Monday
17 Dec 2018

ഹിന്ദുത്വ രാഷ്ട്രീയ ചൂതാട്ടത്തില്‍ ദളിതരും ശത്രുപക്ഷത്ത്

By: Web Desk | Friday 5 January 2018 10:14 PM IST

ഹാരാഷ്ട്രയിലെ ഭീമ കൊറെഗാവില്‍ നവവത്സരദിനത്തില്‍ നടന്ന ദളിത് റാലിക്കെതിരായ ആക്രമണം രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമടക്കം സംസ്ഥാനത്തുടനീളം കടുത്ത പ്രതികരണം സൃഷ്ടിക്കുകയുണ്ടായി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും രണ്ട് തീവ്രഹിന്ദുത്വ നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സന്നദ്ധമായതും തല്‍ക്കാലം കലാപാന്തരീക്ഷത്തിന് അയവുവരുത്തിയിട്ടുണ്ട്. എന്നാല്‍ ഭീമ കൊറെഗാവ് ദളിതര്‍ക്കെതിരായ അക്രമസംഭവങ്ങളുടെ അന്ത്യമല്ല, മറിച്ച് 2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വളര്‍ന്നുവരുന്ന കലുഷിതമായ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തെപ്പറ്റിയുള്ള വ്യക്തമായ സൂചനയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തെപ്പറ്റി നരേന്ദ്രമോഡിയും അമിത്ഷായുമടക്കം ബിജെപി നേതൃത്വവും ഹിന്ദുത്വ ശക്തികളും നടത്തുന്ന അവകാശവാദങ്ങള്‍ കേവലം പൊതുജന ഉപഭോഗത്തിനായുള്ള വീമ്പിളക്കല്‍ മാത്രമാണ്. ഗുജറാത്ത് അവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകതന്നെ ചെയ്തു. വരാന്‍പോകുന്ന ‘അച്ഛേദിന്‍’ വാഗ്ദാനങ്ങളും വാചക കസര്‍ത്തുകളും മോഡിഭരണത്തെ 2019 ന്‌ശേഷം ഉറപ്പിച്ചു നിര്‍ത്താന്‍ മതിയാവില്ല എന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിലും അവരുടെ നാഗ്പൂര്‍ മേലാളന്മാരിലും രൂഢമൂലമായിക്കഴിഞ്ഞു. അധികാരം നിലനിര്‍ത്താനും തെരഞ്ഞെടുപ്പു വിജയം ഉറപ്പിക്കാനും ഏത് ഹീനമാര്‍ഗവും അവലംബിച്ചേ മതിയാവു എന്ന തിരിച്ചറിവിന്റെ ഉല്‍പന്നമാണ് ഭീമ കൊറെഗാവ് സംഭവവും അതിന്റെ പിന്തുടര്‍ച്ചയും. നരേന്ദ്രമോഡിയുടെ ‘ഗുജറാത്ത് മാതൃക’ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ കര്‍ഷകരുള്‍പ്പെടെ ഗ്രാമീണ മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് പരിഹാരമോ അല്ലെന്ന് നീതി ആയോഗില്‍ നിന്നും ഭാരിച്ച പ്രതിഫലം പറ്റുന്ന ആസ്ഥാന സാമ്പത്തിക വിദഗ്ധര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. അത് നഗര-ഗ്രാമ വ്യത്യാസമന്യേ ഇന്ത്യന്‍ ജനസാമാന്യത്തിന്റെ ജീവിതത്തില്‍ യാതൊരു പ്രതികരണവും സൃഷ്ടിക്കാന്‍ പര്യാപ്തമല്ല. പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒന്നരവര്‍ഷക്കാലം എന്തെങ്കിലും പ്രകടമായ മാറ്റം അസാധ്യമാണ്. അവിടെയാണ് കൊറെഗാവുകളുടെ ഉറവിടം.
ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ വൈരുധ്യങ്ങളെ ഹിംസാത്മകമായ പൊട്ടിത്തെറികള്‍ കൂടാതെ സന്തുലത നിലനിര്‍ത്തി മുന്നോട്ടു നയിക്കുക എന്നതുതന്നെയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വലിയൊരളവ് സാമൂഹ്യമായ പരസ്പര വിശ്വാസവും മൈത്രിയും നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ രാജ്യം പിന്തുടരാന്‍ നിര്‍ബന്ധിതമായ പുതിയ സാമ്പത്തിക നീതിക്ക് അനുസൃതമായ ഒരു രാഷ്ട്രീയവും നമുക്ക്‌മേല്‍ അടിച്ചേല്‍പിക്കപ്പെട്ടു. അതാണ് 1992 ഡിസംബര്‍ ആറ് നമുക്ക് സമ്മാനിച്ചത്. അതാണ് അടല്‍ ബിഹാരി വാജ്‌പേയിയുടേതു പോലെ ഒരു മുഖം രാഷ്ട്രത്തിന് സ്വീകാര്യമാക്കിയത്. അതാണ്് ജനസമൂഹങ്ങളെ വിരുദ്ധചേരികളിലാക്കി ആഭ്യന്തരയുദ്ധസമാനമായ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തിപ്പോരുന്നത്. അത്തരം അന്തരീക്ഷം തുടര്‍ന്നും രൂക്ഷതരമായി നിലനിര്‍ത്തിയേ അധികാരം ഉറപ്പിച്ചു നിര്‍ത്താനാവു എന്ന ബോധ്യത്തിലേക്ക് നരേന്ദ്രമോഡിയെയും ബിജെപിയെയും എല്ലാ നിറത്തിലും നിഴലിലുമുള്ള ഹിന്ദുത്വ ശക്തികളെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അതാണ് മതന്യൂനപക്ഷങ്ങളെ വിശിഷ്യ മുസ്‌ലിങ്ങളെ ദേശീയവിരുദ്ധ ശക്തിയാക്കി ശത്രുസ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് സഹായിച്ചത്. ആ രാഷ്ട്ര വിരുദ്ധ ശക്തിയെ മുന്‍നിര്‍ത്തി ജാതിവ്യവസ്ഥ വേര്‍തിരിച്ചുനിര്‍ത്തിയിരുന്ന ഹിന്ദുമത വിശ്വാസികളെ ഒരുമിപ്പിച്ച് രാഷ്ട്രീയാധികാരം നിലനിര്‍ത്താനാവുമെന്ന കണക്കുകൂട്ടലാണ് ഗുജറാത്തില്‍ തകര്‍ന്നത്. ആ ധാരണയാണ് ദളിതരും പിന്നാക്ക സമുദായങ്ങളും ഇപ്പോള്‍ വെല്ലുവിളിക്കുന്നതും.
ഭീമ കൊറെഗാവില്‍ അക്രമസംഭവങ്ങള്‍ക്ക് ചരട് വലിച്ചിരുന്നത് ആരാണെന്ന് ഇതിനകം വ്യക്തമാണ്. അതില്‍ രണ്ടുപേര്‍ക്കെതിരെ നിയമനടപടികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അത്തരക്കാരുമായി ബിജെപിക്കും ഹിന്ദുത്വ ശക്തികള്‍ക്കും, എന്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു തന്നെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം ഇതിനകം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തീവ്രഹിന്ദുത്വവാദിയായ സംഭാജി ബിഡെയുടെ അനുഗ്രഹം തേടി നരേന്ദ്രമോഡി നേരിട്ടെത്തിയിരുന്നുവെന്നതും വിസ്മരിച്ചുകൂട. ആയിരക്കണക്കിന് ദളിതര്‍ മഹാരാഷ്ട്രയിലും തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും നിരത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ഇടയായ സംഭവത്തെപ്പറ്റി ഒരക്ഷരം പ്രതികരിക്കാന്‍ പ്രധാനമന്ത്രി ഇനിയും സന്നദ്ധമായിട്ടില്ലെന്നതും അസ്വസ്ഥജനകമാണ്. കൊറെഗാവിലെ അതിക്രമങ്ങള്‍ക്ക് കാരണക്കാരായ തീവ്രഹിന്ദുത്വവാദികള്‍ക്കെതിരെ വൈമുഖ്യത്തോടെ നടപടിക്ക് തയാറായ മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സര്‍ക്കാര്‍ ദളിത് നേതാവായ ജിഗ്നേഷ് മേവാനിക്കും മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ കേസെടുക്കാനും മറന്നില്ല. ലഭ്യമായ വിവരമനുസരിച്ച് ഇരുവരും കൊറെഗാവില്‍ എത്തുകയോ കേസില്‍ ആരോപിക്കുംവിധം പ്രകോപനപരമായ പ്രസംഗം നടത്തുകയോ ഉണ്ടായിട്ടില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ബിജെപിയുടെ അധികാര രാഷ്ട്രീയ ചൂതാട്ടത്തില്‍ മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം ശത്രുപാളയത്തിലാണ് ദളിതര്‍ക്കും സ്ഥാനം എന്നുതന്നെയാണ്.