Monday
22 Oct 2018

വൈദ്യശാസ്ത്രത്തിന്‍റെ സാമൂഹ്യവല്‍ക്കരണം അനിവാര്യം

By: Web Desk | Sunday 24 December 2017 10:06 PM IST

ഏക മുഖവികസനം മാത്രമാണ് 1780-നും 1870-നും ഇടയിലുള്ള വ്യാവസായിക വിപ്ലവാനന്തര സമൂഹത്തില്‍ നടപ്പായത്. മറുവശത്ത് ചേരികളും ചേരിനിവാസികളും അവരുടെ ദാരിദ്ര്യവും അസുഖങ്ങളും മാത്രമാണ് നിലനിന്നിരുന്നത്. ശാസ്ത്രത്തിന്റെ വികസനം മാനവരാശിയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. പകര്‍ച്ചവ്യാധികളാണ് മാനവരാശിയെ ഏറെ ബുദ്ധിമുട്ടിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകജനത അനുഭവിക്കുന്ന ഈ രോഗാതുരതയെ ഏറ്റവും വ്യക്തമായി പറഞ്ഞത് ലൂയി പാസ്ചര്‍ അദ്ദേഹത്തിന്റെ ജേം സിദ്ധാന്തത്തിലൂടെയായിരുന്നു. രോഗത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനോടൊപ്പം അതിന്റെ നിയന്ത്രണം രാഷ്ട്രീയ വിഷയമായി ഏറ്റെടുക്കണമെന്ന നിഗമനമായിരുന്നു ലൂയി പാസ്ചറിനുണ്ടായിരുന്നത്. വൈദ്യശാസ്ത്രം ഒരു സാമൂഹ്യശാസ്ത്രമാണെന്നും രാഷ്ട്രീയമാണ് ഇതിനുള്ള ഏക മരുന്നെന്നും 1849-ല്‍ വിര്‍ഷ്വോവ് എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചു. ശാസ്ത്രം വികസിച്ചപ്പോള്‍ വൈദ്യശാസ്ത്രപരമായ ചെലവുകളും വര്‍ധിച്ചു. ഇതോടെ രണ്ട് തരത്തിലുള്ള ചികിത്സാരീതികള്‍ നിലവില്‍ വന്നു. ഒന്ന് പണക്കാരനുവേണ്ടിയുള്ളതും, രണ്ട് പാവങ്ങള്‍ക്ക് വേണ്ടിയുള്ളതും. ഇതിനുള്ള ഏക പരിഹാരം വൈദ്യശാസ്ത്രത്തിന്റെ സാമൂഹികവല്‍ക്കരണം മാത്രമാണ്. ആരോഗ്യ സേവനത്തെ 1946-ല്‍ ബ്രിട്ടന്‍ ദേശസാല്‍ക്കരിച്ചു. വൈദ്യശാസ്ത്രത്തെ പൂര്‍ണമായും സാമൂഹികവല്‍ക്കരിക്കുന്ന ആദ്യരാജ്യമായി റഷ്യ മാറി. 2020-ഓടെ എല്ലാപേര്‍ക്കും മെച്ചപ്പെട്ട ആരോഗ്യം എന്ന പ്രഖ്യാപനം 1978-ല്‍ ലോകാരോഗ്യ സംഘടന നടത്തി.

1980 വരെയും കേരളത്തിന്റെ ആരോഗ്യ സൂചികകള്‍ യൂറോപ്യന്‍ രാജ്യങ്ങളോടൊപ്പം തന്നെ കിടപിടിക്കുന്നതായിരുന്നു. ആരോഗ്യമേഖലയിലെ കേരള മാതൃക എന്നൊരു രീതി തന്നെ നിലവില്‍ വന്നു. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ, ഇതിന്റെ ഭാഗമായി ആരോഗ്യമുള്ള സമൂഹം, ഇത് ശ്രദ്ധേയമായ ഒരു സമവാക്യമായി മാറി. ഇത് തികച്ചും ആരോഗ്യ പരിചരണം കൊണ്ട് മാത്രം നേടിയതല്ല. മറിച്ച് ഉയര്‍ന്ന സാക്ഷരത, പോഷകമൂല്യമുള്ള ഭക്ഷണം, പാര്‍പ്പിട സൗകര്യങ്ങള്‍, ശുചിത്വം എന്നിവയിലൂടെ നേടിയെടുത്തതാണ്. ഇതിലൂടെ നേടിയെടുത്ത മെച്ചപ്പെട്ട ആരോഗ്യ സൂചിക ഇപ്പോള്‍ അതിജീവനത്തിന്റെ രേഖയിലൂടെയാണ് കടന്നുപോകുന്നത്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, അപകടങ്ങള്‍, ആത്മഹത്യ എന്നിവ ക്രമാതീതമായി കേരളസമൂഹത്തില്‍ വര്‍ധിക്കുന്നു. ഈ സാഹചര്യം സമീപഭാവിയില്‍ ഇന്ത്യയിലും ലോകത്താകമാനവും ഉണ്ടാകുമെന്ന് ഉറപ്പ്. ആഗോളവല്‍ക്കരണവും നവഉദാരവല്‍ക്കരണ നയങ്ങളും ചികിത്സാെചലവ് വര്‍ധിപ്പിച്ചു. ആരോഗ്യ സംരക്ഷണമെന്നത് ഇന്ന് സേവനത്തിലുപരിയായി ഒരു കച്ചവട വസ്തുവായി മാറി. ഇത് ദാരിദ്ര്യത്തിലേയ്ക്കും സമൂഹത്തിന്റെ അരക്ഷിതാവസ്ഥയിലേയ്ക്കും വഴിവയ്ക്കും. ആരോഗ്യ സംരക്ഷണത്തിന് ചെലവാകുന്ന പണത്തിന്റെ 80 ശതമാനവും സ്വന്തം കീശയില്‍ നിന്നാണ് നല്‍കേണ്ടി വരുന്നത്. മരണനിരക്കിലുണ്ടായ കുറവ് സ്വകാര്യ മേഖലയ്ക്കാണ് നേട്ടമുണ്ടാക്കി കൊടുക്കുന്നത്. 90.27 ശതമാനം ചികിത്സകളും സ്വകാര്യ ആശുപത്രികളിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കേവലം 9.73 ശതമാനവും. കൂടാതെ ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം 12 ശതമാനം ഗ്രാമീണ കുടുംബങ്ങളും നഗരങ്ങളിലെ എട്ട് ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലേയ്ക്ക് തള്ളിവിടുന്നു. ആകെ ഉപഭോഗത്തിന്റെ ഒരു ശതമാനത്തില്‍ കുറവ് മരുന്നുകളാണ് കേരളത്തിലുല്‍പാദിപ്പിക്കുന്നത്. സിസേറിയനുകളുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ ഇരട്ടിയാണെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ 1978-ലെ എല്ലാപേര്‍ക്കും മെച്ചപ്പെട്ട ആരോഗ്യമെന്ന ലോകാരോഗ്യസംഘടനയുടെ ആശയം ഒരു മരീചികയായി നിലനില്‍ക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായി വിവിധ രാജ്യങ്ങള്‍ ആരോഗ്യസംരക്ഷണത്തിനും ചികിത്സയ്ക്കുമായി പുതിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നു. ഇതിനായി ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച സാമൂഹിക ആരോഗ്യ ഇന്‍ഷുറന്‍സ് ആണ് കൂടുതല്‍ പേരും അവലംബിക്കുന്നത്. സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം 2003ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. രാഷ്ട്രീയ സ്വാസ്ത്യ ഭീമായോജന എന്ന പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തൊഴില്‍മന്ത്രാലയം നടപ്പിലാക്കി. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായി കേരളവും നടപ്പാക്കി. ഈ മാറ്റത്തെക്കുറിച്ച് സമഗ്രമായ പഠനം ഉണ്ടാകണം. ആദ്യഘട്ടത്തില്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കിയത്. ഇപ്പോഴത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നടപ്പാക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരും ഭരണാധികാരികളും ഒരു കൂട്ടിരിപ്പുകാരന്റെ അവസ്ഥയിലും. രോഗികളുടെ ചികിത്സാച്ചെലവിന്‍മേലുള്ള ബില്ലുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പലപ്പോഴും നിരസിക്കാറുണ്ട്. കൂടുതലായും ഇങ്ങനെ നിരസിക്കുന്നത് സര്‍ക്കാരാശുപത്രികളില്‍ നിന്നുള്ള ബില്ലുകളാണ്. ഇത് പദ്ധതിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കേരളം നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രോഗികളുടെ കയ്യില്‍ നിന്നുള്ള ചികിത്സാച്ചെലവ് കുറച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ വിദഗ്ധര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കൂടാതെ 40 ശതമാനം പേര്‍ മാത്രമാണ് ഇപ്പോഴും ഇന്‍ഷുറന്‍സ് പരിധിയിലായിട്ടുള്ളത്.
കേരളത്തില്‍ നിന്നുള്ള ഈ പാഠം മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നതാവണം. സാമൂഹികവല്‍ക്കരിക്കപ്പെട്ട ചികിത്സ എന്നതില്‍ നിന്ന് സാമ്പത്തികവല്‍ക്കരണ കാലഘട്ടത്തിലെ ചികിത്സ എന്ന വിഷയം പഠനവിധേയമാക്കണം. ശാസ്ത്രീയവും സാങ്കേതികവും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതും ആശയവിനിമയപരവുമായ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനങ്ങളുണ്ട്. ആരോഗ്യ മേഖല ഇതില്‍ നിന്നും ഭിന്നമല്ല. അതുകൊണ്ടുതന്നെ സാമൂഹിക ചികിത്സാ സമ്പ്രദായങ്ങളാകണം നടപ്പാകേണ്ടത്. ഇതിനായി പോരാട്ടങ്ങള്‍ നടത്തുകയും വേണം. ഇപ്പോഴാണ് ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.
അഖിലേന്ത്യാ പ്രോഗസീവ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആഗോളവല്‍ക്കരണം, മൂലധനം, കമ്പോളം- ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനം- എന്ന വിഷയത്തില്‍ ഗോവയില്‍ നടന്ന ശില്‍പശാലയില്‍ അവതരിപ്പിച്ച പ്രബന്ധം.