Thursday
24 Jan 2019

എകെജിയുടെ അമരാവതി സമരം

By: Web Desk | Sunday 25 March 2018 10:31 PM IST

തിഹാസികമായ കര്‍ഷകസമരങ്ങളിലൂടെ കരുത്താര്‍ജിച്ചതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനം. ഉല്‍പാദനശക്തികളായ മണ്ണും മനുഷ്യനും തന്നെയാണ് അന്നും ഇന്നും എന്നും മൂലധനത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. കയ്യൂരിലും കരിവള്ളൂരിലും പാടിക്കുന്നിലും മുനയന്‍കുന്നിലും പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തുമെല്ലാം സമരഭൂമികള്‍ക്ക് പാടീരശോഭ പകര്‍ന്നത് മനുഷ്യമംഗലമഹാശക്തിയുടെ പോരാട്ടവീര്യമാണ്. ത്യാഗോദാരരായ രക്തസാക്ഷികളുടെ ചിരസ്മരണകളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചിരാര്‍ജിത കരുത്തും. സമരഭൂമികള്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ അതിരടയാളങ്ങള്‍ വരയ്ക്കാറുമില്ല.

കണ്ണൂരില്‍ കീഴാറ്റൂരിലും മലപ്പുറത്തും നടക്കുന്ന ജനകീയസമരങ്ങള്‍ക്ക് അതിര്‍ത്തികളുടെ കുമ്മായവരകളിടാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ ഇതെല്ലാം പറഞ്ഞുപോയെന്നേയുള്ളു. കീഴാറ്റൂരില്‍ തങ്ങളുടെ വയലേലകള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ ഉല്‍പാദനശക്തികള്‍ നടത്തുന്ന അങ്കത്തിന് പിന്തുണനല്‍കാന്‍ പുറത്തുനിന്ന് ആരും വരരുതെന്നാണ് ഒരു കല്‍പന. മലപ്പുറത്തെ ജനങ്ങളുടെ കിടപ്പാടങ്ങളില്‍ നിന്ന് അവരെ പിഴുതെറിയുന്നതിനെതിരായ പോരാട്ടത്തില്‍ പുറത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നതിനാലാണ് മറ്റൊരു കുണ്ഠിതം. സമരത്തറകളെ ‘കമ്പാര്‍ട്ട്‌മെന്റലൈസ്’ ചെയ്യുക എന്നു പറഞ്ഞാല്‍ അത് ഒരു അതിവിനീത നിരീക്ഷണം മാത്രം.

പതിറ്റാണ്ടുമുമ്പ് നടന്ന രണ്ട് ഐതിഹാസിക സമരങ്ങളിലേക്ക് നമുക്ക് ഓര്‍മകള്‍ പായിക്കാം. ഹൈറേഞ്ചിലെ അമരാവതിയില്‍ കമ്മ്യൂണിസത്തിന്റെ കുലപതികളിലൊരാളായ എകെജിയാണ് കര്‍ഷക പ്രക്ഷോഭം നയിച്ചത്. വിജയകരമായ ആ കര്‍ഷകസംഗ്രാമത്തിന്റെ സാരഥിയായി എകെജി എത്തിയപ്പോള്‍ മലബാറിലെ വരത്തനെന്ത് അമരാവതിയില്‍ കാര്യമെന്ന് ഹൈറേഞ്ചിലെ ഒരു ഭൂസ്വാമിയും ചോദിച്ചില്ല. പ്രവിശാലമായ ഭൂസ്വത്തുള്ള തിരുവിതാംകൂര്‍ രാജകുടുംബം വക തലസ്ഥാനത്ത് മുടവന്‍മുകള്‍ സെതല്‍ മൗണ്ട് കൊട്ടാരം മിച്ചഭൂമിയാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിന്റെ നായകനും എകെജിയായിരുന്നു. കൊട്ടാരത്തിന്റെ പൊക്കമേറിയ മതില്‍ചാടിക്കടന്ന് കൊട്ടാരവളപ്പില്‍ ചെങ്കൊടി നാട്ടുന്ന എകെജിയുടെ ചിത്രം പഴയതലമുറയുടെയുള്ളില്‍ ഇന്നും ആവേശദീപ്തമായ സ്മരണയാണ്. എകെജിയുടെ അന്നത്തെ ഈ പടയോട്ടഭൂമിയായ സെതല്‍മൗണ്ട് പാലസിലാണ് ഇപ്പോള്‍ ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ ഗവേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. തരിശിട്ട ഉല്‍പാദനോപാധിയെ വികസനത്തിന്റെ ഒരു നാഴികക്കല്ലാക്കി മാറ്റിയ ആ സമരം നയിക്കാനെത്തിയ എകെജിയെ തിരുവനന്തപുരത്തുകാരാരും വരത്തനെന്ന ചാപ്പകുത്തിയില്ല. അമരാവതിയിലെ സമരത്തില്‍ ‘കൃഷിഭൂമികൃഷിക്കാരന്’ എന്ന മാര്‍ക്‌സിയന്‍ മുദ്രാവാക്യം സാക്ഷാല്‍കരിക്കപ്പെട്ടപ്പോള്‍ സെതല്‍മൗണ്ടില്‍ വികസന പ്രക്രിയയുടെ മറ്റൊരു മുഖമാണ് തെളിഞ്ഞത്.

എന്നാല്‍ കീഴാറ്റൂരില്‍ ഉല്‍പാദനോപാദികളേയും ഉല്‍പാദക ശക്തികളേയും തകര്‍ത്തെറിഞ്ഞിട്ട് ഹൈവേ എന്ന പേരില്‍ നടക്കുന്നത് വികസനമല്ല, വികസനതീവ്രവാദമാണ്, ഉല്‍പാദനശക്തികളെ ഉന്മൂലനം ചെയ്യുന്ന വികസനഭീകരതയാണ്. ഇതിനെതിരെ പടയണി നയിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പുറത്തുനിന്നു വരുന്നവരെ തടയണമെന്നു പറയുന്നത് വര്‍ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ചവിട്ടിമെതിക്കലാണ്. ഈ വികലമായ വികസനസങ്കല്‍പങ്ങള്‍ക്ക് ഒരു ‘നവലിബറല്‍ ലുക്’ ഇല്ലേ! പട്ടിയെ പേപ്പട്ടിയെന്നു തുല്യം ചാര്‍ത്തി തച്ചുകൊല്ലുന്നതുപോലെ കീഴാറ്റൂര്‍ സമരത്തിനു പിന്നില്‍ മാവോയിസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ടും ജമായത്തേ ഇസ്‌ലാമിയും ആര്‍എസ്എസുമെന്ന ചാപ്പകുത്തുന്നവരെക്കുറിച്ചു പറയാന്‍ സച്ചിദാനന്ദന്റെ വരികള്‍ പാഠഭേദത്തോടെ നമുക്കു കടമെടുക്കാം, ‘വാക്കുകളില്‍ നമുക്കു മാര്‍ക്‌സിസ്റ്റുകളാവുക ആത്മവഞ്ചനയ്ക്കിവിടെ ശിക്ഷകളില്ലല്ലോ! ‘ഞങ്ങള്‍ താടി വളര്‍ത്തും മീശവളര്‍ത്തും മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും, അത് ഞങ്ങളെയിഷ്ടം അതു ഞങ്ങളെയിഷ്ടം’ എന്ന് ഫ്രീക്കന്‍ പയ്യന്മാരെപ്പോലെ പാടാനുള്ളതല്ലല്ലോ മാര്‍ക്‌സിസം!

നിയമസഭയില്‍ മീനമാസത്തിലെ ശ്രീരാമനവമിക്കാലത്ത് ഒരു രാമായണ പ്രഭാതം പൊട്ടിവിടര്‍ന്നതുകേട്ട് ജനമാകെ ആനന്ദതുന്ദിലരായി! ‘ശാരികപ്പൈതലേ ചാരുശീലേ’ എന്നു തുഞ്ചന്‍ പാടിയതിന്റെ ഒരു കിളിപ്പാട്ടുവേള. ചെറുപ്പകാലത്ത് ഉപജീവനമാര്‍ഗങ്ങളിലൊന്നായി അമ്പലങ്ങളില്‍ കര്‍ക്കിടമാസത്തില്‍ രാമായണ പാരായണം നടത്തിയിരുന്നു താനെന്ന് മന്ത്രി സുധാകരന്‍ പലതവണ പറഞ്ഞിട്ടുണ്ട്. രാമായണ രത്‌നമായ മന്ത്രി സുധാകരന്‍ തന്നെ നിയമസഭയിലെ രാമായണസദസിന്റെ കേന്ദ്ര ബിന്ദുവായതും തികച്ചും അര്‍ഹമായ സ്ഥാനത്തുതന്നെ. കീഴാറ്റൂരിലെ വയല്‍ക്കിളികളെ വയല്‍ക്കഴുകന്മാരെന്ന് മന്ത്രി സുധാകരന്‍ ഓമനപ്പേരിട്ടപ്പോള്‍ ‘മാരീചന്‍ മനോഹരമായൊരു പൊന്മാനായ് ചാരുപുള്ളികള്‍ വെള്ളികൊണ്ടും’ എന്ന് കോണ്‍ഗ്രസുകാരനായ വി ഡി സതീശനും ഒരു രാമായണ പ്രേമം. വയല്‍കിളികളെയും വയല്‍ കഴുകന്‍മാരെയും കുറിച്ചുപാടിയപ്പോള്‍ താനും ഒരു കിളിയെക്കുറിച്ച് ഒന്നുപാടിക്കളയാം എന്ന് കരുതിയാണ് പക്ഷിയായ പൊന്മാന്റെ പേര് എടുത്തുകാച്ചിയത്. പക്ഷേ രാമായണത്തിലെ പൊന്മാന്‍ കിളിയല്ല മൃഗമാണെന്ന് രാമായണ സാര്‍വസ്വത സാരംഗപാണിയായ സതീശനു മനസിലായില്ലെന്നു തോന്നുന്നു. അതുതിരുത്തിക്കൊടുക്കാന്‍ മറ്റൊരു രാമായണ കോവിദന്‍ സഭയിലില്ലാത്തതില്‍ രാമായണ പ്രിയര്‍ക്ക് തെല്ലല്ല നിരാശ. എങ്കിലും അഖിലലോക അങ്ങാടിക്കുരുവി ദിനത്തില്‍ത്തന്നെ ഈ കിളി ചിന്തകള്‍ പുറത്തെടുത്തിട്ട മന്ത്രി സുധാകരന് ദേവികയുടെ ലാല്‍സലാം.

ക്രിക്കറ്റ് കളിയും കച്ചവടവും കള്ളത്തരങ്ങളും വെട്ടിപ്പും തട്ടിപ്പുമെല്ലാം ചാലിച്ചെടുത്ത ഒരു തരികിട ഇടപാടായി മാറിക്കഴിഞ്ഞിട്ട് കാലം കുറേയായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ കച്ചവടമടിച്ച് കോടികള്‍ തട്ടിയ ലളിത് മോഡി ബ്രിട്ടനില്‍ ഇവിടുത്തെ മോഡിയുടെ ഒത്താശയോടെ സസുഖം വാണരുളുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബിന്റെ ഉടമ വിജയ്മല്യ എന്ന മദ്യചക്രവര്‍ത്തി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നു കവര്‍ന്ന പതിനായിരം കോടിയുമായി അര്‍മാദിച്ചുകഴിയുന്നതും ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ മൂക്കിനുതാഴെ. ഒരു സവര്‍ണകായിക വിനോദമായി ക്രിക്കറ്റ് തുടങ്ങുമ്പോള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമായിരുന്നു ലോകത്തെ കളിപഠിപ്പിച്ചത്. പന്ത് വേണ്ടാത്തിടത്തൊക്കെ ഒളിപ്പിച്ച് രൂപമാറ്റം നടത്തി കൃത്രിമം കാട്ടിയ കേസില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റനും ഇന്നലെ രാജിവച്ച് ക്രിക്കറ്റിന്റെ മഹത്വം നമുക്കു കാട്ടിത്തന്നിരിക്കുന്നു. ഇന്ത്യയും ഇക്കാര്യത്തില്‍ മോശമല്ല. ഒത്തുകളിവിവാദത്തില്‍പ്പെട്ട് ആജീവനാന്തവിലക്കു നേരിട്ട അസറുദ്ദീനും അജയ് ജഡേജയും നമുക്കു മുന്നിലുണ്ട്. നമ്മുടെ മിടുക്കന്‍ ശ്രീശാന്തും ഒത്തുകളിക്കു വിലക്കിന്റെ കുടുക്കില്‍. ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്‍ അഴിമതിയില്‍ കുളിച്ച് പുറത്ത്.
ക്രിക്കറ്റിന്റെ ജാഡ നിറഞ്ഞവേലിയേറ്റത്തില്‍ കേരളം നമ്മുടെ ജനകീയ കായികകലയായ ഫുട്‌ബോളിനെ മറന്നു. ക്രിക്കറ്റ് താരങ്ങള്‍ വിമാനത്തിലെ എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കളിമൈതാനത്തെത്താന്‍ മൂട്ടകള്‍ നിറഞ്ഞ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകള്‍. ക്രിക്കറ്റിന് ഏറ്റവുമധികം കാണികളുള്ള കേരളത്തെ സോപ്പിടാന്‍ ബിസിസിഐ ചിലപൊടിക്കൈകളൊക്കെ കാലാകാലം കാണിക്കാറുണ്ട്. ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കുക. ക്രമേണ അവരെ അരിഞ്ഞുവീഴ്ത്തുന്ന തന്ത്രം ഇപ്പോഴും തുടരുന്നു. മലയാളികളായ ക്രിക്കറ്റ് പഹയന്മാര്‍ ഇതൊന്നുമറിയാതെ ‘ഹൗസാറ്റ്’ വിളിച്ചാര്‍ക്കുന്നു! ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഈ കളികളെല്ലാമറിയാവുന്നതുകൊണ്ടാകാം കോടികള്‍ മുടക്കി ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാന്‍ കച്ചമുറുക്കിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകൂടിയാണദ്ദേഹം. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നും അവരെ തുരത്താന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ കളിപാളിയതിനു നാം സര്‍ക്കാരിനു നന്ദി പറയുക. ഫുട്‌ബോള്‍ മൈതാനമായ സ്റ്റേഡിയം കുത്തിക്കുഴിച്ച് കുളമാക്കി പിച്ചൊരുക്കിയാലേ കെസിഎക്ക് ഉറക്കം വരൂ. ലോകോത്തരമായ ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം തിരുവനന്തപുരത്തുള്ളപ്പോഴാണ് ഈ ദുര്‍വാശി.

ഈ പശ്ചാത്തലത്തിലാണ് കേരളത്തിനു നഷ്ടമാവുന്ന കളിക്കളങ്ങളേയും മൈതാനങ്ങളേയും കുറിച്ച് നാം നൊമ്പരത്തോടെ ഓര്‍ത്തുപോവുന്നത്. തലസ്ഥാനത്തെ പ്രസിദ്ധമായ ഓവര്‍ബ്രിഡ്ജ്, പഴവങ്ങാടി മൈതാനങ്ങള്‍ ഇന്ന് ഓര്‍മകളായി. തിരുവിതാംകൂര്‍ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടായിരുന്ന വഞ്ചിയൂര്‍ മൈതാനം ഒരു രാഷ്ട്രീയകക്ഷിയുടെ ഓഫീസും അവര്‍ വാടകയ്ക്ക് നല്‍കുന്ന തട്ടുകടകളുടേയും താവളമായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിനോട് ചേര്‍ന്ന സെക്രട്ടേറിയറ്റിന്റെ പിന്‍ഭാഗത്തെ സെന്‍ട്രല്‍ സ്റ്റേഡിയം നാമാവശേഷമായി. സ്വാതന്ത്ര്യദിനപരേഡിന് വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള വഴിപാടുതറയായി ഈ മൈതാനം. ഏഷ്യന്‍കപ്പ് ഉള്‍പ്പെടെ നടന്ന പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വചനപ്രഘോഷണത്തിനും അത്ഭുതരോഗശാന്തി ശുശ്രൂഷയ്ക്കും രാഷ്ട്രീയമാമാങ്കത്തിനും വേണ്ടി കുത്തിക്കുഴിച്ച് ഒരു പരുവമാക്കി. ഇതെല്ലാം പോരാഞ്ഞാണ് കൊച്ചിയിലെ സ്റ്റേഡിയത്തിന് വേണ്ടിയുള്ള ഹീനമായ കളികള്‍. കളിമൈതാനമില്ലാതെ കളിനടക്കുന്നതെങ്ങനെ? ആകാശസ്റ്റേഡിയം നിര്‍മിക്കാന്‍ തല്‍ക്കാലം വകുപ്പുമില്ല. കായികരംഗവും വികസനത്തിന്റെ ഭാഗമാണ്. ഹൈവേയ്ക്കും ആകാശപാതയ്ക്കുമൊപ്പം എന്തേ ഈ ചിന്ത നമ്മുടെയുള്ളിലേക്ക് കടന്നുവരാത്തത്?