Monday
22 Oct 2018

ഡോ: കുര്യന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാം

By: Web Desk | Saturday 25 November 2017 10:36 PM IST

അഡ്വ. കെ രാജു
(ക്ഷീരവികസന വകുപ്പുമന്ത്രി)

ഡോക്ടര്‍ കുര്യന്റെ ജന്മദിനമായ ഇന്ന് ദേശീയ ക്ഷീരദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ ദേശീയ ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല പരിപാടി കോഴിക്കോട് വച്ചാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ക്ഷീര രംഗത്തെ ചരിത്ര താളുകളില്‍ മറക്കാനാവാത്ത പ്രദേശമാണ്. ഒന്ന്, ക്ഷീരസഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മ സ്ഥലമാണെങ്കില്‍ മറ്റൊന്ന് ഇവിടെയാണ്, ഒരു പക്ഷേ ഇന്ത്യയില്‍ ആദ്യമായി ഒരു ക്ഷീരസഹകരണ യൂണിയന്‍ പിറന്നത്. 1939 സെപ്റ്റംബര്‍ മാസം 13 ന് അന്നത്തെ മദ്രാസ് പ്രസിഡന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത കാലിക്കറ്റ് കോ-ഓപ്പ. മില്‍ക്ക് സപ്ലൈ യൂണിയന്‍ റാവു ബഹദൂര്‍ ചിരുകണ്ടന്‍, കെ പി കേശവമേനോന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്ത വ്യക്തികള്‍ സാരഥ്യം വഹിച്ച പ്രസ്ഥാനമായിരുന്നു. ഇത് ഒരു പക്ഷേ വിധി കുറിച്ച് വച്ച ഏറ്റവും മഹനീയമായ സമാനതയായിരിക്കും.
ഡോ. കുര്യന്‍ സമാനതകളില്ലാത്ത വ്യക്തിയായിരുന്നു. അദ്ദേഹം നേതൃത്വം നല്‍കുമ്പോള്‍ ചെറിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ച അമൂല്‍ എന്ന പ്രസ്ഥാനം ഇന്ന് 38,000 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള ഭീമന്‍ സഹകരണ പ്രസ്ഥാനമായി മാറി.
വന്‍കിട ബഹുരാഷ്ട്ര കുത്തക സ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക രീതിയില്‍ അദ്ദേഹത്തിന് ഈ പ്രസ്ഥാനത്തെ വളര്‍ത്താന്‍ സാധിച്ചു. ഗുജറാത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, രാജ്യം മുഴുവനും ക്ഷീരവിപ്ലവത്തെ വ്യാപിപ്പിക്കാന്‍, ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ അമരക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ കാര്‍ഷിക പദ്ധതിയായ ‘ഓപ്പറേഷന്‍ ഫ്‌ളഡ്’ നടപ്പാക്കുക വഴി ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമാക്കി മാറ്റിയെടുത്തു. യുഎസ്എ അടക്കമുള്ള രാജ്യങ്ങളെ പിന്നിലാക്കിയാണ് നമ്മള്‍ ഈ നേട്ടം കൊയ്തത് എന്നത് പ്രത്യേകം ഓര്‍മ്മിക്കണം. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ അവരുടെ അധിക പാല്‍ കൊണ്ട് ഉണ്ടാക്കുന്ന പാല്‍പ്പൊടിയുടെ വിപണിയാക്കി ഇന്ത്യയുടെ നഗരപ്രദേശങ്ങളെ മാറ്റിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു; ശുദ്ധമായ പാല്‍ കുടിക്കാനാവാത്ത അവസ്ഥ. ഈ അവസ്ഥയില്‍ നിന്ന് മാറ്റം വരുത്താനും അതോടൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്യുന്നതിനായും അസംഘടിതരായ കര്‍ഷകരെ സംഘടിപ്പിച്ച് രൂപീകരിച്ച സഹകരണ പ്രസ്ഥാനം ലോകത്തിന് തന്നെ അത്ഭുതകരമായ മാതൃകയായിരുന്നു. ഒരുരൂപ പോലും സര്‍ക്കാര്‍ സഹായമില്ലാതെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു ‘ഓപ്പറേഷന്‍ ഫ്‌ളഡ്’ എന്നത് പദ്ധതിയുടെ മാറ്റ് കൂട്ടുന്നു.
ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിങ്ങനെ വ്യാവസായിക രംഗത്ത് വേണ്ടുന്ന എല്ലാ ചേരുവകളും ഈ രംഗത്തിന്റെ ഉടമകളായ ക്ഷീരകര്‍ഷകരില്‍ നിക്ഷിപ്തമാക്കുന്ന നടപടിമൂലം പാലിന് സ്ഥിരമായ വിലയും, വിപണിയും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ”കര്‍ഷകരോട് നിങ്ങള്‍ എത്ര പാല്‍ വേണമെങ്കിലും ഉല്‍പ്പാദിപ്പിച്ചോളൂ അത് ഞാന്‍ വിറ്റു തരാം” എന്ന് ചങ്കൂറ്റത്തോടെ അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിലെ ക്ഷീരസഹകരണ പ്രസ്ഥാപനങ്ങളുടെ വിറ്റുവരവ് ഏതാണ്ട് 60,000 കോടി രൂപയാണ്. അതോടൊപ്പം കാര്‍ഷിക രംഗത്ത് സ്ഥിരമായി ജിഡിപി ഉയര്‍ന്നു നില്‍ക്കുന്ന രംഗവുമായി മാറികഴിഞ്ഞു ക്ഷീരരംഗം. ഇവയൊക്കെ ഏറ്റവും നിര്‍ണ്ണായകമായ വിജയങ്ങളാണ്.
ക്ഷീരസഹകരണ രംഗത്ത് ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കര്‍മ്മരംഗം. അന്താരാഷ്ട്ര നിലവാരമുള്ള കഞങഅ (കിേെശൗേലേ ീള ഞൗൃമഹ ങമിമഴലാലി േഅിമിറ ) സ്ഥാപിച്ചത് എടുത്തു പറയേണ്ട നേട്ടമാണ്. അതോടൊപ്പം ഗുജറാത്ത് കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലര്‍, അലഹബാദ് സര്‍വകലാശാലയുടെ ചാന്‍സലര്‍ തുടങ്ങി നിരവധി അക്കാദമിക രംഗങ്ങളില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിഞ്ഞു.
റിസര്‍വ്വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗം വരെയാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ്.
മൂന്ന് മാസം മുമ്പ് ”ആനന്ദ്” സന്ദര്‍ശിക്കുവാനും ഡോ. കുര്യന്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടാനും അവസരമുണ്ടായി.
കേരളത്തിലെ ക്ഷീരസഹകരണ പ്രസ്ഥാപനങ്ങള്‍ പഠിക്കേണ്ട ഒരുപാട് പാഠങ്ങള്‍ ഗുജറാത്ത് മാതൃകയിലുണ്ട്. ത്രിതല സഹകരണ പ്രസ്ഥാപനം എന്ന ഘടനയിലുള്ള സമാനത മാത്രം പോര, പ്രവര്‍ത്തനങ്ങളിലും ആ ഊര്‍ജ്ജസ്വലതയും വളര്‍ച്ചയും കാണിക്കേണ്ടതുണ്ട്.
നമ്മുടെ സംസ്ഥാനത്ത് പാല്‍ ഉല്‍പ്പാദനത്തില്‍ അടുത്ത കാലത്തായി കാണുന്ന പുരോഗതി വളരെ ശുഭോദര്‍ക്കമാണ്. ഈ വര്‍ധന തോത് കാരണം വൈകാതെ തന്നെ നാം സ്വയംപര്യാപ്തതയിലേക്ക് എത്തും എന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള പാല്‍ നമ്മുടെ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ എത്തിക്കാന്‍ സാധിക്കും എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം. അതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.
നമ്മുടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട മൃഗ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക, കുറഞ്ഞ വിലയ്ക്ക് കന്നുകാലികള്‍ക്ക് തീറ്റ ഉറപ്പു വരുത്തുക, എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ഉരുക്കള്‍ക്കും ആവശ്യമായ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുക, സംയോജിത കൃഷി വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുക എന്നതാണ്. പാല്‍ ഉല്‍പാദന ചിലവ് കുറയ്ക്കുക എന്നത് സര്‍ക്കാര്‍ ഒരു ലക്ഷ്യമായി കാണുന്നു. അതിനാവശ്യമായ പദ്ധതികളാണ് സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്.
അതോടൊപ്പം ഏറ്റവും പ്രധാനം ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും, കര്‍ഷക അനുകൂല മനോഭാവവുമാണ്. നിര്‍ഭാഗ്യവശാല്‍ മന്ത്രിയെന്ന നിലയില്‍ ഓരോ ദിനവും നിരവധി പരാതികള്‍ ലഭിക്കുന്നത് ക്ഷീരസംഘങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ്. എല്ലാ പരാതികളും സത്യമാകണമെന്നില്ല, എന്നാല്‍ നിരവധി പരാതികളില്‍ വസ്തുതയുണ്ട്. ഇക്കാര്യത്തില്‍ സഹകാരികള്‍ കൂടുതല്‍ ജാഗരൂകരാകണം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ യുക്തമായ ഇടപെടലുകള്‍ ക്ഷീരവികസന വകുപ്പ് നടത്തി വരികയാണ്.
പശുക്കളുടെ ഗര്‍ഭധാരണം, മനുഷ്യരുടേതിന് സമാനമായി കണ്ടു പിടിക്കുന്നതിനുള്ള ടെസ്റ്റ് കിറ്റ് അടുത്ത വര്‍ഷം വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ചില ബ്ലോക്കുകളില്‍ നടപ്പിലാക്കി വരുന്ന രാത്രികാല മൃഗചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതോടൊപ്പം കര്‍ഷകരുടെ മറ്റൊരു പ്രധാന പ്രശ്‌നം മൃഗചികിത്സയ്ക്കാവശ്യമായ വെറ്ററിനറി മരുന്നുകളുടെ വില താങ്ങാന്‍ സാധിക്കുന്നില്ല എന്നതാണ്. ഈ പ്രയാസം ലഘൂകരിക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ന്യായവില വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.
കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മില്‍ക്ക് ഷെഡ് പദ്ധതി, പ്രാദേശിക വളര്‍ച്ചയ്ക്കായുള്ള ഡെയറി സോണ്‍, കറവക്കാരുടെ ക്ഷാമം നേരിടാനുള്ള കറവയന്ത്രങ്ങളുടെ വിതരണം, പുല്‍കൃഷി വ്യാപനത്തിനുള്ള പദ്ധതികള്‍, സംഘങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന കാലിത്തീറ്റ സബ്‌സിഡി, ധാതുലവണ മിശ്രിതത്തിന്റെ വിതരണം, പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ ഈ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ഈ വര്‍ഷം പാലിന്റെ വില വര്‍ദ്ധിപ്പിച്ച് നല്‍കിയത് കേവലം വര്‍ദ്ധനവായി മാത്രമല്ല മറിച്ച് പാല്‍വില ചാര്‍ട്ടില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാണ്. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ പാല്‍വില ലഭ്യമാക്കി. ക്ഷീരകര്‍ഷക ക്ഷേമപെന്‍ഷന്‍ പ്രതിമാസം 500 രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ദ്ധിപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ 45 കോടി രൂപ ധനസഹായം ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ബോര്‍ഡിന് നല്‍കി. ഇതൊക്കെ സൂചിപ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള പ്രതിബദ്ധതയെയാണ്.
ചെറുകിട നാമമാത്ര കര്‍ഷകരാണ് ഏതൊരു സഹകരണ പ്രസ്ഥാനത്തിന്റെയും നട്ടെല്ല്. അവരുടെ കൊഴിഞ്ഞുപോക്ക് ഇന്ന് നമ്മുടെ സഹകരണ പ്രസ്ഥാപനങ്ങള്‍ നേരിടുന്ന വലിയ ഒരു വെല്ലിവിളിയാണ്. ചെറുകിട /വന്‍കിട ഫാമുകളോടൊപ്പം തന്നെ ചെറുകിട നാമമാത്ര കര്‍ഷകരെ ഈ രംഗത്ത് പിടിച്ചു നിര്‍ത്താന്‍ നമുക്ക് സാധിക്കണം. അതിനാവശ്യമായ ഇടപെടലുകള്‍ സഹകാരികള്‍ നടത്തണം. ക്ഷീരരംഗം ഒരു ജീവനോപാധിയായി മാറിയാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ എന്ന് ഓര്‍മിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ ഏറ്റവും വലിയ മറ്റൊരു പ്രശ്‌നം പാലിന് എതിരെയുള്ള പ്രചാരണങ്ങളാണ്. ഒരു കാലത്ത് വെളിച്ചെണ്ണയ്‌ക്കെതിരെ നടന്ന പോലെ, സോയ മില്‍ക്ക്, ഓട്ട് മില്‍ക്ക് ലോബികള്‍ വലിയ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. ഭാരതത്തിലെ നമ്മുടെ കാര്‍ഷികവൃത്തിയുടെ അവിഭാജ്യ ഘടകമായിരുന്നു കന്നുകാലി വളര്‍ത്തല്‍. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം കൂടിയായിരുന്നു പാലിന്റെ ഉപയോഗം. ഇത് വിസ്മരിക്കാന്‍ സാധിക്കില്ല. ക്ഷീരരംഗത്തെ സാങ്കേതിക വിദഗ്ധര്‍ ഇക്കാര്യം ശ്രദ്ധിക്കുകയും പൊതുജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പാലിനെക്കുറിച്ചും പാല്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം. അങ്ങനെ സാധിച്ചില്ലെങ്കില്‍ നാളീകേര കൃഷിക്ക് സംഭവിച്ച മാതിരിയുള്ള വിപണി പ്രതിസന്ധി പാലിന്റെ കാര്യത്തിലും സംഭവിച്ചു കൂടാ എന്നില്ല. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഡോ. കുര്യന്‍ തുടങ്ങിവച്ച ക്ഷീരസഹകരണ പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ആ ഉദ്ദേശ്യത്തോടെയാണ് ത്രിതല സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നത്. ഇന്നത്തെ നമ്മുടെ സഹകരണ രംഗം നാളെയുടെ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാകണം. ഇല്ലെങ്കില്‍ മറ്റു പല സ്ഥാപനങ്ങള്‍ക്കും സംഭവിച്ചതു പോലെ ഈ പ്രസ്ഥാനവും കാലയവനികയ്ക്കുള്ളിലേക്ക് മറയും. ഏത് പ്രസ്ഥാനവും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്ക് വിധേയമാകണം. ഇത്തരം അനുകൂലമായ മാറ്റങ്ങള്‍ നമുക്ക് തള്ളികളയാനാവില്ല. നമ്മുടെ ക്ഷീരസഹകരണ പ്രസ്ഥാനം നിശ്ചയമായും പുരോഗതിയിലേക്ക് പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. സഹകാരികള്‍, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിതരണക്കാര്‍ തുടങ്ങി നിരവധിപേര്‍ ഈ രംഗത്ത് പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ. കുര്യന്റെ ജന്മദിനമായ ഇന്ന്, ദേശീയ ക്ഷീരദിനത്തില്‍ ഈ രംഗത്തോടുള്ള പ്രതിബദ്ധത പുതുക്കാം. അതാകട്ടെ ഡോ. കുര്യന് നല്‍കുന്ന ഏറ്റവും നല്ല ആദരാഞ്ജലി. ”എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു” എന്ന് ഡോ. കുര്യന്‍ പറഞ്ഞത് ഉള്‍ക്കൊണ്ട്, അദ്ദേഹം കണ്ട ആ സ്വപ്‌നം നമുക്ക് യാഥാര്‍ത്ഥ്യമാക്കാം.