Friday
14 Dec 2018

‘അരി വാങ്ങാന്‍ ക്യൂവില്‍ ഗാന്ധി അരികെ കൂറ്റന്‍ കാറില്‍ ഗോഡ്‌സെ’

By: Web Desk | Thursday 11 January 2018 12:50 PM IST

രി വാങ്ങുവാന്‍ ക്യൂവില്‍ തിക്കിനില്‍ക്കുന്ന ഗാന്ധി അരികെ കൂറ്റന്‍ കാറിലേറി നീങ്ങുന്നു ഗോഡ്‌സെ’
തൊള്ളായിരത്തി അറുപതുകളില്‍ എന്‍ വിയുടെ (എന്‍ വി കൃഷ്ണവാരിയര്‍ – ഗാന്ധിയും ഗോഡ്‌സെയും) കവിഭാവന ചിറകുവിരുത്തി ദീര്‍ഘദര്‍ശനം ചെയ്യുമ്പോള്‍, ഇതുപോലൊരു ദുര്യോഗം ഗാന്ധിജിക്കു വിദുരഭാവിയില്‍ പോലും വന്നുഭവിക്കുമെന്ന് കവി ചിന്തിച്ചുകാണാനിടയില്ല. എന്നാല്‍ വര്‍ത്തമാന ഇന്ത്യയില്‍ അതു സംഭവിക്കുകയാണ്. ഗാന്ധി തിരസ്‌കരിക്കപ്പെടുകയും ഗോഡ്‌സെ സ്വീകാര്യനാവുകയും ചെയ്യുന്നു. അഥവാ അതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഹിന്ദുത്വ ഭരണകൂടം ഒരുക്കികൊണ്ടിരിക്കുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ വാര്‍ഷിക കലണ്ടറില്‍ നിന്നും, ഡയറിയില്‍ നിന്നും ഗാന്ധിജിയുടെ സുപ്രസിദ്ധമായ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രം മാറ്റി പകരം മോഡി നൂല്‍നൂല്‍ക്കുന്ന ചിത്രം തിരുകിക്കയറ്റിയത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്. ഇതാദ്യമായാണ് കെവിഐസിയുടെ ഡയറിയും കലണ്ടറും ഗാന്ധിയുടെ ചിത്രമില്ലാതെ ഇറങ്ങുന്നത്. സ്വന്തമായി നൂല്‍നൂത്ത് നെയ്തുണ്ടാക്കിയ വസ്ത്രം ധരിക്കുന്നതിലൂടെ സ്വാശ്രയത്തിലധിഷ്ഠിതമായ ഗ്രാമീണ ഇന്ത്യയെന്ന സങ്കല്പമാണ് ഗാന്ധി ഉയര്‍ത്തിയത്. ചര്‍ക്കയും ഖാദിയുമെല്ലാം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ പ്രതീകങ്ങളായി ഗാന്ധി മുന്നോട്ടുവെച്ച സമരരൂപങ്ങളായിരുന്നു. ചെറിയൊരു യന്ത്രം ഉപയോഗിച്ച് നൂല്‍നൂല്‍ക്കുന്ന തിലൂടെ ആഹ്ലാദകരമായ ഒരു സാമൂഹ്യജീവിതം നെയ്‌തെടുക്കുന്ന ഗ്രാമീണ ഇന്ത്യയെക്കുറിച്ച് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഗാന്ധിജിക്കുപകരം എന്തുകൊണ്ട് മോഡിയെന്ന് ചോദ്യത്തിന് ആ വകുപ്പു കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയുടെ ഉത്തരം നാമേവരേയും ഞെട്ടിക്കുന്നതാണ്. ഗാന്ധിജിയേക്കാള്‍ ഇന്നത്തെ കാലത്ത് മോഡിയുടെ ചിത്രത്തിനാണ് വിപണന സാധ്യതയത്രെ!
സംഘപരിവാരശക്തികള്‍ എത്രമാത്രം തേച്ച്മായ്ച്ച് കളയാന്‍ ശ്രമിച്ചാലും പോകാത്ത പാപക്കറയാണ് ഗാന്ധിവധം. ഗാന്ധിജിയെ കൊന്നതില്‍ തങ്ങള്‍ക്കു ഒരു പങ്കുമില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നതിന്റെ പ്രധാന കാരണം, ഗാന്ധിവധത്തിന്റെ വിചാരണവേളയില്‍ ഗോഡ്‌സെ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ്. ഒരു വ്യക്തി ചെയ്ത കൃത്യത്തിന് സംഘടന എന്തു പിഴച്ചുവെന്നാണ് അവരുടെ ചോദ്യം.
കേവലമായൊരു നൈമിഷിക വികാരത്തിന്റെ പുറത്ത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളായിരുന്നില്ല അത്. ഗാന്ധി പരാജയപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദുത്വആശയങ്ങളായിരുന്നു അവ. വിദ്വേഷത്തിന്റെയും, വിഭാഗീയതയുടെയും വിഷലിപ്ത ആശയങ്ങള്‍ പേറുന്ന വെടിയുണ്ടകളായിരുന്നു അവ. ഏതെങ്കിലും വിധത്തില്‍ ഗാന്ധിവധത്തിന്റെ പേരുദോഷത്തില്‍ നിന്നും തടിയൂരാനുള്ള മാര്‍ഗങ്ങളാണ് സംഘപരിവാരം അന്വേഷിക്കുന്നത്. ഗാന്ധിവധത്തിന് പിന്നില്‍ മറ്റൊരു ശക്തികൂടിയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിലാണിപ്പോള്‍. ബോംബെയിലെ ‘അഭിനവ് ഭാരത് ട്രസ്റ്റ്’ എന്ന സംഘടനയുടെ ഭാരവാഹിയായ ഡോ. പങ്കജ്ഫഡ്‌നിസ് എന്നൊരാള്‍ ഗാന്ധിവധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സൂപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇയാള്‍ പറയുന്നത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയേറ്റല്ല ഗാന്ധി കൊല്ലപ്പെട്ടതെന്നാണ്. ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ഗാന്ധി പുനരന്വേഷണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
ഗാന്ധിയുടെ വധം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് നടന്നിട്ടുള്ളത്. 1934 മുതല്‍ ഗാന്ധിജിക്കുനേരെ ആറു തവണ വധശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ മൂന്നു തവണ നടന്നതിന്റെയും ആസൂത്രകന്‍ ഗോഡ്‌സെയായിരുന്നു. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജാതിഹിന്ദുക്കളാണ് രണ്ടു തവണ ഗാന്ധിയെ ആക്രമിക്കാനൊരുമ്പെട്ടത്. 1934ല്‍ ഗാന്ധിയെ ആദരിക്കാനായി പൂനെ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച യോഗത്തിലേക്ക് പോകുമ്പോള്‍ അദ്ദേഹം യാത്രചെയ്തിരുന്ന കാറിനുനേരെ ബോംബെറിഞ്ഞു. ആക്രമികളുടെ ലക്ഷ്യം തെറ്റി മറ്റൊരു കാറിലാണ് ബോംബ് പതിച്ചത്. അതിനുശേഷം 1944ല്‍ അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കാനായി ജൂലൈ മാസത്തില്‍ പഞ്ചഗനിയിലെത്തിയ ഗാന്ധിയെ ഇരുപതോളം പേരുടെ ഒരു ആക്രമിസംഘം അദ്ദേഹത്തിനു നേരെ പാഞ്ഞടുത്തു. അതേ വര്‍ഷം ജിന്നയുമായി സംഭാഷണത്തിനു പുറപ്പെട്ട ഗാന്ധിജിയെ പൂനെയില്‍ വെച്ച് ഒരു സംഘം ആക്രമിക്കാനൊരുങ്ങി. അവരില്‍ ഒരാളില്‍ നിന്നും പൊലീസ് കഠാര പിടിച്ചെടുത്തിരുന്നു. 1946 ജൂണ്‍ 26ന് ഗാന്ധിജി സഞ്ചരിച്ചിരുന്ന ട്രെയിന്‍ മറിച്ചിടാനായി പാളത്തില്‍ വലിയ പാറക്കല്ല് വച്ചിരുന്നു. എന്നാല്‍ ലോക്കോപൈലറ്റ് മുന്‍കൂട്ടി കണ്ടതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഇതെല്ലാം ഇന്ത്യയുടെ വിഭജന പദ്ധതി രൂപപ്പെടുത്തുന്നതിനു മുന്‍പായിരുന്നു. സ്വാതന്ത്ര്യാനന്തരം കരാര്‍ പ്രകാരം പാക്കിസ്ഥാന് 55 കോടി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ പ്രതിഷേധിച്ച് ഗാന്ധിജി ഉപവാസം കിടന്നതും, ഹിന്ദുമുസ്‌ലിം ഐക്യത്തിനു വേണ്ടിയും, സമാധാന പാലനത്തിനു വേണ്ടിയുള്ള ശ്രമങ്ങളും കൊലപാതകികളുടെ വിദ്വേഷത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിച്ചു.
1948 ജനുവരി 20ന് ബിര്‍ളാ മന്ദിരത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ 25 മീറ്റര്‍ അപ്പുറത്ത് ഒരു ബോംബ് സ്‌ഫോടനം നടന്നു. നാഥുറാമിന്റെ സുഹൃത്ത് മദന്‍ലാല്‍ പഹ്വയാണ് ബോംബെറിഞ്ഞത്. ബോംബ് ലക്ഷ്യം തെറ്റിയാണ്് പതിച്ചത്. ഗോഡ്‌സെ അങ്ങേയറ്റം ശാരീരികമായി അവശനായിരുന്നതുകൊണ്ടാണ് പഹ്വയെ ആ ചുമതല ഏല്‍പ്പിച്ചത്. അതു പക്ഷെ, പരാജയപ്പെട്ടപ്പോള്‍ ഗ്വാളിയാറില്‍ നിന്നും 500 രൂപയ്ക്ക് ഒരു പിസ്റ്റള്‍ സംഘടിപ്പിച്ചാണ് നാഥുറാമും സംഘവും പിന്നീട് ബിര്‍ളാ മന്ദിരത്തിലെത്തുന്നത്. 1948 ജനുവരി 30ന് വൈകിട്ട് അഞ്ച് മണിക്ക് ബിര്‍ളാമന്ദിരത്തില്‍നിന്നും ഏതാനും വാരയപ്പുറത്തുള്ള പ്രാര്‍ത്ഥനാ യോഗത്തിലേക്ക് പുറപ്പെട്ട ഗാന്ധിജിക്കുനേരെ ഗോഡ്‌സെ കൃത്യമായി അയാളുടെ ലക്ഷ്യം നേടുകയായിരുന്നു. 37 വയസ്സിനുള്ളില്‍ അയാള്‍ ഏര്‍പ്പെട്ട പല കാര്യങ്ങളും ലക്ഷ്യം നേടാതെ അപൂര്‍ണ്ണമായി അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇക്കാര്യത്തില്‍ അയാള്‍ക്ക് പിഴച്ചില്ല.
ഗോഡ്‌സെയെ കൂടാതെ അയാളുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ, വിഷ്ണു കര്‍ക്കരെ, നാരായണന്‍ ആപ്‌തെ, ദിഗംബര്‍ ബാഡ്‌ജെ, ശങ്കര്‍കിസ്തയ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ദിഗംബര്‍ ബാഡ്‌ജെ ഗൂഡാലോചനയുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി സഹായിച്ചതിനാല്‍ മാപ്പുസാക്ഷിയായി. ഗാന്ധിവധത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രേരകശക്തി സവര്‍ക്കറായിരുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഗാന്ധി വധത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സവര്‍ക്കറെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയ അനുഭവത്തെക്കുറിച്ച് മാപ്പ് സാക്ഷിയായ ദിഗംബര്‍ ബാഡ്‌ജെ കോടതിയില്‍ പറഞ്ഞിരുന്നു. ജനുവരി 14നും 17നും ഗോഡ്‌സെയ്ക്കും ആപ്‌തെയ്ക്കുമൊപ്പം ‘സവര്‍ക്കര്‍സദന്‍’ സന്ദര്‍ശിച്ച ആളാണ് ബാഡ്‌ജെ 17-ാം തിയ്യതിയിലെ സന്ദര്‍ശനത്തിനൊടുവില്‍ പോകാന്‍ നേരത്ത് ഗോഡ്‌സെയോട് തത്യാറാവു (സവര്‍ക്കര്‍) ‘യശസ്വീഹോയ’ (വിജയം നേടി തിരിച്ചുവരൂ) എന്നനുഗ്രഹിച്ചതായി ബാഡ്‌ജെ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ തെളിവിന്റെ മാത്രം അടിസ്ഥാനത്തില്‍ സവര്‍ക്കറെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഗൂഡാലോചനക്കുറ്റം ചുമത്തി ഏഴാമത്തെ പ്രതിയായി ഉണ്ടായിരുന്നെങ്കിലും സവര്‍ക്കര്‍ക്കെതിരായ ശക്തമായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. കാണ്‍പൂര്‍ ജില്ലാജഡ്ജി ആത്മാചരണ്‍ അധ്യക്ഷനായി ഒരു പ്രത്യേക കോടതി കേസ് നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ 18 വര്‍ഷങ്ങള്‍ക്കുശേഷം ജസ്റ്റിസ് ജീവന്‍ലാല്‍കപൂറിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനേയും ഏര്‍പ്പെടുത്തിയിരുന്നു. ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് ജഡ്ജി ആത്മാചരണ്‍ കണ്ടെത്തി. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചു. മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പര്‍ച്ചുറെ, കിസ്തയ്യ എന്നിവര്‍ ശിക്ഷയില്‍ നിന്നും ഒഴിവായി. 1949 നവംബര്‍ 15ന് നാഥുറാമിനേയും ആപ്‌തെയും തൂക്കികൊന്നു.
ഗോഡ്‌സെയുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്നും അയാള്‍ ആര്‍എസ്എസ് അംഗമല്ലെന്നുമാണ് അവര്‍ എക്കാലത്തും വാദിച്ചിരുന്നത്. അംഗത്വ രജിസ്റ്ററോ നിയമാവലിയൊന്നുമില്ലാതെയാണ് ആര്‍എസ്എസ്. പ്രവര്‍ത്തിച്ചിരുന്നത്. ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട സംഘടനയുടെ നിരോധനം നീക്കാന്‍ വെച്ച ഉപാധികളിലൊന്ന് നിയമാവലിയും അംഗത്വ രജിസ്റ്ററും വേണമെന്നുള്ളതായിരുന്നു. (വല്ലഭായ് പട്ടേലാണ് ഈ ഉപാധി മുന്നോട്ടുവെച്ചത്).
‘എന്തുകൊണ്ട് ഞാന്‍ ഗാന്ധിയെ കൊന്നു’ എന്ന പുസ്തകത്തില്‍ നാഥുറാം ഗോഡ്‌സെ ആര്‍എസ്എസ് ഉപേക്ഷിച്ച് ഹിന്ദു മഹാസഭയില്‍ ചേര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തിയിട്ടുണ്ട്. ”ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എനിക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ആര്‍എസ്എസ്. വിട്ടതും ഹിന്ദു മഹാസഭയില്‍ ചേര്‍ന്നതും”. എന്നാല്‍ ഗോഡ്‌സെ ഇത്തരമൊരു പരാമര്‍ശം പുസ്തകത്തിലും കോടതിയിലും ആവര്‍ത്തിച്ചത് ആര്‍എസ്എസ്‌നെയും തന്റെ പ്രിയ ഗുരുവായ സവര്‍ക്കറെയും രക്ഷപ്പെടുത്താനാ ണെന്ന് ചരിത്രവസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാകും.
സവര്‍ക്കറും ഗോഡ്‌സെയും തമ്മിലുള്ള ബന്ധം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ (ഡൊമിനിക് ലാപ്പിയര്‍, ലാരികോളിന്‍സ്) എന്ന കൃതി വെളിപ്പെടുത്തുന്നുണ്ട്. ഗാന്ധിവധവുമായി ബന്ധപ്പെട്ട പൊലീസ് രേഖകള്‍ പരിശോധിച്ചവരാണ് ഇതിന്റെ ഗ്രന്ഥകാരന്മാര്‍. ‘ഇതിലുംകൂറുള്ള ഒരു ശിഷ്യനെ ഒരു നേതാവിന് ഒരിക്കലും കിട്ടില്ല. ചെറിയ ആവശ്യം പോലും കണ്ടറിഞ്ഞ് ചെയ്യുന്ന വിശ്വസ്തനും അക്ഷീണനായ ഒരു പരിചാരകനെപോലെ ഒരു നിഴലായി സവര്‍ക്കറെ ഗോഡ്‌സെ ഇന്ത്യയിലുടനീളം പിന്തുടര്‍ന്നു’. സവര്‍ക്കറുടെ വസതിയില്‍ അദ്ദേഹത്തിന്റെ സ്വകാര്യമുറിയില്‍ കയറിച്ചെല്ലാന്‍ അനുമതിയുള്ള ചുരുക്കം ചിലരില്‍ ഒരാള്‍ ഗോഡ്‌സെയായിരുന്നുവെന്ന് ഈ കൃതിയില്‍ പറയുന്നു. 1967ല്‍ ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ പ്രസിദ്ധീകരിച്ച ‘ഗാന്ധിഹത്യ അനിമീ’ (ഗാന്ധിഹത്യയും ഞാനും) എന്ന മറാത്തി പുസ്തകത്തിലും സവര്‍ക്കറും ഗോഡ്‌സെയുമായുള്ള അസാധാരണ ബന്ധത്തെപ്പറ്റി വിവരിക്കുന്നുണ്ട്. 1929ല്‍ ഗോഡ്‌സെയുടെ പിതാവിന് രത്‌നഗിരിയിലേക്ക് സ്ഥലം മാറ്റം കിട്ടി. അവിടെ വെച്ചാണ് ഇരുവരും കാണുന്നത്. അവരുടെ കൂടിക്കാഴ്ച തുടര്‍ച്ചയായി നടന്നിരുന്നുവെന്നും, സവര്‍ക്കറുടെ ലേഖനങ്ങള്‍ ഗോഡ്‌സെയാണ് പകര്‍ത്തി യെഴുതിയിരുന്നതെന്നും, കാശിനാഥ്പന്ത്‌ലിമാലയുടെ നേതൃത്വത്തില്‍ സംഗ്ലിയില്‍ ആര്‍എസ്എസിന്റെ ഒരു ശാഖ ആരംഭിച്ചതെന്നും അതില്‍ നാഥുറാംഗോഡ്‌സെ സജീവമായി പങ്കെടുത്തെന്നും വളരെ വേഗം അതിന്റെ ബൗദ്ധിക് കാര്യവാഹ് ആയി തീര്‍ന്നെന്നും ഈ കൃതിയില്‍ പറയുന്നു.
സവര്‍ക്കറുടെ അനുഗ്രഹാശിസ്സുകളോടെ അഗ്രാണി എന്ന പേരില്‍ പത്രം ആരംഭിച്ചു. പിന്നീട് അതിന്റെ പേര് ‘ഹിന്ദുരാഷ്ട്ര’ എന്നായി. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്ന ഗോഡ്‌സെ ഇതിന്റെ പത്രാധിപരായിരുന്നു. യൗവ്വനാരംഭത്തില്‍ ആര്‍.എസ്.എസ്.ല്‍ പ്രവര്‍ത്തിച്ചിരുന്ന നാഥുറാം പിന്നീട് ഹിന്ദു മഹാസഭയില്‍ ചേരുകയും അതിന്റെ അഖിലേന്ത്യാ പ്രവര്‍ത്തകസമിതി അംഗമായി തീരുകയും ചെയ്തു.
ഗോഡ്‌സെയ്ക്ക് ആര്‍എസ്എസ്മായി ബന്ധമില്ലെന്ന് പറഞ്ഞ അദ്വാനിയുടെ പ്രസ്താവനയെ ഖണ്ഡിച്ചുകൊണ്ട് രംഗത്തുവന്ന ഗോപാല്‍ ഗോഡ്‌സെ 1994 ജനുവരി 28 ന് ‘ഫ്രണ്ട്‌ലൈന്‍’പത്രത്തിലെ അരവിന്ദ് രാജഗോപാലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ‘ഞങ്ങള്‍ എല്ലാ സഹോദരന്മാരും ആര്‍എസ്എസുകാരായിരുന്നു. നാഥുറാം, ദത്താത്രേയ, ഞാന്‍, ഗോവിന്ദ്, ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലാണ് വളര്‍ന്നുവന്നത് എന്നു പറയുന്നതിനേക്കാള്‍ ഞങ്ങള്‍ ആര്‍എസ്എസിലാണ് വളര്‍ന്നത് എന്ന പറയുന്നതാവും ശരി. ആര്‍എസ്എസ് ഞങ്ങള്‍ക്ക് ഒരു കുടുംബം പോലെയാണ്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് ഉം ഗോള്‍വര്‍ക്കറും പല കുഴപ്പങ്ങളിലും പെട്ടു. അതുകൊണ്ടാണ് ആര്‍എസ്എസ് വിട്ടുവെന്ന് പറയാന്‍ ഇടയായത്. അദ്ദേഹം ആര്‍എസ്എസ് വിട്ടിരുന്നില്ല. അദ്വാനിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഭീരുത്വം കൊണ്ട് പറഞ്ഞതാണെന്നാണ് ഗോപാല്‍ ഗോഡ്‌സെ വെളിപ്പെടുത്തുന്നത്.
ഗാന്ധിയുടെ ഹിന്ദുയിസം സ്‌ത്രൈണവും ഭാരതത്തെ ഷണ്ഡീകരിക്കുന്നതുമാണെന്നാണ് ഗാന്ധിവധത്തിന്റെ വിചാരണവേളയില്‍ ഗോഡ്‌സെ ആരോപിച്ചത്. ഗാന്ധിയുടെ ഹിന്ദു ദര്‍ശനം എന്തായിരുന്നുവെന്ന് 1928ല്‍ യംങ്ങ് ഇന്ത്യയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അത് ”എല്ലാ മതങ്ങളിലും സത്യത്തിന്റെ അംശത്തെ ദര്‍ശിക്കുന്നു. അവയോടെല്ലാം ആദരവിന്റെയും ബഹുമാനത്തിന്റെയും സമീപനം പുലര്‍ത്തുന്നു. ഇക്കാര്യത്തില്‍ സംസ്‌കാരത്തിന്റെ അതേ നിലയാണ് മതത്തിനുമുള്ളത്. അവനവന്റെ സംസ്‌കാരം സംരക്ഷിക്കേണ്ടതുതന്നെ മറ്റ് സംസ്‌കാരങ്ങളെ നിന്ദിക്കലല്ല എല്ലാ സംസ്‌കാരങ്ങളിലുമുള്ള നന്മകളെ സ്വാംശീകരിക്കുക, പാരമ്പര്യങ്ങളില്‍ നീന്തുന്നത് നല്ലതുതന്നെ എന്നാല്‍ മുങ്ങിച്ചാവുന്നത് നിര്‍ഭാഗ്യകരമാണ്”.
1935 ല്‍ എസ് രാധാകൃഷ്ണനുമായിട്ടുള്ള അഭിമുഖത്തില്‍ ഗാന്ധി തന്റെ മത ദര്‍ശനത്തെപ്പറ്റി പറഞ്ഞത് ”ഞാനെന്റെ മതത്തെ വിശദമാക്കുന്നത് അത് സത്യത്തിന്റെ മതം എന്നാണ്. എന്റെ ദൈവത്തെ സത്യംകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും വിശദീകരിക്കാനാവില്ല. ലോകത്തിലെ നല്ലതെന്തും അതിനുള്ളിലൊതുക്കുന്നു. പ്രപഞ്ചംപോലെ വിശാലമായ ഒന്നായി ഞാന്‍ ഹിന്ദുയിസത്തെ കാണുന്നു. അതുകൊണ്ട് മുസല്‍മാനൊപ്പം ഇസ്‌ലാമിന്റെ സൗന്ദര്യം പാടി ഞാന്‍ അവര്‍ക്കൊപ്പമുണ്ട്”. ഹിന്ദു ധര്‍മം ഒരിക്കലും പുതുമയ്‌ക്കോ വെളിച്ചത്തിനൊ എതിരായിരുന്നില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. അത് ശാസ്ത്രാനുസാരിയായിരുന്നു. അത് നിത്യപരിവര്‍ത്തന വിധേയമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. നവംനവങ്ങളായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് നിത്യനൂതനത്വം കൈവരിക്കുവാന്‍ അതിനു കഴിയുമായിരുന്നുവെന്ന് അദ്ദേഹം കരുതി. യഥാര്‍ഥ മതസാരം ഉള്‍ക്കൊള്ളാത്ത സങ്കുചിത ചിത്തരായ ചിലരുടെ പ്രവര്‍ത്തികള്‍ മതബാഹ്യമാണ്. താനൊരു സനാതന ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ഗാന്ധി സനാതന ഹിന്ദുവിന് ഒരു മതവും അന്യമല്ലെന്ന് പറയുന്നു. എന്നാല്‍ ഗാന്ധിജിയുടെ മതദര്‍ശനത്തില്‍നിന്നും വിഭിന്നമായാണ് ഗോഡ്‌സെ ചിന്തിച്ചിരുന്നത്. അത് തികച്ചും ബ്രാഹ്മിണിക്കലും അക്രമോത്സുകത നിറഞ്ഞതുമായിരുന്നു. ഗാന്ധിയും ഗോഡ്‌സെയും ഭഗവത്ഗീതയില്‍ വിശ്വസിച്ചിരുന്നു. പക്ഷെ അവര്‍ രണ്ടുപേരും രണ്ടുതരത്തിലാണ് ഗീതയെ നോക്കി കണ്ടത്. ഗാന്ധിയെ വകവരുത്തുവാന്‍ തനിക്ക് പ്രചോദനമേകിയത് ഗീതാ ദര്‍ശനമായിരുന്നുവെന്ന് ഇയാള്‍ അവകാശപ്പെടുന്നു. അഹിംസ സിദ്ധാന്തം ആണത്തമില്ലാത്ത വെറും കാപട്യമാണെന്നും മുസ്ലീം മതഭ്രാന്തന്മാരെ പ്രീണിപ്പിക്കുന്നനയമാണ് ഗാന്ധിയുടേതെന്നും ആരോപിച്ച നാഥുറാം, ഈ നാണക്കേട് സഹിക്കാന്‍ തയാറല്ലാത്ത ആണുങ്ങളുണ്ടെന്ന് തെളിയിക്കാനാണ് ഗാന്ധിയെ വെടിവെച്ച് കൊന്നതെന്ന് പറയുന്നു. അതുകൊണ്ട് ഒരു പശ്ചാത്താപവും അദ്ദേഹത്തെ വെടിവെച്ചുകൊന്നതിലില്ലെന്ന് അയാള്‍ കോടതിയില്‍ തുറന്നടിച്ചു. കൃത്യമായ ആശയപദ്ധതിയുടെ ഭാഗമായിത്തന്നെയാണ് ഗോഡ്‌സെ ഗാന്ധിജിയെ വകവരുത്തിയത്. അത് യാദൃച്ഛികമായി സംഭവിച്ചതല്ല. ആ ആശയപദ്ധതിയുടെ യഥാര്‍ഥ അവകാശികള്‍ രാജ്യത്തിന്റെ ഭരണാധികാരികളായിരിക്കുന്നുവെന്നു മാത്രമല്ല, സമൂഹത്തില്‍ നിര്‍ണായകശക്തിയായി പിടിമുറുക്കിയിരിക്കുന്നു. ഗാന്ധിവധത്തിലെ ഏഴാം പ്രതിയായിരുന്ന സവര്‍ക്കറുടെ ഛായാചിത്രം, ഇതേ ശക്തികള്‍ കഴിഞ്ഞ തവണ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിയുടെ ചിത്രത്തിനു സമീപം സ്ഥാനം പിടിച്ചു. പോര്‍ട്ട്ബ്ലയര്‍ വിമാനത്താവളം ഇന്ന് സവര്‍ക്കറുടെ പേരിലാണ് അറിയപ്പെടുന്നത്. ഗോഡ്‌സെയെ തൂക്കികൊന്ന ദിവസമായ നവംബര്‍ 15 ശൗര്യദിനമായി സംഘപരിവാരം ആചരിക്കുന്നു. മീററ്റില്‍ ഗോഡ്‌സെയ്ക്ക് അമ്പലം പണിയാനൊരുങ്ങുന്നു. ഗാന്ധിയെ കൊന്നയാളുടെ ചിത്രം വൈകാതെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രതീക്ഷിക്കാവുന്ന തരത്തിലാണ് രാജ്യത്തെ സാഹചര്യം മുന്നോട്ടുപോകുന്നത്.
(സഹായകകൃതികള്‍ :- എ ജി നൂറാനി – സവര്‍ക്കര്‍ ആന്‍ഡ് ഹിന്ദുത്വ, ലാരികോളിന്‍സ്, ഡൊമിനിക് ലാപ്പിയര്‍ – സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ശശിധരന്‍ കാട്ടായിക്കോണം-ഗാന്ധിയെ കുറിച്ച് ഗോഡ്‌സെ).