Friday
14 Dec 2018

മധൂ നിന്റെ ജന്മമായിരുന്നു നിന്റെ തെറ്റ്

By: Web Desk | Friday 2 March 2018 10:34 PM IST

വാസ്തവത്തില്‍ ആദിവാസിയുടെ ആവാസവും അര്‍ഥവും കവര്‍ന്ന അവരല്ലെ മോഷ്ടാക്കള്‍. പക്ഷെ മധുവിന്റെ കൂട്ടര്‍ക്ക് ആള്‍ബലമില്ലല്ലോ. ഭൂമിയില്ലല്ലോ. അതൊക്കെ അങ്ങേപ്പുറത്തെത്തിയില്ലേ. വികസനത്തിന്റെ പേരിലും ആദിവാസി ക്ഷേമത്തിന്റെ പേരിലും അവിടെ പൊടിക്കുന്ന കോടികള്‍ തട്ടിയെടുക്കുന്നവരുടെ വര്‍ഗമാണ് കാടിന്റെ ഉടമകളിലൊരാളെ തല്ലിതല്ലിക്കൊന്നത്.

നുഷ്യത്വത്തിന്റെ കനിവുകള്‍ മനസിലുള്ളവരെല്ലാം മധു എന്ന ആദിവാസി യുവാവിനോട് മുട്ടുകുത്തി മാപ്പപേക്ഷിച്ചു. അട്ടപ്പാടിയിലെ മധു എന്ന മതിഭ്രമം വന്നപോലെ തോന്നിച്ച ചെറുപ്പക്കാരന്‍ പത്ത്, പതിനാറ് ശക്തന്മാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. മധുവിന്റെ പടം കണ്ടാലറിയാം ഏറ്റവും ചെറിയ മര്‍ദ്ദനം പോലും അതിജീവിക്കാനാവാത്ത ജീവനാണത് എന്ന്. തികച്ചും അര്‍ദ്ധപ്രാണന്‍. വിശപ്പിന്റെ ഒഴികെ ഒന്നിന്റെയും അര്‍ഥമറിയാത്ത മധു- പതിനാറുപേര്‍ ചേര്‍ന്നാണത്രെ ഈ അര്‍ദ്ധപ്രാണനെ ‘അസ്തപ്രാണ’നാക്കിയത്. മഹാസാഹസികമായൊരു കീഴടക്കല്‍ തന്നെ!

മധു എന്ന പാവത്താന്‍ കാട്ടിനുള്ളിലെ ഒരു ഗുഹയിലായിരുന്നു താമസം. ഇടയ്ക്കിടെ വല്ലതും വിശപ്പടക്കാന്‍ കിട്ടാന്‍ പുറത്തിറങ്ങേണ്ടിവരും. ആളുന്ന ജഠരാഗ്നിക്കായി വല്ലതും തരപ്പെടുത്തും. ‘അളന്നുകൂട്ടാനും’, ‘അറപ്പുരകള്‍ നിറയ്ക്കാനുമല്ല.’ ഒരു വ്യവസ്ഥിതിക്കും പ്രത്യയശാസ്ത്രത്തിനുമെതിരെ മല്ലിനിറങ്ങിയതുമല്ല വിശപ്പിനുള്ള വല്ലതിനുമല്ലാത്ത ഒരു പ്രത്യയശാസ്ത്രവുമറിയില്ല. ലോകമറിയില്ല, ഊരറിയില്ല, ഊരുതമ്പ്രാക്കളെ അറിയില്ല. ഒന്നുമാത്രമറിയാം. വിശക്കുന്നു. സുഗതടീച്ചറുടെ ഭാഷയില്‍ ‘ഊരുതമ്പ്രാക്കളേ അടിയങ്ങള്‍ക്ക് പൈയ്ക്കുന്നു.’ പശി, പശിമാത്രം. അതിന്റെ ഇരുട്ടിലായിരുന്നു അവന്‍. വിശപ്പില്‍ നിന്നു പ്രത്യയശാസ്ത്ര വെളിവിലേക്കും അവിടുന്ന് കാര്യകാരണങ്ങളിലേക്കും പിന്നെ കലാപത്തിലേക്കുമുള്ള മുന്നാക്കങ്ങളൊന്നും അറിയില്ല. സാക്ഷര കേരളത്തിന്റെ ബോധവല്‍ക്കരണത്തില്‍ മധുവിന്റെ വര്‍ഗത്തിന് ഇടമില്ല. മധുവോളമെത്താന്‍ നമ്മുടെ ബോധത്തിനും പഠിത്തത്തിനും ഏറെ പോകേണ്ടതുണ്ട്.

കേട്ടവാര്‍ത്തകള്‍ ശരിയാവാതിരിക്കട്ടെ. മധുവിനെ കണ്ടെത്താന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സഹായിച്ചിരുന്നുവത്രെ. അവരാണ് കൊലയാളികളുടെ കയ്യില്‍ മധുവിനെ എത്തിച്ചതെന്നാണ് വിശ്വസിക്കാവുന്ന വാര്‍ത്ത. സ്റ്റേറ്റ് എന്ന അധികാര സ്ഥാപനത്തിന്റെ പ്രതിനിധികളാണവര്‍. അധികാരം, ജനാധിപത്യത്തില്‍ ജനനന്മയ്ക്കാണ്- അതില്‍ അശരണനായ ഈ ആദിവാസിയുംപെടും. പെടില്ലേ? അപ്പോള്‍ വ്യവസ്ഥാപിത അധികാരമാണ് ഗുണ്ടകള്‍ക്ക് മധുവിനെ ഒറ്റിയത്. ആ രൂപം കണ്ടാല്‍ ഒരു ഭീകര മോഷ്ടാവായി അവനെക്കാണാനാവുമോ? അവനെ വലിച്ചിഴച്ചുകൊണ്ടുവന്നത് ആദിവാസിക്ക് അവകാശപ്പെട്ട അവന്റെ കാട്ടിലെവാസസ്ഥലത്ത് നിന്നാണ്. അവന്‍ നാട്ടുപ്രമാണിമാരുടെ വഹകള്‍ കട്ടുഭുജിച്ചു എന്നാണ് പഴി. അവന്റെ സഞ്ചിതപ്പിയപ്പോള്‍ ആകെ നൂറു രൂപയുടെ മുതലുപോലുമില്ലായിരുന്നു. ഇവനാണത്രെ പെരുങ്കള്ളന്‍. മര്‍ദ്ദനത്തിന്റെ വിശദമായ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഞെട്ടലോ, ലജ്ജയോ ഒക്കെയായിരുന്നു. പതിനാറുപേര്‍ ചേര്‍ന്ന് ഈ പാവത്താനെ വിവിധതരത്തില്‍ മര്‍ദ്ദിച്ചതിന്റെ കഥ പുറത്തറിയുന്നു. വെറും സാഡിസം തന്നെ. ഒരാളെ പ്രതിരോധമില്ലാതെ തല്ലിക്കൊല്ലാന്‍ കിട്ടിയപ്പോള്‍ അത് ആസുരമായി ഉപയോഗിച്ചവരുടെ ക്രിമിനല്‍ മനസ് എത്ര ഹീനമാണ്.

അതില്‍ എല്ലാ വിഭാഗങ്ങളുമുണ്ടായിരുന്നത്രെ. കാട്ടില്‍’മേഞ്ഞ്’ അവിടുത്തെ മുതലെടുത്ത് അര്‍ഥവും അധികാരവും നേടിയവര്‍. ഇപ്പോഴറിയുന്നു മരണാനന്തര പരിശോധനയില്‍ അവന്റെ വയറ്റില്‍ കണ്ടെത്തിയത് ഒരു പഴക്കഷ്ണം മാത്രമായിരുന്നു. കാടിറങ്ങിവന്ന് ചില്ലറ ഭക്ഷണ വസ്തുക്കള്‍ ഇവന്‍ ഒപ്പിക്കാറുണ്ടായിരുന്നത്രെ. അന്നം തേടല്‍ എന്നും അവകാശമാണ്. വിളഞ്ഞപാടത്തെ സമൃദ്ധിയില്‍ നിന്നും ഉണങ്ങാനിട്ട ധാന്യത്തില്‍ നിന്നുമൊക്കെ പക്ഷികള്‍ തിന്നാനുള്ളത് കൊത്തിയെടുക്കാറുണ്ട്. പ്രകൃതി നല്‍കിയ അധികാരമാണത്.

ഇവിടെ അതല്ല. കുറേ ക്രിമിനല്‍ മനസുകളുടെ വിനോദമായിരുന്നു അവിടെ നടന്നത്. അതിലൊരു സെല്‍ഫിക്കാരനും. കണ്ടുനില്‍ക്കാന്‍ വനപാലകരും. മധുവില്‍ നിന്നു നാം മനസിലാക്കേണ്ടതെന്താണ്. ഭ്രാന്തമായ ഒരു സമൂഹത്തിന്റെ അധപ്പതിച്ചുപോയ ഒരു വ്യവസ്ഥയുടെ എല്ലാ അറിവും വെറുതെയായിപ്പോയ നമ്മുടെ ചിത്രമാണത്. അതുതരേണ്ട പാഠമാണ്. മധുവിന് ഈ ഗതികേട് വന്നത് അനാഥമായതുകൊണ്ടാണ്. അതേസമയത്ത് 5000 കോടി രൂപയാണ് പത്തുവര്‍ഷങ്ങള്‍ക്കകം സര്‍ക്കാര്‍ ചെലവഴിച്ചത്. അതിന്റെ അറ്റബാക്കി മധുവിന്റെ വയറ്റിലെ ഒരു പഴക്കഷ്ണമായിരുന്നു. എവിടെപോയി ഈ പണമൊക്കെ. കണക്കുപ്രകാരം ഇത് ഒന്നും ചെയ്യാതെ വീതംവച്ചിരുന്നെങ്കില്‍ ആളോഹരി ഒരു ലക്ഷമെങ്കിലും കിട്ടുമായിരുന്നത്രെ. ഒരു കുടുംബത്തിന് ഏതാണ്ട് പത്ത് ലക്ഷംരൂപയും. ആദിവാസികള്‍ക്കുള്ള വീടുകളുടെ ഫണ്ട് കൈമാറിയിട്ടും പണിയെല്ലാം നിലച്ചു, ശരിയാണ്. ചോദിക്കാനവര്‍ക്ക് കണക്കറിയില്ലല്ലോ, ഭാഷയും ഇല്ല.

അവര്‍ക്കനുവദിച്ച ഭൂമി, അവര്‍ക്കായി കെട്ടാന്‍ തുടങ്ങിയ ഭൂമി, സ്‌കൂളുകള്‍, ആദിവാസി സ്ത്രീകള്‍ക്കായി നല്‍കിയ ഓട്ടോറിക്ഷകള്‍, ലൈഫ് മിഷന്‍ തുടങ്ങിയവയെല്ലാം പാതിവഴിയില്‍ വ്യര്‍ഥമായി. അതിന്റെ പണമൊക്കെ കാടുവിട്ട് നാടിറങ്ങി. അങ്ങനെയൊരു സംഘം അവിടെ തഴച്ചുവളര്‍ന്നു. അവര്‍ക്ക് ആരെയും അടിച്ചുകൊന്ന് കൊല്ലിയില്‍ ഇടാം. അവിവാഹിത അമ്മമാരെ സൃഷ്ടിക്കാം. ആരും ഒന്നും ചോദിക്കാനില്ല. ഇത്തവണയും അങ്ങനെ ആവുമായിരുന്നു. പക്ഷെ എന്തുകൊണ്ടോ കുറേ ആദിവാസി സംഘടനകള്‍ ഒന്നിച്ചിറങ്ങി പ്രതിഷേധം തുടങ്ങി. പ്രതികളെക്കുറിച്ച് വ്യക്തത നല്‍കാതെ അവരെ കാണാതെ മധുവിന്റെ മൃതദ്ദേഹം കൊണ്ടുപോകേണ്ടെന്നു വാശിപിടിച്ചു.

ഈ പ്രതിഷേധവും പ്രതിരോധവും ഇനിയും തുടരണം. എതിര്‍പ്പ് ഉള്ളറകളില്‍ നിന്നുവരണം. പണം മാത്രം നല്‍കി വിവിധ വകുപ്പുകളെ അതില്‍ മേഞ്ഞുതിന്നാനനുവദിച്ചാല്‍ പോര. ചതിക്കുഴികളറിയാനും പ്രതികരിക്കാനും വേണ്ട ബോധവല്‍ക്കരണത്തിലാവണം ആദിവാസി വികസനത്തിന്റെ പ്രഥമ ഊന്നല്‍. ഓരോ ബജറ്റിലെയും കോടിക്കണക്കുകള്‍ക്ക് അതിനാവില്ല. അവര്‍ക്കുവേണ്ടി നാം വികസനവുമായി ചെന്നാല്‍ പോര. വികസനം അവര്‍ക്കുവേണ്ടി എന്നതിനുപകരം വികസനം അവരിലൂടെ എന്നുവേണം. അതില്‍ വലിയൊരു സൂചകമാറ്റമുണ്ട്.
ഓരോ തവണയും ‘മധു’മാര്‍ മരിച്ചാലേ നമുക്ക് രോഷവും വിവേകവും വരൂ എന്നാവരുത്. ബര്‍ണാഡ്ഷായുടെ നാടകത്തില്‍ പറയുന്നത് പോലെ ‘മണ്ടന്മാരായ നമ്മെ പഠിപ്പിക്കാന്‍, ഓരോ കാലഘട്ടത്തിലും ഒരു ക്രിസ്തുമരിക്കണമോ.’ റൊഹിത് വെമൂലയും അശാന്തനും അങ്ങനെ ഒരുപാട് തിരസ്‌കൃതരും ഇപ്പോള്‍ മധുവും ചേരുമ്പോള്‍ നാം ഒരു ‘ഡാര്‍ക് ഏജി’ (ഇരുണ്ടകാലം) ലാണ്.

വെമൂലയുടെ ആത്മഹത്യാ കുറിപ്പ് പറയുന്നു ”എന്റെ ജന്മമായിരുന്നു എന്റെ തെറ്റ്.”