Thursday
24 Jan 2019

അടിമകളുടെ ഉടമകളുടെ ഉടമകള്‍

By: Web Desk | Saturday 31 March 2018 10:28 PM IST

രു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അടിമയാക്കിവെക്കാമോ? മൃഗങ്ങളെ അടിമകളാക്കാമെങ്കില്‍ മനുഷ്യരെയും അടിമകളാക്കാമെന്നാണ് മനുഷ്യചരിത്രത്തിലെ ആദ്യകാല നിയമനിര്‍മാതാക്കള്‍ കുറിച്ചത്. അടിമയാക്കപ്പെടുന്നവന് മൃഗസമാനമായ അസ്തിത്വമേ ഉള്ളൂ എന്നായിരുന്നു സങ്കല്‍പ്പനം. മാത്രമല്ല, അടിമ, ഉടമ എന്നീ ധാരണകള്‍ മനുഷ്യജീവിതത്തിന്‍റെ എല്ലാ ശ്രേണികളിലേക്കും പടരുകയും ചെയ്തു. എല്ലാവരും ദൈവത്തിന്‍റെ അടിമകള്‍, പ്രജകള്‍ രാജാവിന്‍റെ അടിമകള്‍, സന്തതികള്‍ അച്ഛനമ്മമാരുടെ അടിമകള്‍, ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ അടിമകള്‍, ശിഷ്യര്‍ ഗുരുവിന്റെ അടിമകള്‍ എന്നിങ്ങനെ. മാത്രമല്ല, ഉടമസ്ഥത ദൈവീകമായി കണക്കാക്കപ്പെട്ടു. ഉടമസ്ഥരെല്ലാം ദൈവങ്ങള്‍. മാതാപിതാ ഗുരു രാജാ ദൈവം!
ഇതോടെ ഉമടസ്ഥത ദൈവസിദ്ധമായി. ഇടക്കാലത്തുണ്ടായ ഒരേയൊരു സംശയവും തര്‍ക്കവും ദൈവത്തിന്‍റെ അടിമയാണോ രാജാവും അതോ മറിച്ചാണോ എന്നതായിരുന്നു. ദൈവത്തിനുള്ളത് ദൈവത്തിന്, രാജാവിനുള്ളത് രാജാവിനും എന്ന് വീതിക്കപ്പെട്ടതോടെ ആ തര്‍ക്കവും രാജിയായി. തീര്‍പ്പാക്കുന്നത് രാജാവുതന്നെ ആണല്ലൊ; എതിര്‍കക്ഷി ഹാജരില്ലായ്കയാല്‍ വിധി ‘എക്‌സ്-പാര്‍ട്ടി’യും ആയിരുന്നു.
പല മതങ്ങളുടെയും വേദപുസ്തകത്തില്‍ അടിമത്തം അംഗീകരിക്കപ്പെടുന്നുണ്ടല്ലൊ.
ഈ ജനായത്തകാലത്തും അത്ഭുതമെന്നു പറയാം. ഭൂമിയില്‍ മനുഷ്യര്‍ക്കിടയിലെ അടിസ്ഥാനപ്രശ്‌നം അടിമത്തം തന്നെയാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ അടിമത്തം നിയമാനുസൃതമാണ്. മറ്റിടങ്ങളില്‍ അടിമത്തം ശാരീരികവും പ്രത്യക്ഷവുമായി പാടില്ല എന്നാണ് വ്യവസ്ഥ. പക്ഷേ, മാനസികമായും പരോക്ഷമായും നിലനില്‍ക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു. പണമില്ലാത്തവന്‍ അതുള്ളവന്‍റെ പരോക്ഷ അടിമ. ഏകകാലുകളില്‍ ചങ്ങലകളില്ല എങ്കിലും ജീവിതം മൊത്തമായി ഒരു ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നു. ഈ ചട്ടക്കൂടാകട്ടെ അതില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടാക്കുന്നതല്ല. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നവര്‍ ദാരിദ്ര്യംകൊണ്ടും സമൂഹ ബഹിഷ്‌കരണംകൊണ്ടും ശിക്ഷിക്കപ്പെടും.
പണിശാലകളിലും കൃഷിയിടങ്ങളിലുമൊക്കെ ചട്ടക്കൂടുകള്‍ കാണാം. ശാലയും ഭൂമിയും അടിമയുടെ അല്ല. അടിമയുടെ ജീവിതംതന്നെ അവന്‍റെയോ അവളുടെയോ അല്ല. എല്ലുമുറിയെ പണിയെടുത്താല്‍ വല്ലതും കിട്ടും. എന്ത് കിട്ടും എത്ര കിട്ടും എന്ന് നിശ്ചയിക്കുക ഉടമകളാണ്. ദുര്‍ല്ലഭം കേസുകളില്‍ ശാലയൊ ഭൂമിയൊ അല്‍പമാത്രമായെങ്കിലും സ്വന്തമായുള്ളവരും പരോക്ഷ അടിമകള്‍തന്നെ. ഉല്‍പ്പാദനോപകരണവും അസംസ്‌കൃത വസ്തുക്കളും ഉടമകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങണം. ഉല്‍പ്പന്നം ഉടമകള്‍ നിശ്ചയിക്കുന്ന നിലയ്ക്ക് കൈമാറുകയും വേണം. ഇതൊക്കെ ചെയ്യാന്‍ അടിമകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്.
അതുകൊണ്ട് അവരെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ ഉടമകള്‍ ദല്ലാളന്മാരെ പോറ്റുന്നു. കള്ളം പറഞ്ഞു പറ്റിക്കാന്‍ വിഷമമാകുമ്പോള്‍ ഇവര്‍ നാടകീയമായി ജാതിമത വികാരങ്ങള്‍ ഉപയോഗിക്കും. ഇതിനു കച്ചകെട്ടിയിറങ്ങിയവരെ ചേരികളാക്കി മത്സരിപ്പിക്കും. ജയിച്ചു എന്ന് ഭൂരിപക്ഷത്തിന് തോന്നുന്ന രീതിയില്‍ ആര്‍പ്പുവിളിയുണ്ടാവും. ആര്‍ ജയിച്ചാലും ജയിക്കുന്നത് അടിമകളുടെ ഉടമകളായി അരങ്ങത്ത് കാണപ്പെടുന്ന അധികാരികളുടെ യഥാര്‍ത്ഥ ഉടമകളായ മൂലധനശക്തികളായിരിക്കും.
ഈ പൊറാട്ടുനാടകത്തെ അതിജീവിക്കാന്‍ ഒരു വഴിയും മാര്‍ക്‌സൊ ഏംഗല്‍സൊ കുറിച്ചിട്ടില്ല. മാത്രമല്ല, ഇടതുപക്ഷ പ്രസ്ഥാനങ്ങളെപ്പോലും മൂലധനശക്തികള്‍ ഈ പാവക്കൂത്തിലെ ഉപകരണങ്ങളാക്കുന്നു.

ഇപ്പോഴത്തെ അവസ്ഥനോക്കൂ. ഇടതുപക്ഷം മതവര്‍ഗീയതയുടെ കൂടെയൊ ജാതിവര്‍ഗീയതയുടെ കൂടെയൊ നില്‍ക്കേണ്ടത് എന്നതാണ് പ്രധാന പ്രശ്‌നം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലുറപ്പ് ഇത്രയും പതിറ്റാണ്ടുകളായിട്ടും കിട്ടിയില്ല.
ഇതിനിടെ, കാലാകാലങ്ങളായി അടിമകള്‍ അടിയും തൊഴിയും മരണംപോലും വകവയ്ക്കാതെ പൊരുതിനേടിയ അവകാശങ്ങള്‍പോലും ഇപ്പോഴിതാ കാറ്റില്‍ പറത്താനൊരുങ്ങുന്നു. ആര്‍ക്കും ആരെയും പിരിച്ചുവിടാം. ഒരു കാരണവും പറയാതെ! അതിനുള്ള നിയമം വരുന്നു. പിന്നെ, വേതനത്തിനായി വിലപേശുന്ന പ്രശ്‌നമേ ഉദിക്കില്ല. കാരണം, തൊഴില്‍ നഷ്ടപ്പെടുന്നവന് ആത്മഹത്യയല്ലാതെ വഴിയില്ല. പിരിച്ചുവിടാന്‍ ഒറ്റത്തലാക്കു മതിതാനും.
എന്നാലോ, തൊഴിലെടുത്തു ജീവിക്കുന്നവര്‍ ഒരുമിക്കുന്ന പ്രശ്‌നമില്ല. നൂറായിരം യൂണിയനുകളാണ് അവരെ വിഭജിക്കുന്നത്. ശത്രുത അന്യൂനം.
പണ്ടൊക്കെ അടിമകള്‍ മോചനത്തിനാണ് സമരം ചെയ്തത്. ഇന്നിപ്പോള്‍, എന്‍റെ ഊരയിലെ കയര്‍ അഴിക്കാതിരിക്കൂ, എനിക്ക് ധാരാളം പച്ചപ്പുല്ലും പിണ്ണാക്കും തരൂ, പിന്നെ ബിസിനസ് മാനേജ്‌മെന്റ് എന്ന കാര്യക്ഷമത പഠിപ്പിക്കൂ എന്നാണ് മുറവിളി. പോത്തായല്ല പിറന്നത് എന്ന കഥയെങ്കിലും ഓര്‍ക്കാന്‍…