Monday
25 Jun 2018

ജനാധിപത്യത്തിന്റെ അന്ത്യവും ധനാധിപത്യത്തിന്റെ ആരംഭവും

By: Web Desk | Thursday 11 January 2018 12:40 PM IST

തെരഞ്ഞെടുപ്പുകളെ പണക്കൊഴുപ്പില്‍ നിന്നും പേശിബലത്തില്‍ നിന്നും വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാളിതുവരെ നടന്നുവന്നിരുന്ന ചര്‍ച്ചകളെ അപ്പാടെ അട്ടിമറിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി ആവിഷ്‌കരിച്ചിരിക്കുന്ന കടപ്പത്ര പദ്ധതി തികച്ചും ജനാധിപത്യ വിരുദ്ധവും പ്രതിലോമകരവുമാണ്. തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ സുതാര്യവും കണക്കുപറയേണ്ടതുമാക്കി മാറ്റുന്നതിന് പകരം അത് നിഗൂഢവും ആര്‍ക്കും കണക്കുനല്‍കേണ്ടാത്തതുമാക്കി മാറ്റും. തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തുല്യത ഉറപ്പ് നല്‍കുന്നതിന് പകരം മത്സരരംഗം അപ്പാടെ നീതിരഹിതമാക്കി മാറ്റുന്നതിന് മാത്രമായിരിക്കും പദ്ധതി ഉപകരിക്കുക. തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ദിനേഷ് ഗോസ്വാമി കമ്മിറ്റിയും ഇന്ദ്രജിത് ഗുപ്ത കമ്മിറ്റിയും നല്‍കിയ നിര്‍ദേശങ്ങള്‍ സമ്പൂര്‍ണമായി അവഗണിച്ച് തെരഞ്ഞെടുപ്പ് രംഗമാകെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അടിയറ വയ്ക്കുകയാണ് ഫലത്തില്‍ കടപ്പത്ര പദ്ധതി. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച കാര്യക്ഷമമായ ചര്‍ച്ചകള്‍ക്കോ നിയമനിര്‍മാണത്തിനോ പോലും മുതിരാതെ ലോക്‌സഭയിലെ തങ്ങളുടെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ധനബില്ലിന്റെ രൂപത്തില്‍ പാസാക്കിയെടുത്ത പരിഷ്‌കാര നടപടി പാര്‍ലമെന്റിനെയും ജനങ്ങളെയും നോക്കുകുത്തികളാക്കി മാറ്റിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ ഭാഗികമായെങ്കിലും പൊതുഖജനാവില്‍ നിന്ന് നിര്‍വഹിക്കപ്പെടണമെന്ന ആശയത്തിനുപകരം അതിനെ സമ്പൂര്‍ണമായി കോര്‍പ്പറേറ്റ് മടിശീലയ്ക്ക് അടിയറവയ്ക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകളും ഭരണകക്ഷിയും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് വഴി നിയമാധിഷ്ഠിത അഴിമതി വാഴ്ചയ്ക്കായിരിക്കും ഈ പരിഷ്‌കാരം അവസരമൊരുക്കുക. സമഗ്രമായ ഒരു നിയമത്തിന്റെ അഭാവത്തില്‍, ഒരു ധനബില്ലിന്റെ പിന്‍ബലത്തില്‍, വിജ്ഞാപനം ചെയ്യപ്പെട്ട പദ്ധതിയുടെ വിശദാംശങ്ങള്‍ പോലും പാര്‍ലമെന്റിന്റെയോ ജനങ്ങളുടെയോ മുമ്പില്‍ വയ്‌ക്കേണ്ടതില്ലാത്ത നിഗൂഢതകള്‍ നിറഞ്ഞ ഒന്നാണ് തെരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി.
രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് അതിനാവശ്യമായ ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ മത്സരരംഗത്തുള്ള പാര്‍ട്ടികള്‍ക്ക് അവര്‍ ചെലവിടുന്ന പണം സംബന്ധിച്ച് യാതൊരു നിബന്ധനകളും നിലവിലില്ല. ഈ പഴുത് പ്രയോജനപ്പെടുത്തിയാണ് കേന്ദ്ര ധനമന്ത്രി ധനബില്‍ വഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ മുതിര്‍ന്നിരിക്കുന്നത്. പദ്ധതിയനുസരിച്ച് കമ്പനികള്‍ക്ക് യാതൊരു പരിധിയും പരിമിതിയും കൂടാതെ തങ്ങളുടെ ലാഭം യഥേഷ്ടം തങ്ങള്‍ക്ക് താല്‍പര്യമുള്ള പാര്‍ട്ടികള്‍ക്ക് കടപ്പത്ര രൂപത്തില്‍ നല്‍കാനാവും. ആര് അല്ലെങ്കില്‍ ഏത് കമ്പനിയാണ് കടപ്പത്രം വാങ്ങി നല്‍കുന്നതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആര്‍ബിഐ നിശ്ചയിക്കുന്ന ശാഖകളില്‍ നിന്നും കടപ്പത്രം വാങ്ങി നല്‍കാവുന്നതാണ്. ഇത് കോര്‍പ്പറേറ്റുകളില്‍ നിന്ന് തങ്ങളുടെ ഫണ്ടിലേക്ക് യഥേഷ്ടം പണം ഒഴുക്കാന്‍ ബിജെപിയെ സഹായിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനടക്കം ഒരു ഭരണഘടനാ അധികാര കേന്ദ്രത്തോടും വിശദീകരിക്കേണ്ടതുമില്ല. കോര്‍പ്പറേറ്റ് പണക്കൊഴുപ്പില്‍ ജനാധിപത്യം പുലരുന്ന യുഎസില്‍ പോലും നിലവിലില്ലാത്ത നിഗൂഢതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ മാര്‍ഗമാണ് ഇത്. എന്നാല്‍ കടപ്പത്രം വില്‍ക്കുന്ന ബാങ്കുകള്‍, അവര്‍ കണക്ക് നല്‍കേണ്ട ആര്‍ബിഐ എന്നിവ വഴി പ്രതിയോഗികളുടെ ഫണ്ട് സ്രോതസുകള്‍ പൂര്‍ണമായി നിരീക്ഷിക്കാന്‍ ഭരണകക്ഷിക്ക് അവസരം ലഭിക്കുകയും ചെയ്യും.
മാധ്യമങ്ങളോ രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയോ വേണ്ടത്ര മനസിലാക്കുകയോ ചര്‍ച്ചാവിധേയമാക്കുകയോ ചെയ്യാത്ത ഒരു കെണിയിലേക്കാണ് പദ്ധതി രാജ്യത്തെ നയിക്കുന്നത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പുവരുത്തിയത് അവര്‍ക്ക് ചെലവഴിക്കാന്‍ കഴിഞ്ഞ അളവറ്റ പണത്തിന്റെ പിന്‍ബലത്തിലാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പ്രായോജകരായ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ കാലത്തെ നരേന്ദ്രമോഡി ഭരണത്തില്‍ അതിന്റെ അഭൂതപൂര്‍വമായ നേട്ടം കൊയ്‌തെടുക്കാനായിട്ടുണ്ടെന്ന് അത്തരക്കാരുടെ ആസ്തികളിലുണ്ടായ വന്‍ കുതിച്ചുചാട്ടം സാക്ഷ്യപ്പെടുത്തുന്നു. വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യമായ നിയമ ഭേദഗതികള്‍ മോഡിഭരണം ഇതിനകം നടപ്പാക്കികഴിഞ്ഞിട്ടുണ്ട്. ബിജെപിക്കും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ തയാറുള്ള അവസരവാദ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സഖ്യങ്ങള്‍ക്കും മാത്രം സാമ്പത്തികമായി നിലനില്‍ക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാരിനെ തെരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നത് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അന്ത്യവും ലോകത്തെ ഏറ്റവും വലിയ ഒളിഗാര്‍ക്കിയുടെ (ധനാധിപത്യത്തിന്റെ) തുടക്കവുമായിരിക്കും.