Thursday
24 Jan 2019

ചില വേനല്‍ച്ചിന്തകള്‍

By: Web Desk | Friday 6 April 2018 10:32 PM IST

ഓരോതരം കുത്തിവെപ്പുകള്‍ നടത്തി, വലിയ, വലിയ പച്ചക്കറികളും ഇറച്ചിക്കോഴികളും സൃഷ്ടിക്കപ്പെടുന്നതുപോലെ പലതരം അറിവുകളുടെ ഡോസുകള്‍ കുത്തിവച്ച് പ്രതിരോധശേഷിയില്ലാത്ത കുട്ടികളെ ഇറക്കിവിടുന്നു. അവര്‍ക്ക് ജീവിതത്തില്‍ രണ്ടോ, മൂന്നോ ലക്ഷ്യങ്ങള്‍ മാത്രം. ആരായിത്തീരണമെന്നത്, അവരില്‍ കുത്തിവച്ചുകഴിഞ്ഞു. അതായിത്തീരാന്‍ മാത്രം വേണ്ട പഠനം നടക്കുന്നു. വൈവിധ്യമില്ലാത്ത ഒരുവരും തലമുറയെ വാര്‍ത്തെടുക്കുന്ന ‘ഹാച്ചെറി’കള്‍ ആണ് ഈ സ്‌കുളുകള്‍

പ്രില്‍ ഒന്ന് വങ്കന്മാരുടെ ദിനമാണല്ലോ. എന്നാല്‍ അതൊന്നും അറിയാത്ത എന്റെ കുട്ടിക്കാലത്ത്, അവധി തുടങ്ങുന്ന ഈ ദിവസം പോലെ തങ്കപ്പെട്ട ഒരു ദിവസമില്ലായിരുന്നു. സര്‍വാംഗം സ്വാതന്ത്ര്യം. സ്‌കൂള്‍, വീട്ടുപാഠങ്ങള്‍, ഇടയ്‌ക്കൊക്കെ കിട്ടുന്ന അടി തുടങ്ങിയ പരിഭ്രാന്തികളില്ലാതെ ഗ്രാമത്തില്‍ നീളവും വീതിയും അളന്നുനടക്കുന്ന, പറങ്കിമാങ്ങയും നാട്ടുമാങ്ങയും പെറുക്കിനടക്കുന്ന, സുന്ദരബാല്യം. വേണ്ടത്ത അറിവില്‍ നിന്ന് മുക്തി അങ്ങനെ ആര്‍മാദിച്ചുനടന്ന പഠനകാലമാണ് ഇന്നും വേനല്‍ക്കാലം വരുമ്പോള്‍ മനസില്‍ പൂത്തുനില്‍ക്കുന്നത്. മാമ്പൂവിന്റെയും കശുമാങ്ങയുടെയും രൂക്ഷഗന്ധം. നാട്ടുമാങ്ങ കടിച്ചുപറിച്ച് നടന്ന കാലം. മേമ്പൊടിക്ക് പഠനവും. വേനല്‍ക്കാലം വരുമ്പോള്‍, ഇപ്പോഴും ആ പഴയ ഓര്‍മ്മകളാണ്. പാഠപുസ്തക മുക്തിയുടെ ആഹ്ലാദദിനങ്ങള്‍.

പിന്നെ ഏറെക്കാലം കഴിഞ്ഞു. നാട്ടിന്‍പുറവും നാട്ടിന്‍പുറത്തെ വേനലവധികളും താണ്ടി പഠിക്കാനായി നാടുവിട്ടു. പിന്നെ കുറേക്കാലം പഠിത്തം, പഠിപ്പിക്കല്‍. അതിന്റെ ഭൗതിക സൗഭാഗ്യങ്ങള്‍. എന്നിട്ടും വല്ലതും തിരിച്ചുകിട്ടാന്‍ കൊതിക്കുന്നുണ്ടെങ്കില്‍ അത്, പൊയ്‌പ്പോയ ആ അറ്റവേനല്‍ക്കാലവും അന്നത്തെ ആഹ്ലാദ തിമിര്‍പ്പുകളുമാണ്. പിന്നീട് ഞാന്‍ മനസിലാക്കിയ ഒരു കാര്യം, വെറും അറിവുനേടല്‍പോലെ വിരസമായ മറ്റൊന്നില്ലെന്നതാണ്. നിത്യജീവിതവുമായി ഓരം ചേര്‍ന്ന് അറിവുനേടുമ്പോള്‍ വ്യസനമില്ലാത്ത വിദ്യ കൈവരും. അറിവ് അറിയാതെ അകത്തുകയറിവരും. അത് നമ്മെ സന്തോഷിപ്പിക്കും.
ഇതൊക്കെ എന്തിനാണ് പറഞ്ഞുവരുന്നത്. ഇതില്‍ എന്റെ അനുഭവവും ചുറ്റും ഞാന്‍ നോക്കിക്കണ്ടതുമെല്ലാമുണ്ട്. ഒരു വന്‍ നഗരത്തിലെ, എന്റെ പേരമക്കളുടെ അവധിക്കാലം വന്നു. ഇനി അവരെ കയറൂരിവിടാമെന്നു ഞാന്‍ കരുതിയത് തെറ്റി. ഏതാണ്ട് പത്തുമാസത്തെ ശിക്ഷ കഴിഞ്ഞില്ല, അതിനുമുമ്പ് അടുത്ത വര്‍ഷത്തേക്കുള്ള ദേഹദണ്ഡം ആരംഭിക്കുന്നു. പേരമകന് സ്‌കൂളില്‍ പോയി, വരും വര്‍ഷത്തെ വസ്ത്രം, ഷൂസ്, അതോടനുബന്ധിച്ച് മറ്റ് ഒട്ടേറെ സാധനങ്ങള്‍, പാഠപുസ്തകങ്ങള്‍, ഗൃഹപാഠഷീറ്റുകള്‍, പ്രോജക്ടുകള്‍ക്കുള്ള ലൊട്ടുലൊടുക്കുകള്‍. അവനെയും കൂട്ടി, അവന്റെ മാതാപിതാക്കളും അമ്മയും അമ്മച്ഛനും സ്‌കൂളിലെത്തി. എന്റെ സ്‌കൂള്‍ സങ്കല്‍പ്പത്തില്‍ ഇതൊന്നുമില്ലല്ലോ. വന്‍ ഇരുമ്പ് ഗെയ്റ്റ്, കണ്ടാല്‍ പേടിതോന്നുന്ന സെക്യൂരിറ്റികള്‍, സദാ കമാന്റുകള്‍ നല്‍കുന്ന ടീച്ചര്‍മാര്‍.

കുട്ടികളുടെ മുഖത്ത് കളിയില്ല. അവധിക്കാലത്തെ ഭാരം അവര്‍ തയ്യാറാക്കി, കുട്ടിക്കും കൂടെ വന്നവര്‍ക്കും നല്‍കുന്നു. ബസ്ചാര്‍ജ്ജ്, സെമസ്റ്റര്‍ ഫീസ്, മറ്റ് സാധനങ്ങളുടെ വില എല്ലാം കൂടി അവധിക്കാലത്തേ നടത്തിപ്പുകാരുടെ കീശയിലാവുന്നു. അതവിടെക്കിടന്ന് പെരുകും. എന്തിനാണ് ഇതൊക്കെ ഇത്രനേരത്തെ വാങ്ങിക്കൂട്ടുന്നത് എന്ന് ചോദിക്കാന്‍ സ്വതേയുള്ള ചോദ്യം ചെയ്യല്‍ ശീലം ആഞ്ഞു. വയ്യ, ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ല. പേരക്കുട്ടിക്ക് വിനയാവുന്ന സ്വാതന്ത്ര്യം എനിക്കുപയോഗിക്കാനവകാശമില്ല. എല്ലാവരുടെയും ഭയങ്കര ചിട്ട. മാതാപിതാക്കള്‍ക്ക് പ്രരിഭ്രമം. അടുത്ത വര്‍ഷത്തെ പുസ്തകം കൈക്കലാക്കണം. എത്രയും വേഗം അതൊക്കെ അരച്ചുകലക്കി, പടവലാദി കഷായമാക്കി കുട്ടിയെ കുടിപ്പിക്കണം.
പഠിപ്പിക്കലിന്റെ കാര്യത്തില്‍ ഒരു ദയയും കാണിക്കരുത്. വന്‍ തുകയാണ് ഫീസിനത്തില്‍ ഈടാക്കുന്നത്. ഭേദപ്പെട്ട, ഞാന്‍ ചെന്ന സ്‌കൂളില്‍ മാസം ഒരു വെറും നാലാം ക്ലാസുകാരന് ഫീസ് ഏതാണ്ട് ഇതുപതിനായിരം രൂപ പ്രതിമാസം. ചില സ്‌കൂളുകളില്‍ മാതാപിതാക്കളുടെ ശമ്പള സര്‍ട്ടിഫിക്കറ്റ്, കാറിന്റെ വില, വലുപ്പം എന്നിവയും വേണം. ഇതൊക്കെ അറിഞ്ഞശേഷം പണം വാങ്ങിവെച്ചാല്‍ അതിനുള്ള ‘ശിക്ഷ’ (വേണമെങ്കില്‍ വിദ്യ എന്ന അര്‍ഥത്തില്‍) കുട്ടിയില്‍ ചെലുത്തണമല്ലോ. സ്‌നേഹവും ദയയും കാണിച്ചാല്‍ ഗൗരവം കുറച്ചാല്‍ കുട്ടി അത് മുതലെടുത്താലോ? ഇതിന്റെയൊക്കെ കരിനിഴല്‍ അവിടെ വരുന്ന കുട്ടികളുടെ മുഖത്തുണ്ടായിരുന്നു.

ഇടയ്ക്കിടെ രക്ഷാകര്‍ത്താക്കളുമായി അഭിമുഖമുണ്ടാവും. അതില്‍ കുട്ടിയുടെ പോരായ്മകളും ചീത്തത്തരങ്ങളുമാണ് പ്രധാന വിഷയം. കുട്ടിക്കുള്ള ആത്മവിശ്വസവും പോവും. പുറത്തിറങ്ങിവരുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടിയെ മനസാ ശപിക്കും. വികൃതി കാണിക്കരുത്, ചീത്തവാക്കുകള്‍ പ്രയോഗിക്കരുത്, പേരമകനെക്കുറിച്ചുള്ള പരാതികളില്‍ പ്രധാനം ചില മൃദുശകാരപദങ്ങള്‍ ഇംഗ്ലീഷില്‍ പ്രയോഗിക്കുന്നു എന്നായിരുന്നു. അതിന് മറുവശത്തെ കുട്ടി അതിലും അല്‍പം കട്ടികൂടിയ പദം ഉപയോഗിച്ചാല്‍പോരെ. ഇരുകൂട്ടര്‍ക്കും മനഃസമാധാനവുമാവും. ഒരു ചീത്തവാക്കും കേള്‍ക്കാത്ത കുട്ടി, പുറത്തിറങ്ങി, ഈ തരം പദങ്ങളുടെ സാഗരത്തിലെത്തിയാലത്തെ സ്ഥിതിയെന്താണ്. അതിനുള്ള മറുപാഠവും സ്‌കൂള്‍ സമ്പര്‍ക്കങ്ങളില്‍ നിന്നു കിട്ടേണ്ടേ. ഇല്ലെങ്കില്‍ അതെന്തുപഠിത്തമാണ്. അസ്ത്ര – പ്രത്യസ്ത്ര പ്രയോഗമാണ് ഇതിഹാസയുദ്ധം. വാക് – പ്രതിവാക് പ്രയോഗമാണ് ജീവിതം.
പാവം കുട്ടി. ഒരുതരം ഇമ്മ്യൂണിറ്റിയുമില്ലാതെ ‘കോംപ്ലാന്‍ ബോയ്’ ആയി വളരുന്നു. ഇറങ്ങിവരുന്നത് സകല മുഷിപ്പുമുള്ള ഈ യുദ്ധഭൂമിയിലേക്കും. അവിടെ, ഈ നിര്‍ജീവപഠനത്തിനെന്ത് പ്രസക്തി. വിദ്യാഭ്യാസത്തില്‍, ജീവിതത്തിന്റെ സകലവിധ പ്രതിരോധങ്ങളും വേണം. ജ്ഞാനം കൊണ്ട് അജ്ഞാനത്തെ പ്രതിരോധിക്കല്‍ മുതല്‍ നിത്യജീവിതത്തിലെ വേണ്ടാത്തതിനെയൊക്കെ പ്രതിരോധിക്കല്‍. സമഗ്രമായ പഠനം അതാണ്. അല്ലാതെ വെറും ഡോക്ടറോ എന്‍ജിനീയറോ ഐഎഎസോ ഒക്കെ ആവാന്‍ ഇത്രവലിയ പഞ്ചാഗ്നിയിലെ തപസെന്തിനാണ്. ഇതൊക്കെ ആവാന്‍ രക്ഷിതാക്കളുടെ ‘കോശ’ത്തിന്റെ വലുപ്പം മാത്രം മതിയല്ലോ.

ജീവിതത്തില്‍ എന്തൊക്കെയോ ആവാന്‍ കഴിയും. മൂന്ന് ദശാബ്ദങ്ങളിലധികം കോളജുകളില്‍ പഠിപ്പിച്ച എനിക്ക്, വിവിധ മേഖലകളിലെത്തിയ ശിഷ്യരെ ഇന്നും കാണാന്‍ കഴിയുന്നു. എന്റെ രണ്ടാം തലമുറയ്ക്ക്, വന്‍ തുക നല്‍കി നേടിക്കൊടുക്കുന്ന വിദ്യാഭ്യാസം, അതിനവസരം തരില്ല. ഇങ്ങനെയൊക്കെ ചിന്തിച്ച് ആ സ്‌കൂള്‍ മുറ്റത്തിരിക്കുമ്പോള്‍, ഞാന്‍ കണ്ടത് നമ്മുടെ ഭാവിയുടെ ഒരു വന്‍ നഷ്ടമാണ്.