Wednesday
23 Jan 2019

മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ക്കുവേണ്ടി

By: Web Desk | Monday 14 May 2018 10:21 PM IST

 എസ് ഹനീഫാറാവുത്തര്‍

മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ അനുദിനം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്ത് 2 പേര്‍ ഓരോ സെക്കന്‍ഡിലും 60-ാം ജന്മദിനം ആഘോഷിക്കുന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിര്‍ന്നവരുടെ സംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 1961 ല്‍ ജനസംഖ്യയുടെ 5.83 ശതമാനമായിരുന്നത് 2016 ല്‍ 15.63 ശതമാനമായി ഉയര്‍ന്നു 2021 ല്‍ ഇത് 20 ശതമാനമായിരിക്കും. അതായത് 25 വര്‍ഷംകൊണ്ട് വര്‍ധനയുടെ നിരക്ക് ഏതാണ്ട് ഇരട്ടിയാകും. കുട്ടികളെക്കാള്‍ വൃദ്ധരുടെ സംഖ്യ വര്‍ധിക്കുന്ന സമൂഹമായി നമ്മള്‍ മാറുന്നു എന്നാണിതിനര്‍ഥം. ശിശു സംരക്ഷണത്തോടൊപ്പം മുതിര്‍ന്നവരുടെ സംരക്ഷണത്തിനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ് ഈ വസ്തുത നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഏകാന്തതയും അരക്ഷിതബോധവും രോഗാതുരതയുമാണ് വാര്‍ധക്യകാലത്ത് നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍. മിണ്ടാനും പറയാനും ആരുമില്ലാതെ വരിക, മക്കളും കൊച്ചുമക്കളും തിരക്കിനിടക്ക് അവഗണിക്കുക, സമൂഹവുമായി ഇടപെടാനുള്ള അവസരങ്ങള്‍ ഇല്ലാതിരിക്കുക, അറിയാവുന്ന തൊഴില്‍ തുടര്‍ന്നും ചെയ്യാന്‍ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഏകാന്തതയ്ക്ക് കാരണമാവുന്നു. ഏകാന്തത വിഷാദത്തിലേക്ക് നയിക്കും. മുതിര്‍ന്നവര്‍ക്കുവേണ്ടി പകല്‍വീടുകള്‍ സ്ഥാപിക്കുക, അവരുടെ അറിവും പരിചയവും തുടര്‍ന്നും പ്രയോജനപ്പെടുത്തുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണം. മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വയോജനങ്ങളെ പ്രേരിപ്പിക്കണം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണത്.

വയോജനങ്ങളുടെ സുരക്ഷിതത്വത്തിന് അനിവാര്യമായും വേണ്ടത് സാമൂഹിക സുരക്ഷിതത്ത്വമാണ്. അതിനാവട്ടെ ശക്തമായ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ പെന്‍ഷന്‍ വയോജനങ്ങള്‍ക്ക് ലഭ്യമാക്കണം. മറ്റ് പെന്‍ഷനൊന്നും കിട്ടാത്തവര്‍ക്ക് പ്രതിമാസം 3500രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇന്ത്യന്‍ ഭരണഘടനയുടെ 41-ാം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ 22-ാം ആര്‍ട്ടിക്കിളും അനുശാസിക്കുന്ന വാര്‍ദ്ധക്യകാലത്തെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍റെ കാര്യം നടപ്പിലാക്കാന്‍ ഇനിയും അമാന്തിച്ചുകൂട.

വയോജന പെന്‍ഷനായി കേരളത്തില്‍ 1100 രൂപയാണ് നല്‍കുന്നത്. ജീവിതച്ചെലവിന്‍റെ അടിസ്ഥാനത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി 3500 രൂപയെങ്കിലും പെന്‍ഷനായി നല്‍കണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് നാമമാത്രമായി നല്‍കുന്ന 1100 രൂപയില്‍ വെട്ടിക്കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവരുടെ വാര്‍ധക്യകാല പെന്‍ഷന്‍ 600 രൂപയാക്കി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം വയോജന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കുമെല്ലാം ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് നിസ്വരായ വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ വെട്ടിക്കുറച്ചത്. അധ്യാപകരോ സര്‍ക്കാര്‍ ജീവനക്കാരോ ആയിരുന്നവര്‍ എംഎല്‍എ മാരും എംപിമാരും ആയാല്‍ രണ്ടു പെന്‍ഷന്‍ വാങ്ങുന്നതില്‍ തെറ്റുകാണാത്ത ഭരണാധികാരികള്‍ പിച്ചച്ചട്ടിയില്‍ നിന്ന് തിരിച്ചെടുക്കുന്നത് ശരിയല്ല. ഈ നടപടി മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കാന്‍ തയ്യാറാവണം.

ചെറിയ കുടുംബങ്ങളുടെയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങളുടെയും എണ്ണം കൂടുകയും തൊഴില്‍തേടി അന്യദേശങ്ങളിലേക്ക് മക്കള്‍ ചേക്കേറുകയും ചെയ്യുന്നത് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ മക്കളോടൊപ്പം വാര്‍ധക്യകാലജീവിതം സാധ്യമല്ലാത്തെ അവസ്ഥ സംജാതമാകുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരുമിച്ചു താമസിക്കാനുള്ള കമ്മ്യൂണിറ്റി ലീവിങ് സെന്ററുകള്‍ സ്ഥാപിച്ച് ഇതിന് പരിഹാരം കാണണം. ഒരു വശത്ത് മുതിര്‍ന്നവരെ പരിത്യജിക്കുന്ന സ്ഥിതിവിശേഷം വ്യാപകമാവുകയും മറുവശത്ത് ചെറുപ്പക്കാര്‍ വന്‍തോതില്‍ അന്യദേശങ്ങളില്‍ കുടിയേറുന്നത് വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും വേണ്ടിയുള്ള വൃദ്ധസദനങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുകയാണ്. ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങളുള്ള സംസ്ഥാനവും കേരളമാണ്. ഇത് ഇന്ന് കച്ചവടമാണ്. ചൂഷണത്തിന്റെ കേന്ദ്രവുമാണ്. വൃദ്ധസദനങ്ങളല്ല, കമ്മ്യുണിറ്റി ലീവിങ് സെന്‍ററുകളാണ് ആവശ്യം. ഇത് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആവശ്യാനുസരണം സ്ഥാപിക്കപ്പെടണം.

സൗജന്യ പോഷകാഹാരം, സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴിലവസരങ്ങള്‍ വയോജനക്ഷേമവകുപ്പ്, ന്യായവില കണ്ണടഷോപ്പ്, സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കൂലി ഇളവ്, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങി വയോജനങ്ങള്‍ക്ക് മറ്റ് നിരവധി ആവശ്യങ്ങളുണ്ട്.
മുതിര്‍ന്ന പൗരന്മാര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വേണ്ടിയുള്ള നിയമം കര്‍ശനമായും ഫലപ്രദമായും നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. പൊലീസ് സ്റ്റേഷനുകളില്‍ വയോജനങ്ങളെ സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കുക, അവരുടെ വീടുകള്‍ മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കുക എന്നീ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടണം. മാതാപിതാക്കള്‍ക്കെതിരെ ചെലവിനു കിട്ടാനും സ്വത്തുക്കള്‍ തിരികെ കിട്ടാനുമുള്ള കേസുകള്‍ കൊടുക്കുന്നത് വര്‍ധിച്ചു വരുകയാണ്. സാമൂഹ്യ സംഘര്‍ഷത്തിനും കുടുംബ സംഘര്‍ഷത്തിനും വഴിവയ്ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഭരണകൂടത്തിന്റെ ജാഗ്രത അത്യാവശ്യമാണ്.
വെല്‍ഫയര്‍ ഓഫ് പേരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് മെയിന്റനന്‍സ് ആക്ട് പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടിയുള്ള സംസ്ഥാന കൗണ്‍സിലുകളും ജില്ലാകമ്മിറ്റികളും രൂപീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ തിമിരം ബാധിച്ച് സേച്ഛാപരമായി രൂപീകരിച്ച കമ്മിറ്റികളാണ് ഇപ്പോള്‍ നിലവിലുള്ളത്. വയോജനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനാധിപത്യപരമായി ഈ സമിതികള്‍ പുന:സംഘടിപ്പിക്കണം.

മുതിര്‍ന്ന പൗരന്മാരെ സംഘടിപ്പിച്ച് അവരോടൊപ്പം പ്രവര്‍ത്തിച്ച് അവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുകയും പ്രശ്‌നങ്ങള്‍ സമൂഹത്തിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍. മെയ് 15,16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ വയോജനങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്. അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും.

(സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സിലിന്‍റെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)