Monday
17 Dec 2018

മദ്യത്തിന് നിരന്തരം വിലവര്‍ധിപ്പിക്കുന്നത് സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കുമോ?

By: Web Desk | Sunday 4 March 2018 10:45 PM IST

മദ്യം ഇന്ന് എല്ലാ ഭരണാധികാരികളുടെയും കറവപ്പശുവാണ്. എത്ര വേണമെങ്കിലും വിലവര്‍ധിപ്പിക്കാം. ബസ്ചാര്‍ജ് ഉള്‍പ്പെടെ മറ്റെന്തെങ്കിലും കാര്യത്തിന് 50 പൈസ വര്‍ധിപ്പിച്ചാല്‍ പോലും വന്‍ പ്രതിഷേധമാണ് ഉണ്ടാകുന്നത്. അത് അനിവാര്യമാണെങ്കില്‍പോലും. മദ്യത്തെ സംബന്ധിച്ച് അങ്ങനെ യാതൊരു പ്രതിഷേധവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മദ്യത്തിന്റെ വിലവര്‍ധനവിനെതിരെ ആരെങ്കിലും എന്തെങ്കിലും സ്പര്‍ശിച്ചാല്‍ അയാള്‍ മദ്യപന്‍മാരുടെ സംരക്ഷകനായി മുദ്രകുത്തപ്പെടും. രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടഭാവംപോലും നടിക്കില്ല. അങ്ങനെ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ ശബ്ദിച്ചാല്‍ ആ നേതാവ് മദ്യപന്മാരുടെ കൂട്ടത്തില്‍ മാത്രമല്ല മദ്യമാഫിയയുടെ ആളായിപ്പോലും ചിത്രീകരിച്ചുകളയും. അതുകൊണ്ട് വയ്യാവേലിയെടുത്ത് ആരും തോളത്തിടുകയില്ല.

മതസംഘടനകളും മദ്യവിരുദ്ധ സമിതിക്കാരും മദ്യത്തിന്റെ വില വാനോളം ഉയര്‍ത്തുന്നതില്‍ പുറമേ സന്തോഷിക്കുന്നവരാണ്. കാരണം മദ്യപാനം സമൂഹത്തില്‍ കുറയുമെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാരിന് മദ്യം നല്‍കുന്നത് വരുമാന കൊയ്ത്താണ്. ആരും ചോദിക്കുകയില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ ആദ്യം കൈവയ്ക്കുന്നത് മദ്യത്തില്‍. ആരുടെയും ഒരെതിര്‍പ്പുമില്ലാതെ സുഖമായി കൊള്ള ചെയ്യാവുന്ന സര്‍ക്കാരിന്റെ ഒരു മാര്‍ഗമായി മദ്യത്തിന്റെ വിലവര്‍ധനവ് മാറിയിരിക്കുന്നു.

വിലയും മദ്യവും

1967 മുതല്‍ പരിശോധിക്കുകയാണെങ്കില്‍ മദ്യത്തിന് കേരളത്തില്‍ ഓരോ വര്‍ഷവും വില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 1995 ഏപ്രില്‍ ഒന്ന് മുതലാണ് വിദേശമദ്യത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. ഏകദേശം 100 ശതമാനത്തിലും കൂടുതല്‍. ചാരായം നിരോധിക്കുകയും ചെയ്തു. ആദര്‍ശകുപ്പായമിട്ട് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇത് ചെയ്തത്. അന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് ഈ ഈസ്റ്ററിന് (1995 ഏപ്രില്‍ മാസത്തിലെ ഈസ്റ്റര്‍) എല്ലാവരും വീട്ടിലിരുന്ന് കുടുംബാംഗങ്ങളുമൊത്ത് സമാധാനമായി ഭക്ഷണം കഴിക്കുമെന്നാണ്. ഈസ്റ്റര്‍ പലത് കഴിഞ്ഞു. ക്രിസ്മസും ഓണവും ന്യു ഇയറുമെല്ലാം ഒരുപാട് കടന്നുപോയി. കണക്കുകള്‍ പറയുന്നത് ഓരോവര്‍ഷവും മദ്യത്തിന്റെ വില്‍പനയില്‍ റിക്കാര്‍ഡ് വര്‍ധനവാണ് കാണിക്കുന്നതെന്നാണ്. ഇതെല്ലാം സംസാരിക്കുന്ന കണക്കുകളാണ്. ആര്‍ക്കും പരിശോധിക്കാം. വിവരാവകാശം വഴി ചോദിക്കാം.

ആദര്‍ശനം മൂത്തപ്പോള്‍ ആന്റണി മറ്റൊരു കാര്യം കൂടി ചെയ്തു. എല്ലാമാസവും ഒന്നാം തീയതി മദ്യഷാപ്പുകള്‍ അടച്ചിട്ടു. എന്തിനാണെന്നോ അന്നാണ് എല്ലാവര്‍ക്കും ശമ്പളം കിട്ടുന്നത്. കൈയില്‍ കാശ് വരുമ്പോള്‍ അതുകൊണ്ട് അവര്‍ നേരെ മദ്യശാലയില്‍ പൊയ്ക്കളയും. യഥാര്‍ഥത്തില്‍ മലയാളികളെ അവഹേളിക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ ആരും പ്രതികരിച്ചില്ല.

ഇതിന്റെ തമാശ അതല്ല. ഒന്നാം തീയതിയാണ് കേരളത്തിലെല്ലാവര്‍ക്കും ശമ്പളം കിട്ടുന്നതെന്ന് ആരാണ് സര്‍ക്കാരിന് പറഞ്ഞുകൊടുത്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും എല്ലാ മാസവും ഒന്നാം തീയതിയല്ല ശമ്പളം. പല വകുപ്പുകളിലും പല ദിവസങ്ങളിലാണ്. ചിലതിന് മാസാവസാന ദിവസവുമാണ്. അത് മാത്രമല്ല ചില ഒന്നാം തീയതികള്‍ പൊതു അവധിയാണ് (ഉദാ: മെയ് ഒന്ന്). മലയാളികളെ മണ്ടന്മാരാക്കിയതില്‍ ഇതില്‍പ്പരം തെളിവ് വേണോ? ഇപ്പോഴും മണ്ടന്മാരാക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ ആരും പ്രതിഷേധിച്ചില്ല. അങ്ങനെ ചെയ്താല്‍ മദ്യമാഫിയയുടെ ആളാവുമല്ലോ.

ഇനി വില്‍പനയുടെ കാര്യമെടുക്കാം. എല്ലാ മാസവും അവസാന ദിവസം അതായത് ഒന്നാം തീയതി മുന്‍പുള്ള ദിവസം മദ്യവില്‍പന ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ തകര്‍ക്കും. കാരണം അടുത്ത ദിവസം അവധിയാണല്ലോ. അവധി കഴിഞ്ഞ് വരുന്ന രണ്ടാം തീയതിയും കൂടുതല്‍ വില്‍പന നടക്കും. അതായത് കണക്ക് നോക്കിയാല്‍ ഒന്നാം തീയതി മദ്യം വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ മദ്യം ഈ രണ്ട് ദിവസങ്ങളിലും നടന്നിരിക്കും. ബിവറേജ് ഔട്ട്‌ലറ്റുകളിലെ ക്യൂ കണ്ട് നമുക്കിത് ബോധ്യപ്പെടാം. ചുരുക്കത്തില്‍ ഒന്നാം തീയതി മദ്യക്കട അടയ്ക്കുന്നത് മൂലം ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇവിടത്തെ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ അവധി കിട്ടുന്നത് മാത്രമാണ് മിച്ചം.

കേരളവും മദ്യവും

വിവിധ പഠനങ്ങള്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മദ്യപിക്കുന്നത് പഞ്ചാബിലും രണ്ടാം സ്ഥാനം കേരളവുമെന്നാണ്. കേരളത്തിലെ ആണുങ്ങൡലെ 50 ശതമാനത്തോളം പേര്‍ ദിവസവും അല്‍പമെങ്കിലും മദ്യപിക്കുന്നവരാണെന്നാണ്. ബാക്കിവരുന്ന 50 ശതമാനത്തില്‍ 30 ശതമാനത്തോളം പേര്‍ വാരാന്ത്യമോ ഉത്സവദിവസങ്ങളിലോ ആഘോഷദിനങ്ങളിലോ മദ്യപിക്കുന്നവരാണ്. തീരെ മദ്യപിക്കാത്തവര്‍ ആണുങ്ങളില്‍ 20 ശതമാനത്തിന് താഴെ വരുകയുള്ളു. ഇത് 10 വര്‍ഷം മുന്‍പുള്ള കണക്ക്.

ശാസ്ത്രസാഹിത്യ പരിഷത്ത് കുറച്ചുകാലം മുന്‍പ് നടത്തിയ പഠനത്തില്‍ കേരളത്തിലെ ആകെ സ്ത്രീകളില്‍ 10 ശതമാനം പേര്‍ സ്ഥിരമായി മദ്യപിക്കുന്നവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഐ ടി മേഖലയുടെ കടന്നുവരവാണ് ഇതിന് പ്രധാന കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആഘോഷവേളകളില്‍ ബിയര്‍ പോലുള്ള വീര്യം കുറഞ്ഞ മദ്യം സ്ത്രീകള്‍ ധാരാളമായി ഉപയോഗിക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സുഗതകുമാരി ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത് മലയാളി ആദ്യം മദ്യം നുണയുന്ന പ്രായം 1980 ല്‍ 21 വയസായിരുന്നെങ്കില്‍ 2015 ലെത്തിയപ്പോള്‍ അത് 12 വയസായി എന്നാണ്.

വിലവര്‍ധനവിന്റെ സാമൂഹ്യ പ്രത്യാഘാതം

മദ്യത്തിന് നിരന്തരം വിലവര്‍ധിപ്പിക്കുമ്പോള്‍ അതുകൊണ്ട് എന്ത് ദോഷമെന്ന് പലരും ചോദിക്കാറുണ്ട്. ഒന്നാമത് മദ്യം ഒരു അവശ്യവസ്തുവല്ല. മദ്യം കഴിക്കുന്നത് വ്യക്തിയുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുന്നതാണ്. അല്ലെങ്കില്‍ തന്നെ കഴിക്കാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. വേണമെന്നുള്ളവര്‍ കൂടുതല്‍ പണം കൊടുത്ത് മദ്യപിക്കട്ടെ അതില്‍ ആര്‍ക്കാണ് ചേതം? വില കയറുമ്പോള്‍ മദ്യപാനികള്‍ മദ്യം കഴിക്കുന്നത് കുറയും. നാട്ടില്‍ സമാധാനം ഉണ്ടാകും. ഇതൊക്കെയാണ് വിലവര്‍ധനവിനെ അനുകൂലിക്കുന്നവരുടെ വാദങ്ങള്‍. ഈ പറയുന്നതൊക്കെ ശരിയാണെങ്കിലും ഇത് പ്രശ്‌നത്തിന്റെ ഒരുവശം മാത്രമേ ആകുന്നുള്ളു. ഇതിന് ശാസ്ത്രീയതയില്ല.

നല്ലതിനല്ലെങ്കിലും കേരളത്തില്‍ നല്ലൊരു ശതമാനം മദ്യം കഴിക്കുന്നവരാണ് എന്നാണ് യാഥാര്‍ഥ്യം നാം കാണാതിരുന്നുകൂട. സ്ഥിരമായി മദ്യപിക്കുന്നവരുടെ കണക്കെടുത്താല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ താഴെതലത്തിലുള്ള സാധാരണ ജോലിക്കാരാണ്. മെക്കാട് പണിക്കാര്‍, മേസ്തിരിമാര്‍, കല്‍പ്പണിക്കാര്‍, മീന്‍പിടിത്തക്കാര്‍, വര്‍ക്‌ഷോപ്പ് ജോലികള്‍, കിണര്‍-കക്കൂസ് പണിക്കാര്‍, ഇലക്ട്രിക്-പ്ലംബിങ് ജോലി ചെയ്യുന്നവര്‍, ഹോട്ടല്‍ പണിക്കാര്‍, തട്ട്കടക്കാര്‍, പഴം, പച്ചക്കറി കടക്കാര്‍ എന്നിങ്ങനെയുള്ളവരാണ്.

മദ്യത്തിന്റെ വില കൂടുമ്പോള്‍ സ്വാഭാവികമായും ഇവരുടെ ജീവിതച്ചെലവ് കൂടും. കൂടുന്ന മദ്യത്തിന്റെ വില സമൂഹത്തില്‍ നിന്നുതന്നെ കണ്ടെടുക്കാനുള്ള ശ്രമവും ഇവര്‍ നടത്തും. ഇതിന്റെ പരിണിതഫലമാണ് അധികരിക്കുന്ന കൂലി വര്‍ധനവ്. ക്രമാതീതമായ കൂലി വര്‍ധനവിന്റെ തുടക്കം 1995 മുതലാണ് കണ്ടുതുടങ്ങിയത്. ഈ വര്‍ഷത്തിന് ഒരു പ്രത്യേകതയുണ്ട്. ചാരായം നിരോധിച്ചത് ഈ വര്‍ഷമാണ്. ചാരായം കുടിച്ചുകൊണ്ടിരുന്ന താഴെത്തട്ടിലുള്ള പണിക്കാര്‍ വിദേശമദ്യം കഴിക്കാന്‍ തുടങ്ങി. അതിന്റെ വിലയും വന്‍തോതില്‍ വര്‍ധിപ്പിച്ചതിനാല്‍ അത്രയും തുക ചെലവഴിക്കാന്‍ സാധാരണ പണിക്കാര്‍ നിര്‍ബന്ധിതരായി. അതുവരെ 100 രൂപ മെക്കാട് പണിക്ക് ഉണ്ടായിരുന്നത് പെടുന്നനെ 150 ഉം 200 ഉം ആയി. അക്കാലത്ത് വീട് പണിയും മറ്റും നടത്തിയിരുന്നവരെ കണ്ട് നടത്തിയ പഠനത്തില്‍ ഇത് തെളിയിക്കപ്പെടുകയുണ്ടായി. കേരളത്തിലെ കൂലി വര്‍ധനവിനെക്കുറിച്ച് വിലപിക്കുന്നവര്‍ ഇത് ചിന്തിക്കുന്നില്ല. എന്തുകൊണ്ട് കേരളത്തില്‍ ഇത്രമാത്രം കൂലി വര്‍ധിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ആരും ചോദിക്കുന്നില്ല. ഇന്ന് ഒരു സാധാരണ മെക്കാട് പണിക്കാരന്റെ ദിവസക്കൂലി 750-1000 എന്ന തോതിലാണ് എത്തിയിരിക്കുന്നത്. അതായത് ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കേരളത്തിലെ ഏത് നിര്‍മാണ പ്രവര്‍ത്തനത്തിനും അസംസ്‌കൃത വസ്തുവിന്റെ വിലയുടെ അത്രയും ജോലിക്കൂലിയിലും ഉണ്ടാകുന്നുവെന്നാണ്. ചിലപ്പോള്‍ അതിലും കൂടും. ഇത് ലോകത്തൊരിടത്തുമില്ലാത്ത പ്രതിഭാസമാണ്.

ഇന്നൊരു സാധാരണ വീട് നിര്‍മിക്കണമെങ്കില്‍ എല്ലാവരെയും വിഷമിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലാളിയുടെ കൂലി വര്‍ധനവാണ്. ജോലിക്കൂലിയുടെ വര്‍ധനവ് മൂലം കേരളത്തില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലായെന്നാണ് മിക്കവരും പരിതപിക്കുന്നത്. ചിലര്‍ ട്രേഡ് യൂണിയനുകളെ കുറ്റം പറയുകയും ചെയ്യും. പക്ഷേ അടിസ്ഥാനകാരണങ്ങള്‍ ആരുടേയും ചിന്തയില്‍ വരുന്നില്ല.
കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന് തീവിലയാണ്. ഇവിടെത്തന്നെ ഹോട്ടലുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഹോട്ടല്‍ തൊഴിലാളികളുടെ വര്‍ധിച്ച കൂലിയാണ്. അത് ഭക്ഷണപദാര്‍ഥത്തിലും പ്രതിഫലിക്കും. ഇതര സംസ്ഥാനത്തൊഴിലാളികളെ ഇറക്കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചാലും ഇത് മാറില്ല. കാരണം അവരുടെ താമസസൗകര്യം, ഭക്ഷണം ഹോട്ടല്‍ മാനേജ്‌മെന്റും നല്‍കണം. കൂലിയില്‍ ചെറിയ വ്യത്യാസം വരുമെങ്കിലും മൊത്തത്തില്‍ നോക്കിയാല്‍ നഷ്ടമായിരിക്കും. രാത്രിയും പകലും ഇതര സംസ്ഥാനത്തൊഴിലാളികളുടെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കേണ്ട ബാധ്യതയും ഹോട്ടല്‍ മുതലാളിക്കാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളിലും (പൊലീസ് കേസുകള്‍ ഉള്‍പ്പെടെ ഉണ്ടാവുകയാണെങ്കില്‍) ഹോട്ടല്‍ മാനേജ്‌മെന്റ് ഉത്തരവാദിയായിരിക്കും.

നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടായാല്‍ ആനുപാതികമായി കൂലിയും സാധാരണ വര്‍ധിക്കാറുണ്ട്. നേരിയ തോതിലാണ് ഇത് അനുഭവപ്പടുന്നത്. മദ്യത്തിന് വില കയറുമ്പോഴാണ് അതിശയകരമായ തോതില്‍ കൂലി വര്‍ധനവ് ഉണ്ടാകുന്നത്. അമിതമായ കൂലിവര്‍ധനവ് എന്ന പ്രതിഭാസം കേരളത്തില്‍ ഉണ്ടാകുന്നതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ സാമൂഹ്യ-ധനതത്വശാസ്ത്രജ്ഞര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.
തൊഴിലാളിയുടെ അവകാശബോധം, സാമൂഹ്യമായ ഉയര്‍ച്ച എന്നൊക്കെ പറഞ്ഞ് ഇത്തരം ശാസ്ത്രജ്ഞര്‍ ഒഴിഞ്ഞുകളയും. എന്നാല്‍ ഇതെല്ലാം 1995 ശേഷം മാത്രമാണ് ഇത്രയധികം കൂലിവര്‍ധനവ് കണ്ടുതുടങ്ങിയത് എന്നതിനാണ് നാം ഉത്തരം കണ്ടെത്തേണ്ടത്.

മദ്യവും കുടുംബവും

മദ്യത്തിന്റെ വന്‍പിച്ച വിലവര്‍ധനവ് കുടുംബ ബജറ്റിനെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. സാധാരണ വിലക്കയറ്റമുണ്ടാകുമ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടാത്ത കാര്യങ്ങള്‍ ഒഴിവാക്കും. വരവ് ചെലവ് തുലനം ചെയ്യാന്‍ വേണ്ടിയാണിത്. എന്നാല്‍ മദ്യം ശീലമാക്കിയവര്‍ ഉള്‍പ്പെടുന്ന സാധാരണ തൊഴിലാളി കുടുംബങ്ങളില്‍ ഈ തുലനം ചെയ്യല്‍ നടക്കില്ല. മദ്യത്തിന് വില കൂടുന്നത് മൂലം മദ്യം ഉപേക്ഷിക്കാനോ അളവ് കുറയ്ക്കാന്‍ പോലുമോ ഇവര്‍ തയാറാകില്ല. ഫലമോ വിദ്യാഭ്യാസ-ആരോഗ്യകാര്യങ്ങളില്‍ ഉപയോഗിക്കേണ്ട രൂപ മദ്യത്തിലേക്ക് മാറും. ഇത് കുടുംബബജറ്റുകളെ താളം തെറ്റിക്കുക മാത്രമല്ല, കുടുംബം ചെയ്തുതീര്‍ക്കേണ്ട പല കടമകളും ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പൊതു ബാധ്യതയായി മാറും.
ആദര്‍ശത്തിന്റെ മൂടുപടമിട്ട് മദ്യത്തിന്റെ കാര്യത്തില്‍ എടുത്ത അശാസ്ത്രീയ നിലപാടുകള്‍ കേരളീയരെ എങ്ങനെയൊക്കെ മാറ്റിമറിച്ചു എന്ന് നാം ചിന്തിക്കേണ്ടതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ കേരളത്തില്‍ 30 ശതമാനത്തിലധികം വീടുകള്‍ ബാറുകളായി. ഇത് പല പഠനങ്ങളും പുറത്തുകൊണ്ടുവന്നതാണ്. എ കെ ആന്റണി ഒരു പത്രസമ്മേളത്തില്‍ ഇത് തുറന്ന് സമ്മതിക്കുകയുണ്ടായി. ഇത് കുടുംബങ്ങളില്‍ അന്തഃഛിദ്രം വര്‍ധിക്കുകയുണ്ടായി. ബാര്‍ നിര്‍ത്തലാക്കിയപ്പോള്‍ കുടിയന്മാര്‍ സ്വന്തം വീട് തന്നെ ബാറാക്കി എന്ന് യാഥാര്‍ഥ്യം തന്നെയാണ്. മാത്രമല്ല അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞത് മദ്യത്തിന് നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ മയക്കുമരുന്നിന്റെ ഉപയോഗം വലിയ തോതില്‍ കൂടി എന്നാണ്.
കേരളത്തില്‍ ആദ്യമായി നടന്ന ഏറ്റവും വലിയ മദ്യദുരന്തം 1982 ല്‍ പുനലൂരിലാണ് സംഭവിച്ചത്. കെ കരുണാരന്‍ മുഖ്യമന്ത്രിയായിരുന്നു. മദ്യദുരന്തത്തെ തുടര്‍ന്ന് ഇതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉദയഭാനു കമ്മിഷനെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. ഇതിന്റെ ഒരു സിറ്റിങ്ങില്‍ ഈ ലേഖകനും പങ്കെടുത്ത് ചില നിര്‍ദേശങ്ങള്‍ വച്ചിരുന്നു. മദ്യത്തിന്റെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരാന്‍ ഒരുപാട് കാര്യങ്ങള്‍ കമ്മിഷന്‍ സര്‍ക്കാരിന്റെ മുന്നില്‍വച്ചു. ഇന്നും ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊടിയടിച്ച് കിടക്കുകയാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് മദ്യം നിരോധിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടില്ല എന്നതാണ്. മാത്രമല്ല അതിന് ശേഷം വന്ന കമ്മിഷനുകളും മദ്യത്തിന്റെ വിനാശം തടയാന്‍ അത് നിരോധിച്ചുകൊണ്ട് സാധ്യമല്ല എന്ന് അടിവരയിട്ട് ചൂണ്ടിക്കാണിക്കുകയുണ്ടായി.
മദ്യം ഒരു ഭക്ഷണപദാര്‍ഥമല്ലെന്നും അത് നിരുല്‍സാഹപ്പെടുത്തിയതുതന്നെയാണെന്നുമാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎച്ച്ഒ) പറയുന്നത്. പക്ഷേ ഭരണാധികാരികളുടെ തെറ്റായ നടപടികള്‍ കേരളത്തില്‍ മദ്യപാനം വര്‍ധിപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ. പലര്‍ക്കും മദ്യം ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. കപട ആദര്‍ശമാണ് മദ്യത്തോടുള്ള സമീപനത്തില്‍ സ്വീകരിക്കുന്നത്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും കൂടുതല്‍ വിലയുള്ളത് കേരളത്തിലാണ്. മദ്യപന്മാര്‍ കൂടുതല്‍ ഉള്ളതും ഇവിടത്തന്നെയാണ്. ഇതിലെ വിരോധാഭാസം ഒരു ചിന്തിച്ച് നോക്കു.

മദ്യം കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്തവര്‍

മദ്യത്തെ രാഷ്ട്രീയലാഭത്തിനായി എന്നും ഉപയോഗിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. സ്വന്തം മുന്നണി അഴിമതിയും ഭരണപരമായ വീഴ്ചയും കൊണ്ട് നട്ടം തിരിയുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാനും ജനപിന്തുണ നേടാനും അവര്‍ എന്നും മദ്യത്തെ ശരണം പ്രാപിച്ചു.
ഇതിന് തുടക്കമിട്ടത് എ കെ ആന്റണിയായിരുന്നു. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെ ഇറക്കി അധികാരത്തില്‍ വന്ന ആന്റണി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ എടുത്തിട്ട തുറുപ്പ് ചീട്ടായിരുന്നു 1995 ലെ ചാരായ നിരോധനം. ആ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുന്‍പ് നാടകീയമായി ചാരായ നിരോധനം പ്രഖ്യാപിക്കുകയായിരുന്നു. അതുവരെ യുഡിഎഫിന്റെ പ്രഖ്യാപിത നയങ്ങളിലെ ഒരു അജന്‍ഡ പോലുമായിരുന്നില്ല മദ്യ നിരോധനം. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ നാല് വര്‍ഷവും 10 മാസവും കഴിഞ്ഞപ്പോഴാണ് വീണ്ടും അധികാരത്തില്‍ വരാന്‍ ജനങ്ങളുടെ മുന്‍പില്‍ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇങ്ങനെയൊരു സാധ്യത പുറത്തിറക്കിയത്. പ്രത്യേകിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. ഇതേ ആന്റണിക്ക് തന്നെ പില്‍ക്കാലത്ത് സമ്മതിക്കേണ്ടിവന്നു ചാരായ നിരോധനം തെറ്റായിരുന്നുവെന്ന്.
മദ്യം കൊണ്ട് കളിച്ചവരാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരും. മദ്യത്തിന് ഏതൊരു നിയന്ത്രണവുമില്ലാതെ പലതവണ വില കൂടുകമാത്രമല്ല ബാറുകള്‍ പൂട്ടുകയും ചെയ്തു. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പടിപടിയായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ചിലതൊക്കെ നിര്‍ത്തലാക്കി. ഞായറാഴ്ച ബിവറേജ് ഷോപ്പുകള്‍ ആദ്യം അവധി നല്‍കി. പിന്ന് അത് റദ്ദാക്കി. ഞാനാണ് ഏറ്റവും വലിയ മദ്യവിരുദ്ധന്‍ എന്ന് കാണിക്കാനുള്ള വി എം സുധീരന്‍-ഉമ്മന്‍ചാണ്ടി തര്‍ക്കങ്ങളും ഇതിന് ചൂട്ട് പിടിച്ചു.
യഥാര്‍ഥത്തില്‍ അഴിമതിയായിരുന്നു ഇതിന് പിന്നില്‍. മാണിയും കൂട്ടരും കോടികള്‍ കൊയ്തു. ഇതൊക്കെ സമീപകാല സംഭവങ്ങളാണ്.
ഇടതുപക്ഷ പ്രതിരോധം
യുഡിഎഫിന്റെ മദ്യം കൊണ്ടുള്ള രാഷ്ട്രീയക്കളിക്ക് മുന്നില്‍ എല്‍ഡിഎഫ് പലപ്പോഴും അന്ധാളിച്ച് നില്‍ക്കുകയാണ് ചെയ്തത്. എങ്കിലും സമചിത്തത വീണ്ടെടുത്ത് ശാസ്ത്രീയ സമീപനം അവരെടുത്തു. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. എങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ‘മദ്യംനിരോധനം’ ഗുണം ചെയ്യുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
പക്ഷേ അധികാരത്തിലെത്തിയപ്പോള്‍ മദ്യത്തെ സംബന്ധിച്ച ശാസ്ത്രീയ സമീപനം പുലര്‍ത്താന്‍ പലപ്പോഴും എല്‍ഡിഎഫിന് കഴിയുന്നില്ല. മദ്യത്തിന് വില കൂട്ടുന്നത് അവരും തുടര്‍ന്നു. മദ്യപിക്കുന്നവരുടെ കുറഞ്ഞ പ്രായം 23 വയസാക്കി. ചിലപ്പോള്‍ സ്ത്രീകളെയും മറ്റും തൃപ്തിപ്പെടുത്താനാണെങ്കിലും കുറച്ച് കൂടി ശാസ്ത്രീയ സമീപനം എല്‍ഡിഎഫ് ഇക്കാര്യത്തില്‍ എടുക്കണം. ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചത് ഇക്കാര്യത്തിലുളള നല്ല സമീപനമായിരുന്നു. 1996 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചാരായ നിരോധനം ഇതുപോലെ പിന്‍വലിക്കണമായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി നാം അതിന് കൊടുത്ത വില ഭീകരമായിരുന്നു. മദ്യത്തെ സംബന്ധിച്ച് വെറും ആദര്‍ശക്കസര്‍ത്തുകളല്ല നമുക്ക് വേണ്ടത്. ശാസ്ത്രീയ സമീപനമാണ്. അതിന് എല്‍ഡിഎഫിനേ കഴിയൂ.