Thursday
24 Jan 2019

ഭാഷാ സംസ്ഥാന പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാമുഖം

By: Web Desk | Tuesday 3 April 2018 10:54 PM IST

മ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആദ്യമായി കേരളത്തില്‍ നടന്നത് 1956ലാണ്. പാലക്കാട്ട് വച്ചാണ് നാലാം പാര്‍ട്ടികോണ്‍ഗ്രസ് ഏപ്രില്‍ 19 മുതല്‍ 29 വരെ നടന്നത്. അന്ന് കേരള സംസ്ഥാനം രൂപംകൊണ്ടിരുന്നില്ല.

നാലാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ മുപ്പതിനായിരം ക്യാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 1,24,504 ആയിരുന്നു പാര്‍ട്ടി അംഗസംഖ്യ. 427 പ്രതിനിധികളെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുത്തത്. 407 പേര്‍ പങ്കെടുത്തു.
സമാധാനത്തിനും ദേശീയ സ്വാതന്ത്ര്യ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്താനും ബഹുജനങ്ങളുടെ വിശാലമായ ഐക്യനിര വളര്‍ത്തിക്കൊണ്ടുവരാനും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. യുദ്ധവിപത്തിനും, ആയുധ പണയത്തിനുമെതിരെ ബഹുജനപ്രസ്ഥാനം വളര്‍ത്തണം. സാമ്രാജ്യത്വത്തിന്‍റെ കുടിലതന്ത്രങ്ങള്‍ക്കെതിരെ സമരനിര വളര്‍ത്തണം.

വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍ രാഷ്ട്രീയ പ്രമേയം ആശങ്ക രേഖപ്പെടുത്തി. കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെ, മറ്റ് വിഭാഗം തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
രണ്ടാം പഞ്ചവത്സര പദ്ധതിക്കായുള്ള കരട് നിര്‍ദേശങ്ങള്‍ക്ക് രാഷ്ട്രീയ പ്രമേയത്തില്‍ രൂപം നല്‍കി. ഭാഷാ സംസ്ഥാനങ്ങള്‍ക്കായുള്ള പ്രക്ഷോഭം ശക്തിപ്പെട്ട കാലമായിരുന്നു അത്. ഒരു ഗോത്രസമൂഹം, ഒരു ജനത, ദേശീയതയായി രൂപാന്തരപ്പെടുന്നതിന് നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഭാഷ തന്നെയാണ്. ഒരു ഗോത്രസമൂഹത്തിലെയോ സമുദായത്തിലെയോ ജനങ്ങളെ തുടക്കം മുതല്‍ തന്നെ ഒരുമിപ്പിക്കുന്നത് ഭാഷയാണ്. മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്നാണ് ഭാഷ. ചരിത്രപരമായി സംഘടിപ്പിക്കപ്പെട്ട സമൂഹത്തെ ഒരു പൊതുവിഭാഗത്തില്‍ ഉറപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുകയും അതിന്‍റെ സംസ്‌കാരത്തെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നതും ഭാഷയാണ്. ഒരു പ്രതേ്യക ചരിത്ര കാലഘട്ടത്തില്‍- വികസിത മുതലാളിത്ത ഘട്ടത്തില്‍ – പൊതുവായ ആഭ്യന്തര കമ്പോളവും സാമ്പത്തിക ജീവിതവും സ്ഥാപിക്കുന്നതിന് അത് ഉപാധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

അത്തരം പ്രശ്‌നങ്ങളെ അതിന് പരിഹാരം കണ്ടെത്താനുള്ള കാഴ്ചപ്പാടോടെ, ചരിത്രപരമായ വ്യക്തതയോടെ വിശകലനം ചെയ്യാനാണ് മാര്‍ക്‌സിസം എപ്പോഴും പരിശ്രമിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും അതിനുമുമ്പുള്ള ചരിത്രപരമായ സവിശേഷ സാഹചര്യങ്ങളില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഉയര്‍ന്നുവന്നു. കോണ്‍ഗ്രസാകട്ടെ അവരുടെ സംഘടനാ സംവിധാനം ഏതാണ്ട് ഭാഷാടിസ്ഥാനത്തിലാക്കിയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആവശ്യം ശക്തിപ്പെട്ടു. കീഴടക്കലിലൂടെയും കയ്യേറ്റത്തിലൂടെയും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ അതിരുകള്‍ ഭാഷാടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം എല്ലായിടത്തും ഉയര്‍ന്നുവന്നു. ഐക്യഭാരതത്തിനകത്തു നിന്നുകൊണ്ട് ജനാധിപത്യപരിഹാരം എന്നതായിരുന്നു ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള കാതല്‍. ഒരേസമയം ഇന്ത്യയുടെ അനുപേക്ഷണീയമായ ഐക്യം. അതിന്‍റെ വൈവിധ്യം, അതിന്‍റെ നാനാത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം ഉതകുമെന്ന് നാലാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ വ്യക്തമാക്കി. ജനാധിപത്യത്തെയും ഭരണത്തെയും സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാക്കാനുള്ള സമരത്തിന്റെ ഭാഗമായിരുന്നു അതും.

വിചിത്രമെന്ന് പറയട്ടെ നിരവധി സ്ഥലങ്ങളില്‍ ഭാഷാടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച കോണ്‍ഗ്രസ് സംസ്ഥാന രൂപീകരണ കാര്യത്തില്‍ തത്വാധിഷ്ഠിതമായ ജനാധിപത്യ തത്വം പാലിക്കാന്‍ കൂട്ടാക്കിയില്ല. നാട്ടുരാജ്യങ്ങളെ തലങ്ങും വിലങ്ങും ലക്ഷ്യമിട്ട് രൂപീകരിച്ച ബ്രിട്ടീഷ് പ്രോവിന്‍സുകളെ പുനഃസംഘടിപ്പിച്ച് ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നിരന്തരം സമരം ചെയ്തു.

കടുത്ത സമരത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വിശാല ആന്ധ്രയ്ക്ക് വേണ്ടിയുള്ള സമരത്തില്‍ പോറ്റി ശ്രീരാമലുവും സംയുക്ത മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള സമരത്തില്‍ 108 പേരും രക്തസാക്ഷികളായി. സിപിഐയ്‌ക്കൊപ്പം പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ മറ്റ് ചില രാഷ്ട്രീയപാര്‍ട്ടികളും പ്രമുഖ പൗരന്മാരും സംയുക്ത മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തു. ആന്ധ്രപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നിവയുടെ രൂപീകരണത്തില്‍ സിപിഐയുടെ പങ്ക് നിര്‍ണായകമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ശക്തിപ്പെടുത്താന്‍ പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. രാഷ്ട്രീയപ്രമേയത്തോടൊപ്പം അടിയന്തിര കടമ എന്ന പേരില്‍ മറ്റൊരു രേഖയും നാലാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ആ രേഖ ജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുകയായിരുന്നു. നമ്മുടെ ദേശീയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ഈ രേഖയിലെ കടമകള്‍ ഏറ്റെടുക്കുന്നതുവഴി കഴിയുമെന്ന ഉറച്ച വിശ്വസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചു.

കോളനികളില്‍ ശക്തിപ്പെട്ടുവരുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടികോണ്‍ഗ്രസ് രേഖ പിന്തുണ പ്രഖ്യാപിച്ചു. ഗോവയുടെ ഏകോപനത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. സമാധാനപരവും സൗഹാര്‍ദപരവുമായ ചര്‍ച്ചകളിലൂടെ പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അടിയന്തിര കടമ എന്ന രേഖ നിര്‍ദേശിക്കുന്നു.
രാജ്യത്തിന്‍റെ പുനഃസംഘടനകളും സ്വാതന്ത്ര്യം ശക്തിപ്പെടുത്താനും മൂര്‍ത്തമായ പരിപാടിരേഖ മുന്നോട്ടുവച്ചു. ഘന വ്യവസായങ്ങളുടെ പുനഃസംഘടന വേണമെന്നും പരമ്പരാഗത ഘന വ്യവസായങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും രേഖ നിര്‍ദേശിച്ചു.
സംസ്ഥാന നിയമസഭകളിലെ ഉപരിസഭകള്‍ നിര്‍ണായകമാണെന്നും എല്ലാ തെരഞ്ഞെടുപ്പുകളിലും ആനുപാതിക പ്രാതിനിധ്യം കൊണ്ടുവരണമെന്നും രേഖയില്‍ ആവശ്യപ്പെട്ടു. ട്രേഡ്‌യൂണിയന്‍ അംഗീകാരത്തിനായി നിയമം കൊണ്ടുവരണമെന്ന നിര്‍ദേശം രേഖ മുന്നോട്ടുവച്ചു. അഴിമതിക്കാര ശക്തിമത്തായ ബഹുജനപ്രക്ഷാഭം വളര്‍ത്തിക്കൊണ്ടുവരാന്‍ നാലാമത് പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവില്‍ നിന്ന് വേര്‍പെടുത്തണമെന്ന സുപ്രധാന നിര്‍ദേശം മുന്നോട്ടുവച്ചതും പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസാണ്.

പഞ്ചവത്സര പദ്ധതികളോട് ക്രിയാത്മക സമീപനം കൈക്കൊള്ളാനും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സമരങ്ങള്‍ സംഘടിപ്പിക്കുവാനും പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനിച്ചു. അജയഘോഷിനെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. ഭാഷാ സംസ്ഥാന പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാമുഖം നല്‍കാനും ദേശീയ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരം ഊര്‍ജിതമാക്കാനും നാലാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്ക് കഴിഞ്ഞു.