Thursday
24 Jan 2019

മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം

By: Web Desk | Wednesday 2 May 2018 10:35 PM IST

മെയ് മൂന്ന്. ഇന്ന് ലോക സ്വതന്ത്ര പത്രപ്രവര്‍ത്തകദിനം. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ലോകമെങ്ങും ഭീഷണി ഉയരുന്ന കാലമാണിത്. മാധ്യമങ്ങളുടെ ധര്‍മത്തെക്കുറിച്ച് സാര്‍വത്രികമായ ചില ചിന്തകളുണ്ട്. അത് കാലാതിവര്‍ത്തിയും എല്ലാ സമൂഹങ്ങള്‍ക്കും ബാധകമായതുമാണ്. ഏത് ജനസമൂഹത്തിനും അതിന്‍റെ രാഷ്ട്രീയ സാഹചര്യത്തിനും സാമൂഹ്യവ്യവസ്ഥിതിക്കും അനുഗുണമായ അറിവുകള്‍ പോഷിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം അവിടത്തെ മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
രാജഭരണത്തിലും സ്വേച്ഛാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധി കല്‍പിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിച്ചും മാധ്യമപ്രവര്‍ത്തനം നടന്നിരുന്നു. ക്രൂരമായ പീഡനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ ഇരയായ സംഭവങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പും ഉണ്ടായിട്ടുണ്ട്. പ്രവാചകശബ്ദമായും ഒറ്റപ്പെട്ട പ്രതിഷേധമായുമൊക്കെ അച്ചടിയുടെ കാലത്തിനു മുമ്പും അത് രാജസദസുകളെ വിറകൊള്ളിച്ചിരുന്നു.

ജനാധിപത്യത്തിലെ നാലാം തൂണെന്ന വിശേഷണം ചില അവസരങ്ങളിലെങ്കിലും മാധ്യമങ്ങളുടെ സവിശേഷമായ സ്ഥാനത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വിഷയമാകാറുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളൊന്നുമില്ലാത്ത ഒരു ജനാധിപത്യ സംരക്ഷണോപാധിക്ക് എന്തു ചെയ്യാനാകും എന്നത് വെല്ലുവിളിയും സാധ്യതയുമാണ്. ജനാധിപത്യത്തിലെ ഓരോ ഘടകവും തങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുമ്പോഴാണ് പൊതുസമൂഹത്തിന് അതിന്‍റെ പ്രയോജനം സിദ്ധിക്കുന്നത്.
പരസ്പരം പോരടിക്കാനുള്ളതല്ല, മറിച്ച് പരസ്പരപൂരകമായി പ്രവര്‍ത്തിക്കാനുള്ളതാണ് ജനാധിപത്യത്തിന്‍റെ ഓരോ ഘടകവും. വിമര്‍ശനങ്ങളും തിരുത്തലുകളും ഉള്‍ക്കൊള്ളാനുള്ള സൗമനസും എല്ലാവരും കാട്ടണം. ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നതിനാല്‍ നിയമനിര്‍മാണസഭയ്ക്ക് അല്‍പം മുന്‍തൂക്കം ചിലര്‍ കല്‍പിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത് അവര്‍ തന്നെയാണ്.

നിയമനിര്‍മാണസഭയുടെ പാവനത കാത്ത് സൂക്ഷിക്കേണ്ടത് ജനപ്രതിനിധികളായ നിയമനിര്‍മാതാക്കളാണ്. അവര്‍ പലപ്പോഴും ആ ധര്‍മം മറക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജുഡീഷ്യറിയും മാധ്യമങ്ങളുമാണ് അവരെ അതേക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്. നിയമത്തിന്‍റെ ഇടപെടല്‍ ഔദേ്യാഗികവും മാധ്യമങ്ങളുടേത് അനൗദ്യോഗികവുമാകും. എങ്കില്‍ പോലും മാധ്യമങ്ങളുടെ നിരീക്ഷണങ്ങളെ തിരിച്ചറിവോടെ നേരിട്ട് തിരുത്തലുകള്‍ വരുത്തിയാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാനാകും.

മാധ്യമങ്ങളോടു രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനും പ്രൊഫഷണലുകള്‍ക്കുമൊക്കെ താല്‍പര്യത്തെക്കാളേറെ ഭയമാണെന്നു പറയാം. അവര്‍ എന്തിനാണ് മാധ്യമങ്ങളെ ഭയക്കുന്നത്? സത്യസന്ധതയോടെയും അഴിമതിരഹിതമായും പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനോ പ്രൊഫഷണലിനോ ഉദേ്യാഗസ്ഥനോ മാധ്യമങ്ങളെ ഭയപ്പെടേണ്ടതില്ല.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ഫ്രോണ്ടിയേഴ്‌സ് (ആര്‍എസ്എഫ്) എന്ന സംഘടന അടുത്തിടെ പുറത്തുവിട്ട കണക്ക്പ്രകാരം മാധ്യമസ്വാതന്ത്ര്യത്തിന്റെ റാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 138 ആണ്. മുമ്പ് 136-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ വര്‍ധിച്ചതായി ആര്‍എസ്എഫ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ നിയമനിര്‍മാണം നടത്തുന്ന നിലയിലേയ്ക്ക് നമ്മുടെ മഹത്തായ ജനാധിപത്യരാജ്യം എത്തിനില്‍ക്കുന്നു.

മാധ്യമങ്ങള്‍ നിരപരാധികളെപോലും അനാവശ്യവിവാദങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലേ എന്ന് ചോദിക്കാം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നിയമവ്യവസ്ഥയുടെ തത്വം മാധ്യമങ്ങള്‍ക്കും ബാധകമാണ്.
അപ്രിയസത്യം പൊതുസമൂഹത്തെ അറിയിക്കുക എന്നൊരു ദൗത്യം കൂടി മാധ്യമങ്ങള്‍ക്കുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. സത്യം പലര്‍ക്കും അരോചകമാകും. എന്നാല്‍ പൊതുനന്മയ്ക്കും സമൂഹത്തിന്‍റെ സുസ്ഥിതിക്കും ചില കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ചെറുതും വലുതുമായ അഴിമതികള്‍, അതിക്രമങ്ങള്‍, ഗൂഢാലോചനകള്‍ തുടങ്ങി കൊലപാതകങ്ങളും കൂട്ടക്കുരുതികളും രാജ്യദ്രോഹവുമൊക്കെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലായിരിക്കില്ല അവയില്‍ പലതും വെളിച്ചത്ത് വരുന്നത്. പിന്നീട് നടക്കുന്ന അനേ്വഷണങ്ങളാവും നിയമസാധുതയുള്ള തെളിവുകള്‍ കണ്ടെടുക്കുന്നത്.

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എത്രമേല്‍ പ്രാധാന്യമുണ്ടെന്ന് പല സന്ദര്‍ഭങ്ങളിലും ജവഹര്‍ലാല്‍ നെഹ്‌റു പണ്ഡിതോചിതമായി പ്രതിപാദിച്ചിട്ടുണ്ട്. ചിന്തയെയോ ചിന്തയുടെ പ്രകാശനത്തെയോ തടയുന്നത് ആപത്താണെന്നും നല്ല കാര്യങ്ങളെ അടിച്ചമര്‍ത്തുന്ന- അതിലുപരി സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പോലും വിഘാതമാകുന്ന ഒട്ടേറെ ചീത്തത്തങ്ങള്‍ സൃഷ്ടിക്കുകയാകും അതിന്റെ ഫലമെന്നും നെഹ്‌റു മുന്നറിയിപ്പ് നല്‍കി.
അധികാരത്തിലിരിക്കുന്നവര്‍ തങ്ങള്‍ ചിന്തിക്കുന്നതെല്ലാം ശരിയാണെന്നും മറ്റുള്ളവരുടെ ചിന്തകള്‍ തെറ്റാണെന്നും കരുതുമെന്ന നെഹ്‌റുവിന്‍റെ നിരീക്ഷണം ശരിയാണ്. ”അധികാരത്തിലിരിക്കുന്ന വ്യക്തി വിമര്‍ശനത്തിന് വിധേയനാകണം. സ്‌നേഹബുദ്ധിയോടെയുള്ള വിമര്‍ശനമാണെങ്കില്‍ അവസാനമില്ലാത്ത വിമര്‍ശനത്തിനും വിധേയനാകണം.” നെഹ്‌റുവിന്‍റെ ഈ ഉപദേശം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഭരണകര്‍ത്താക്കള്‍ എപ്പോഴും ഓര്‍ക്കേണ്ടതാണ്; ഇന്നത്തെ പ്രധാനമന്ത്രിയടക്കം.
പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം വിമര്‍ശനങ്ങളെ സ്വാഗതം ചെയ്തിരുന്നുവെന്നു മാത്രമല്ല, ക്രിയാത്മക വിമര്‍ശനങ്ങളുടെ സാരാംശം സ്വാംശീകരിക്കുകയും ചെയ്തിരുന്നു. ”ഒരു സര്‍ക്കാര്‍ പത്രങ്ങളുടെ വിമര്‍ശനം ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്; ഇല്ലെങ്കില്‍ ഇഷ്ടപ്പെടണം” എന്ന് അര്‍ഥശങ്കയ്ക്കിടം നല്‍കാതെ പറഞ്ഞ ഭരണകര്‍ത്താവായിരുന്നു നെഹ്‌റു.
മാറിമറിയുന്നതും അതീവസങ്കീര്‍ണവുമായ സമകാലിക സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയരായി സ്വന്തം തൊഴിലിനോട് നീതിപുലര്‍ത്താന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യം സംഗതമാണ്. ഇതിനുള്ള ഉത്തരങ്ങള്‍ എന്തുതന്നെയായാലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപോലെ ധീരരായ പത്രാധിപന്മാരുടെ മാതൃകകള്‍ നമുക്കുണ്ട്. പൊതുസമൂഹത്തെ മുന്നോട്ടുനയിക്കാന്‍ ആവശ്യമായ ചാലകശക്തി മാധ്യമങ്ങള്‍ക്കുണ്ടാകണം. സംവാദമുഖരിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടേയിരിക്കണം. പൊള്ളയായ വിവാദങ്ങളുണ്ടാക്കുന്നതിനു പകരം, അര്‍ഥപൂര്‍ണമായ ആശയവിനിമയത്തിനുപകരം സംവാദങ്ങളാണുണ്ടാകേണ്ടത്. അവയിലൂടെ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ പ്രവൃത്തികളായി മാറുമ്പോള്‍ ഉണ്ടാകുന്ന ചലനാത്മകതയുടെ ചാരുതയും സ്വാഭാവികമായ പ്രസാദാത്മകതയുമാണ് വളരുന്ന ജനസമൂഹങ്ങളുടെ ആരോഗ്യത്തിന്റെ സൂചകങ്ങള്‍.

ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാവണം മാധ്യമങ്ങളുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. രാജ്യത്തിന്റെ വിശാലതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതായിരിക്കണം ആ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഉദ്ദേശ്യം. ബഹുസ്വരതയുള്ള ഒരു രാജ്യത്ത് രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ജാതി-മത-വര്‍ഗ-ഭേദ ചിന്തകള്‍ ബോധപൂര്‍വം ആളിക്കത്തിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് പല തട്ടുകളിലാക്കുന്നത് അക്ഷന്തവ്യ വ്യതിചലനമായിരിക്കുമെന്ന് പറയാതെ വയ്യ. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ജേര്‍ണലിസത്തെ’ ജീര്‍ണലിസമായി തരംതാഴ്ത്തുന്നത്.മാധ്യമരംഗത്തും അപായകരമായ അപചയ പ്രവണതകള്‍ വളര്‍ന്നുവരുന്നുണ്ടെന്ന് വിശ്വസിക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ട്. അവരുടെ വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ശ്രദ്ധിച്ച് ആത്മപരിശോധന നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. മാധ്യമങ്ങളെ വിമര്‍ശിക്കുന്നവരെ ശത്രുക്കളായി കാണരുത്.