Friday
14 Dec 2018

കോടീശ്വരന്മാര്‍ക്കു മാത്രമായി പെട്ടകം

By: Web Desk | Saturday 17 February 2018 10:31 PM IST

ബഹിരാകാശത്ത് ഒരു താവളം ഉണ്ടാക്കുന്നുപോലും. അത് ചന്ദ്രനിലാവാം, ചൊവ്വയിലാവാം, വേറെ ഏതെങ്കിലും സൂര്യന്റെ ഗ്രഹത്തിലുമാവാം. എവിടെ എന്ന് തീര്‍ച്ചയായില്ല. പക്ഷേ, എവിടെയായാലും അവിടേയ്ക്ക് ആളുകളെ കൊണ്ടുപോകാനുള്ള റോക്കറ്റ് പരീക്ഷിച്ചു. എത്രയോ കോടി ഡോളറാണ് ചെലവ്. പ്രവാസത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്ന കമ്പനി നിലവില്‍ വന്നുകഴിഞ്ഞു. ബുക്കിങ് താമസിയാതെ തുടങ്ങുമായിരിക്കും.

ഇതൊരു വിനോദയാത്രയല്ല. കുടിയേറ്റമാണ്. റിട്ടേണ്‍ ടിക്കറ്റ് ഇല്ല. താവളത്തില്‍ വെള്ളം മുതല്‍ വായുവരെ എല്ലാം ഇവിടന്നു കൊണ്ടുപോയി റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കേണ്ടതുണ്ട്. താവളനിര്‍മാണത്തിന് സ്‌ക്വയര്‍ സെന്റിമീറ്ററിന് കോടിക്കണക്കിലാണ് നിരക്ക്. എങ്ങനെ നോക്കിയാലും ഏതാനുമായിരം പേരെ മാത്രമെ അതിന് ഉള്‍ക്കൊള്ളാനാവൂ.
അവിടെ കച്ചവടമോ തൊഴിലോ ചെയ്ത് പണമുണ്ടാക്കി നാട്ടിലേക്ക് അയക്കാനല്ല ഈ കുടിയേറ്റം. ആകെ മലിനമായ ഭൂമിയില്‍ ജീവന് പുലരാന്‍ കഴിയാതാവുന്ന ആസന്നഭാവിയില്‍ മനുഷ്യവംശം നശിക്കാതെ നിലനില്‍ക്കാനാണ്. അപ്പോള്‍ മനുഷ്യരെ മാത്രം കൊണ്ടുപോയാല്‍ പോരാ; മറ്റ് ജീവികളെയും കൊണ്ടുപോകണം.

വിശ്വപ്രളയം വന്നപ്പോള്‍ നോഹ ചെയ്ത പണി. ഓരോ ജോടി എല്ലാ ജീവികളെയും കയറ്റി അദ്ദേഹം. ഇതിപ്പോള്‍ അങ്ങനെയല്ല. വലിയ ടിക്കറ്റ് നിരക്ക് നല്‍കാന്‍ കഴിയുന്നവര്‍ക്കേ കയറാനാവൂ. കോടീശ്വരന്മാര്‍ക്കു മാത്രം ലോകത്തുള്ള മറ്റെല്ലാവരും നശിച്ചുപോയാലും ഞാനും മക്കളും ജീവിക്കണം എന്ന് കരുതുന്ന ആളുകള്‍ക്ക് ഇനി, മറ്റൊന്നിനുമായി വേണ്ട എങ്കിലും ഇങ്ങനെ ഒന്നിനായി എന്തുകൊടുംപാപം ചെയ്തും കോടികളുണ്ടാക്കിയേ തീരു. ആ പരാക്രമം കൊണ്ടുതന്നെ ഭൂമി അത്രയും വേഗം അത്രയുമേറെ മോശമാവുകയും ചെയ്യും.
സ്റ്റീഫന്‍ ഹോക്കിങ് എന്ന ശാസ്ത്രജ്ഞനാണ് ഇങ്ങനെ ഒരു പോംവഴി ആദ്യമായി നിര്‍ദ്ദേശിച്ചത്. അന്യഗ്രഹങ്ങളില്‍ പോയി ജീവിക്കാന്‍ ശ്രമിക്കുകയേ വഴിയുള്ളൂ എന്ന്. പക്ഷേ, കുടിയേറുന്നേടവും കുറഞ്ഞകാലം കൊണ്ട് ഇങ്ങനെ നശിപ്പിക്കപ്പെടാതിരിക്കാന്‍ എന്തുവഴിയെന്ന് അദ്ദേഹം പറയുന്നില്ല.

മാത്രമല്ല, ഈ കുടിയേറ്റത്തിന് ചെലവാകുന്ന (അത് സാധ്യമാവുകയാണെങ്കില്‍!) ഭീമമായ തുകയുടെ ഒരു ചെറിയ ഭാഗമുണ്ടെങ്കില്‍ ഭൂമിയുടെ ആവാസയോഗ്യത വീണ്ടെടുക്കാന്‍ ഇപ്പോഴും കഴിയുമെന്ന വസ്തുത അദ്ദേഹം എന്തുകൊണ്ട് കാണാതെപോയി എന്ന് പെട്ടെന്നു പിടികിട്ടുന്നില്ല.
കുറച്ചുകൂടി ആലോചിച്ചാല്‍ ചില വെളിപാടുകള്‍ ഉണ്ടായിക്കിട്ടാതിരിക്കുന്നുമില്ല. ഭൂമിയിലെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയരീതികളുടെ അനാശാസ്യഫലമാണ് ഇന്നത്തെ ആസന്നമരണയായ ഭൂമിയുടെ ദുരിതാവസ്ഥ. ഈ രീതികളില്‍ സമൂലമായ മാറ്റങ്ങള്‍ വരാതെ ഒരുമരുന്നും ചികിത്സയും ഫലിക്കില്ല.

ഭൂമിയിലെ വിഭവങ്ങളുടെ അവകാശവും ഉപയോഗവും ആരുടെയും കുത്തകയല്ലാതാകണം. പുരോഗതി, ജീവിതനിലവാരം, രേഖീയമായി വളരുന്ന വ്യവസായവല്‍ക്കരണം എന്നിങ്ങനെ ഇന്ന് നിലവിലുള്ള ‘സൂചി’കളൊക്കെ അബദ്ധങ്ങളാണെന്ന് തിരിച്ചറിയണം. അതിര്‍ത്തികളും മഹാസൈന്യങ്ങളും ഭീകരയുദ്ധങ്ങളും പോകണം. എല്ലാ അധീശത്വങ്ങളും അസമത്വങ്ങളും അവസാനിക്കണം. മനുഷ്യവംശത്തെ ഒന്നിന്റെ പേരിലും ആരും വിഭജിച്ച് മുതലെടുക്കരുത്.
എന്നുവച്ചാല്‍ മുതലാളിത്തം നാടുനീങ്ങണം! മനുഷ്യന് മാത്രമല്ല, ഭൂമിയിലെ എല്ലാ ജീവനും മാത്രവുമല്ല, ഭൂഗോളത്തിനുതന്നെ മാരകമായ ഈ പരസ്പര ചൂഷണ കുന്ത്രാണ്ടം ഉപേക്ഷിക്കപ്പെട്ടാല്‍ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് അവസാനിക്കും.
പ്രകൃതി എന്നത് ചൂഷണം ചെയ്യപ്പെടാനുള്ളതല്ല എന്ന ബാലപാഠം വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. ഇത്തിക്കണ്ണിക്കു ചൂഷണം ചെയ്യാനുള്ളതല്ലല്ലോ മരം. ആണെന്നു കരുതിയാല്‍ മരമുണങ്ങുമ്പോള്‍ ഇത്തിക്കണ്ണി ശേഷിക്കില്ല എന്ന് തിരിച്ചറിയുമ്പോള്‍ വേറെ മരം അന്വേഷിക്കുകയാണോ പോംവഴി?
ആധുനികശാസ്ത്രം ഇന്നോളം ചൂഷണത്തിന്റെ വഴിയാണന്വേഷിക്കുന്നത്. ഓരോ കണ്ടുപിടിത്തംകൊണ്ടും ഏത് വിഭവത്തെ എങ്ങനെ ചൂഷണം ചെയ്യാമെന്നാണ് നോട്ടം. ആ സാധ്യതയുള്ള ഗവേഷണത്തിനേ മുതല്‍മുടക്കുള്ളൂ.
ഭൂമയിലെ മൊത്തം സമ്പത്തിന്റെ തൊണ്ണൂറ് ശതമാനവും ജനസംഖ്യയുടെ പത്ത് ശതമാനത്തിന്റെ കൈയിലായത് അങ്ങനെയാണ്. ദരിദ്രരെ ഇപ്പോള്‍ വിളിക്കുന്നത് ഗാര്‍ബേജ് പോപ്പുലേഷന്‍ (കുപ്പത്തൊട്ടി ജനം) എന്നാണ്. അവരെ പുലര്‍ത്തേണ്ടതില്ല എന്നുകൂടി വന്നിരിക്കുന്നു. കാരണം, പണിശാലകളിലും കൃഷിയിടങ്ങളിലും യന്ത്രമനുഷ്യര്‍ മതി. ശമ്പളം വേണ്ട, ബോണസും മരുന്നും ചികിത്സയും പ്രസവാവധിയും ഗ്രാറ്റിവിറ്റിയും ആവശ്യമില്ല. പണിമുഷ്‌കോ മുറുമുറുപ്പുകളേ ഇല്ലാത്ത നല്ലകാലം.
എന്റെ നാട്ടിലൊരു ചെണ്ടക്കാരനുണ്ട്. സ്‌കൂളില്‍ പോയിട്ടില്ല. ഇത്രയും കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചപ്പോള്‍ ഉറക്കെ ഒരു ചിരിയായിരുന്നു പ്രതികരണം.
‘വളരെ നന്നായി’ എന്നാണ് അദ്ദേഹം പറഞ്ഞത്. അന്യഗ്രഹ കുടിയേറ്റം വേഗം നടപ്പിലാവട്ടെ എന്ന് പ്രാര്‍ഥിച്ചോളുക!
‘ബാക്കിയുള്ള ആളുകളോ?’
‘ഈ മഹാസ്വാര്‍ഥികളൊക്കെ ഇങ്ങിനിവരാതവണ്ണം നാടുനീങ്ങിയാല്‍ ഇവിടെ ശേഷിക്കുന്നവര്‍ക്ക് അതുപോരേ സുഖമാവാന്‍.’
‘എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ടായാല്‍ പോരേ?’
‘ഒരു നേര്‍വടി വളച്ച് ചെണ്ടക്കോലാക്കുന്ന വിദ്യ എനിക്കറിയാം. പക്ഷേ, ശ്വാനപൃഷ്ഠം വളവ് നിവര്‍ത്താന്‍ ഒരു വഴിയും ഇന്നോളം കേട്ടിട്ടില്ലെടോ!’