Friday
14 Dec 2018

ഇത് സുപ്രിംകോടതിയുടെ വനിതാദിന സമ്മാനം

By: Web Desk | Thursday 8 March 2018 10:06 PM IST

ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ ആധിപത്യം പുലര്‍ത്തുന്ന മനുസ്മൃതിയില്‍ അധിഷ്ഠിതമായ പുരുഷാധിപത്യ യുക്തിയെ ആണ് ആ വിധി കടപുഴക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച വികൃതമായ ബ്രാഹ്മണയുക്തിയാണ് പരമോന്നത കോടതി തിരസ്‌കരിച്ചിരിക്കുന്നത്. സംഘ്പരിവാറടക്കം രാജ്യത്തെ തീവ്രഹിന്ദുത്വശക്തികള്‍ യുവതലമുറയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് തടയിടാമെന്ന ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചുപോന്ന ‘ലൗജിഹാദി’ന്റെ സമ്പൂര്‍ണ നിരാകരണമാണ് ഹാദിയ-ജഹാന്‍ കേസിലെ വിധി

ഹാദിയ – ഷഫീന്‍ ജഹാന്‍ കേസില്‍ ഇന്നലത്തെ സുപ്രിംകോടതി വിധി ഇന്ത്യന്‍ വനിതകള്‍ക്കുള്ള പരമോന്നത നീതിപീഠത്തിന്റെ അന്താരാഷ്ട്ര വനിതാദിന സമ്മാനമാണ്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം തീരുമാനപ്രകാരം നടത്തിയ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ 2017 മെയ് മാസത്തെ വിധി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചരിത്രപ്രധാനമായ ഒരു വിധിയിലൂടെ അസാധുവാക്കി. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വന്തം ഇഷ്ടമനുസരിച്ച് സ്വജീവിതം കരുപ്പിടിപ്പിക്കാനുമുള്ള അവകാശമാണ് ഈ വിധിയിലൂടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചുപോരുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ ലൗജിഹാദ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സുപ്രിംകോടതിയുടെ കണ്ടെത്തല്‍ അവരുടെ സമാനമായ പല കണ്ടെത്തലുകളുടെയും അടിത്തറതന്നെയാണ് ഇളക്കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഹാദിയാ-ഷഫീന്‍ ദമ്പതിമാരുടെ വിവാഹത്തെപ്പറ്റിയുള്ള അന്വേഷണം തുടരുന്നതില്‍ നിന്നും എന്‍ഐഎയെ വിലക്കിയ സുപ്രിംകോടതി അവരുടെ വിവാഹം അസാധുവായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു. തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നതുകൊണ്ട് രാഷ്ട്രത്തിന് പ്രായപൂര്‍ത്തിയായവരുടെ നിയമാധിഷ്ഠിത വിവാഹത്തില്‍ ഇടപെടാന്‍ യാതൊരു അവകാശവുമില്ലെന്ന് വിധി അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.

കേരള ഹൈക്കോടതി ഹാദിയ-ജഹാന്‍ വിവാഹം റദ്ദാക്കി നല്‍കിയ ഉത്തരവ് ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം തീരുമാനപ്രകാരം നടത്തിയ വിവാഹം അസാധുവാക്കാന്‍ ഒരു കോടതിക്കും അവകാശമില്ല. ഇക്കാര്യത്തില്‍ ഹിന്ദുമത വിശ്വാസികളായ മാതാപിതാക്കളുടെ ഉല്‍ക്കണ്ഠ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. എന്നാല്‍ പ്രായപൂര്‍ത്തിയായ മക്കളുടെ വിവാഹം മാതാപിതാക്കളുടെ അഭീഷ്ടത്തിനും അനുമതിക്കും വിധേയമായേ പാടുള്ളുവെന്ന് ശഠിക്കുന്നതും ഉന്നത നീതിപീഠങ്ങള്‍ പോലും അത്തരം പുരുഷാധിപത്യ യുക്തികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതും മിതമായ ഭാഷയില്‍ ഭരണഘടനാ തത്വങ്ങളുടേയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കേരളം പോലെ മിശ്രവിവാഹങ്ങളും മതേതര വിവാഹങ്ങളും സാധാരണമായിക്കഴിഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്ത് ഹൈക്കോടതി പോലും മനുവാദ യുക്തികള്‍ക്ക് വഴങ്ങേണ്ടിവന്നുവെന്നത് യാദൃശ്ചികമല്ല. നവോത്ഥാന പ്രസ്ഥാനങ്ങളടക്കം സുദീര്‍ഘമായ സാമൂഹ്യവിപ്ലവങ്ങളിലൂടെ കേരളം കൈവരിച്ച സാമൂഹ്യപുരോഗതിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നമുക്കിടയില്‍ നടന്നുവരുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയും അതിന്റെ അനുബന്ധമായ പ്രതിലോമ ജാതിചിന്തകളും ആചാരങ്ങളും പുനഃസ്ഥാപിക്കാന്‍ കൊണ്ടുപിടിച്ചുള്ള യത്‌നങ്ങളാണ് നടക്കുന്നത്. അതിന്റെ പ്രതിഫലനമാണ് സദാചാര ഗുണ്ടായിസമടക്കം പ്രതിരോധിക്കപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതുമായ അനഭിലഷണീയ പ്രവണതകള്‍. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പോലും അത് ആഴത്തില്‍ വേരോട്ടമുണ്ടായിരിക്കുന്നു. അവയുടെ എല്ലാം അന്തര്‍ധാര മതതീവ്രവാദവും പുരുഷാധിപത്യ പ്രവണതയും തന്നെയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ മത തീവ്രവാദത്തിന്റെ മത്സരവേദിയായി കേരളത്തെ മാറ്റിയെടുക്കാന്‍ മൗലികവാദ ശക്തികള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കാന്‍ പ്രബുദ്ധ കേരളം ഉണര്‍ന്നെണീക്കേണ്ടിയിരിക്കുന്നു.

സുപ്രിംകോടതി വിധിയോടെ പ്രബുദ്ധ കേരളത്തിന്റെ മനഃസാക്ഷിയെ കുത്തിനോവിച്ചിരുന്ന ഒരു പ്രശ്‌നത്തിന് പരിസമാപ്തിയായി എന്നു കരുതി ആശ്വസിക്കാന്‍ നമുക്കാവില്ല. ഹാദിയ-ജഹാന്‍ ദമ്പതിമാരെ സുപ്രിംകോടതി സ്വതന്ത്രരാക്കിയിരിക്കുന്നു. എന്നാല്‍ അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു, അവസരം കിട്ടിയാല്‍ ആ സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന, സാമൂഹ്യവിരുദ്ധ ശക്തികള്‍ കേരളത്തിലും രാജ്യത്തും സജീവമാണ്. കേന്ദ്രഭരണം കയ്യാളുന്ന തീവ്രയാഥാസ്ഥിതിക ശക്തികള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്ന് കടന്നുപോകുന്ന ഓരോ ദിവസവും നമ്മെ ഓര്‍മിപ്പിക്കുന്നു. നിഷ്‌കളങ്കതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകങ്ങളായ നിരവധി ഹാദിയ-ഷഹീന്‍മാര്‍ നമുക്കിടയിലുണ്ട്. അവരുടെ ജീവിക്കാനുള്ളതടക്കം മനുഷ്യാവകാശങ്ങള്‍ കരുതലോടെ കാത്തുസംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്.