Tuesday
22 Jan 2019

ജനയുഗം സഹപാഠി ചിത്രരചനാ മത്സരം നിറഞ്ഞു, വര്‍ണ വസന്തം

By: Web Desk | Saturday 21 April 2018 11:11 PM IST

ചിത്രരചനാമത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിശേഷങ്ങള്‍ ചോദിച്ചറിയുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍

പ്രദീപ് ചന്ദ്രന്‍

കൊല്ലം: ഒരു പൂവില്‍ വസന്തം വിടരുമെന്ന് കവിവാക്യം. ഒരു നൂറ് പൂക്കള്‍ വിരിഞ്ഞതോടെ നിറഞ്ഞത് വര്‍ണവസന്തം. കുരുന്നുകളുടെ ഭാവന ചിറകുവിടര്‍ത്തിയപ്പോള്‍ പൂമ്പാറ്റയും പൂന്തോട്ടവും കര്‍ഷകരും പാടവും മഴയുമെല്ലാം കടലാസില്‍ നിരന്നു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സോപാനം അങ്കണത്തില്‍ ജനയുഗം ‘സഹപാഠി’യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരം പങ്കാളിത്തത്തിലും ശ്രദ്ധേയമായിരുന്നു.
കാര്‍ട്ടൂണിന്‍റെ കുലപതി യേശുദാസനായിരുന്നു ഉദ്ഘാടകന്‍. അറുപത് വര്‍ഷം മുന്‍പ് ‘ജനയുഗ’ത്തിലൂടെ ആരംഭിച്ച തന്‍റെ കലാസപര്യയെക്കുറിച്ച് യേശുദാസന്‍ വാചാലനായി. കാമ്പിശ്ശേരിയും എന്‍ ഗോപിനാഥന്‍നായരും ആര്‍ ഗോപിനാഥന്‍നായരും തെങ്ങമം ബാലകൃഷ്ണനും നിറഞ്ഞുനിന്ന കാലം. ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിനുവേണ്ടിയാണ് വണ്ടി കയറിയത്. അഡ്മിഷന്‍ ലഭിച്ചില്ല. തിരികെ വന്നപ്പോള്‍ കടപ്പാക്കടയില്‍ ‘ജനയുഗ’ത്തിന്‍റെ ബോര്‍ഡ് കണ്ടു. അവിടെ ഇറങ്ങി കാമ്പിശ്ശേരിയെ കണ്ടു. അവിടെ തുടങ്ങുന്നു കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ ഉദയം.

അന്ന് ജനയുഗത്തില്‍ ആരംഭിച്ച ‘കിട്ടുമ്മാവന്‍’ ആണ് ഇന്ത്യയിലെ തന്നെ പത്രങ്ങളിലെ ആദ്യ ബോക്‌സ് കാര്‍ട്ടൂണ്‍. ഇത് പിന്നീട് മറ്റ് മാധ്യമങ്ങളും മാതൃകയാക്കി. ‘തന്‍റെ പടക്കുതിരയെ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി ഇഎംഎസിന്‍റെ കസേരയില്‍ പിടിച്ചുകെട്ടും’ എന്ന മന്നത്ത് പത്മനാഭന്‍റെ ആഹ്വാനത്തെ അവലംബിച്ചായിരുന്നു ആദ്യ കാര്‍ട്ടൂണ്‍ രചന. വിമോചനസമരത്തിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിട്ടപ്പോള്‍ തന്റെ വീട്ടിനുമുന്നില്‍ മുഴങ്ങിയ മുദ്രാവാക്യം ‘കണ്ടോടാ, കണ്ടോടാ, പടക്കുതിരയെ കണ്ടോടാ’ എന്നായിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായി ഒരു മരക്കുതിരയെ വീട്ടില്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും യേശുദാസന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വിപുലമായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തെക്കുറിച്ചും കുട്ടികളോട് വിശദീകരിച്ചു. കാഴ്ചക്കാരായി എത്തുന്നത് നെഹ്‌റുവും ഇന്ദിരഗാന്ധിയും ഒക്കെയായിരുന്നു. പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുമ്പെടണമെന്നായിരുന്നു കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ ഉപദേശം. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ രേഖാചിത്രം വരച്ചാണ് യേശുദാസന്‍ മത്സരം ഉദ്ഘാടനം ചെയ്തത്.

സബ്  കമ്മിറ്റി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, സബ്  കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ആര്‍ സജിലാല്‍, വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം എസ് താര എന്നിവര്‍ സംസാരിച്ചു. ജനയുഗം ജനറല്‍ മാനേജര്‍ സിആര്‍ ജോസ്പ്രകാശ് സ്വാഗതം പറഞ്ഞു. ജനയുഗം കൊല്ലം റസിഡന്റ് എഡിറ്റര്‍ പിഎസ് സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, യൂണിറ്റ് മാനേജര്‍ എ സതീശന്‍, സഹപാഠി എഡിറ്റര്‍ ഡോ. ലൈല വിക്രമരാജ്, കോ-ഓര്‍ഡിനേറ്റര്‍ ആര്‍ ശരത്ചന്ദ്രന്‍നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചിത്രരചനയില്‍ പ്രീ-പ്രൈമറി, എല്‍പി, യുപി, എച്ച്എസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളും കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ ഇനങ്ങളില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം കുട്ടികളും പങ്കെടുത്തു. ചിത്രകാരന്‍ ആശ്രാമം സന്തോഷ്, ‘മെട്രോ വാര്‍ത്ത’ എക്‌സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റും കാരിക്കേച്ചര്‍ രംഗത്തെ പ്രഗത്ഭനുമായ തോമസ് ആന്റണി, കാലടി സംസ്‌കൃത സര്‍വകലാശാല അദ്ധ്യാപകനും ചിത്രകാരനുമായ ശ്രീഗോപന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
എല്‍പി വിഭാഗക്കാര്‍ക്ക് നല്‍കിയ വിഷയം ‘പൂമ്പാറ്റയും പൂന്തോട്ടവും’ എന്നതായിരുന്നു. യുപി വിഭാഗത്തിന് ‘കര്‍ഷകരും പാടവും’, എച്ച്എസിന് ‘മഴക്കാല ദിവസങ്ങള്‍’, എച്ച്എസ്എസിന് ‘തിരക്കുള്ള നഗരം’ എന്നിവയും നല്‍കി. കാര്‍ട്ടൂണിന് ‘വിലക്കയറ്റം’ വിഷയമായി നല്‍കിയപ്പോള്‍ കാരിക്കേച്ചര്‍ രചനയ്ക്ക് ആധാരമാക്കിയത് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയായിരുന്നു.