Friday
14 Dec 2018

കര്‍ദ്ദിനാളിന്റെ കുറിപ്പും അങ്ങാടിപ്പാട്ടും

By: Web Desk | Friday 5 January 2018 10:18 PM IST

എസ് പൊറത്തൂരാന്‍

രെയൊക്കെ വിമര്‍ശിക്കാം എന്നത് ഇന്നത്തെ പല പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്നാണ്. തങ്ങള്‍ വിമര്‍ശനത്തിന് അതീതരാണെന്നും ഈ ഭൂഗോളം തിരിയുന്നത് തന്നെ തങ്ങളുടെ തലയിലൂടെയാണെന്നും കരുതുന്നവരുള്ള നാട്ടില്‍ പ്രത്യേകിച്ചും. അങ്ങനെ ചോദിച്ചു വരുമ്പോഴാണ് കത്തോലിക്കാസഭയെ വിമര്‍ശിക്കാമോ, പൗരോഹിത്യജീര്‍ണതകളെ വിമര്‍ശിക്കാമോ എന്നീ ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. കത്തോലിക്കാസഭ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ദശാസന്ധിയാണിത്.
സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ടും സ്വത്വബോധവും ആത്മീയതയുമായി ബന്ധപ്പെട്ടും മാത്രമല്ല സമ്പത്തും സ്ഥാനമാനങ്ങളും ഉള്‍പ്പെടെയുള്ള തികച്ചും ഭൗതികമായ കാര്യങ്ങളിലും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. പാഷണ്ഡതകളും, ശീശ്മകളും മതഭ്രംശവും കത്തോലിക്കാസഭയ്ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളില്‍ ചിലതാണ്. അതുവരെ അനുവര്‍ത്തിച്ചുവന്ന വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ, സഭയ്ക്ക് അഭിലഷണീയമല്ലാത്ത പുതിയ വിശ്വാസപ്രമാണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് പാഷണ്ഡതകളും ശീശ്മകളും. എന്നാല്‍ സഭാതനയര്‍ തങ്ങളുടെ വിശ്വാസത്തെ തന്നെ ഉപേക്ഷിച്ചുപോകുന്നതാണ് മതഭ്രംശം എന്നു പറയുന്നത്.
സമ്പത്തും സുഖലോലുപതയും ആഢംബരഭ്രമവും അധികാരപ്രമത്തതയുമൊക്കെ ചേര്‍ന്ന് ഭീകരമായ അവസ്ഥയിലേക്ക് സഭാനേതൃത്വം അധഃപതിച്ച കാലഘട്ടങ്ങള്‍ ഉണ്ടായിരുന്നു. എപ്പോഴൊക്കെ ഇത്തരം അപഭ്രംശങ്ങള്‍ ഉണ്ടായോ അപ്പോഴൊക്കെ സഭയെ നവീകരിക്കുന്നതിന് പലരും രംഗപ്രവേശം ചെയ്തിട്ടുണ്ട്. അസീസിയിലെ ഫ്രാന്‍സിസ്, ആവിലായിലെ അമ്മ ത്രേസ്യ, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, ഹിപ്പോയിലെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഈ ഗണത്തില്‍പ്പെട്ട ചിലരാണ്. അതേസമയം സഭയ്ക്ക് പുറത്ത് കടന്ന് സഭയെ നവീകരിക്കാന്‍ ശ്രമിച്ച് സ്വയം മറ്റൊരു സഭയായി മാറിയ ചരിത്രമാണ് മാര്‍ട്ടിന്‍ ലൂഥറിനെപ്പോലെയുള്ളവരുടേത്. പ്രൊട്ടസ്റ്റന്റ് സഭകളുടെ ആവിര്‍ഭാവം അങ്ങനെയായിരുന്നുവല്ലോ.
സഭാനേതൃത്വം തന്നെ സ്വയം നവീകരണത്തിന് പരിശ്രമിച്ചിട്ടുള്ളതും കാണാതിരുന്നുകൂടാ. ആ ദിശയിലുള്ള സുപ്രധാന ചുവടുവെയ്പ്പായിരുന്നു 1962 ഒക്ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെ നടന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ്. കുടുംബങ്ങള്‍ക്കും വിശ്വാസികള്‍ക്കും സഭയില്‍ കൂടുതല്‍ പങ്കാളിത്തം കൈവന്നത് ഈ കൗണ്‍സിലിനെ തുടര്‍ന്നാണ്. പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് 1958ല്‍ കാര്‍ഡിനല്‍ ആഞ്ജലോ ഗ്വിസിപ്പെ റോണ്‍കെലി, ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങള്‍ അദ്ദേഹത്തെ നല്ലവനായ പാപ്പ എന്നു വിളിച്ചപ്പോള്‍, മാധ്യമലോകവും സഭാനേതൃത്വത്തിലെ തന്നെ പലരും ഇടക്കാലപാപ്പ എന്നാണ് വിശേഷിപ്പിച്ചത്. കൂടുതല്‍ ചെറുപ്പക്കാരനായ, ഒത്ത ഉയരവും ചുറുചുറുക്കും ആരോഗ്യവുമുള്ള ഒരാളെ മാര്‍പ്പാപ്പയായി വൈകാതെ തെരഞ്ഞെടുക്കേണ്ടിവരും എന്ന്, ജോണ്‍ ഇരുപത്തിമൂന്നാമന്റെ പ്രായം സഭാനേതൃത്വത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹമാണ് കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തത്. ആധുനിക കാലഘട്ടത്തിന് അനുസരിച്ച് സഭയെ നവീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. സഭയില്‍ കാര്യമായ നവീകരണം കൊണ്ടുവരുന്നതിന് കൗണ്‍സില്‍ ഏറെ സഹായകമായി. കൗണ്‍സില്‍ സമാപിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം ദിവംഗതനാവുകയും ചെയ്തു.
സ്വതന്ത്ര എപ്പാര്‍ക്കിയല്‍ സഭയായി ഉയര്‍ത്തപ്പെട്ട സിറോ മലബാര്‍ സഭയ്ക്കകത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനഭിലഷണീയമായ ചില പ്രവണതകള്‍ ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. കര്‍ത്താവീശോമിശിഹായുടെ മണവാട്ടിയായ തിരുസഭ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള തിരുസംഘത്തില്‍പ്പെട്ട കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഇവിടെ വിവാദനായകന്‍.
രൂപതയില്‍ നടന്ന വലിയൊരു സാമ്പത്തിക തിരിമറിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കിയെന്നാണ് പുതിയ വിവാദം. അതിരൂപതയില്‍ വില്‍പ്പന നടത്തിയ ഭൂമി ആരുടെയും സ്വകാര്യസ്വത്തല്ല. സഭയിലെ മണ്‍മറഞ്ഞുപോയ വൈദികരും പിതാക്കന്മാരുമൊക്കെ സഭയ്ക്കുവേണ്ടി നേടിയെടുത്തതാണ്. ഈ സംഭവത്തിനുശേഷം ആലഞ്ചേരിയെ അനുകൂലിച്ചും അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും നിരവധി വൈദികരും അത്മായരും രംഗത്തുവന്നിരിക്കുന്നു. സഭയ്ക്കകത്ത് വലിയ അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുവാഴുകയാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ഭൂമി വില്‍ക്കുന്നതിന് മുമ്പോ അതിനു ശേഷമോ സഭയിലെ മറ്റു പിതാക്കന്മാരുമായി കൂടിയാലോചിക്കുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്തില്ലായെന്നും തോന്നുംപടിയാണ് കര്‍ദ്ദിനാളിന്റെ പോക്ക് എന്നുമാണ് സഭയിലെ മറ്റു ബിഷപ്പുമാരുടെ മുഖ്യപരാതി.
കാര്യങ്ങള്‍ ഇപ്പോള്‍ വത്തിക്കാനിലെത്തിയിരിക്കുന്നു. വിവാദ ഭൂമിയിടപാട് ചര്‍ച്ച ചെയ്യുന്നതിനും റിപ്പോര്‍ട്ടിന്മേല്‍ ഉചിത തീരുമാനം എടുക്കുന്നതിനുമായി പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ (വൈദിക സമിതി) യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തെങ്കിലും മേജര്‍ ആര്‍ച്ച് ബിഷപ്പ് യോഗത്തില്‍ പങ്കെടുത്തില്ല. അതിന് കാരണം പറഞ്ഞത് ഏതാനും പേര്‍ ചേര്‍ന്ന് തന്നെ ബന്ദിയാക്കിയിരിക്കുന്നുവെന്നാണ്. വി വി അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി കരിമ്പുകാലയില്‍ എന്നിവര്‍ ചേര്‍ന്നാണ് ബന്ദിയാക്കിയതെന്ന് പറയുന്നു. ഈ മൂവരും ചാനല്‍ ചര്‍ച്ചകളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നാവുകളായി പ്രവര്‍ത്തിച്ചിരുന്നവരാണ്. അവര്‍ എങ്ങനെയാണ് അദ്ദേഹത്തെ ഒരൊറ്റ രാത്രിക്കൊണ്ട് ബന്ദിയാക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാക്കാന്‍ പറ്റുന്നില്ല. ‘അല്‍മായരുടെ ഒരു സംഘം നമ്മുടെ സമ്മേളനത്തിലേക്ക് വരുവാന്‍ എന്നെ ബലം പ്രയോഗിച്ച് തടസപ്പെടുത്തുന്നതിനാല്‍ ഇന്നത്തെ വൈദികസമ്മേളനം മാറ്റിവയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു’. ഇതായിരുന്നുവത്രേ യോഗത്തിനെത്തിയവര്‍ക്ക് കര്‍ദ്ദിനാള്‍ കൊടുത്തയച്ച കുറിപ്പ്.
പ്രസ്ബിറ്ററല്‍ സെക്രട്ടറി ഡോ. കുര്യാക്കോസ് മുണ്ടാടന്‍ പിന്നീട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പക്ഷെ, വിശ്വാസിസമൂഹത്തിന് ദഹിക്കാത്ത കാര്യങ്ങളാണ് അതൊക്കെ. വൈദികയോഗം മാറ്റിവച്ചതോടെ കര്‍ദ്ദിനാളും ഭൂമിയിടപാടിലെ വെട്ടിപ്പുകാരും കുടുങ്ങിയിരിക്കുകയാണ്. വൈദികയോഗം നടത്താതിരിക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ സഭാ ആസ്ഥാനത്ത് നടന്ന നാടകത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതാനാണ് ഈയുള്ളവന്‍ ഇഷ്ടപ്പെടുന്നത്.
സിറോ മലബാര്‍ സഭയില്‍ സമ്പൂര്‍ണ സിനഡ് നടക്കാനിരിക്കവെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്. സ്ഥാനമോഹികളുടെയും അഴിമതിക്കാരുടെയും കൂടാരമായി സിറോ മലബാര്‍ സഭ മാറിക്കഴിഞ്ഞിരിക്കുന്നു. 2017 ഓഗസ്റ്റില്‍ ചേര്‍ന്ന സിനഡില്‍ സഭാ പിതാക്കന്‍മാരുടെ ജീവിതം വിശ്വാസികള്‍ക്കും മറ്റെല്ലാവര്‍ക്കും മാതൃകയാകണമെന്ന് തീരുമാനിച്ചിരുന്നു. മാറ്റം മേലേ തട്ടില്‍ നിന്ന് തുടങ്ങണമെന്ന കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ സഭാ പിതാക്കന്‍മാര്‍ പാലിക്കേണ്ട പൊതുവായ നടപടിക്രമങ്ങള്‍ സഭാ സിനഡ് ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ശുശ്രൂഷകള്‍ ലാളിത്യപൂര്‍ണവും കുടുംബ കേന്ദ്രീകൃതവുമാക്കുന്നതിനുള്ള അസംബ്ലി നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ നടപ്പിലാക്കേണ്ട തീരുമാനങ്ങള്‍ കൈക്കൊണ്ടാണ് സിനഡ് സമാപിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ സിറോ മലബാര്‍ സഭ വ്യക്തിഗതസഭയായി. സ്വയംഭരണാധികാരവും ലഭിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അധ്യക്ഷതയില്‍ ബിഷപ്പുമാരുടെ സിനഡ് നിലവില്‍വന്നു. ബിഷപ്പുമാരുടെ നിയമനം, ആരാധനാക്രമം എന്നിവയില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണാധികാരം വത്തിക്കാന്‍ 2004ല്‍ തന്നെ നല്‍കിയിരുന്നു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്ത ശേഷം സഭയിലെ ബിഷപ്പുമാര്‍ ചേര്‍ന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തതു പൂര്‍ണാധികാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ബിഷപ്പുമാരെ സഭ തന്നെ നിശ്ചയിക്കുന്നതിനും അനുമതിയുണ്ട്. എന്നാല്‍ ബിഷപ്പുമാരെ നിയമിക്കുമ്പോള്‍ തങ്ങളോട് കൂടിയാലോചിക്കാറില്ലായെന്നും തനിക്ക് ഇഷ്ടമുള്ളവരെ പാനലില്‍ നിന്ന് നിയമിക്കുന്ന രീതിയാണ് കര്‍ദ്ദിനാളിന്റേതെന്നുമാണ് മറ്റു ബിഷപ്പുമാരുടെ പരാതി. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ല. കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ വരെയുള്ളവര്‍, മറ്റു ബിഷപ്പുമാരോട് കൂടിയാലോചിച്ചും പ്രാര്‍ത്ഥിച്ച് ഒരുങ്ങിയുമാണ് ബിഷപ്പുമാരെ തെരഞ്ഞെടുത്തിരുന്നത്. സ്വതന്ത്ര എപ്പാര്‍ക്കിയല്‍ സഭയായി വളര്‍ന്നതോടെ കൂടുതല്‍ അധികാരങ്ങളും സമ്പത്തും സിറോ മലബാര്‍ സഭയ്ക്ക് കൈവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനമോഹികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടാകുമല്ലോ.
കേരളത്തില്‍ കത്തോലിക്കാസഭാസമൂഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതയും വിദ്യാഭ്യാസആതുരശുശ്രൂഷാരംഗങ്ങളിലെല്ലാമുള്ള സംഭാവനകളും ആരും ഒരുകാലത്തും വില കുറച്ചുകാണുന്നതല്ല. എന്നാല്‍ തങ്ങള്‍ക്കു തെറ്റുപറ്റാം എന്ന കാര്യമെങ്കിലും സഭാനേതാക്കന്മാര്‍ സമ്മതിച്ചേ മതിയാകൂ. കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ച് മാര്‍പ്പാപ്പയ്ക്കുമാത്രമാണ് തെറ്റാവരമുള്ളത്. അതും വിശ്വാസകാര്യങ്ങളില്‍ മാത്രം. വിശ്വാസകാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ മാര്‍പ്പാപ്പയ്ക്ക് തെറ്റുപറ്റുകയില്ല എന്നതാണ് തെറ്റാവരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റുള്ളവര്‍ക്കൊക്കെ സ്വാഭാവികമായും തെറ്റുകള്‍ സംഭവിക്കാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുകയും ഏറ്റുപറഞ്ഞ് തിരുത്തുകയുമാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ അതിനെ മൂടിവെയ്ക്കുകയല്ല.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ ഭൂമി വിവാദത്തെക്കുറിച്ച് അജണ്ട വെച്ച് ചര്‍ച്ച ചെയ്യുന്നതിനും ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിനും തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്തുന്നതിനുമായി ഒരു അസാധാരണ സിനഡ് വിളിച്ചുചേര്‍ക്കാന്‍ സഭാനേതൃത്വം തയ്യാറാകേണ്ടതുണ്ട്. ഇതാണ് കാലം ആവശ്യപ്പെടുന്ന പ്രായശ്ചിത്തപ്രവൃത്തി. പള്ളിമേടകളിലെയും അരമനകളുടെ അന്തഃപുരങ്ങളിലെയും രഹസ്യങ്ങളുടെ നിലവറകള്‍ ഇന്നല്ലെങ്കില്‍ നാളെ തുറക്കപ്പെടുകതന്നെ ചെയ്യും. കുറ്റക്കാര്‍ക്കെതിരെ മച്ചും തുലാനും സാക്ഷ്യം നല്‍കും. വേദപുസ്തകം നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കരുത്. മത്തായി സുവിശേഷം ഇരുപത്തിനാലാം അധ്യായം ഇരുപത്തിയെട്ടാം തിരുവചനം ഓര്‍ത്താല്‍ നല്ലത്. ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നുകൂടും.
സഭയ്ക്കകത്ത് ശവം കിടപ്പുണ്ട്. ക്രിസ്തുവില്ലാത്ത കേവലം ചട്ടക്കൂടുകളും ജീവനില്ലാത്ത ആചാരാനുഷ്ഠാനങ്ങളും തന്നെയാണ് ശവമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും ആഢംബരഭ്രമവും മൂലം ചീഞ്ഞളിഞ്ഞ സഭാഗാത്രത്തെ നവീകരിക്കുന്നതിന് കത്തോലിക്കാ യുവജനങ്ങള്‍ രംഗത്തിറങ്ങേണ്ടതുണ്ട്. എന്നാല്‍ അവരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാത്തത് നിര്‍ഭാഗ്യകരമാണ്. തിരുവത്താഴചിത്രം വികലമാക്കിയെന്ന് ആരോപിച്ച് മലയാളത്തിലെ ഒരു വാരികയ്‌ക്കെതിരെ ഇവര്‍ നടത്തിയ കോലാഹലങ്ങള്‍ മറക്കാമോ? അന്ന് കാണിച്ച ആവേശത്തിന്റെ പത്തിലൊരംശം വഴിപിഴയ്ക്കുന്ന ഇടയന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് കാണിക്കാന്‍ കഴിയേണ്ടതല്ലേ? ഇടയന്മാര്‍ വഴി പിഴച്ചുപോകുമ്പോള്‍ അജഗണം അവരെ തിരുത്താനും നേര്‍വഴിയിലേക്ക് നയിക്കാനും തയാറാകേണ്ടതാണ്. അല്ലാത്തപക്ഷം കര്‍ത്താവ് ഇടയന്മാരെ അടിക്കുകയും ആടുകള്‍ പലവഴിയ്ക്ക് ചിതറപ്പെടുകയും ചെയ്യും. ആ മഹാദുരന്തം കത്തോലിക്കാസഭയിലെ ഇടയന്മാര്‍ക്കും അജഗണത്തിനും സംഭവിക്കാതിരിക്കട്ടെ.