Wednesday
23 Jan 2019

സുസ്ഥിര വികസനത്തില്‍ കുടുംബങ്ങളുടെ പങ്ക് അനിവാര്യമോ?

By: Web Desk | Monday 14 May 2018 10:16 PM IST

ഇന്ത്യയിലെ ശതകോടിക്കണക്കിന് 

ജനങ്ങള്‍ ദാരിദ്ര്യവും പട്ടിണിയും 

മൂലം അന്തസായി ജീവിക്കാനുള്ള
അവസരം നിഷേധിക്കപ്പെട്ട
അവസ്ഥയിലാണ്. സമൂഹത്തിന്‍റെ
നാനതുറകളിലുള്ളവര്‍ അവസരം, സമ്പത്ത്, അധികാരം, ലിംഗപരമായ അസമത്വങ്ങള്‍ എന്നിവ മൂലം ദുരിതം പേറുന്നു. യുവജനങ്ങള്‍ക്കിടയിലുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ ആശങ്ക
ഉയര്‍ത്തുന്നു. കൂടാതെ
ജീവിതശൈലീരോഗങ്ങള്‍, തീവ്രമായ പ്രകൃതി ദുരന്തങ്ങള്‍, ഭീകരവാദം, തീവ്രവാദം തുടങ്ങിയവ ഇന്ത്യയുടെ വികസന പുരോഗതിക്ക്
മങ്ങലേല്‍പ്പിക്കുന്നു

സാധാരണ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക ഉന്നമനത്തിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതിലൂടെയാണ് സാമ്പത്തിക വികസനം കൈവരിക്കുന്നത്. എന്നാല്‍ ഇന്ത്യയെപോലുള്ള രാജ്യം അതിരുകടന്ന കമ്പോളവത്കരണ-ഉദാരീകരണ നയങ്ങളുടെ ഫലമായി മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ശതകോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യവും പട്ടിണിയും മൂലം അന്തസായി ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. സമൂഹത്തിന്റെ നാനതുറകളിലുള്ളവര്‍ അവസരം, സമ്പത്ത്, അധികാരം, ലിംഗപരമായ അസമത്വങ്ങള്‍ എന്നിവ മൂലം ദുരിതം പേറുന്നു. യുവജനങ്ങള്‍ക്കിടയിലുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ ആശങ്ക ഉയര്‍ത്തുന്നു. കൂടാതെ ജീവിതശൈലീരോഗങ്ങള്‍, തീവ്രമായ പ്രകൃതി ദുരന്തങ്ങള്‍, ഭീകരവാദം, തീവ്രവാദം തുടങ്ങിയവ ഇന്ത്യയുടെ വികസന പുരോഗതിക്ക് മങ്ങലേല്‍പ്പിക്കുന്നു. അതുപോലെ പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം, പരിസ്ഥിതി നാശം, വരള്‍ച്ച, ആഗോള താപനം, കാലാവസ്ഥാവ്യതിയാനം എന്നിവയും സുസ്ഥിര വികസന സാധ്യതകളെ പിറകോട്ടടിപ്പിക്കുന്നു. എന്നിരുന്നാലും ഇന്ത്യയ്ക്ക് ഇത് അവസരങ്ങളുടെ സമയമാണ്. ആശയവിനിമയ സാങ്കേതിക വിദ്യയും ആഗോള ഇടപെടലുകളും വലിയ സാധ്യതകളാണ്. നിര്‍വഹണത്തെ തടസപ്പെടുത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും അന്തര്‍ഹിതമായ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനുള്ള കര്‍മ്മ മാര്‍ഗങ്ങളും തിരിച്ചറിഞ്ഞാല്‍ മാത്രമെ ഇന്ത്യയ്ക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. സുസ്ഥിരവികസന നേട്ടത്തിനുവേണ്ടി കുടുംബങ്ങളുടെയും കുടുംബ നയങ്ങളുടെയും പങ്ക് നിര്‍ണായകമാണ്. ഈയൊരു സാഹചര്യത്തിലാണ് 2018 മെയ് 15-ാം തീയതി കുടുംബങ്ങളുടെ അന്തര്‍ദേശീയ ദിനം ആചരിക്കുന്നത്.

സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമാണ് കുടുംബം. കുടുംബങ്ങളുടെ പങ്ക് പൊതു സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളെ സ്വാധീനിക്കുന്നതാണ്. അടുത്തകാലത്തായി കുടുംബത്തെ കേന്ദ്രീകരിച്ചുള്ള വിശകലനങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്നുണ്ട്. ഇതിനുകാരണം മുതലാളിത്തത്തിലൂന്നിയ ലാഭാധിഷ്ഠിത കച്ചവട താല്‍പര്യങ്ങളാണ്. മനുഷ്യ സമൂഹത്തിന്‍റെ സ്വാഭാവിക’ പരിണതികളിലൊന്നാണ് കുടുംബം. ഇതാണ് സമ്പദ്‌വ്യവസ്ഥയുടെയും, സമൂഹ ഘടനയുടെയും അടിസ്ഥാനം. കുടുംബ ഘടന ജൈവികമായി നിര്‍ണയിക്കുന്നതാണ്. കുടുംബമെന്നത് സ്വാഭാവികമായി തന്നെ വൈവിധ്യമാര്‍ന്ന ഏതാനും വ്യക്തികളടങ്ങിയതും പരസ്പര പരിഗണനയോടുകൂടി പങ്കുവയ്ക്കലിലൂടെ ഒന്നിക്കുന്നതുമാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. സി.ടി. കുര്യന്‍റെ കുടുംബത്തെക്കുറിച്ചുള്ള നിരീക്ഷണം ഇവിടെ പ്രതിപാദിക്കുന്നു. “തൊഴിലാളികള്‍ പിറക്കുന്നത് കുടുംബങ്ങളിലാണ്. അവര്‍ക്ക് വേണ്ട പ്രാഥമിക പരിശീലനങ്ങള്‍ ലഭിക്കുന്നതും കുടുംബങ്ങളില്‍ നിന്നാണ്. വളര്‍ന്നു വലുതായി ലോകത്തിന്റെ നെറുകയിലെത്തിയാലും രാത്രി തലചായ്ക്കാന്‍ അവര്‍ എത്തുന്നത് സ്വന്തം കുടുംബത്തിലാണ്. ഭക്ഷണം പാകം ചെയ്യുക എന്നത് ഒരു കുടുംബത്തിന്‍റെ പ്രധാന പ്രവര്‍ത്തനമായി പരിഗണിക്കുന്നു. അതുപോലെ എല്ലാത്തരം വരുമാനവും സമ്പത്തും കൈകാര്യം ചെയ്യുന്നത് കുടുംബത്തിലാണ്. ലഭ്യമായ വരുമാനത്തിന്‍റെ എത്രഭാഗം ഇപ്പോള്‍ ഉപയോഗിക്കണമെന്നും ഭാവിയിലേക്ക് സമ്പാദ്യമായി മാറ്റിവെക്കണമെന്നും തീരുമാനിക്കുന്നത് അതത് കുടുംബങ്ങളാണ്. ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും അടിത്തറ കുടുംബമാണ്.
കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും, കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹികവും സാമ്പത്തികവും ജനസംഖ്യാശാസ്ത്രപരവുമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനും വേണ്ടി 1993ല്‍ ഐക്യരാഷ്ട്രസംഘടന ജനറല്‍ അസംബ്ലിയില്‍ വര്‍ഷംതോറും മെയ് 15ാം തീയതി കുടുംബങ്ങളുടെ അന്തര്‍ദേശീയ ദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ കുടുംബങ്ങളുടെ അന്തര്‍ദേശീയ ദിനം ആചരിക്കുന്നത് സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ സമൂഹങ്ങളെ സുസ്ഥിര വികസനത്തിനായി പ്രോത്സാഹിപ്പിക്കുകയും ഈ ലക്ഷ്യം നിറവേറ്റാന്‍ കുടുംബങ്ങളുടെ പങ്ക് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടിയാണ്. പല രാജ്യങ്ങളിലും കുടുംബങ്ങളുടെ വിവിധ മേഖലകളിലുള്ള താല്‍പര്യവും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായാണ് ഈ ദിനം ഉപയോഗിക്കുന്നത്.

ഇന്ത്യയ്ക്ക് സുസ്ഥിര വികസനത്തിലേക്ക് എത്തിച്ചേരാന്‍ കുടുംബങ്ങളും കുടുംബങ്ങളുടെ നയപരിപാടികളും വളരെ സ്വാധീനം ചെലുത്തുന്നുണ്ട്. ശക്തമായ കുടുംബബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുക, ദാരിദ്ര്യം കുറയ്ക്കുക, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുക, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയും. അതുപോലെ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നതും അവരുടെ മുഴുവന്‍ കഴിവുകളും തിരിച്ചറിയുന്നതും ശക്തമായ കുടുംബബന്ധങ്ങളിലൂടെയാണ്. അംഗങ്ങളുടെ പരിചരണത്തിലുള്ള പങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം, മാതാപിതാക്കള്‍ തമ്മിലുള്ള ജോലി-കുടുംബ ഇടപെടലുകള്‍ എന്നിവയിലൂടെ കുടുംബങ്ങളെ ശാക്തീകരിക്കാന്‍ സഹായിക്കുന്ന നിരവധി ശ്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ഭാഗമായും വ്യത്യസ്തമായ പരിപാടികളിലൂടെയും ഉണ്ടായാല്‍ മൊത്തത്തിലുള്ള വികസനലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. ഇന്ത്യയില്‍ വിവിധകാലയളവുകളില്‍ പ്രസിദ്ധീകരിച്ച ദേശീയ കുടുംബാരോഗ്യ സര്‍വ്വേ ഫലങ്ങള്‍ ഇതിന് ആധാരമായ തെളിവുകള്‍ നിരത്തുന്നുണ്ട്. ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതം, സമൂഹത്തിലെ എല്ലാ പ്രായത്തിലുമുള്ള ജനങ്ങളുടെ ക്ഷേമം, ലിംഗസമത്വം നേടുന്ന രീതിയിലുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കും. ഒരു കുടുംബത്തിലെ കുട്ടികളുടെയും, വൃദ്ധജനങ്ങളുടെയും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുന്നത് കുടുംബാംഗങ്ങളുടെ കൃത്യമായ പരിചരണത്തിലൂടെയും, ശരിയായ ചികിത്സയിലൂടെയുമാണ്. ഇത് ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്.
കുടുംബമെന്നത് വളരെ പ്രധാന പങ്ക് വഹിക്കുന്ന ഒരു സാമൂഹിക സംവിധാനമാണ്. കുട്ടികളുടെ സംരക്ഷണത്തിന് കുടുംബങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. കുടുംബാംഗങ്ങള്‍ അവരുടെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കുടുംബങ്ങള്‍ക്കിടയിലും, സമൂഹത്തിനുള്ളിലും പരസ്പരം ബഹുമാനവും സഹിഷ്ണുതയും സഹകരണവും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അത്തരത്തിലൂടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലുള്ള തുല്യ പങ്കാളിത്തമെന്ന പൊതുബോധ്യം അടയാളപ്പെടുത്താനാകും. ഓരോ പെണ്‍കുട്ടിയും പൂര്‍ണ്ണ ലിംഗപരമായ തുല്യത അനുഭവിക്കുന്നത് അവരുടെ വീടുകളിലാണ്. ആ സന്ദേശം നമ്മുടെ പൊതു മണ്ഡലത്തിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ശക്തമായ കുടുംബ പശ്ചാത്തലത്തിലൂടെ സാധിക്കും. ഒരു മനുഷ്യന് അവരുടെ കഴിവും, അന്തസും സമത്വവും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ നിറവേറ്റാന്‍ കഴിയുന്നത് കുടുംബബന്ധങ്ങളിലൂടെയാണ്. ഇന്ന് കാണുന്ന, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തിരുത്തേണ്ടത് സ്വന്തം കുടുംബത്തിലും കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിലൂടെയുമായിരിക്കണം. ഇത്തരത്തിലുള്ള സാംസ്‌കാരിക നവോത്ഥാനം ആരംഭിക്കേണ്ടത് കുടുംബത്തില്‍ നിന്നുതന്നെയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാന്‍ എല്ലാവര്‍ക്കും മാന്യമായ ജീവിത സാഹചര്യവും അത് ആസ്വദിക്കാനുള്ള ലോക ക്രമത്തെയുമാണ് സൃഷ്ടിക്കേണ്ടത്. മനുഷ്യന്‍റെ ഉപഭോഗത്തിലും ഉല്‍പ്പാദനരീതിയിലും മാറ്റം അനിവാര്യമാണ്. പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍നിന്നും പൂര്‍ണമോചനം, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍പ്പെട്ട സുസ്ഥിര വികസനത്തിന് സുസ്ഥിരമായ പരിതസ്ഥിതി ആവശ്യമാണ്. ഉല്‍പാദനം, ഉപഭോഗം, പ്രകൃതി ചൂക്ഷണം തുടങ്ങിയ മൂലധനശക്തികളുടെ പ്രവര്‍ത്തനങ്ങളാണ് സുസ്ഥിര വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നത്. ഭൗതിക വളര്‍ച്ചയെയും, ലാഭത്തെയും മാത്രം സ്വപ്‌നംകണ്ടുള്ള ഒരു സമ്പദ്‌വ്യവസ്ഥ ഇനിയും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധ്യമല്ലായെന്ന് നന്മയില്‍ വിശ്വസിക്കുന്ന ജനവിഭാഗങ്ങള്‍ അംഗീകരിക്കുന്ന വസ്തുതയാണ്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, മാതൃഭാഷാസംരക്ഷണം, കൃഷി, ഭക്ഷ്യസുരക്ഷ, മാലിന്യ നിര്‍മാര്‍ജ്ജനം, നെല്‍വയല്‍-നദീതടസംരക്ഷണം തുടങ്ങിയ നിരവധി മേഖലകളില്‍ കുടുംബങ്ങള്‍ക്ക് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് സുസ്ഥിര വികസനത്തിനായി പ്രകൃതി സൗഹൃദപരവുമായ ഒരു സമൂഹ നിര്‍മ്മിതി സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ഇത്തരത്തിലൂടെ കുടുംബങ്ങളും സമൂഹങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഉത്തരവാദിത്വ ബോധത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നയിക്കും.

(ലേഖകന്‍ കാസര്‍ഗോഡ് എളേരിത്തട്ട് ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അദ്ധ്യാപകനാണ്)