Friday
14 Dec 2018

മതരാഷ്ട്ര സൈദ്ധാന്തികത ബി എസ് മൂംജ്ജെ മുതല്‍ ദീന്‍ദയാല്‍ ഉപാധ്യായ വരെ

By: Web Desk | Thursday 1 March 2018 8:41 PM IST

എ വി ഫിര്‍ദൗസ്‌

സംഘപരിവാര്‍ രാഷ്ട്രീയം ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന അധികാര ശക്തിയായി മാറുകയും ആ രാഷ്ട്രീയത്തിന്റെ സഹജശീലങ്ങളായ ഫാസിസ്റ്റ് പ്രവണതകള്‍ പലതരത്തില്‍ ഇന്ത്യന്‍ ബഹുസ്വര സമൂഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ നടക്കുന്ന സംവാദങ്ങളം വിശകലനങ്ങളും പലപ്പോഴും ഉപരിതല സ്പര്‍ശികള്‍ മാത്രമായി മാറുന്നു എന്ന പരിമിതിയുണ്ട്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ ചര്‍ച്ചകളും ആശയാവതരണങ്ങളും സംഭവിക്കുമ്പോള്‍ തന്നെ ആ രാഷ്ട്രീയത്തിന്റെ ഭൂതകാല പശ്ചാത്തലവും ചരിത്രവും വിശകലനങ്ങളില്‍ കടന്നുവരുന്നില്ല. ആര്‍എസ്എസിനെയും അതിന്റെ പരിവാര ഘടകങ്ങളെയും കേന്ദ്ര സ്ഥാനത്തു നിര്ത്തിക്കൊണ്ടുള്ള ഫാസിസ്റ്റ് രാഷ്ട്രീയ വിമര്‍ശനം ഇന്ത്യയിലെ പരിവാര്‍ ഇതര ഹിന്ദുത്വ വര്‍ഗീയ പ്രസ്ഥാനങ്ങളെക്കുറിച്ച് നിശബ്ദമാകുന്നുണ്ട്. ഇക്കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടയില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ രംഗത്തുവന്ന മതരാഷ്ട്ര ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളില്‍ അംഗത്വ വൈപുല്യവും പ്രവര്‍ത്തന വ്യാപകതയും കൊണ്ട് ഇന്ന് അധികാരത്തില്‍ എത്തി നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ഉള്‍പ്പെടുന്ന ധാര. എന്നാല്‍ ഹിന്ദുത്വവാദ-വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ ചരിത്രം ചികയുമ്പോള്‍ എണ്ണമറ്റ വ്യക്തികളും ഒട്ടനവധി പ്രസ്ഥാനങ്ങളും വേറെയുമുള്ളതായി നമുക്കു കണ്ടെത്താന്‍ കഴിയും. ഹിന്ദു മഹാസഭ, രാഷ്ട്രീയ സ്വയം സേവക സംഘം എന്നിങ്ങനെ രണ്ട് പ്രസ്ഥാനനാമങ്ങളില്‍ തളച്ചിട്ടു വിശകലനം ചെയ്യേണ്ടുന്ന ഒന്നല്ല ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയം യഥാര്‍ത്ഥത്തില്‍. സാവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ഹെഡ്‌ഗേവാര്‍, അശോക് സിംഗാള്‍, തൊഗാഡിയ, മോഹന്‍ ഭാഗവത് എന്നിങ്ങനെ ചില പേരുകളില്‍ മാത്രം കെട്ടിനിര്‍ത്തി ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുമല്ല അത്. മൂന്നു നൂറ്റാണ്ടിനിടയില്‍ വന്നുപോയ മുന്നൂറോളം ചെറുകിട ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയും അതിനിരട്ടി വരുന്ന പലതലങ്ങളിലുള്ള ഹിന്ദുരാഷ്ട്ര ചിന്താഗതിക്കാരായ നേതാക്കളുടെയും ചരിത്രസാന്നിധ്യത്തെ ഫാസിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ല.

എന്തുകൊണ്ടാണ് ആര്‍എസ്എസ് അധികാരത്തില്‍ പങ്കാൡത്തമുള്ള ശക്തിയായി വളര്‍ന്നെത്തിക്കഴിഞ്ഞ ഇക്കാലത്തും ഇന്ത്യയുടെ പല ഭാഗങ്ങളിലായി സംഘ-മോഡിവിരുദ്ധ വാദഗതികളുമായി ഹിന്ദുത്വത്തിന്റെ പേരില്‍ത്തന്നെ ചില ഗ്രൂപ്പുകളും വ്യക്തികളും രംഗത്ത് വരുന്നത്? എന്ന വിഷയം മാത്രം ചിന്തിച്ചാല്‍ നാം സാധാരണ പറയുന്ന ഹിന്ദുത്വ രാഷ്ട്രീയവാദം ഒരു സംഘപരിവാറിന്റേതു മാത്രമായ വിഷയമല്ലെന്നു മനസിലാക്കാന്‍ കഴിയും. ശിവസേന, നവഭാരത് സേന, ശ്രീരാമസേന, സനാതന്‍ സന്‍സ്ഥ, ഹിന്ദു ജാഗരണ്‍ മഞ്ച്, ഭാരത് സ്വാഭിമാന്‍ പാര്‍ട്ടി എന്നിവയൊക്കെ സംഘ കുടുംബത്തിനു പുറത്ത് നില്‍ക്കുന്നവയും സജീവമായിത്തന്നെ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നവയുമായ പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളുമാണ്. ഇവയ്‌ക്കെല്ലാം ആര്‍എസ്എസിന്റെ ഐഡിയോളജിക്ക് പുറത്തുള്ളതും എന്നാല്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയം ഉള്ളടങ്ങിയതുമായ സ്വന്തം പ്രത്യയശാസ്ത്രങ്ങള്‍ തന്നെയാണ്. ആര്‍എസ്എസ് തന്നെ പലപേരുകളില്‍ പരകായ പ്രവേശം നടത്തി ഉണ്ടാകുന്നവയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ എന്ന് ധരിക്കുന്നവര്‍ ഏറെയുണ്ട്. ചില താല്‍ക്കാലിക സംഘടനകള്‍ രൂപീകരിച്ച് ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കായും വിധ്വംസക നീക്കങ്ങള്‍ക്കായും അവയെ ഉപയോഗിക്കുന്ന ശൈലി ആര്‍എസ്എസിന് ഉണ്ടെങ്കില്‍ തന്നെയും സംഘപരിവാറിന് പുറത്തുള്ള ചെറുതും വലുതമായ എല്ലാ തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെയും പിതൃത്വം അവരില്‍ കെട്ടിവയ്ക്കുന്ന സമീപനം നിരര്‍ഥകമാണ്. ഉദാഹരണായി ‘സനാതന്‍ സന്‍സ്ഥ’ എന്ന പേരില്‍ സമീപകാലത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സംഘടനയുടെ കാര്യമോര്‍ക്കുക. മലെഗാവ് സ്‌ഫോടനം, ഹൈദരാബാദിലെ മക്കാമസ്ജിദ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം എന്നിവയുമായി ബന്ധപ്പെട്ടൊക്കെ വന്ന പല വാര്‍ത്തകളിലും ”സനാതന്‍ സന്‍സ്ഥയുടെ” പേരുണ്ടായിരുന്നു. സ്വാമി അസിമാനന്ദ, പ്രജ്ഞാസിങ് ഠാക്കൂര്‍ തുടങ്ങിയ കാഷായവേഷധാരികളുടെ പേരും ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വാര്‍ത്തകളില്‍ വന്നിരുന്നു. ആര്‍എസ്എസിന്റെ ഒരു താല്‍ക്കാലിക ആക്ഷന്‍ ഗ്രൂപ്പാണ് ഇതെന്ന വിധത്തിലാണ് പല മാധ്യമങ്ങളും ആദ്യഘട്ടത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. ഇന്നും അത്തരം തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്ന മാധ്യമങ്ങളുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ കുറഞ്ഞും കൂടിയും വേരോട്ടമുള്ളതും ആര്‍എസ്എസിനേക്കാള്‍ തീവ്രമായ ഹിന്ദുത്വ ചിന്താഗതിയും ആക്രമിക ഹൈന്ദവ (അഗ്രസിവ് ഹിന്ദുത്വ) ബോധവും പുലര്‍ത്തുന്ന പ്രസ്ഥാനമാണ് ഈ സനാതന്‍ സന്‍സ്ഥയെന്നത്. ഹിന്ദു രാഷ്ട്ര സ്ഥാപനം എന്ന അഴകൊമ്പന്‍ ലക്ഷ്യത്തിനുപരിയായി ഇന്ത്യന്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഹൈന്ദവവല്‍ക്കരണം തന്നെയാണ് ഈ സംഘടയുടെ ലക്ഷ്യം. ആര്‍എസ്എസ് ഇന്ന് പറയുന്ന തരത്തിലുള്ളതും മോഡിയും സംഘവും ഉയര്‍ത്തിക്കാട്ടുന്നതുമായ ‘വികസിത ഹിന്ദുരാഷ്ട്ര’ത്തില്‍ ഒരുപക്ഷേ മതന്യൂനപക്ഷങ്ങളും അഹിന്ദുക്കളും പരിമിതമായെങ്കിലും അംഗീകരിക്കപ്പെട്ടു എന്നുവരാം. എന്നാല്‍ സനാതന്‍ സന്‍സ്ഥയുടെ ഹൈന്ദവ രാഷ്ട്രസങ്കല്‍പത്തില്‍ അത് ചിന്തിക്കാന്‍ പോലും അവസരമില്ല. ”സമൂഹത്തിന്റെ ഹിന്ദുത്വവല്‍ക്കരണം യാഥാര്‍ഥ്യമാകണമെങ്കില്‍ ഇവിടത്തെ അവസാന അഹിന്ദുവിന്റെയും ‘അപ്രത്യക്ഷീകരണം’ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു” എന്നതാണ് സനാതന്‍ സന്‍സ്ഥയുടെ നിലപാട്. സര്‍വധര്‍മ സമഭാവന, ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക വിശാലത എന്നൊക്കെ പറഞ്ഞ് സനാതന്‍ സന്‍സ്ഥയുടെ ഭാഗത്തേക്ക് ആര്‍ക്കും അടുക്കാന്‍പോലും കഴിയില്ല. കാരണം സംഘപരിവാര ബുദ്ധിജീവികളില്‍ ചിലരുടെ ഭാഗത്തുനിന്ന് അപൂര്‍വം ചില ഘട്ടങ്ങളിലെങ്കിലും പുറത്തുചാടാറുള്ള ‘എല്ലാ മത-ധര്‍മങ്ങളെയും അംഗീകരിക്കുക’ എന്ന നിലപാട് സനാതന്‍ സന്‍സ്ഥയെ സംബന്ധിച്ച് നിരുത്തരവാദിത്വവും അജാഗ്രതയുമാണ്.ഇസ്‌ലാമിക ഭീകരവാദികളുടെ കൂട്ടത്തില്‍ സമീപകാല പ്രതിഭാസമായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തീവ്രതയെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ വിട്ടുവീഴ്ചയില്ലാത്തതും കര്‍ക്കശവുമാണ് സനാതന്‍ സന്‍സ്ഥയുടെ ഹിന്ദുത്വവാദ നിലപാടുകള്‍. ആര്‍എസ്എസിന് തീവ്രത പോരെന്ന് പറഞ്ഞു രംഗത്തുവന്ന ശിവസേനയുടെ ആദ്യകാല നിലപാടുകളും ഓര്‍ക്കുക. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ കൂടുതല്‍ ഇഴുകിച്ചേര്‍ന്ന പില്‍ക്കാല ശിവസേനയ്ക്ക് അതിന്റെ തുടക്കകാല ഹിന്ദുത്വശൗര്യം അല്‍പം കുറഞ്ഞിട്ടുണ്ട് എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്.
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട നിരവധി പ്രുഖ വ്യക്തിത്വങ്ങള്‍ തീവ്രമായ ഹിന്ദുത്വാഭിനിവേശവും ഹൈന്ദവ രാഷ്ട്ര സങ്കല്‍പവും വെച്ചുപുലര്‍ത്തിയവരായിരുന്നു. ബാലഗംഗാധര തിലകന്‍, ബി എസ് മൂംജ്ജെ, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയവര്‍ ഇത്തരത്തില്‍ ഹിന്ദുത്വവാദികളായതുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ വിഭാഗം വര്‍ഗീയവാദികള്‍ക്കും ഇവര്‍ ആദരണീയരായി മാറിയത്. ദേശീയതയെ ജ്വലിപ്പിക്കാന്‍ ബാലഗംഗാധര തിലകന്‍ അവലംബിച്ച സാംസ്‌കാരികവും മതസ്വഭാവമുള്ളതുമായ ഉപാധികള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്രോതസുകളായി മാറുകയുണ്ടായി. ഗാന്ധിജിയുടെ രംഗപ്രവേശന സമയത്ത് കോണ്‍ഗ്രസിലെ ഉഗ്രദേശീയവാദിയായി അറിയപ്പെട്ടിരുന്ന മദന്‍മോഹന്‍ മാളവ്യ ഹിന്ദുത്വ രാഷ്ട്രീയത്തിന് സാംസ്‌കാരിക ഉള്ളടക്കം വിപുലപ്പെടുത്തുന്നതിലാണ് ശ്രദ്ധയൂന്നിയത്. കോണ്‍ഗ്രസില്‍ ശ്രദ്ധേയമായ പദവി വഹിച്ചുകൊണ്ടിരിക്കവെ തന്നെയാണ് ബി എസ് മൂംജ്ജെ ഡോ. ഹെഡ്‌ഗേവാര്‍ക്കൊപ്പം നിന്ന് രാഷ്ട്രീയ സ്വയസേവക സംഘം രൂപീകരിക്കുന്നതില്‍ മുന്‍കയ്യെടുത്തത്. തിലകനെയും ഹെഡ്‌ഗേവാറിനെയും മദന്‍മോഹന്‍ മാളവ്യയെയും സാക്ഷാല്‍ സാവര്‍ക്കറെയും അപേക്ഷിച്ച് തീവ്ര ചിന്താഗതിക്കാരനായിരുന്നു ബി എസ് മൂംജ്ജെ എന്ന വസ്തുത ഹിന്ദുത്വ രാഷട്രീയ വിശകലനത്തിലെ അവഗണിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. ഇന്ത്യയിലെ ഹിന്ദുക്കളെ ലോക ജനതയിലെ തന്നെ ഏറ്റവും ശക്തരായ ജനവിഭാഗമാക്കി മാറ്റണം, സൈനികമായി കരുത്താര്‍ജിക്കുകയും ആവശ്യമെങ്കില്‍ രാജ്യത്തിനകത്തു തന്നെയുള്ള ആഭ്യന്തര ശത്രുക്കളായ ഇതരമതക്കാരോട് സൈനികമായ പോരാട്ടത്തിന് ഹിന്ദുക്കള്‍ സദാസജ്ജരായിരിക്കയും വേണം, ആര്‍ഷമുല്യങ്ങളുടെ ഉദാരതയും വിശാലതയും പറഞ്ഞിരിക്കാതെ ആട്ടിയോടിക്കേണ്ടവരെ ആട്ടിയോടിക്കതന്നെയാണ് വേണ്ടത് തുടങ്ങിയവയെല്ലാം ബി എസ് മൂംജ്ജെയുടെ തീവ്രവാദ നിലപാടുകളില്‍ ചിലതാണ്. സാവര്‍ക്കര്‍ എഴുതിയ ‘ദ എസെന്‍ഷ്യല്‍ ഓഫ് ഹിന്ദുത്വ’ എന്ന കൃതിയെ വിമര്‍ശിക്കാന്‍ പോലും തയാറായ വ്യക്തിയാണ് മൂംജ്ജെ. ആ കൃതിയില്‍ വേണ്ടത്ര ഹിന്ദുത്വജാഗ്രതയില്ല എന്നതായിരുന്നു വിമര്‍ശന കാരണം. അച്ചടിച്ചിറക്കുന്നതിന് വളരെ മുമ്പുതന്നെ സാവര്‍ക്കര്‍ ഈ കൃതി മൂംജ്ജെയെ കാണിച്ച് അഭിപ്രായമാരായാന്‍ തയാറായതു തന്നെ ആ വ്യക്തിയുടെ ഹിന്ദുത്വത്തില്‍ സാവര്‍ക്കര്‍ക്കുള്ള മതിപ്പുകൊണ്ടായിരുന്നല്ലോ.

അറബ് രാഷ്ട്രങ്ങളില്‍ ബ്രിട്ടന്റെയും മറ്റും സഹായത്തോടെ വളര്‍ന്നുവന്ന അറബ് ദേശീയതയും ഇസ്രയേല്‍ കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സിയോണിസ്റ്റ് ദേശീയവാദവും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ സൈദ്ധാന്തികരെ ചിന്താകുലരാക്കിയിരുന്നു. ഇതില്‍ സിയോണിസ്റ്റ് ദേശീയതയില്‍ നിന്നും വംശീയവും വര്‍ഗീയവുമായ പല പാഠങ്ങളും അവര്‍ സ്വീകരിക്കയും ചെയ്തിട്ടുണ്ട്. മുസ്‌ലിം-ക്രൈസ്തവ വിരോധാശയത്തിന്റെ ഒരു പ്രധാന സ്രോതസായി ഹിന്ദുത്വര്‍ കണ്ടത് യഹൂദസിയോണിസ്റ്റ് ബുദ്ധിജീവികളെത്തന്നെയാണ്. പശ്ചിമേഷ്യയിലെ ബ്രിട്ടീഷ്-ഫ്രഞ്ച് സേനകളില്‍ അംഗങ്ങളായിരുന്ന യഹൂദര്‍ അനുഭവിച്ചു വന്ന വംശീയ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ ബെല്‍ജിയത്തില്‍ നിന്നു വന്ന പത്രപ്രവര്‍ത്തകനായിരുന്ന തിയോഡര്‍ ഹര്‍ട്‌സണ്‍ പിന്നീട് സിയോണിസത്തിന്റെ ഒരു പ്രധാന രാഷ്ട്രീയ വ്യാഖ്യാതാവായി മാറുകയും ‘ദ ജീവിഷ്‌സ്റ്റേറ്റ്’ എഴുതുകയും ചെയ്തത് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയക്കാരെ ആവേശം കൊള്ളിച്ച അനുഭവമായിരുന്നു. വര്‍ഗീയതുടെ താത്വികാചാര്യനായി അറിയപ്പെടുന്ന സാവര്‍ക്കറും സിയോണിസ്റ്റ് രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ തിയോഡര്‍ ഹര്‍ട്‌സണും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കയോ ആചാരങ്ങള്‍ പിന്തുടരുകയോ ചെയ്യുന്നവരായിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു സമാനതയാണ്. സാര്‍വക്കറുടെയും മൂംജ്ജെയുടെയും ഹെഡ്‌ഗേവാറിന്റെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയുമെല്ലാം ചിന്താഗതികള്‍ക്കിടയില്‍ സമാനതകളെ കവച്ചുവയ്ക്കുന്ന പല വൈരുധ്യങ്ങളും ഉണ്ടായിരുന്നു. ഹൈന്ദവ തീവ്രവാദത്തിന്റെ ഒരു പൊതു ആവരണത്തിനുള്ളില്‍ നില്‍ക്കവേത്തന്നെ രാഷ്ട്രീയാശയങ്ങളുടെ പ്രയോഗതീവ്രതകളിലും ഇതര സമൂഹങ്ങളുമായുള്ള കൊടുക്കല്‍ വാങ്ങലുകളുടെ സൂക്ഷ്മാംശങ്ങളിലുമെല്ലാം അവര്‍ക്കിടയില്‍ അപകടകരങ്ങളായ ഭിന്നതകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഏകാത്മ മാനവവാദത്തിന്റെ വക്താക്കളായ പല ഹിന്ദുരാഷ്ട്ര ചിന്തകര്‍ക്കും സംഘചരിത്രത്തിനുള്ളില്‍ അവഗണനയും തിരസ്‌കരണവും നേരിടേണ്ടിവന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ജീവിതാന്ത്യ നിമിഷങ്ങളെക്കുറിച്ചുള്ള ദുരൂഹതകള്‍ക്ക് പോലും ചില താത്വിക വിക്ഷോഭങ്ങളുടെ പശ്ചാത്തലം കാണാവുന്നതാണ്.