Friday
14 Dec 2018

പ്രതിക്കൂട്ടില്‍ ആരൊക്കെ കയറേണ്ടിവരും?

By: Web Desk | Saturday 3 March 2018 10:34 PM IST

പ്രഫ. കെ അരവിന്ദാക്ഷന്‍

നരേന്ദ്രമോഡിയുടെ വിദേശയാത്രയില്‍ മോഡിയുടെ ഫിനാന്‍ഷ്യറും ഉറ്റമിത്രവുമായി അറിയപ്പെടുന്ന കോര്‍പ്പറേറ്റ് ഭീമന്‍ ഗൗതം അദാനി മാത്രമല്ല ഉണ്ടായിരുന്നത്, അന്ന് എസ്ബിഐ ചെയര്‍പേഴ്‌സണായിരുന്ന അരുന്ധതി ഭട്ടാചാര്യയുമുണ്ടായിരുന്നു. കാനഡയിലേക്കുള്ള ജനയാത്രയുടെ ഉദ്ദേശം നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയോ, കാനഡയിലെ വ്യവസായികളുടെ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയോ ആണെന്ന് പറഞ്ഞുകേട്ടിരുന്നത് ശരിയായിരിക്കാം. എന്നാല്‍, അദാനിക്ക് പുറമേ എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയെക്കൂടി കൊണ്ടുപോയതിന്റെ രഹസ്യം നാമറിയാതെ പുറത്തുവരുകയും ചെയ്തു. അദാനിക്ക് കാനഡയിലെ ഏതാനും കല്‍ക്കരിഖനികളില്‍ നിക്ഷേപം നടത്തേണ്ടതുണ്ടായിരുന്നു. അതിനാവശ്യമായ പണം കണ്ടെത്തുകയും വേണമായിരുന്നു. ഈ തുക സമാഹരിക്കുന്നതിന് എസ്ബിഐയുടെ വായ്പ അനിവാര്യമായിരുന്നു. അങ്ങനെ നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളും നിയമങ്ങളും ലംഘിച്ച് 5000 കോടി രൂപയോളം അദാനിയുടെ സംരംഭത്തിന് വിദേശത്ത് തല്‍സമയം അനുദിക്കുകയാണ് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ ചെയ്തത്. എന്നാല്‍ ഈ നടപടിക്രമം തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ ഉറച്ച നിലപാടെടുത്തതോടെ ഈ വായ്പാ ഇടപാട് നടന്നില്ലെന്ന് മാത്രമല്ല, പ്രാദേശികമായ ശക്തമായ എതിര്‍പ്പ് മൂലം അദാനിക്ക് കനേഡിയന്‍ സംരംഭത്തില്‍ നിന്നും പിന്‍വാങ്ങേണ്ടതായി വന്നുവെന്നുമാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഡാവോസ് സമ്മേളനത്തില്‍ നീരവ് മോഡി പങ്കെടുത്തത് ഔദേ്യാഗിക പദവിയിലല്ലെന്ന വാദഗതിക്ക് സാധുതയില്ലെന്ന് കരുതേണ്ടിവരുന്നതും മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്.

ബാങ്ക് വായ്പാതട്ടിപ്പില്‍ നീരവ്‌മോഡിക്ക് കന്നിക്കാരനെന്ന നിലയില്‍ ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിയത് അദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ചോക്‌സി എന്ന വ്യവസായിയാണ്. ഗീതാജ്ഞലി ഗ്രൂപ്പ് എന്ന ആഭരണ വ്യവസായ-വ്യാപാര ശൃംഖലയുടെ സ്ഥാപകനാണ് ചോക്‌സി. ആഗോളബ്രാന്‍ഡ് തന്നെ ഈ മേഖലയില്‍ ഏതുവിധേനയും നേടിയെടുക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം അതേപടി അനുകരിക്കുകയാണ് നീരവ്‌മോഡി ചെയ്തത്. ഗീതാജ്ഞലി ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ ദാനമായി ചോക്‌സി നടത്തിയ എല്ലാ അടവുകളും തന്ത്രങ്ങളും നീരവും പിന്തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നീരവ്‌മോഡി ആഗോളതലത്തില്‍ അറിയപ്പെടുന്ന ഡൊണാള്‍ഡ് ട്രംപിന്റെയും ബില്‍ഗേറ്റ്‌സ് ജൂനിയറിന്റെയും പ്രിന്‍സ് ചാള്‍സിന്റെയും കൂടെ അത്താഴ വിരുന്നുകളില്‍ പങ്കെടുക്കുക പതിവാക്കിയിരുന്നത് എന്നാണ് മാധ്യമറിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്കാകര്‍ഷിക്കുന്നതിനായി പയറ്റിയ തന്ത്രങ്ങളായിരിക്കാം ഇവയെല്ലാം. ചോക്‌സിയാണെങ്കില്‍ ബോളിവുഡിന്റെ സൂപ്പര്‍താരങ്ങളായ പ്രിയങ്ക ചോപ്ര, ഷാരൂഖ്ഖാന്‍, കത്രീന ഖൈഫ്, കരീന കപൂര്‍ തുടങ്ങിയവരെ ഗീതാജ്ഞലി ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കുകയാണ് ചെയ്തത്. ഇത്തരം കൈവിട്ട കളികളെത്തുടര്‍ന്ന് 2012-13ല്‍ 2.28 ബില്യന്‍ ഡോളര്‍ ലാഭമുണ്ടാക്കിയിരുന്ന ചോക്‌സിയും ക്രമേണ അടിപ്പെടുകയും പ്രവര്‍ത്തന മൂലധനമാകെ ഒഴുകിപോയതിനെത്തുടര്‍ന്ന് വ്യക്തിപരമായ കടബാധ്യതകളില്‍ കുരുങ്ങിപ്പോവുകയും ചെയ്തു. സമാനമായ പതനമാണ് നീരവ്‌മോഡിക്കും ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുള്ളത്. ഇതു സംബന്ധമായ വിശദമായ ഒരു റിപ്പോര്‍ട്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് (2018 ഫെബ്രുവരി 21) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാങ്ക് പൊതുമേഖലാ വായ്പാ കൊള്ള ഇതുകൊണ്ടും തീര്‍ന്നില്ല. റോട്ടോമാക്ക്‌പേനവ്യവസായി വിക്രം കൊത്താരിയും കൂട്ടരും ചേര്‍ന്ന് 3695 കോടി രൂപയാണ് തിരിച്ചടവ് വീഴ്ച വരുത്തിയിരിക്കുന്നത്. ആദ്യം പുറത്തുവന്നത് കിട്ടാക്കട തുക 800 കോടി രൂപയാണെന്നായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഒബി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അല്ലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വെട്ടിപ്പുകളാണിപ്പോള്‍ പുറത്തുവരുന്നത്. ഏതായാലും ഈയിടെ പുറത്തുവന്ന കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ റോട്ടോമാക്ക് പേന തന്നെ ഉപയോഗിക്കാവുന്നതുമാണല്ലോ. നീരവ്‌മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും മാത്രമായി തട്ടിയെടുത്ത് നാടുവിട്ടത് 11,400 കോടി രൂപയോളം തിരിച്ചടവ് വായ്പ ബാക്കിവച്ചതിനുശേഷമാണ് എന്നും നാം ഓര്‍ക്കണം.

പിഎന്‍ബി വായ്പാ തട്ടിപ്പുമായി ബന്ധമുള്ള മറ്റൊരു പേരുകാരന്‍ വിപുല്‍ അംബാനിയാണ്. നീരവ് മോഡിയുടെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഡയമണ്ട് ഗ്രൂപ്പിന്റെ ഫിനാന്‍സ് പ്രസിഡന്റായ ഇദ്ദേഹം നിസാരക്കാരനല്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ അനുജന്‍ നാഥുറാം അംബാനിയുടെ മകനാണ് വിപുല്‍. കെമിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ഇദ്ദേഹം തന്റെ കരിയറിന് തുടക്കമിടുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എന്ന പദവിയിലാണ്.
ഇനിയും സമാനമായ പൊതുമേഖലാ ബാങ്ക് ഫണ്ട് വെട്ടിപ്പ് സംബന്ധമായ റിപ്പോര്‍ട്ടുകള്‍ വരാന്‍ സാധ്യതകളേറെയാണ്. അതിനിടെ നീരവ്‌മോഡി പിഎന്‍ബി മാനേജ്‌മെന്റിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടൊരു പ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത് രസകരമായി തോന്നുന്നു. അദ്ദേഹം യഥാര്‍ഥത്തില്‍ വരുത്തിയിട്ടുള്ള വായ്പാ തിരിച്ചടവ് തുക മാനേജ്‌മെന്റ് പെരുപ്പിച്ചു കാട്ടിയിരിക്കുകയാണെന്നും തിരിച്ചടവ് വീഴ്ച പരിഹരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോളെല്ലാം ബാങ്ക് മേധാവികള്‍ അത് തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളതെന്നും നീരാവ് വിമര്‍ശനമുന്നയിച്ചിരിക്കുകയാണിപ്പോള്‍. തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ബാങ്ക് അധികൃതര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്നും നീരവ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വാദി പ്രതിയാകുന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. സര്‍ക്കാര്‍ റെയ്ഡുകളും ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് മരവിപ്പിക്കലുകളും ഒരു വശത്ത് നടക്കുന്നുമുണ്ട്. ഏതായാലും ഒരു കാര്യത്തില്‍ സംശയമില്ല. പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം കുമിഞ്ഞുകൂടുകയാണെന്നും ഇതിനുള്ള ബാധ്യത വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സിനെതിരായി കൃത്യസമയത്ത് നടപടികളെടുക്കാത്ത ഉത്തരവാദിത്വമുള്ള ബാങ്ക് മാനേജ്‌മെന്റ് മാത്രം ഏറ്റെടുത്താല്‍ പോരെന്നും സൂപ്പര്‍വൈസറി അധികാരമുള്ള ആര്‍ബിഐക്കും ധനമന്ത്രാലയത്തിനും കേന്ദ്രസര്‍ക്കാരിനും കൂടിയാണെന്നും പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ബിജെപി നേതാവും എംപിയുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ഈ തട്ടിപ്പില്‍ ധനമന്ത്രി ജെയ്റ്റ്‌ലിക്ക് ഉത്തരവാദിത്വമുണ്ടെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. മോഡി ഭരണത്തിനു കീഴില്‍ എല്ലാം ഭദ്രമാണെന്ന് തുടര്‍ച്ചയായി അവകാശപ്പെട്ടിരുന്ന മോഡി, കിട്ടാക്കട പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് മോഡിയുടെ ചങ്ങാത്ത മുതലാളിത്ത നയമാണെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും അംഗീകരിച്ചേ തീരൂ. യുപിഎ സര്‍ക്കാരിനും ഇക്കാര്യത്തില്‍ ആരും ഇളവൊന്നും അനുവദിക്കുന്നില്ല. മോഡി ഭരണം നാല് വര്‍ഷം പിന്നിടുമ്പോളാണ് നൂറുകണക്കിന് വ്യാജ ഇടപെടലുകള്‍ വഴി നീരവ് മോഡിയും കൂട്ടരും കൂടി പിഎന്‍ബി ഉള്‍പ്പെടെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 72,000 കോടി രൂപയോളം തട്ടിയെടുത്ത വിവരം ആര്‍ബിഐ പുറത്തുവിടുന്നത്. രണ്ടാം യുപിഎ ഭരണത്തിന്റെ അവസാന വര്‍ഷം തുടക്കംകുറിച്ചതാണ് ഈ പ്രക്രിയ. ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതിനുശേഷം മാത്രമാണ് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ഈ പ്രശ്‌നത്തില്‍ ആദ്യ പ്രതികരണവുമായി പ്രത്യക്ഷപ്പെടുന്നത് (‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ 21 ഫെബ്രുവരി 2018) പിഎന്‍സിയില്‍ നടന്ന കോടികളുടെ തിരിമറികള്‍ക്ക് ജെയ്റ്റ്‌ലി പഴിചാരുന്നത് ബാങ്ക് മാനേജ്‌മെന്റിനേയും ഓഡിറ്റര്‍മാരേയുമാണ്. മാനേജ്‌മെന്റും ഓഡിറ്റര്‍മാരും അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല ബാങ്കിങ് വ്യവസ്ഥയുടെ മുഴുവന്‍ കസ്റ്റോഡിയനായ ആര്‍ബിഐക്കല്ലേ? മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ കോര്‍പ്പറേറ്റുകളില്‍ പലരും കിട്ടാക്കടം മനഃപൂര്‍വം വരുത്തിവയ്ക്കുന്നതാണെന്നും ഇത് നടക്കാതിരിക്കുന്നത് ആപത്താണെന്നും മുന്നറിയിപ്പ് നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഉടന്‍ നാടുകടത്തുകയുമാണ് ചെയ്തത്. ബിജെപി എംപിയും കോര്‍പ്പറേറ്റുകളുടെ വക്താവുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി മോഡിയുടെ അറിവോടെ തന്നെ രഘുറാം രാജന്‍ വിരുദ്ധ കുരിശുയുദ്ധത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്വാമിയുടെ ഇര ജെയ്റ്റ്‌ലിയാണ്.
പൊതുമേഖലാ ബാങ്കുകളുടെ ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ മാത്രമല്ല, എക്‌സ്റ്റേണല്‍ ഓഡിറ്റര്‍മാരും കോര്‍പ്പറേറ്റുകളുടെ ശമ്പളക്കാരായി തട്ടിപ്പിന് കൂട്ടുനിന്നതായി കരുതേണ്ടിവരുന്നു. ഇതില്‍ എക്‌സ്റ്റേണല്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നത് ആര്‍ബിഐ ആയതിനാല്‍ റെഗുലേറ്റര്‍ എന്ന നിലയില്‍ ആര്‍ബിഐക്ക് ഓഡിറ്റിങ്ങില്‍ തകരാറുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബാധ്യതയില്ലേ? അന്തിമവിശകലനത്തില്‍ നമുക്കെത്തിച്ചേരാന്‍ കഴിയുന്ന നിഗമനം കേന്ദ്രധനമന്ത്രാലയത്തിനും കേന്ദ്രഭരണകൂടത്തിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ലെന്നാണ്. സ്വന്തം ഭരണകാലയളവില്‍ അരങ്ങേറിയ വെട്ടിപ്പുകള്‍ക്ക് കൂടി യുപിഎ സര്‍ക്കാരിന്റെ മേല്‍ പഴിചാരാനുള്ള മോഡി-ജെയ്റ്റ്‌ലി കുതന്ത്രം തള്ളിക്കളയുകതന്നെ വേണം. സിബിഎസ്ഇ പരീക്ഷക്കെഴുതാന്‍ തയാറെടുക്കുന്ന കുട്ടികള്‍ക്ക് പരീക്ഷാപേടിയില്‍ നിന്നും മോചനം നേടാന്‍ ഉപദേശങ്ങളുമായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ബാങ്കിങ് വ്യവസ്ഥയുടേതൊപ്പം സമ്പദ്‌വ്യവസ്ഥയുടേയും ശവക്കുഴി തോണ്ടുന്നതിലേക്ക് നയിക്കുമെന്നുറപ്പുള്ള ബാങ്ക് വായ്പാതട്ടിപ്പിനേയും തട്ടിപ്പിനുശേഷം സര്‍ക്കാരിന്റെ അലംഭാവം മുതലെടുത്ത് തട്ടിപ്പുകാര്‍ യഥേഷ്ടം നാടുവിടുന്നതിനേയും പറ്റി നിശബ്ദത പാലിക്കുന്നതെന്തിന്? ‘ദി വയര്‍’ എന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ശരിയാണെങ്കില്‍ ബാങ്ക് വെട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുന്ന കോര്‍പ്പറേറ്റുകളായ വജ്രവ്യാപാരി നീരവ് മോഡി, സഹോദരന്‍ നിഷാന്‍, അമ്മാവന്‍ മെഹുല്‍ചോക്‌സ, റോട്ടോമാക്ക് പേനയുടെ ഉടമ വിക്രം കൊത്താരി തുടങ്ങിയവര്‍ക്ക് ഇന്ത്യയിലെ പ്രമുഖ വന്‍കിട വ്യവസായ കോര്‍പ്പറേറ്റുകളും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടേയും അടുപ്പക്കാരുമായ അംബാനി-അദാനി കുടുംബങ്ങളുമായും ഉറ്റ കുടുംബ ബന്ധവുമുണ്ടെന്നാണ് കാണുന്നത്. ഇവരെല്ലാം ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിലും ഉള്‍പ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ പ്രതിക്കൂട്ടില്‍ കയറേണ്ടിവരുക കോര്‍പ്പറേറ്റ് വെട്ടിപ്പുകാര്‍ മാത്രമായിരിക്കില്ല. അവരുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളും ആയിരിക്കും. ഇതൊക്കെ നടക്കുമോ എന്ന് കാത്തിരുന്നു കാണുകതന്നെ.
അവസാനിച്ചു