Friday
14 Dec 2018

കുറ്റിച്ചിറയിലെ കുടക്കാല്‍ സമരവും പൊന്നാനി പള്ളിയിലെ വാങ്ക് വിളിയും

By: Web Desk | Tuesday 27 February 2018 10:21 PM IST

ധുനിക രീതിയിലുള്ള ട്രേഡ് യൂണിയനുകള്‍ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച (ആലപ്പുഴയിലും കോഴിക്കോട്ടും കണ്ണൂരും മറ്റും) പി കൃഷ്ണപിള്ള, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. എകെജിയും അങ്ങനെതന്നെ. എന്‍ സി ശേഖര്‍ വടക്കേമലബാറില്‍ പ്രധാന ചുമതലകള്‍ ഏറ്റ് അവിടെയും. അതുകൊണ്ട് ആദ്യമൊക്കെ കോഴിക്കോട്ട് തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തവര്‍ക്ക് ആര്‍ക്കും ആ തോതില്‍ അവിടെ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ആ കുറവ് കുറെയൊക്കെ നികത്തിയത് പി കെ ബാലന്‍, എം കെ കേളു തുടങ്ങിയവരായിരുന്നു.
കെ ദാമോദരന്‍ കാശിവിദ്യാപീഠത്തില്‍ നിന്ന് ഒരു മുഴുവന്‍സമയ പ്രവര്‍ത്തകനായി കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയത് ഈ സമയത്താണ്. ദാമോദരനെപ്പോലെ കഴിവുറ്റ ഒരു യുവാവിനെ കൂടെ കിട്ടിയതില്‍ കോഴിക്കോട്ടെ സഖാക്കള്‍ സന്തോഷിച്ചു. അതോടൊപ്പം മറ്റൊരു കഴിവുറ്റ സഖാവിനെ കൂടി അവര്‍ക്ക് ലഭിച്ചു- ടി കെ രാജു. അദ്ദേഹം തലശ്ശേരിക്കാരനായിരുന്നു. ടി കെ രാജു കോഴിക്കോട്ട് അന്ന് പ്രവര്‍ത്തിച്ചിരുന്ന സോപ്പ് ഫാക്ടറിയില്‍ ഒരു തൊഴിലാളിയായി ജോലി സ്വീകരിച്ചു. വാസ്തവത്തില്‍ അങ്ങനെ വരുമാനം കുറഞ്ഞ ഒരു ജോലി രാജുവിന്റെ ഉപജീവനത്തിന് ആവശ്യമില്ലായിരുന്നു. അദ്ദേഹം സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. തൊഴിലാളി പ്രസ്ഥാനത്തില്‍ പണിയെടുക്കാനുള്ള സൗകര്യത്തിനാണ് സോപ്പ് ഫാക്ടറിയില്‍ പണിക്ക് ചേര്‍ന്നത്. ദാമോദരനും രാജുവും പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു.
ജോലിയില്‍ ചേര്‍ന്ന ഉടന്‍തന്നെ രാജു തന്റെ ലക്ഷ്യനിര്‍വഹണത്തിനായി പ്രവര്‍ത്തനം ആരംഭിച്ചു. ഒടുവല്‍ ഒരു തൊഴിലാളി യൂണിയന്‍ അവിടെ സംഘടിപ്പിക്കപ്പെട്ടു. അതിന്റെ പ്രസിഡന്റ് തൊഴിലാളിയായ രാജുവും സെക്രട്ടറി ദാമോദരനുമായിരുന്നു. ജോലിക്കാരന്‍ യൂണിയന്‍ പ്രസിഡന്റാകുന്നത് കൃത്യവിലോപവും മാനേജ്‌മെന്റിനോടുള്ള വെല്ലുവിളിയുമാണ് എന്നാരോപിച്ച് രാജുവിനെ പിരിച്ചുവിട്ടു.
അതിനെതിരെ ദാമോദരന്റെയും രാജുവിന്റെയും നേതൃത്വത്തില്‍ പ്രകടനങ്ങളും കുത്തിയിരിപ്പ് സത്യഗ്രഹവും അവസാന കൈയായി പണിമുടക്കും നടത്തി. ദാമോദരന്റെ വാഗ്‌വിലാസം ദിവസം തോറും എന്നപോലെ നടന്ന പൊതുയോഗങ്ങളിലൂടെ ജനങ്ങളുടെ പിന്തുണനേടി. സമരം തുടരുന്നത് കമ്പനിയുടെ നിലനില്‍പിന് ഭീഷണിയാണെന്ന് കണ്ട മാനേജ്‌മെന്റ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും രാജുവിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനും തീരുമാനിച്ചു. സമരം അങ്ങനെ വിജയിച്ചു.
ലക്ഷ്യം നേടിയ നിലയ്ക്ക് തന്റെ വിലപ്പെട്ട സമയം മുഴുവന്‍ സോപ്പുണ്ടാക്കാന്‍ ഉപയോഗിച്ചാല്‍ പോരാ എന്ന് തീരുമാനിച്ച രാജു പിന്നെ ജോലിക്ക് ചേര്‍ന്നില്ല. ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനെക്കൂടി കിട്ടിയതില്‍ സന്തുഷ്ടനായ ദാമോദരന്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്തു. രാജു പ്രസിഡന്റായും ദാമോദരന്‍ സെക്രട്ടറിയായും സോപ്പ് ഫാക്ടറി യൂണിയന്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചു.
വിവിധ സ്ഥാപനങ്ങളിലും വ്യവസായങ്ങളിലും പ്രവര്‍ത്തിച്ചുവന്നവരെ തട്ടിക്കൂട്ടി ‘സര്‍വാണി’ യൂണിയനുണ്ടാക്കുന്ന രീതി അവസാനിപ്പിച്ച് അവരെ പ്രത്യേക യൂണിയനുകളായി സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനം ആയിരുന്നു ദാമോദരന്റെയും മറ്റ് സഖാക്കളുടേയും ആദ്യത്തെ കര്‍ത്തവ്യം. അങ്ങനെ രൂപീകൃതമായ യൂണിയനുകളില്‍ ആദ്യത്തെ രണ്ടെണ്ണമാണ് കോഴിക്കോട്ടെ നെയ്ത്ത് തൊഴിലാളി യൂണിയനും പ്രസ് തൊഴിലാളി യൂണിയനും. രണ്ടും രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച ദാമോദരനെത്തന്നെ അവയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നീട് മറ്റ് യൂണിയനുകളില്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുന്നതിന് സെക്രട്ടറി സ്ഥാനം ഒരു തൊഴിലാളിയെ ഏല്‍പിച്ച് ദാമോദരന്‍ പ്രസ് യൂണിയന്റെ പ്രസിഡന്റായി.
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക മേഖല കോഴിക്കോട് നഗരത്തിനു പുറത്ത് വടക്കുമാറിക്കിടക്കുന്ന ചെറുവണ്ണൂര്‍ പ്രദേശവും അതിനും വടക്ക് പുഴയ്ക്കക്കരെ ടിപ്പു സുല്‍ത്താന്റെ പടപ്പാളയമായിരുന്ന ഫറോക്കും ആയിരുന്നു. കുറ്റിച്ചിറ വന്‍നഗരങ്ങളിലെ ചേരിപ്രദേശങ്ങള്‍ പോലെ ദാരിദ്ര്യവും വൃത്തികേടും ഞെങ്ങിനിറഞ്ഞ കുടിലുകളും കൊച്ചുവീടുകളും ഉള്ള മുസ്‌ലിം ഭൂരിപക്ഷ മേഖലയായിരുന്നു. ഓട്, കൈത്തറി തുടങ്ങിയ ചെറു വ്യവസായ സ്ഥാപനങ്ങള്‍ ചെറുവണ്ണൂര്‍-ഫറോക്ക് മേഖലകളില്‍ സുലഭമായിരുന്നു. കുടക്കാല്‍ കമ്പനികള്‍ മുതലായ ചില്ലറ ദരിദ്ര വ്യവസായങ്ങള്‍ കുറ്റിച്ചിറയിലുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലൊക്കെ മറ്റ് സഖാക്കളോടൊപ്പം കെ ദാമോദരന്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
ചെറുവണ്ണൂര്‍-ഫറോക്ക് മേഖലയില്‍ ദാമോദരന്‍ നേരിട്ട് ഏതെങ്കിലും യൂണിയന്റെ ചുമതല ഏറ്റിരുന്നില്ല. എന്നാല്‍ അവിടെ തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് ക്ലാസ് എടുക്കുക, യോഗങ്ങളില്‍ പ്രസംഗിക്കുക, പ്രസ്താവനകള്‍ എഴുതിക്കൊടുക്കുക, ആവശ്യങ്ങളും അവകാശങ്ങളും ക്രോഡീകരിക്കുന്നതില്‍ സഹായിക്കുക എന്നതിലെല്ലാം ദാമോദരന്‍ ഒരു സ്ഥിരസാന്നിധ്യമായിരുന്നു.
കുറ്റിച്ചിറയിലെ കുടക്കാല്‍ സമരം ആരെങ്കിലും മുന്‍കൂറായി ആസൂത്രണം ചെയ്തതായിരുന്നില്ല. അവിടത്തെ തൊഴിലാളികളുടെ പണിമുടക്ക്, ചൂഷണവും അവകാശനിഷേധങ്ങളും അസഹ്യമായപ്പോള്‍ താനെ പൊട്ടിപ്പുറപ്പെടുകയാണ് ചെയ്തത്. വിവരം അറിഞ്ഞ് ദാമോദരന്‍ അവിടെ പാഞ്ഞെത്തി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. സമരം നടത്തിക്കൊണ്ടുപോകാന്‍ അത്യാവശ്യം വേണ്ട സംഘടനാ സംവിധാനവും ഉണ്ടാക്കി. കോഴിക്കോട്ടങ്ങാടിയില്‍ വീടില്ലാതെ കടത്തിണ്ണകളില്‍ കിടന്നുറങ്ങി രാവി എണീറ്റ് പകലന്തിയോളം പണിയെടുത്ത് അര്‍ദ്ധപ്പട്ടിണിക്കാരായി കഴിഞ്ഞുകൂടുന്നവരെ എസ് കെ പൊറ്റെക്കാട്ടിന്റെ ചില കഥകളില്‍ ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്.
അത്തരം തിണ്ണകളുള്ള കടയുടെ പുറകില്‍ മലമൂത്രവിസര്‍ജനത്തിനുപോലും സൗകര്യമില്ലാത്ത ഇടുങ്ങിയ മുറികളിലൊന്നില്‍ പഴയ പത്രം വിരിച്ച് കൊതുകുകളുടെ കടിയേറ്റും മൂളിപ്പാട്ട് കേട്ടും അന്തിയുറങ്ങുക പതിവാക്കിയിരുന്ന കെ ദാമോദരന്‍, പി കൃഷ്ണപിള്ള, എന്‍ സി ശേഖര്‍ തുടങ്ങിയ സഖാക്കള്‍ക്ക് നഗരത്തിലെ ഈ പട്ടിണിദൃശ്യങ്ങള്‍ പുത്തരിയായിരുന്നില്ല. എന്നിട്ടുപോലും അതിനെയൊക്കെ പിന്‍തള്ളുന്ന കുറ്റിച്ചിറയിലെ മുസ്‌ലിം ദരിദ്രസമൂഹത്തെ കണ്ടപ്പോള്‍ വികാരങ്ങള്‍ക്ക് തീപിടിച്ചു. കൊളംബിയന്‍ കുടക്കമ്പനി എന്നൊരു സ്ഥാപനമാണ്, അടിമകളെപ്പോലെ പണിയെടുക്കുകയും ഒന്നും തര്‍ക്കിക്കാതെ കിട്ടുന്ന കൂലി വാങ്ങി ഒതുങ്ങിക്കഴിയുകയും ചെയ്യുന്ന ജോലിക്കാര്‍ സുലഭമായിരുന്ന കുറ്റിച്ചിറയില്‍ അതിന്റെ പ്രവര്‍ത്തനകേന്ദ്രം ആരംഭിച്ചത്. ഏതായാലും അസംതൃപ്തരായ തൊഴിലാളികള്‍ സംഘടിതമായി പണിമുടക്കുകയും അവര്‍ക്ക് കഴിവുള്ള നേതാവിനെ കിട്ടുകയും ചെയ്തപ്പോള്‍ കുടക്കമ്പനിക്കാരന്‍ വിട്ടുവീഴ്ചകള്‍ ചെയ്യുകയും പണിമുടക്ക് ഒത്തുതീര്‍ക്കുകയും ചെയ്തു. 1940 സെപ്റ്റംബര്‍ പതിനഞ്ചിലെ സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളം തടവിലായ ദാമോദരന്‍ ജയിലില്‍ നിന്ന് മടങ്ങിവന്ന് പൊന്നാനിയിലെ ബീഡിത്തൊഴിലാളികള്‍ക്കിടയിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്.
ബീഡിത്തൊഴിലാളികള്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തി. ദാമോദരന്‍ ആ സമരം നയിച്ചു. സി ഉണ്ണിരാജയുടെ ജന്മനാട് വന്നേരി പൊന്നാനിക്കടുത്താണ്. പണിമുടക്ക് സമരം നടന്നിരുന്ന ദിവസങ്ങളില്‍ പ്രേംജിയും ഉണ്ണിരാജയും നടന്ന് അവിടെ എത്തുമായിരുന്നു. സമരത്തില്‍ പങ്കെടുത്ത ബീഡിത്തൊഴിലാളികളില്‍ ഏറിയ പങ്കും മുസ്‌ലിങ്ങളായിരുന്നു. സമരത്തിനിടയില്‍ ദാമോദരനെ അറസ്റ്റ് ചെയ്തപ്പോള്‍ മുസ്‌ലിം പള്ളികളില്‍ വാങ്ക് വിളി ഉയര്‍ന്നതും ചരിത്രം.
അക്കാലത്തെ തൊഴിലാളി സമരങ്ങള്‍ ജനകീയ സമരങ്ങളായിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്. അത് അന്നത്തെ ഒരു സവിശേഷതയായിരുന്നു. പണിമുടക്ക് കേന്ദ്രങ്ങളിലേക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമായുള്ള ജാഥകള്‍ സര്‍വസാധാരണമായിരുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ചെറുകച്ചവടക്കാര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ധാരാളമായി പണിമുടക്കങ്ങളെ സഹായിച്ചിരുന്നു. തൊട്ടുതൊട്ടുള്ള മറ്റ് ഫാക്ടറികളിലെ തൊഴിലാളികള്‍ സമരത്തെ സഹായിക്കുന്നത് തങ്ങളുടെ പ്രത്യേക ചുമതലയായി കരുതിയിരുന്നു. സമരഗാനങ്ങള്‍, ലഘുലേഖകള്‍ എന്നിവ ഏത് സമരത്തിനിടയിലും ധാരാളമുണ്ടാകും. സമരം വിജയകരമായി നടത്തുന്നതിനുവേണ്ട വളണ്ടിയര്‍ സംഘടനയും വളര്‍ന്നുവന്നു.
പുതിയ മുദ്രാവാക്യങ്ങള്‍, പുതിയ പ്രചരണരീതികള്‍, പുതിയ സമരമാര്‍ഗങ്ങള്‍, പുതിയൊരു ലോകവീക്ഷണം തുടങ്ങിയ എല്ലാംതന്നെ ജനങ്ങളെ വിശേഷിച്ചും അധ്വാനിക്കുന്നവരെ, അത്യധികം ആകര്‍ഷിച്ചു. കുടിയാന്മാര്‍, കര്‍ഷകത്തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ പല ജനവിഭാഗങ്ങളും ഈ പുതുമയില്‍ ആകൃഷ്ടരായി. ദീപ്തമായ ഒരു ചക്രവാളം അവരുടെ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തലയിലെഴുത്തിനെക്കുറിച്ചുള്ള ധാരണ നീങ്ങിത്തുടങ്ങി; സംഘടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു തുടങ്ങി. തൊഴിലാളി പ്രസ്ഥാനം അങ്ങനെ അഗാധമായ മാറ്റങ്ങളാണ് കേരളീയ ജീവിതത്തില്‍ വരുത്തിയത്.