങളല്ലാതെ യോജിപ്പിന്റെ മേഖലകള്‍ സൃഷ്ടിക്കുന്ന എന്തെങ്കിലും ശ്രമങ്ങള്‍ ആര്‍എസ്എസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ചരിത്രത്തിന്റെ ഇന്നലെകള്‍ പരിശോധിച്ചാലും അങ്ങനെയൊന്ന് കണ്ടെത്താനാകില്ല. എന്നുമാത്രമല്ല വിദേശ ഭരണത്തിലിരിക്കുമ്പോള്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമാകാനും അവര്‍ തയ്യാറായിട്ടില്ല. പലപ്പോഴും വിദേശ ഭരണാധികാരികള്‍ക്ക് ഓശാന പാടുന്ന നടപടികളുണ്ടാവുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗം പാര്‍ലമെന്റില്‍ നടത്തവേ ഇന്ത്യാവിഭജനത്തിന്റെ കുറ്റം കോണ്‍ഗ്രസിന്റെയും നെഹ്‌റുവിന്റെയും തലയില്‍ ചുമത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തുനിഞ്ഞത്. വല്ലഭ്ഭായി പട്ടേലായിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുകയുണ്ടായി. എന്നാല്‍ സ്വാതന്ത്ര്യം നേടുന്ന വേളയില്‍ ഏകോപിത ഇന്ത്യയ്ക്കുവേണ്ടി എന്താണ് ചെയ്തതെന്ന ചോദ്യത്തിനുത്തരം തേടുമ്പോള്‍ ആര്‍എസ്എസ് എന്ന നരേന്ദ്രമോഡിയുടെ തലതൊട്ടപ്പന്‍ ഇന്ത്യവിഭജനത്തിന് അനുകൂലമായിരുന്നുവെന്ന യാഥാര്‍ഥ്യത്തിലേയ്ക്കാണ് എത്തിച്ചേരുക.
ഈയൊരു പശ്ചാത്തലത്തില്‍ നിന്നുമാത്രമല്ല ഭാഗവതിന്റെ വിദ്വേഷകരമായ പ്രസ്താവനയെ കാണേണ്ടത്. സ്വാതന്ത്ര്യാനന്തരവും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോജിച്ച ഇന്ത്യയെ അംഗീകരിക്കുന്നതോ മതേതരത്വത്തെ ബഹുമാനിക്കുന്നതോ ആയ നിലപാടുകളായിരുന്നില്ല. എന്നുമാത്രമല്ല ഹിന്ദുവിന്റെ പേര് പറയുമ്പോഴും സവര്‍ണ ഹിന്ദുത്വത്തെയാണ് ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. അവിടെ ശൂദ്രര്‍, ദളിതര്‍, ന്യൂനപക്ഷ ഹിന്ദുവിഭാഗങ്ങള്‍ എന്നിവര്‍ക്ക് വോട്ടിന്റെ കാര്യത്തിലല്ലാതെ സ്ഥാനവുമുണ്ടായിരുന്നില്ല. സാമൂഹ്യനീതിയുടെ വിഷയമുയരുമ്പോള്‍ പോലും ആര്‍എസ്എസ് എന്നും സവര്‍ണ വിഭാഗത്തിന്റെ താല്‍പര്യങ്ങളുടെ കൂടെ മാത്രമാണ് നിലക്കൊണ്ടിരുന്നതെന്നതാണ് നമ്മുടെ അനുഭവം. അതുകൊണ്ട് തന്നെ ആര്‍എസ്എസ് ഇപ്പോള്‍ സംസാരിക്കുന്ന അവരുടെ സ്വന്തം സൈന്യമെന്നത് ഇന്ത്യയിലെയെന്നല്ല ഹിന്ദുക്കളിലെ പോലും ന്യൂനപക്ഷത്തെ മാത്രമാണ് ഉള്‍ക്കൊള്ളുന്നതെന്ന് കാണാവുന്നതാണ്.
ഹിന്ദുക്കളിലെ ആത്മീയമായ പരിഷ്‌കരണത്തിന് വേണ്ടിയോ സാമൂഹ്യമായ നവോത്ഥാനത്തിന് വേണ്ടിയോ നിലക്കൊണ്ട ഒരവസരം പോലും ആര്‍എസ്എസിനുണ്ടായിട്ടുമില്ല. അംബേദ്ക്കര്‍ ഉയര്‍ത്തിയ ദളിത് നവോത്ഥാന ശ്രമങ്ങളെ പിന്തുണച്ചവരായിരുന്നില്ല ആര്‍എസ്എസുകാര്‍. എന്നുമാത്രമല്ല ഇപ്പോള്‍ അംബേദ്ക്കറെ കുറിച്ച് വാചാലമാകുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളെ പല ഘട്ടങ്ങളിലും തള്ളിപ്പറയുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ആര്‍എസ്എസിന്റെ സൈനികവിഭാഗത്തെ രാജ്യസുരക്ഷയുടെ ജോലി ഏല്‍പ്പിക്കുകയെന്നതിനര്‍ഥം ശൂദ്രര്‍, ദളിതര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവയെ പാര്‍ശ്വവല്‍ക്കരിക്കുകയെന്നു തന്നെയാണ്.
അതുമാത്രമല്ല ആര്‍എസ്എസിന്റെ സായുധസേന ചിന്തന്‍ ബൈഠക്കുകളിലും പരിശീലന പരിപാടികളിലും പ്രധാനമായും ഊന്നുന്നത് അസഹിഷ്ണുതയും അന്യമത വിദ്വേഷവും മാത്രമാണ്. അതുകൊണ്ടുതന്നെ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് ഗൗരവവും അപകട ഭീഷണിയും വര്‍ധിക്കുന്നു. കാരണം ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നതെന്നതുതന്നെ. വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുകയെന്ന അജന്‍ഡ അവര്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇപ്പോള്‍ അത് നീതിപീഠത്തിലേയ്ക്കും നീണ്ടുകഴിഞ്ഞിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ സൈന്യത്തേയും കാവിവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയാണ് ഭാഗവതിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നത് സ്പഷ്ടമാണ്.
ഇതാണ് സാഹചര്യമെങ്കിലും അതിനെ വര്‍ഗീയമായി നേരിടുകയെന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. അതുകൊണ്ടാണ് അസാദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയും അപകടകരമാണെന്ന വിലയിരുത്തലിലേയ്ക്ക് എത്തിച്ചേരാന്‍ പ്രേരിപ്പിക്കുന്നത്. ഐഎസ് ചിന്തയാണെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും ഒവൈസിയുടെ പ്രസ്താവനയില്‍ അതിന്റെ സ്വാധീനമുണ്ടെന്നുറപ്പാണ്. സൈന്യത്തില്‍ മരിക്കുന്നവരുടെ എണ്ണം മുസ്‌ലിം, ഹിന്ദു എന്നിങ്ങനെ വേര്‍തിരിച്ചുപറയുന്നത് പോലും ആ സ്വാധീനത്തിന് വശംവദമായിക്കൊണ്ടുതന്നെയാണ്. ഈ രണ്ടു വിഭാഗങ്ങളും മാത്രമല്ല ക്രിസ്തുമത വിശ്വാസികളും ബുദ്ധരും ജൈനരുമുള്‍പ്പെടെയുള്ള എല്ലാ മതവിഭാഗങ്ങളില്‍ പെടുന്നവരും നമ്മുടെ സുരക്ഷാ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഒവൈസിയുടെ പ്രസ്താവനയുടെ അപകടം നമുക്ക് തിരിച്ചറിയാനാകുന്നത്.
ആര്‍എസ്എസിനെ പോലെ തന്നെ സ്വന്തമായ തീവ്രസൈനിക ശക്തിയെ തീറ്റിപ്പോറ്റുന്നവരാണ് ഐഎസും. അവരും ആര്‍എസ്എസില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവഗുണമുള്ളവരല്ലതന്നെ. സ്വന്തമായ അധികാരവും ഭരണവും മതചിന്തകളെ അടിച്ചേല്‍പ്പിക്കലും എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യലുമെല്ലാം ആര്‍എസ്എസിനെപ്പോലെ ഐഎസിന്റെയും പ്രവര്‍ത്തന രീതിയാണ്. ഇന്ത്യയില്‍ ഭരണത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലെങ്കിലും തീവ്ര മതചിന്തകളുള്ള അവര്‍ക്ക് പ്രാദേശികഭരണം കയ്യാളാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം സമാനതകള്‍ വ്യക്തമായിട്ടുള്ളതുമാണ്. ഐഎസിന്റെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ക്ക് മതത്തിന്റെ പേരിലുള്ള വ്യത്യാസം മാത്രമേയുള്ളൂ, സ്വഭാവ ഗുണങ്ങള്‍ ഒന്നുതന്നെയാണ്, പ്രവര്‍ത്തന രീതികളും.
ആശയപരവും ചരിത്രപരവുമായ പഠനത്തിലൂടെ അണികളെ നയിക്കുന്നതിന് പകരം വര്‍ഗീയതയും വിദ്വേഷവും അസഹിഷ്ണുതയും പടര്‍ത്തി ഉത്തേജിപ്പിക്കാനാണ് ഇത്തരം നേതാക്കള്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ മുളയിലേ നുള്ളേണ്ട രണ്ടുചിന്തകളെയാണ് മോഹന്‍ ഭാഗവതിന്റെയും അസാദുദ്ദീന്‍ ഒവൈസിയുടെയും ഉമാഭാരതിയുടെയും പ്രസ്താവനകള്‍ പ്രതിനിധീകരിക്കുന്നത്. അത്തരം പ്രസ്താവനകളെയും നേതാക്കളെയും തള്ളിപ്പറയേണ്ടത് മതേതരത്വവും സാമുദായിക സൗഹാര്‍ദവും നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതമാണ്.