Sunday
18 Nov 2018

നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടണം

By: Web Desk | Tuesday 23 January 2018 8:06 PM IST

സംസ്ഥാനത്ത് നിര്‍മാണ മേഖല വന്‍ സ്തംഭനാവസ്ഥയെ നേരിടുകയാണ്. വിവിധ കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലധികമായി തുടരുന്ന പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം, കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന ചരക്കുസേവന നികുതി എന്നിവ ഏറ്റവും ദോഷകരമായി ബാധിച്ച മേഖലകളിലൊന്നായിരുന്നു നിര്‍മാണമേഖല. വന്‍കിട നിര്‍മാണങ്ങള്‍ മാത്രമല്ല പാവപ്പെട്ടവരുടെ ഭവന നിര്‍മാണമുള്‍പ്പെടെ നിശ്ചലാവസ്ഥയിലായി. കൂലി നല്‍കാനില്ലാത്തതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെ പോകേണ്ടിവന്ന സാഹചര്യവും അതുമൂലം സൃഷ്ടിക്കപ്പെട്ടു. പല കാരണങ്ങളാല്‍ ആ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
മണലും കരിങ്കല്ലുമാണ് നിര്‍മാണ മേഖലയുടെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍. പാരിസ്ഥിതിക കാരണങ്ങളാല്‍ വരുത്തേണ്ടിവന്ന നിയന്ത്രണങ്ങളുടെ ഫലമായി ഇവയ്ക്ക് ക്ഷാമം നേരിടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. 2600 ല്‍ അധികം ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിയെന്നാണ് കണക്ക്. അതേസമയം വന്‍കിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നിലനില്‍ക്കുകയും ചെയ്യുന്നു. ചെറുകിട ക്വാറികള്‍ ഉല്‍പാദനം നിര്‍ത്തിയ സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്ന ക്ഷാമം മുതലെടുത്ത് വില കയറ്റുന്ന സമീപനമാണ് വന്‍കിട ഉടമകള്‍ സ്വീകരിച്ചിരിക്കുന്നത്.

മണലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അമിതമായ മണല്‍ ഖനനം മൂലമാണ് പുഴകളില്‍ നിന്ന് മണല്‍ വാരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നത്. കര്‍ശനമായ നിയന്ത്രണമില്ലെങ്കില്‍ അവശേഷിക്കുന്ന പുഴകളും ഇല്ലാതാകുമെന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നിരിക്കുന്നത്. എന്നാല്‍ ഈ നിയന്ത്രണങ്ങളുടെയും നിരോധനത്തിന്റെയുമെല്ലാം പേരില്‍ മണലും കരിങ്കല്ലും ലഭിക്കാത്തതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ സാധാരണക്കാരാണ്. ഇവിടെയാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ നടക്കുന്ന മാസങ്ങളാണിത്. ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കാറുള്ളത്. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളും റോഡുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കേണ്ടതും ഈ കാലയളവില്‍ തന്നെയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തിന് മുമ്പ് ഇവ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയൊരു സാഹചര്യത്തില്‍ ആവശ്യകതയും ക്ഷാമവും കണക്കിലെടുത്ത് നിര്‍മാണ വസ്തുക്കള്‍ക്ക് വില കയറ്റി കൊള്ളയടിക്കാനുള്ള നീക്കമാണ് വന്‍കിട ക്വാറി ഉടമകളും മണല്‍ ഖനനമാഫിയയും ആരംഭിച്ചിട്ടുള്ളത്.

കരിങ്കല്ലിന് 250 മുതല്‍ 300 ശതമാനം വരെ വില കയറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.
പതിനാല് മുതല്‍ ഇരുപത്തഞ്ച് രൂപ വരെ വിലയുണ്ടായിരുന്ന ഒരടി മെറ്റലിന് നാല്‍പത് മുതല്‍ എഴുപത് രൂപ വരെ പലയിടത്തും ഈടാക്കുന്നുണ്ട്. ഒരു ലോഡ് കരിങ്കല്ലിന് എട്ടായിരത്തിനടുത്തായി ഇപ്പോഴത്തെ വില.

പുഴകളില്‍ നിന്ന് ഖനനം ചെയ്യുന്ന മണലിന് ലോഡൊന്നിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിയെങ്കിലും ഈടാക്കിയാണ് ഇപ്പോള്‍ വില്‍പന നടത്തുന്നത്. വടക്കന്‍ കേരളത്തില്‍ നിര്‍മാണാവശ്യത്തിന് ഉപയോഗിക്കുന്ന സാമഗ്രികളില്‍ പ്രധാനപ്പെട്ടതാണ് ചെങ്കല്ല്. ഇതിനും വന്‍തോതില്‍ വില ഉയര്‍ത്തിയാണ് വില്‍പന നടത്തുന്നത്.

മണലായാലും കരിങ്കല്ലായാലും ഉല്‍പാദിപ്പിക്കുന്നതിനുള്ള ചെലവില്‍ വ്യത്യാസം വന്നിട്ടില്ലെന്നാണ് നിര്‍മാണമേഖലയിലുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ദൗര്‍ലഭ്യം മുതലെടുത്ത് കൊള്ളയടിക്കാനുള്ള നീക്കതിനെതിരെ ശക്തമായി സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്.
ചെറുകിട ക്വാറികളുടെ കാര്യത്തില്‍ അപ്രൈസല്‍ കമ്മിറ്റി സ്ഥലപരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിച്ച കേസുകളില്‍ പെട്ടെന്ന്്് തീരുമാനമെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
മണല്‍ക്ഷാമം പരിഹരിക്കുന്നതിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ പാടില്ലെന്നും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് മണല്‍ ഇറക്കുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഇതെല്ലാം താല്‍ക്കാലിക പരിഹാര നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. സ്ഥിരമായ പരിഹാര മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ട സമയമായിരിക്കുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഡാമുകളില്‍ നിന്നുള്ള മണല്‍ ഖനനം പാതിവഴിയില്‍ നിലച്ചുപോയ പദ്ധതിയാണ്. അത് വീണ്ടും ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പം മണല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്‍കയ്യില്‍ ആരംഭിക്കണം. സാധാരണക്കാരുടെ ഭവന നിര്‍മാണത്തിന് നിയന്ത്രിത വിലയ്ക്ക് മണലും കരിങ്കല്ലും നല്‍കുന്നതിനുള്ള സാധ്യതകളെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കണം.