Thursday
24 Jan 2019

ആസിഫാ, അവിടെ ദൈവമുണ്ടായിരുന്നു

By: Web Desk | Wednesday 18 April 2018 10:10 PM IST

രു പിതാവ് ജമ്മുവിലെ കുന്നുകള്‍ കയറുകയാണ്. മലമടക്കുകള്‍ താണ്ടുകയാണ്. നൂറ്റിപ്പത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം സ്വന്തം സ്ഥലത്ത് എത്തുവാന്‍. കുതിരകളും കോലാടുകളും ചെമ്മരിയാടുകളും എല്ലാം ഒപ്പമുണ്ട്. യാത്ര തുടങ്ങിയപ്പോഴുണ്ടായിരുന്ന ഒരാള്‍ മാത്രം കൂടെയില്ല. ആ ഉപ്പയുടെ പുന്നാരമോള്‍. പൂമ്പാറ്റയെപ്പോലെ പാറി നടന്ന ആസിഫ. എട്ടുപൂക്കാലങ്ങള്‍ മാത്രം കണ്ട നിഷ്‌കളങ്കയായ പിഞ്ചുബാലിക.

കാണാതായ കുതിരകളെ തേടിയാണ് അവള്‍ ആ കാട്ടുപ്രദേശത്ത് അലഞ്ഞുനടന്നത്. കണ്ടെത്താന്‍ സഹായിക്കാം എന്നു പറഞ്ഞ് രണ്ടുപേര്‍ ഒപ്പം കൂടി. നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍. അവര്‍ ആസിഫയെ അടുത്ത ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി മയക്കുമരുന്നു കൊടുത്തും ഭീഷണിപ്പെടുത്തിയും എട്ടു ദിവസങ്ങള്‍ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു. നിരവധിപേര്‍ അവളെ ബലാല്‍ഭോഗം ചെയ്ത് കൊന്നു. മഞ്ഞുമലകള്‍ ഞെട്ടിനില്‍ക്കെ പര്‍പ്പിള്‍ ഉടുപ്പിട്ട ആ കുഞ്ഞിന്‍റെ മൃതശരീരം പുറത്തുനിന്നും കണ്ടെടുക്കപ്പെട്ടു.
ബലാല്‍ഭോഗം പട്ടാളക്കാരും ഹീനമനസ്‌കരും സ്വീകരിക്കുന്ന ഒരു സാമൂഹ്യ വിരുദ്ധ മാര്‍ഗമാണ്. അതില്‍ രതിയില്ല, സ്‌നേഹമില്ല, മനുഷ്യത്വമോ മൃഗീയത പോലുമോ ഇല്ല.
ഇവിടെ ബഖര്‍വാള്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആ പ്രദേശത്തുനിന്നും ഒഴിവാക്കാന്‍ വേണ്ടി നെറ്റിയില്‍ പൊട്ടും കൈയില്‍ കെട്ടുമുള്ള ബ്രാഹ്മണരാണ് ഈ ക്രൂരകൃത്യം ചെയ്തത്. പൂജാരികളുടെ വേഷം അതാണല്ലോ. ഹിന്ദുവര്‍ഗീയ വാദികളുടെ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി അതിനെ അനുകൂലിക്കുകയും പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രകടനം നടത്തുകയും ചെയ്തു. ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ നിന്നും അവര്‍ക്ക് പുറത്തുപോകേണ്ടതായും വന്നു. ബാബറിപ്പള്ളി പൊളിക്കുകയും ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കുകയും ചെയ്ത അവര്‍ക്ക് എട്ടു വയസുകാരിയുടെ കൊലപാതകം ഒരു ചെറിയ കാര്യം മാത്രമാണല്ലോ.
അവളുടെ ഉപ്പ ആളുകളോടു പറഞ്ഞത് ആസിഫ എന്റെ മകളുമാത്രമല്ല ഹിന്ദുസ്ഥാന്റെ മകള്‍ കൂടിയാണ് എന്നാണ്.

അതെ, ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു. തിരുത്താന്‍ കഴിയാത്ത ഈ പാപകര്‍മത്തെ ഹൃദയരക്തത്തിന്‍റെ ഭാഷയില്‍ അപലപിക്കുന്നു.
പൊലീസിലും പട്ടാളത്തിലും ഹിന്ദുവര്‍ഗീയതയ്ക്ക് പണ്ടില്ലാത്തവിധം സ്വാധീനമുണ്ടായിട്ടുണ്ട്. ഫേയ്‌സ് ബുക്കിലൂടെ വന്നിട്ടുള്ള ചില പട്ടാളക്കാരുടെ പ്രതികരണങ്ങള്‍ ജുഗുപ്‌സാവഹമായ രീതിയില്‍ ഹിന്ദുവര്‍ഗീയതയെ ന്യായീകരിക്കുന്നതാണ്.
ജമ്മു കശ്മീരിലെ പൊലീസുകാരാണ് നരഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങിയത്. ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന അവരോടൊപ്പമുണ്ട്. മെഹബൂബാ മുഫ്തി മന്ത്രിസഭയിലെ ബിജെപി അംഗങ്ങളായ ലാല്‍സിങ്, ചന്ദ്രപ്രകാശ് ഗംഗ എന്നിവര്‍ ഹിന്ദു ഏകതാ മഞ്ചിനെ പിന്തുണയ്ക്കുകയും ചെയ്തു.

ക്ഷേത്രത്തില്‍ വച്ച് ചില പൂജാകര്‍മങ്ങള്‍കൂടി നടത്തിയതിനുശേഷമാണ് ബലാല്‍ഭോഗം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. നരഹത്യ ഹിന്ദുമതത്തില്‍ ഒരു പുണ്യകര്‍മമാണ്. നരബലിക്കും ജന്തുബലിക്കും എതിരേ നടത്തിയ പരിശ്രമങ്ങളാണ് ബുദ്ധ ജൈനദര്‍ശനങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായത്.
നരബലി, ജന്തുബലി, പക്ഷിബലി, സതി തുടങ്ങിയ ദുരാചാരങ്ങള്‍ നിരോധിച്ചെങ്കില്‍ പോലും സമ്പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കിന്നും കഴിഞ്ഞിട്ടില്ല. സംസ്‌കാര സമ്പന്നരും വിവേകശാലികളുമായ ഇന്ത്യന്‍ സമൂഹം വിദൂരതയിലെ സ്വപ്‌നം മാത്രമാണ്.
ആസിഫാ, പൂമ്പാറ്റക്കുട്ടീ നിന്നെ കാപാലികര്‍ ക്രൂരമായി കൊലപ്പെടുത്തിയ ആ ഹിന്ദുക്ഷേത്രത്തില്‍ ദൈവമുണ്ടായിരുന്നു. അന്ധതയും ബധിരതയുമുള്ള നിര്‍ഗുണ പരബ്രഹ്മം! ഒരുപക്ഷേ അമാനുഷിക വൈഭവങ്ങളാല്‍ ഈ ക്രൂരകൃത്യത്തെ ആ ദൈവം ആസ്വദിച്ചതുകൊണ്ടായിരിക്കാം അനങ്ങാതെയിരുന്നുകളഞ്ഞത്.
ആസിഫ ഇന്ത്യയുടെ മകളാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന പിന്‍ബലമായ ഹിംസാത്മക മതത്താല്‍ ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ മകള്‍. ദേശീയ ബോധത്തിന്‍റെ മനുഷ്യസ്‌നേഹ പതാക ഇവിടെ താഴ്ത്തിക്കെട്ടേണ്ടിയിരിക്കുന്നു.