Sunday
18 Feb 2018

മിസൈല്‍ പരീക്ഷണവും ഉപഗ്രഹ വിക്ഷേപണവും

By: Web Desk | Friday 19 January 2018 10:45 PM IST

ബഹിരാകാശ ശാസ്ത്രമേഖലയിലും ഭൂഖണ്ഡാന്തരമിസൈല്‍ രംഗത്തും ഒരാഴ്ചക്കിടെ ഇന്ത്യ സുപ്രധാനമായ രണ്ടു ചുവടുവയ്പുകള്‍ നടത്തിയിരിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) നൂറാമത്തെ ഉപഗ്രഹവുമായി പിഎസ്എല്‍വിസി 40 ഒരാഴ്ച മുമ്പാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചത്. പിഎസ്എല്‍വിയുടെ നാല്‍പ്പതാമത്തെ വിക്ഷേപണമാണിത്.
710 കിലോ ഭാരമുള്ള പിഎസ്എല്‍വി പരമ്പരയില്‍പ്പെട്ട റിമോട്ട് സെന്‍സിങ് കാര്‍ട്ടോസാറ്റ് 2 ഉപഗ്രഹത്തിന് 710 കിലോ ഗ്രാമും മറ്റ് 30 ഉപഗ്രഹങ്ങള്‍ക്കെല്ലാമായി 613 കിലോഗ്രാം ഭാരവും ഉണ്ട്. അവയില്‍ 28 എണ്ണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. ഭൗമശാസ്ത്ര വിവരസാങ്കേതികവിദ്യ സങ്കേതങ്ങളുമായി വികസിപ്പിച്ചെടുത്തിട്ടുള്ള കാര്‍ട്ടോസാറ്റ് 2 വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ഭൗമചിത്രങ്ങള്‍ പകര്‍ത്തുന്നതിന് പര്യാപ്തമാണെന്നാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്.
ഐഎസ്ആര്‍ഒയുടെ വാണിജ്യ കമ്പനിയായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉണ്ടാക്കിയ കരാറുകളുടെ ഭാഗമായിട്ടായിരുന്നു 28 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടത്. ഇതില്‍ അമേരിക്കയില്‍ നിന്ന് 19, ദക്ഷിണ കൊറിയയില്‍ നിന്നുള്ള അഞ്ച്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോന്ന് വീതം ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടതെന്നത് ദൗത്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കുണ്ടായ മുന്നേറ്റത്തിന്റെ കൂടി അടയാളപ്പെടലാണ് ഈ വിജയകരമായ ദൗത്യത്തിലൂടെ വ്യക്തമാകുന്നത്. ലോകത്ത് കരുത്തരെന്ന് കരുതപ്പെടുന്ന രാജ്യങ്ങളുമായി കരാറിലേര്‍പ്പെടാനും അതിന്റെ ഭാഗമായി അവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും സാധിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ആകാശവിസ്മയങ്ങള്‍ക്കുപിന്നിലെ വസ്തുതകള്‍ കൂടുതലായി മനസിലാക്കാനും ബഹിരാകാശവിതാനമുപയോഗിച്ച് ഭൂമിയെ കൂടുതലായി പഠിക്കാനുമുള്ള ശ്രമങ്ങളില്‍ പുതുചരിത്രമെഴുതിയാണ് ഈ വിജയക്കുതിപ്പുണ്ടായത്. അഭിമാനാര്‍ഹമായ ഈ നേട്ടത്തിന് പിറകേയാണ് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി അഞ്ച് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഒഡിഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് 5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അഗ്‌നി അഞ്ച് പരീക്ഷിച്ചിരിക്കുന്നത്. അതേസമയം 8,000 കിലോമീറ്റര്‍ വരെ ഇപ്പോള്‍ പരീക്ഷിക്കപ്പെട്ട അഗ്നി അഞ്ചിന് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്. മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് അഗ്‌നി വികസിപ്പിച്ചെടുത്തത്.ഡിസംബര്‍ 26 നും ഇന്ത്യ അഗ്നി മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. 2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്‌നി അഞ്ച്. ഇപ്പോഴത്തെ പരീക്ഷണത്തോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയ്‌ക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് നമ്മുടെ രാജ്യവും.
ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്ക് തുല്യമാകാന്‍ കഴിഞ്ഞുവെന്നതും അഗ്നി അഞ്ച് മിസൈല്‍ പരീക്ഷണത്തിലൂടെ അവര്‍ക്കൊപ്പമെത്താന്‍ കഴിഞ്ഞുവെന്നതും ശാസ്ത്ര – സൈനിക രംഗത്ത് രാജ്യം നടത്തിയ മുന്നേറ്റത്തിന്റെ സൂചനയാണ്.
എന്നാല്‍ അഗ്നി പരീക്ഷണത്തിന്റെ വിജയവാര്‍ത്തകള്‍ക്കൊപ്പം നമ്മുടെ അതിര്‍ത്തിയില്‍ രൂപപ്പെടുന്ന യുദ്ധ സാഹചര്യം കൂടി പരിശോധിക്കപ്പെടേണ്ടതാണ്. ദോക്‌ലാമിന്റെ പേരില്‍ ചൈനയുമായും അതിര്‍ത്തിയില്‍ പാകിസ്ഥാനുമായും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി പാക് പ്രകോപനം തുടരുന്നുണ്ട്. ഇന്ത്യ തിരിച്ചടിക്കുന്നുമുണ്ട്. ദോക്‌ലാമിന്റെ പേരില്‍ ചൈനയുമായും ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ മിസൈല്‍ പരീക്ഷണ വിജയവും കരുതലോടെ വേണം കാണേണ്ടത്. നാം ശക്തരാണെന്ന സ്വയം ബോധ്യത്തിനും മറ്റുള്ളവരെ പ്രത്യേകിച്ച് ശത്രുപക്ഷത്തെ ബോധ്യപ്പെടുത്തുന്നതിനും മാത്രമായിരിക്കണം ഇത്തരം പരീക്ഷണ വിജയങ്ങള്‍. അതല്ലാതെ അതിനെ ആഘോഷമാക്കാനും അഹങ്കരിക്കാനുമുള്ള അവസരമാക്കാതിരിക്കാനും ജാഗ്രതയുണ്ടാകണം. എതിരാളികളെ അനാവശ്യമായി പ്രകോപിപ്പിച്ച് യുദ്ധാന്തരീക്ഷം സൃഷ്ടിക്കാതിരിക്കാന്‍ നാം കരുതലോടെയിരിക്കുകയും വേണം.
രാജ്യത്തിനകത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും അവരുയര്‍ത്തുന്ന പ്രതിഷേധങ്ങളും അസ്വസ്ഥപ്പെടുത്തുമ്പോള്‍ യുദ്ധങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ദേശാഭിമാനത്തിലേയ്ക്ക് ശ്രദ്ധയൂന്നി പ്രശ്‌നങ്ങള്‍ വഴി തിരിച്ചുവിടുകയുമെന്നത് പ്രതിലോമ ഭരണാധികാരികളുടെ സ്വഭാവമാണ്. ഇന്ത്യയിലും ബിജെപി നേതൃത്വത്തില്‍ അത്തരത്തിലൊരു ഭരണമാണുള്ളതെന്നതുകൊണ്ടാണ് വിജയത്തിന്റെ ഈ മുഹൂര്‍ത്തത്തിലും ഇത്തരത്തിലുള്ള കരുതലുണ്ടാകണമെന്ന ചിന്തകളുണ്ടാകുന്നത്.