Friday
14 Dec 2018

ദുരിതക്കണ്ണീരില്‍ ലാഭം കൊയ്തുകൂട്ടുന്നവര്‍

By: Web Desk | Tuesday 6 March 2018 10:30 PM IST

പൂവറ്റൂര്‍ ബാഹുലേയന്‍

രോഗം ഒരു കുറ്റമാണോ എന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. നിരാലംബരായ ഭാഗ്യഹീനര്‍ക്ക് എക്കാലവും രോഗം ഒരു ദുര്‍വിധിയാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സ്വരൂക്കൂട്ടി ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട് ദുരിതജീവിതത്തിലേയ്ക്ക് വഴികാട്ടുന്ന വിധി. ഒരു നിമിഷം കൊണ്ടാവാം ജീവിതരേഖ വഴിമാറി കദനങ്ങളുടെ കനല്‍ച്ചുഴിയില്‍ അകപ്പെടുന്നത്. ജീവിതം വെന്തെരിയുന്ന ഈ നിരാലംബരുടെ കണ്ണീരില്‍ ലാഭം കൊയ്‌തെടുത്ത് ഉല്ലസിക്കുന്നവര്‍ അത്യുന്നതങ്ങളില്‍ വിരാജിക്കുന്നു. അവരുടേതാണ് ഈ ലോകം.

ഒരു മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് മതി സന്തോഷപ്രദമായ ഒരു കുടുംബജീവിതത്തെ വെറുമൊരു ഓര്‍മ്മച്ചിത്രമാക്കാന്‍. വിനോദയാത്രയില്‍ ആര്‍ത്തുല്ലസിച്ച് ഓടിവരുന്ന യുവതിയുടെ കാഴ്ച മങ്ങി കാലിടറി വീണപ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരു കുടുംബത്തിന്റെ മൊത്തം സ്വപ്‌നങ്ങളും. എണ്ണപ്പെട്ട ആ ജീവിതത്തിന്റെ സ്വകാര്യ ആശുപത്രിവാസത്തില്‍ ജീവിതത്തിലേയ്ക്ക് ഒരു മടക്കയാത്ര ഉണ്ടായില്ല. പക്ഷെ, മുഴുവന്‍ സമ്പത്തും തീര്‍ത്ത് കടങ്ങള്‍ സമ്മാനിച്ചു ആ വാസം.
മാരകമായ അസുഖമോ വന്‍ അപകടമോ ഒന്നുംതന്നെ വേണ്ട ഒരു കുടുംബത്തിന്റെ അസ്തിവാരം തകര്‍ക്കാന്‍. ഒരു ചെറിയ മുട്ടുവേദന മതിയാകും. നാല് വര്‍ഷം മുമ്പാണ് 65 വയസ് പ്രായമുള്ള ഒരു സ്ത്രീയുടെ മുട്ടുവേദന മാറ്റാന്‍ രണ്ട് കാലുകളിലും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. നാലര ലക്ഷം രൂപ ചെലവായ ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍ നല്‍കിയ ഉറപ്പ് ഇനി 20 വര്‍ഷത്തേയ്ക്ക് ഒരു കുഴപ്പവും മുട്ടിന് ഉണ്ടാവില്ലെന്നാണ്. എന്നാല്‍ നാല് വര്‍ഷമായപ്പോഴേയ്ക്കും വേദന അസഹ്യമായപ്പോള്‍ അതേ സ്വകാര്യ ആശുപത്രിക്കാര്‍ നിര്‍ദ്ദേശിച്ചത് വീണ്ടും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയതന്നെ. പക്ഷേ, തുക ഇരട്ടിയോളമാവും. ഒരു കാല്‍മുട്ടിനുതന്നെ നാല് ലക്ഷത്തോളം രൂപ ഉപകരണ വിലയാവുമെന്ന് തീര്‍പ്പുകല്‍പ്പിച്ച ഡോക്ടര്‍മാര്‍ ഒട്ടുംതന്നെ ഇളവും നല്‍കാന്‍ തയ്യാറായില്ല. നെറ്റിലും മറ്റും വില തിരഞ്ഞെങ്കിലും ലഭ്യമല്ലാത്തതിനാല്‍ ഒരു ഡോക്ടര്‍ ഏജന്‍സി വഴി തിരക്കിയപ്പോള്‍ മനസിലായത് ഒരു മുട്ടിന് മുപ്പതിനായിരത്തില്‍ താഴെ മാത്രം വിലയെന്നാണ്. രണ്ട് മുട്ടുകള്‍ക്കും കൂടി ഇത്രയും അധികതുക വസൂലാക്കുന്നതില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൂടി സഹായത്തോടെ മാനേജ്‌മെന്റിനോട് പ്രതിഷേധിച്ചപ്പോള്‍ രണ്ടുലക്ഷം രൂപ ഇളവുനല്‍കി. സ്വകാര്യ ആശുപത്രി ചികിത്സാരംഗത്തെ എത്രയോ ചെറിയ ഒരു ഉദാഹരണം മാത്രമാണിത്.

വണ്ണം കുറയ്ക്കാന്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു പ്രവാസിയുടെ അനുഭവം ദയനീയമാണ്. സാമാന്യം ഭേദപ്പെട്ട നിലയില്‍ ഗള്‍ഫില്‍ വ്യവസായം നടത്തി മെച്ചപ്പെട്ട സാമ്പത്തികശേഷി കൈവരിച്ച ഇദ്ദേഹത്തിന് തന്റെ അമിതവണ്ണം കുറയ്ക്കാന്‍ ചികിത്സ ചെയ്താലോ എന്നൊരു തോന്നല്‍ ഉണ്ടായിപ്പോയതാണ്. ആധുനിക സൗകര്യങ്ങളുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയെ തന്നെ സമീപിച്ചു. മൂന്നുമാസത്തെ പരിശോധനകളും പരീക്ഷണങ്ങളും ശസ്ത്രക്രിയകളും കഴിഞ്ഞപ്പോള്‍ മുപ്പതുലക്ഷത്തിലധികം രൂപ ചെലവായി. പക്ഷെ, കാര്യങ്ങള്‍ ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. അല്‍പം വണ്ണം കുറഞ്ഞെങ്കിലും കലശലായ അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും അഡ്മിറ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി അതീവ സങ്കീര്‍ണമാവുകയും ആശുപത്രിയില്‍ തന്നെ അന്ത്യം സംഭവിക്കുകയുമാണുണ്ടായത്. മരണമടഞ്ഞപ്പോള്‍ സമ്പാദിച്ചുകൂട്ടിയതിലേറെയും കോടിയും കടന്ന് ആശുപത്രി ബില്ലായി മാറിക്കഴിഞ്ഞിരുന്നു.

കയറ്റം കയറുമ്പോള്‍ അനുഭവപ്പെടുന്ന ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ഒരു ശശിധരന്‍ തിരുവനന്തപുരത്തെ പ്രമുഖമായ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയത്. അത്യാവശ്യം പരിശോധനകള്‍ നടത്തിയ ഡോക്ടര്‍ അടിയന്തര ഹൃദയശസ്ത്രക്രിയ നിര്‍ദേശിക്കുകയാണുണ്ടായത്. രണ്ട് വര്‍ഷം മുമ്പ് ഇതുപോലെ അസുഖം വന്ന് ഹൃദയശസ്ത്രകിയ നടത്തി മൂന്നാം ദിവസം മരിച്ച ജ്യേഷ്ഠന്റെ മുഖമാണ് ശശിധരന്റെ മനസില്‍ അപ്പോള്‍ തെളിഞ്ഞത്. എന്തുവന്നാലും ഒരുതരത്തിലുള്ള ഹൃദയ ശസ്ത്രക്രിയയും വേണ്ടെന്ന് ശശിധരന്‍ വാശിപിടിച്ചു. ഇവിടെ നിന്നിറങ്ങി രണ്ടടി നടന്നാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുന്നതാവും ഉചിതമെന്ന് ബന്ധുക്കളോട് ഡോക്ടര്‍ ഉപദേശിച്ചിട്ടും ശശിധരന്റെ മനസിന് മാറ്റം വന്നില്ല. നിര്‍ബന്ധപൂര്‍വം ആശുപത്രി വിട്ട ശശിധരന്‍, ശസ്ത്രക്രിയ കൂടാതെ ചികിത്സ നടത്തുന്ന ആലുവയിലെ ഡോക്ടറെപ്പറ്റി കേട്ടറിഞ്ഞ് നേരെ അങ്ങോട്ടേയ്ക്ക് പോവുകയായിരുന്നു. കര്‍ശനമായ ആഹാരനിയന്ത്രണവും പഥ്യങ്ങളും കൃത്യമായ സമയങ്ങളിലെ മരുന്നുകളുമാണ് ഈ അലോപ്പതി ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഒട്ടുമിക്ക ഹൃദ്രോഗങ്ങളും ഓപ്പറേഷന്‍ ഒഴിവാക്കി ആഹാരനിയന്ത്രണത്തിലൂടെയും മരുന്നിലൂടെയും സുഖപ്പെടുത്താന്‍ കഴിയുമെന്നും ഇതുസംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ നിരവധി ലേഖനങ്ങള്‍ വരുന്നത് ഇവിടെ ജനശ്രദ്ധ ലഭിക്കുന്നില്ലെന്നും ഈ ഡോക്ടര്‍ വിശദീകരിച്ചു. മൂന്ന് മാസത്തെ കൃത്യമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കും ശേഷം ശശിധരന്റെ ആരോഗ്യസ്ഥിതി മെപ്പെടുകയും ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നോര്‍മല്‍ ആവുകയും ചെയ്തു. ഇത് പതിനഞ്ചുവര്‍ഷം മുമ്പുള്ള കഥ. ശശിധരന്‍ ഇന്നും കയറ്റം കയറുന്നു. സാധാരണപോലെ ജീവിക്കുന്നു.
ഭക്തിയും ആത്മീയതയും പിന്‍ബലമായിട്ടുള്ള ചികിത്സയ്ക്ക് രോഗശാന്തി ഉറപ്പാണെന്ന വിശ്വാസത്തിലാണ് കൊല്ലത്തെ ഒരു പ്രമുഖ കാഥികന്റെ അടുത്ത ബന്ധുവിനെ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് വിദഗ്ധരായ വിദേശ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നതും വിശ്വാസം ഇരട്ടിപ്പിച്ചു. സാമ്പത്തികസ്ഥിതി മോശമെങ്കിലും ഉള്ളതു പണയപ്പെടുത്തി ഗൃഹനാഥനെ രക്ഷിക്കേണ്ടത് കുടുംബത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായിരുന്നു. കുടുംബസ്ഥിതി ബോധ്യപ്പെടുത്തിയിരുന്നതിനാല്‍ ആശുപത്രി അധികൃതരില്‍ നിന്നും അനുഭാവം പ്രതീക്ഷിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മരുന്നുകളുടെ ബില്‍ ആയിരങ്ങള്‍ വിട്ട് പതിനായിരങ്ങളിലേയ്ക്ക് മാറി. ചികിത്സാ ചെലവ് താങ്ങാനാവാത്ത സ്ഥിതിയും രോഗിയുടെ നില മെച്ചപ്പെടാത്തതും രോഗിയുടെ ഡിസ്ചാര്‍ജ് ആവശ്യപ്പെടാന്‍ ബന്ധുക്കളെ പ്രേരിപ്പിച്ചു. എന്നാല്‍ രോഗിയുടെ നില ക്രിട്ടിക്കലാണെന്നും 48 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും അതുകൊണ്ട് ഡിസ്ചാര്‍ജ് സാധ്യമല്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഐസിയുവിലായിരുന്ന രോഗി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചതായി ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. ബില്‍ തുകകൂടി അറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അവര്‍ തകര്‍ന്നുപോയി. ലക്ഷങ്ങള്‍ കടന്ന തുക പൂര്‍ണമായി അടയ്ക്കാന്‍ കഴിയാതെ അവര്‍ കുഴങ്ങി. മൃതശരീരം വിട്ടുനല്‍കാന്‍ മുഴുവന്‍ തുകയും അടച്ചേതീരു എന്ന് ആശുപത്രി അധികൃതര്‍ ശഠിച്ചു. ക്രമാതീതമായ ബില്ലില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ബഹളംവച്ചപ്പോള്‍ ബില്‍ തുകയില്‍ ഒരു ലക്ഷത്തോളം രൂപയുടെ കുറവ് വരുത്തി. പ്രശ്‌നപരിഹാരത്തിനുള്ള ആത്മീയ കൃപാകടാക്ഷം! ഇപ്പറഞ്ഞതൊക്കെ വെറും കൊച്ചുകൊച്ചു കാര്യങ്ങള്‍. ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ നമ്മുടെ ആരോഗ്യമേഖലയില്‍ എത്രയോ ഉണ്ട്. എന്നാല്‍ അല്‍പം ചില വലിയ കാര്യങ്ങളാണെങ്കില്‍ കോടാനുകോടികളുടെ കഥ പറയുന്നതാണ്.
ഇന്ത്യയിലെ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്നത് വന്‍കിട മരുന്നുകമ്പനികളാണ്. ജീവിതകാലം മുഴുവന്‍ മരുന്നുകഴിച്ച് ആരോഗ്യസംരക്ഷണം നടത്തുകയാണ് നമ്മുടെ നയം. പ്രഷറോ, ഡയബറ്റീസോ, എപ്പിലപ്‌സിയോ, ആസ്തമയോ ഹൃദ്രോഹമോ എന്തുമാവട്ടെ അവയൊക്കെ മരുന്നിലൂടെ മാറ്റുകയല്ല, മറിച്ച് നിയന്ത്രിച്ച് നിലനിര്‍ത്തുകയാണ് നമ്മെ ജീവിപ്പിക്കുന്ന മരുന്നു കമ്പനികള്‍. ഊഹിക്കാവുന്നതിലും അപ്പുറമുള്ള സമസ്യകള്‍ മരുന്നു പരിശോധന, ഉപകരണരംഗങ്ങളില്‍ ഉണ്ട്. ഇവിടെ മാറ്റങ്ങള്‍ കൊണ്ടുവരാനും ജനത്തെ കൊള്ളയടിക്കുന്നത് തടയിടാനും ഏതൊരു ശക്തി ശ്രമിച്ചാലും വിലപ്പോവില്ലായെന്നാണ് ഇതുവരെയുള്ള അനുഭവം. അങ്ങനെ വന്നാല്‍ അതിനുവേണ്ടി തുനിയുന്നവര്‍ തൂത്തെറിയപ്പെടുമെന്നാണ് ഇപ്പോഴത്തെ മരുന്നുവില സമിതിയുടെ തലവന്‍ ഭൂപേന്ദ്ര സിങിന്റെ അനുഭവവും സാക്ഷ്യപ്പെടുത്തുന്നത്.

കഷ്ടിച്ച് രണ്ടാഴ്ച മുമ്പാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളയെ കുറിച്ചുള്ള കണക്കുകള്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടി (എന്‍പിപിഎ) ചെയര്‍മാന്‍ ഭൂപേന്ദ്രസിങ് പുറത്തുവിട്ടത്. സിങ്ങിന്റെ നേതൃത്വത്തിലാണ് മോഡി സര്‍ക്കാരിന്റെ നേട്ടമായി പ്രചരിപ്പിച്ച കുറഞ്ഞ വിലയ്ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം എന്ന ആശയം ഉടലെടുത്തത്. സ്വകാര്യ ആശുപത്രിരംഗത്തെ കൊള്ളയെക്കുറിച്ചും സ്റ്റെന്റുവില്‍പ്പനയിലെ കള്ളത്തരങ്ങളും ഇദ്ദേഹം പുറത്തുവിട്ടിരുന്നു. കുറഞ്ഞ വിലയ്ക്ക് സ്റ്റെന്റുകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന നടപടികളും അദ്ദേഹം സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് സ്വകാര്യ ആശുപത്രി ലോബികള്‍ സിങ്ങിനെ രഹസ്യനീക്കം നടത്തി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് കഴിഞ്ഞ ദിവസം സിങ്ങിനെ മരുന്നുവില സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയത്.

സാധാരണക്കാരനും പാവപ്പെട്ടവനും മെച്ചപ്പെട്ട ചികിത്സയും പരിചരണവും എക്കാലവും അനുവദിക്കാത്ത തന്ത്രങ്ങളാണ് ആരോഗ്യരംഗത്തെ ‘കച്ചവടക്കാര്‍’ മെനയുന്നത്. ഭരണവ്യവസ്ഥകളെ സ്വാധീനിച്ചും മറികടന്നും കാര്യങ്ങള്‍ നേടാന്‍ അവര്‍ എല്ലാക്കാലത്തും ശ്രമിക്കും. അടിയന്തര ചികിത്സ കിട്ടാതെ കേരളത്തില്‍ മുരുകന്‍ മരിക്കാനിടയായ സംഭവത്തിലെ അന്വേഷണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. നിരാലംബനായ ഒരു മനുഷ്യന് അടിയന്തര ചികിത്സ നല്‍കാതെ തെക്കുവടക്കു തട്ടിയ സ്വകാര്യ ആശുപത്രികളുടെ ക്രൂരതകളെപ്പോലും വെള്ളപൂശുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇനിയും പാവപ്പെട്ടവന്റെ, നിരാലംബന്റെ അനുഭവം ഇതൊക്കെതന്നെയായിരിക്കും എന്ന് സാക്ഷ്യപ്പെടുത്തുന്നു.