Friday
14 Dec 2018

അപവാദങ്ങളെ അതിജീവിച്ച്‌

By: Web Desk | Tuesday 6 March 2018 10:24 PM IST

മ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ നിര്‍ഭാഗ്യകരമായ ഭിന്നിപ്പിനുശേഷം രണ്ടാമത്തെ കേരള സംസ്ഥാന സമ്മേളനം നടന്നത് 1968 ല്‍. കോട്ടയത്തായിരുന്നു സമ്മേളനം. അന്ന് ഈ ലേഖകന് 12 വയസുമാത്രം പ്രായം. എഐഎസ്എഫ് പ്രവര്‍ത്തകനായി പ്രകടനത്തില്‍ പങ്കെടുക്കാനെത്തി. ആ പ്രകടനത്തില്‍ മുഴങ്ങിക്കേള്‍ക്കുകയും സഖാക്കള്‍ ഏറ്റുവിളിക്കുകയും ചെയ്ത ഒരു മുദ്രാവാക്യമുണ്ട്.

”പ്രത്യയശാസ്ത്ര തര്‍ക്കംചൊല്ലി
പാര്‍ട്ടി പിളര്‍ന്നുപോയവരെ,
അപവാദങ്ങളെ അതിജീവിച്ച്
ഈ പാര്‍ട്ടി വളര്‍ന്നതു കണ്ടോളൂ!”

മറ്റൊരു മുദ്രാവാക്യം കൂടി മുഴങ്ങി

”വിലക്കയറ്റത്തിന് എതിരായി,
തൊഴിലില്ലായ്മയ്‌ക്കെതിരായി
പൊരുതും സഖാക്കളന്യോന്യം
പത്തിവിടര്‍ത്തി കത്തിയെടുക്കാന്‍
നിങ്ങളെയാര് പഠിപ്പിച്ചു
മാര്‍ക്‌സിസമല്ലത്, ചിന്തയുമല്ലത്
വിവരക്കേടെന്ത് ഓര്‍ത്തോളൂ.”

1968 ലെ എട്ടാം സംസ്ഥാന സമ്മേളന പ്രകടനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി പങ്കെടുത്തത് പതിനായിരത്തില്‍ താഴെ സഖാക്കള്‍ മാത്രം. 68 ലെ കോട്ടയം സമ്മേളനത്തിലെ മുദ്രാവാക്യങ്ങള്‍ മങ്ങാതെ മായാതെ അമ്പത് വര്‍ഷം പിന്നിടുമ്പോഴും ഇന്നും ചെവികളില്‍ മുഴങ്ങുന്നു. സി അച്യുതമേനോനെയാണ് അന്ന് സംസ്ഥാനത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അച്യുതമേനോന്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്ന് 1968 മാര്‍ച്ച് ആറിന് എസ് കുമാരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആ കുറിയ മനുഷ്യന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അസ്ഥിവാരമിട്ടത്. 68ന് ശേഷം 37 വര്‍ഷം കഴിഞ്ഞ് 2005ല്‍ കോട്ടയം വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയായി. വെളിയം ഭാര്‍ഗവന്‍ സെക്രട്ടറിയായി തുടര്‍ന്നു. പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ 2015ല്‍ കോട്ടയം വീണ്ടും സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളി. കാനം രാജേന്ദ്രന്‍ സെക്രട്ടറിയായി. 1968ല്‍ എല്ലാ ജില്ലകളില്‍ നിന്നുമായി പതിനായിരത്തില്‍ താഴെ സഖാക്കളാണ് പ്രകടനത്തില്‍ അണിനിരന്നതെങ്കില്‍ കോട്ടയം ജില്ലയില്‍ നിന്നുമാത്രം പതിനായിരങ്ങളെ അണിനിരത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 2015ല്‍ കഴിഞ്ഞു.

കോട്ടയത്ത് നിന്ന് മലപ്പുറത്തെത്തുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുത്തുറ്റ വിപ്ലവപ്രസ്ഥാനമായിരിക്കുന്നു. മലപ്പുറം സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ സഖാക്കള്‍ എടുത്ത പ്രതിജ്ഞ മലപ്പുറം സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പ് ജില്ലയിലെ എല്ലാ പഞ്ചായത്തിലും സിപിഐ ഘടകം ഉണ്ടാവുമെന്നാണ്. അത് അക്ഷരംപ്രതി അവര്‍ നടപ്പിലാക്കി. സിപിഐക്കാരെ കാണാന്‍ തന്റെ ജന്മഗൃഹത്തില്‍ നിന്ന് തൃശൂര്‍ വരെ പോകണമെന്ന് പറഞ്ഞ നേതാവിന്റെ വീടിരിക്കുന്ന സ്ഥലത്ത് മുന്നൂറിലേറെപ്പേര്‍ ഇന്ന് സിപിഐ പ്രവര്‍ത്തകരാണ്.

മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ജനസംഘ് വിളിച്ച ഒരു മുദ്രാവാക്യമുണ്ട്: ‘മലപ്പുറം ജില്ല മുസ്‌ലിം ജില്ല, മലപ്പുറം ജില്ല ലീഗ് ജില്ല’ ആ അവസ്ഥ മാറിയിരിക്കുന്നു. മലപ്പുറത്തെ ജനാവലി ഇന്ന് മതനിരപേക്ഷതയെ മാറോടണയ്ക്കുന്നു. നേരിന്റെ ചുവപ്പിനെ ഏറ്റുവാങ്ങുന്നു. മലപ്പുറത്ത് നടന്ന സിപിഐ സംസ്ഥാന സമ്മേളനം അത് തെളിയിച്ചു.

മലപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പുതന്നെ പാര്‍ട്ടിക്കെതിരായ അപവാദപ്രചരണവും ആരംഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനം വിഭാഗീയതയുടെ വേദിയാകും. സംസ്ഥാന സെക്രട്ടറിസ്ഥാനത്തേയ്ക്ക് മത്സരം നടക്കും. തുടങ്ങി എന്തെല്ലാം പ്രചരണങ്ങള്‍! സമ്മേളനം അവസാനിക്കുന്ന ദിവസം വരെ അത് തുടര്‍ന്നു. സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന സെക്രട്ടറിയേയും ഏകകണ്ഠമായി തിരഞ്ഞെടുത്ത് സമ്മേളനം സമാപിച്ചപ്പോള്‍ ‘ഇനി കൊല്ലത്തു കൊടുക്കും’ എന്നായി വാര്‍ത്ത.
പ്രതിനിധി സമ്മേളന സമാപനത്തിന്റെ തലേദിവസം വൈകുന്നേരം അവതരിപ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിനെച്ചൊല്ലി ഉയര്‍ത്തിയ വിവാദം തന്നെ പ്രധാനം. സമ്മേളനത്തില്‍ ആദ്യദിനം അവതരിപ്പിക്കപ്പെട്ടത് രാഷ്ട്രീയ – സംഘടനാ റിപ്പോര്‍ട്ടുകളാണ്. സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത് മൂന്നാം ദിനത്തില്‍ വൈകിട്ടാണ്. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സിപിഐയുടെ ഭരണഘടനയില്‍ പറയുന്നത് ‘കേള്‍ക്കുക തീരുമാനമെടുക്കുക’ എന്നാണ്, ചര്‍ച്ചയില്ലെന്നര്‍ഥം. റിപ്പോര്‍ട്ട് സമ്മേളനം കേട്ടു. ഏകകണ്ഠമായി തീരുമാനമെടുത്തു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കാമെന്ന സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം സമ്മേളനം ശരിവച്ചു.
സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം ഏകകണ്ഠമായിട്ടാണ് അംഗീകരിക്കപ്പെട്ടത്. ഒരു അപസ്വരവും ഉണ്ടായില്ല. പ്രസീഡിയം കണ്‍വീനര്‍ കെ ആര്‍ ചന്ദ്രമോഹനന്‍ ഒടുവില്‍ നന്ദിപറയുമ്പോള്‍ പറഞ്ഞു. ഒരിക്കല്‍പ്പോലും പ്രതിനിധികളോട് കര്‍ശനഭാഷയില്‍ പ്രസീഡിയത്തിന് സംസാരിക്കേണ്ടിവന്നിട്ടില്ല. അത്രകണ്ട് അച്ചടക്കമാണ് നിങ്ങള്‍ കാട്ടിയത്.

സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം വ്യക്തതയാര്‍ന്നതാണ്: ”മതനിരപേക്ഷ – ജാധിപത്യശക്തികളുടെ രാഷ്ട്രീയ മുന്നണിയായ ഇടത് – ജനാധിപത്യ മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ ദീര്‍ഘവീക്ഷണമുള്ളതും യുക്തിഭദ്രവും ധാര്‍മ്മികവുമായ നിലപാടുകള്‍ സ്വീകരിക്കണം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഐക്യജനാധിപത്യ മുന്നണിയുടെയും വോട്ടിങ് ശതമാനത്തില്‍ സാരമായ വ്യത്യാസമില്ല. ഈ രാഷ്ട്രീയ അവസ്ഥ ഇടതുപക്ഷ – ജനാധിപത്യ മുന്നണി നേതൃത്വം തിരിച്ചറിയുകയും കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കുകയും വേണം. സംഘപരിവാര്‍പോലുള്ള ഛിദ്രശക്തികളുടെ കേരളത്തിലെ വളര്‍ച്ചയും ഗൗരവമായി കാണണം. ഇടതുപക്ഷത്തിന്റെ ജനകീയാടിത്തറ വിപുലീകരിക്കുക എന്നതിന്റെ അര്‍ഥം അഴിമതിക്കാരെയും തട്ടിപ്പുകാരെയും അധാര്‍മ്മിക ശക്തികളെയും ചന്ദനത്തൈലം പൂശി വിശുദ്ധവേഷം ധരിപ്പിച്ച് മുന്നണിയുടെ ഭാഗമാക്കുക എന്നതല്ല. അത് ചെയ്താല്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി അധികാരത്തിലെത്തിയ ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ ജനപിന്തുണയില്‍ ഇടിവുണ്ടാകും.”
ഈ മുന്നറിയിപ്പ് ഇടതു – ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ്. യഥാര്‍ത്ഥ ഇടതുപക്ഷ പാര്‍ട്ടിയുടെ ശബ്ദമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഉല്‍പ്പന്നമാണ് ഇപ്പോഴത്തെ ഇടതു – ജനാധിപത്യമുന്നണി സര്‍ക്കാര്‍. ആരൊക്കെ വള്ളപൂശിയാലും ചന്ദനതൈലം തളിച്ചാലും മാഞ്ഞുപോകുന്നതല്ല കെ എം മാണിയും കെ ബാബുവും ഉള്‍പ്പെട്ട ബാര്‍ക്കോഴ കേസ്. യുഡിഎഫ് ഭരണത്തെ പിടിച്ചുലച്ച സോളാര്‍ കേസില്‍ പ്രതിസ്ഥാനത്താണ് മാണിയുടെ മകന്റെ സ്ഥാനം. അവര്‍ ഒരു ദിവസം രാവിലെ എങ്ങനെ വിശുദ്ധരാകും. ‘സിപിഐ മുന്നണി വിട്ടുപോയിട്ടുമതി വിമര്‍ശനം’ എന്ന ചിലരുടെ അഭിപ്രായപ്രകടനം നടക്കാത്ത കാര്യമാണ്. സിപിഐ നടത്തുന്ന വിമര്‍ശനമൊന്നും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല. ഇടതു – ജനാധിപത്യമുന്നണി ശക്തിപ്പെടുത്തി മുന്നണി വിട്ടുപോയവരെ മടക്കിക്കൊണ്ടുവന്ന് ബഹുജനാടിത്തറ വിപുലപ്പെടുത്തണമെന്നതാണ് സിപിഐയുടെ ഉറച്ച നിലപാട്. മലപ്പുറം സമ്മേളനം ആ നിലപാടിനാണ് അംഗീകാരം നല്‍കിയത്.

മലപ്പുറം സമ്മേളനത്തിന്റെ വിജയം സംഘടനാമികവിന്റെ മാത്രമല്ല. സിപിഐ എന്ന ശരിയുടെ മാത്രം പാര്‍ട്ടി ആശയവ്യക്തതയിലും അഭിപ്രായ പ്രകടനങ്ങളിലും ഒറ്റക്കെട്ടാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന് പ്രചരിപ്പിച്ച്, സ്വപ്‌നം കണ്ടവര്‍ നിരാശരായിരിക്കുന്നു. മാറുന്ന നാടിന് നേരിന്റെ ചുവപ്പ് സമ്മാനിച്ചുകൊണ്ട് സിപിഐ മുന്നോട്ടുപോകുകതന്നെ ചെയ്യും. മലപ്പുറത്ത് മാത്രമല്ല, കേരളത്തിലാകെ സിപിഐ വളരുന്ന പാര്‍ട്ടിയാണ്.